Tuesday, March 25, 2008

ടിബറ്റിലെ കലാപം

ടിബറ്റിലെ കലാപം

ടിബറ്റില്‍ ചൈനീസ് വംശജര്‍ക്കെതിരെ ആക്രമണം നടത്തുകയും സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തീയിട്ട് നശിപ്പിക്കുകയും ചെയ്ത കലാപകാരികള്‍ കീഴടങ്ങാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടുണ്ട്. ലോക കായികമാമാങ്കത്തിനു ആതിഥേയത്വം വഹിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ചൈനയില്‍ അതിവേഗത്തില്‍ നടക്കുന്നതിനിടയിലാണ് കലാപമെന്നത് പല സംശയത്തിനും ഇടനല്‍കിയിരുന്നു. തിങ്കളാഴ്ച ആരംഭിക്കുന്ന ഒളിമ്പിക്സ് ദീപശിഖ രണ്ടുതവണ ടിബറ്റിലൂടെ കടന്നുപോകുന്നുണ്ട്. ഇത് അട്ടിമറിക്കുന്നതിന് ഇത്തരം കലാപങ്ങള്‍കൊണ്ട് കഴിയുമെന്ന് കലാപകാരികള്‍ കരുതിയെങ്കില്‍ ചൈനീസ് സര്‍ക്കാരിന്റെ പക്വതയോടെയുള്ള സമീപനം അതിന് അറുതിവരുത്തി. ആത്മീയാചാര്യന്‍ നേതൃത്വം നല്‍കുന്ന പ്രക്ഷോഭം ആക്രമണത്തിന്റെ രൂപം സ്വീകരിച്ചത് അപലപനീയമാണ്. ഒടുവില്‍ അത്തരം രീതിയെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറായത് നന്നായി. ടിബറ്റ് ചൈനയുടെ അവിഭാജ്യഭാഗമാണെന്ന് അംഗീകരിച്ചുള്ള ഏതു ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് നേരത്തെയും ചൈന പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഏതു പ്രശ്നവും ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് ജനാധിപത്യപരമായ മാര്‍ഗം കലാപകാരികള്‍ ഇതുവരെയും സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ ചൈനയുടെ ഭാഗമാണ് ടിബറ്റെന്നു അംഗീകരിക്കാന്‍ ദലൈലാമ തയ്യാറായത് ആത്മാര്‍ഥമായാണെങ്കില്‍ പ്രശ്ന പരിഹാരത്തിനു സഹായകരമായിരിക്കും. ഒരു രാഷ്ട്രത്തിനുള്ളില്‍ രണ്ടുവ്യവസ്ഥ എന്നതുപോലും നടപ്പാക്കിയ അനുഭവമുള്ള രാജ്യമാണ് ചൈന. ഹോങ്കോങ് ചൈനയില്‍ ലയിക്കുന്ന സന്ദര്‍ഭത്തില്‍ പലരും പ്രകടിപ്പിച്ച ആശങ്ക ഇപ്പോള്‍ കാണുന്നില്ലല്ലോ. ടിബറ്റില്‍ അത്തരം സമാനതകള്‍ക്കു പ്രസക്തിയില്ല. സമാധാനത്തിന്റെയും ചര്‍ച്ചയുടെയും രീതിയിലേക്ക് വിഘടന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ വരികയെന്നതുതന്നെയാണ് പ്രധാനം. വിഘടനവാദത്തിനു പ്രോത്സാഹനം നല്‍കുന്ന പ്രഖ്യാപനവും പ്രകടനവും നടത്താന്‍ ഇന്ത്യയെ വേദിയാക്കാന്‍ ആരെയും അനുവദിക്കരുത്. രണ്ടു രാജ്യവും തമ്മിലുള്ള മെച്ചപ്പെടുന്ന ബന്ധങ്ങളെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇതു സഹായകരമാകൂ. കശ്മീര്‍ പ്രശ്നത്തില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നതിനെയും വിഘടനവാദികള്‍ പാകിസ്ഥാനെ വേദിയാക്കുന്നതിനെയും എതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അന്താരാഷ്ട്ര സാധൂകരണം ലഭിക്കുന്നതിനും ഇത്തരം സന്ദര്‍ഭത്തില്‍ രാജ്യം ജാഗ്രത പാലിക്കേണ്ടതുണ്ട്.

No comments: