Monday, March 31, 2008

കടമ്മനിട്ട രാമകൃഷ്ണന്‍ അന്തരിച്ചു.

കടമ്മനിട്ട രാമകൃഷ്ണന്‍ അന്തരിച്ചു.





കടമ്മനിട്ട രാമകൃഷ്ണന്‍ അന്തരിച്ചു പത്തനംതിട്ട: പടയണിയുടെ രൌദ്രതാളം കവിതയിലേക്കാവാഹിച്ച കടമ്മനിട്ട രാമകൃഷ്ണന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 8.50ന് പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. കടമ്മനിട്ടയിലായിരിക്കും സംസ്കാരം. കുവൈത്തിലുള്ള മകന്‍ തിങ്കളാഴ്ച വൈകിട്ട് നാട്ടിലെത്തിയ ശേഷമെേ സംസ്കാരം സമയം തീരുമാനിക്കുകയുള്ളുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം പത്തനംതിട്ടയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കുറച്ചുനാളായി കാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഒരു മാസം തിരുവനന്തപുരം കിംസ് ആശുപത്രിയിലും ഒന്നരമാസത്തോളം അമൃത ആശുപത്രിയിലും ചികില്‍സയിലായിരുന്നു. ബുധനാഴ്ചയാണ് പത്തനംതിട്ടയിലെ മുത്തൂറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യയും മകളും മരുമകനും സഹോദരനും അടുത്തുണ്ടായിരുന്നു. പച്ചയായ മനുഷ്യജീവിതത്തിന്റെ കഥയും കഥയില്ലായ്മയും വരച്ചുകാട്ടിയ കവിതകളായിരുന്നു കടമ്മനിട്ടയുടേത്. 'കുറത്തി'യും 'ശാന്ത'യും 'മകനോടും' പടയണിയെപ്പോലെ തന്നെ മലയാളി നെഞ്ചേറ്റി. കാച്ചിക്കൊട്ടിയ തപ്പിന്റെ താളത്തില്‍ ചടുലനൃത്തമാടുന്ന കോലങ്ങളെപ്പോലെ പെരുമ്പറ കൊട്ടിയ കടമ്മനിട്ടയുടെ കവിതകള്‍ സമൂഹത്തിന്റെ ചിന്താമണ്ഡലത്തിലേക്ക് അനേകമനേകം ചോദ്യങ്ങളെറിഞ്ഞു. പടയണിയുടെ മുഖ്യ നടത്തിപ്പുകാരായിരുന്ന കുടുംബത്തില്‍ നിന്നും താരാട്ടുപോലെ കേട്ടുപഠിച്ച പടയണിപ്പാട്ടുകളാണ് കടമ്മനിട്ടയുടെ കവിതകളെ സ്വാധീനിച്ചത്. ചടുലത നിറഞ്ഞ ആലാപന ശൈലിയും കവിതകള്‍ സൃഷ്ടിച്ച പരിമുറുക്കവും കൃത്രിമത്വം കലരാത്ത എഴുത്തും കടമ്മനിട്ടയെ മലയാളിയുടെ പ്രിയങ്കരനാക്കി. എഴുപതുകളില്‍ അദ്ദേഹം തുടങ്ങിവെച്ച ചൊല്‍ക്കാഴ്ചകളിലൂടെ കേരളീയ സമൂഹവും കാമ്പസുകളും കടമ്മനിട്ട കവിതകള്‍ മനസ്സിലേറ്റുവാങ്ങി. എവിടെയായിരുന്നാലും വലിയ പടയണിക്ക് കടമ്മനിട്ട ക്ഷേത്രത്തിലെത്തി. ചെന്നൈയില്‍ പി ആന്റ് ടി ഓഡിറ്റ് വിഭാഗത്തിലായിരുന്നു ജോലി. പിന്നീട് തിരുവനന്തപുരത്തേക്ക് സ്ഥലം മാറി. സര്‍വീസില്‍നിന്ന് വിരമിച്ചശേഷം സാംസ്ക്കാരിക രംഗത്ത് സജീവമായി ഇടപെട്ടു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും സംസ്ഥാന ലൈബ്രറി കൌസിലിന്റെയും അമരക്കാരനായിരുന്ന അദ്ദേഹം മൂലൂര്‍ സ്മാരക സമിതിയുടെ പ്രസിഡന്റുമായിരുന്നു. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ചെയര്‍മാനുമാണ്. 75 ഓളം കവിതകള്‍ എഴുതിയിട്ടുണ്ട്. കടമ്മനിട്ടയുടെ കവിതകള്‍ക്ക് 1982ലെ ആശാന്‍ പുരസ്കാരവും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. അബുദാബി മലയാളി സമാജം അവാര്‍ഡ്, മലയാളം ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ ഓഫ് ന്യൂയോര്‍ക്ക് അവാര്‍ഡ്, മസ്കറ്റ് കേരള കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1996-ല്‍ ആറന്മുള മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എം വി രാഘവനെയാണ് പരാജയപ്പെടുത്തിയത്. പിന്നീട് 2001ല്‍ കോന്നിയിലും മത്സരിച്ചിരുന്നു. ഭാര്യ: വാഴമുട്ടം കിഴക്കോട്ടു ചരിഞ്ഞതില്‍ വേലുനായരുടെ മകള്‍ ശാന്ത. മക്കള്‍: ഡോ. ഗീതാദേവി (ദന്തല്‍ കെയര്‍, പത്തനംതിട്ട), ഗീതാകൃഷ്ണന്‍ (കുവൈത്ത്). മരുമക്കള്‍: ഡോ. വിജയകുമാര്‍ പ്രക്കാനം (ഇലവുംതിട്ട പിഎച്ച്സി), അനിത (കുറുന്തോട്ടിക്കല്‍ കടമ്മനിട്ട).

7 comments:

ജനശക്തി ന്യൂസ്‌ said...

പത്തനംതിട്ട: പടയണിയുടെ രൌദ്രതാളം കവിതയിലേക്കാവാഹിച്ച കടമ്മനിട്ട രാമകൃഷ്ണന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 8.50ന് പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.

akberbooks said...

ആദരാഞ്ചലികള്‍

സന്തോഷ്‌ കോറോത്ത് said...

ആദരാന്ജലികള്‍്..

Anonymous said...

ആദരാന്ജലികള്‍

Anonymous said...

ആദരാന്ജലികള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മലയാളത്തിന്റെ പ്രിയകവിക്ക്‌ എന്റെ ആദരാജ്നലികള്‍

Manoj | മനോജ്‌ said...

ആദരാഞ്ജലികള്‍.