എ കെ ജി: പോരാട്ടങ്ങള്‍ക്ക് കരുത്താകുന്ന ഓര്‍മ . പിണറായി .
പ്രക്ഷോഭങ്ങളെ ജീവവായു കണക്കെ സ്വാംശീകരിച്ച മഹാനായ വിപ്ളവകാരിയായിരുന്നു എ കെ ജി. ജനങ്ങള്‍ക്കൊപ്പം നിന്ന് ജനങ്ങളില്‍നിന്ന് പഠിച്ച് അവരെ നയിച്ച കമ്യൂണിസ്റായിരുന്നു അദ്ദേഹം. ആ സമരജീവിതം കമ്യൂണിസ്റുകാരെ നിരന്തരം ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ജീവിതം പോരാട്ടമാക്കി മാറ്റിയ എ കെ ജി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 31 വര്‍ഷം പൂര്‍ത്തിയാവുകയാണ്. എ കെ ജി നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ് പാര്‍ടിയിലും നേതൃപരമായ പങ്കാണ് വഹിച്ചത്. അടിസ്ഥാനവര്‍ഗങ്ങളോട് പുലര്‍ത്തിയ അചഞ്ചലമായ അടുപ്പമാണ് എ കെ ജിയെ 'പാവങ്ങളുടെ പടത്തലവനാ'ക്കിയത്. താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും തനതായ വ്യക്തിമുദ്ര സഖാവ് പതിപ്പിച്ചിരുന്നു. അതുകൊണ്ടാണ് എ കെ ജിക്ക്, വ്യക്തി എന്നതിലുപരി പ്രസ്ഥാനമായിരുന്നു എന്ന വിശേഷണം ലഭിച്ചത്. നവോത്ഥാന പ്രസ്ഥാനത്തെ രാഷ്ട്രീയ സ്വാതന്ത്യ്രസമരവുമായി കൂട്ടിയിണക്കുന്ന ഗുരുവായൂര്‍ സത്യഗ്രഹത്തിലെ പ്രധാന പോരാളിയായിരുന്നു എ കെ ജി. പാലിയം സമരത്തെ ജ്വലിപ്പിച്ചുനിര്‍ത്തുന്നതില്‍ എ കെ ജി വഹിച്ച പങ്ക് ആ സമര ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നുണ്ട്. ഹരിജനങ്ങള്‍ക്ക് വഴിനടക്കാന്‍ വേണ്ടി കണ്ണൂര്‍ജില്ലയിലെ കണ്ടോത്ത് സംഘടിപ്പിച്ച സമരം ഏറെ ശ്രദ്ധ ആകര്‍ഷിച്ചതാണ്. ഈ സമരത്തില്‍ ഭീകരമര്‍ദനമാണ് എ കെ ജിക്ക് അനുഭവിക്കേണ്ടിവന്നത്. ഈ അനുഭവത്തെ എ കെ ജി വിവരിക്കുന്നത് നോക്കുക: "കണ്ടോത്തെ ജനങ്ങള്‍ ഘോഷയാത്രയെപ്പറ്റി അറിഞ്ഞ് മുന്‍കൂട്ടി ഒരുക്കങ്ങള്‍ചെയ്തു. ഘോഷയാത്ര റോഡിനു സമീപമെത്തിയപ്പോള്‍ വൃദ്ധരും ചെറുപ്പക്കാരും സ്ത്രീകളുമടങ്ങിയ ഒരു വലിയ ജനക്കൂട്ടം ഓടിവന്ന് ഞങ്ങളെ തല്ലാന്‍ തുടങ്ങി. സ്ത്രീകള്‍ വലിയ ഉലക്കകളുമായാണ് വന്നത്.... കേരളീയനും ഞാനും ബോധംകെട്ടു വീണു. ഞങ്ങളെ ഒരു കാറില്‍ ആശുപത്രിയില്‍ എത്തിച്ചു. അനേകം മണിക്കൂര്‍ സമയം ഞങ്ങള്‍ അതേ നിലയില്‍ കിടന്നു.'വിദൂരമല്ലാത്ത ഭൂതകാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹ്യനീതിയുടെയും അതിനെതിരായി നടന്ന ത്യാഗപൂര്‍ണമായ സമരപോരാട്ടങ്ങളുടെയും നേര്‍ചിത്രമായി ഈ അനുഭവങ്ങള്‍ മാറുകയാണ്. എത്തിയ ഇടങ്ങളിലെല്ലാം അനീതികള്‍ക്കെതിരായുള്ള പോരാട്ടം എ കെ ജി സംഘടിപ്പിച്ചു. ജയിലിലടച്ചാല്‍ എ കെ ജിയിലെ പ്രക്ഷോഭകാരിയെ ദുര്‍ബലപ്പെടുത്താമെന്നായിരുന്നു ഭരണാധികാരികള്‍ കരുതിയത്. ജയിലുകളില്‍പ്പോലും എ കെ ജി പ്രക്ഷോഭമുയര്‍ത്തി. ജയില്‍ ചാടിയ അനുഭവവും എ കെ ജിക്കുണ്ട്. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടുമ്പോഴും എ കെ ജി ജയിലഴിക്കകത്തായിരുന്നു. പിന്നീട് പ്രക്ഷോഭത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 24 നാണ് സഖാവ് മോചിതനാകുന്നത്. എ കെ ജിയുടെ പോരാട്ടം കേരളത്തിനകത്തു മാത്രമായി ഒതുങ്ങിനിന്നിരുന്നില്ല. 1951 ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന കിസാന്‍ സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റായി എ കെ ജിയെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ അക്കാലത്തെ എല്ലാ കര്‍ഷക പോരാട്ടങ്ങളിലും എ കെ ജിയുടെ സജീവമായ ഇടപെടലുണ്ടായിരുന്നു. ഇത്തരം പോരാട്ടങ്ങള്‍ക്ക് വേദിയായ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ എ കെ ജി ഇന്നും ആവേശമുയര്‍ത്തുന്ന ഓര്‍മയാണ്. കോടതിപോലും എ കെ ജിക്ക് സമരവേദിയായിരുന്നു. മുടവന്‍മുഗള്‍ കേസുമായി ബന്ധപ്പെട്ട് എ കെ ജിയെ ജയിലിലടച്ചപ്പോള്‍ അതിനെതിരെ സ്വയം കേസ് വാദിച്ച് മോചനം വാങ്ങിയ അനുഭവവും സഖാവിനുണ്ട്. പുതിയ ഭരണഘടനയുടെ 22-ാം വകുപ്പിലെ ചില പഴുതുകള്‍ ഉപയോഗിച്ച് കരുതല്‍ തടവുകാരെ തുടര്‍ന്നും ജയിലില്‍ അടയ്ക്കാനുള്ള നിയമം സര്‍ക്കാര്‍ ഉണ്ടാക്കി. ഇത് ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ വ്യവസ്ഥചെയ്യുന്ന മൌലികാവകാശങ്ങളുടെ ലംഘനമാണെന്നു കാണിച്ച് അന്ന് ജയിലിലായിരുന്ന എ കെ ജി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെയും സ്വതന്ത്ര ഇന്ത്യയിലെ നിയമവാഴ്ചയുടെയും ചരിത്രത്തില്‍ പ്രമുഖസ്ഥാനം നേടിയ ഈ കേസിനെ നിയമഭാഷയില്‍ 'എ കെ ഗോപാലന്‍ വേഴ്സസ് സ്റേറ്റ് ഓഫ് മദ്രാസ്' എന്ന പേരില്‍ വിളിക്കുന്നു. നിയമവിദ്യാര്‍ഥികള്‍ക്ക് ഈ കേസ് പഠനവിഷയമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന് സ്വന്തം അനുഭവത്തിലൂടെ കാണിച്ചുകൊടുത്ത കമ്യൂണിസ്റായിരുന്നു എ കെ ജി. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി എ കെ ജി പ്രവര്‍ത്തിച്ചു. ഈ ഘട്ടങ്ങളില്‍ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സഖാവ് നടത്തിയ ഇടപെടലുകള്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ അപൂര്‍വ സംഭവങ്ങളാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളിലും എ കെ ജി സജീവമായി മുഴുകി. അടിയന്തരാവസ്ഥയിലൂടെ അര്‍ധ ഫാസിസ്റ് ഭീകരവാഴ്ച നടപ്പാക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. താനുമായി ഇടപെടുന്ന എല്ലാവരുടെയും ചെറുപ്രശ്നങ്ങളില്‍പ്പോലും സജീവമായി ഇടപെടുന്ന ഗുണം എ കെ ജി എല്ലാ ഘട്ടത്തിലും പ്രദര്‍ശിപ്പിച്ചിരുന്നു. എ കെ ജി തന്റെ ജീവിതംകൊണ്ട് വളര്‍ത്തിയെടുത്ത പ്രസ്ഥാനം കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്ന കാലഘട്ടമാണിത്. പാര്‍ടിയില്‍ കഴിഞ്ഞ കുറച്ചുകാലമായി നിലനിന്ന വിഭാഗീയമായ പ്രവണതകള്‍ പൂര്‍ണമായും അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഘട്ടത്തിലാണ് എ കെ ജിയുടെ ഓര്‍മ പുതുക്കുന്നത്. പാര്‍ടിയുടെ കോട്ടയം സമ്മേളനത്തോടുകൂടി വിഭാഗീയമായ പ്രശ്നങ്ങള്‍ പൂര്‍ണമായും അവസാനിക്കുമെന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും അന്ന് അത് ഉള്‍ക്കൊള്ളാന്‍പോലും പറ്റിയിരുന്നില്ല. എന്നാല്‍, ഇന്ന് അത് യാഥാര്‍ഥ്യമായിരിക്കുന്നു. സംഘടനാപരമായ കെട്ടുറപ്പോടെയും പ്രത്യയശാസ്ത്രപരമായ കരുത്തോടുംകൂടിയാണ് പാര്‍ടി കോഗ്രസിലേക്ക് കേരളത്തിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നത്. പാര്‍ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരാകട്ടെ, ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുനീങ്ങുകയാണ്. കാര്‍ഷികപ്രശ്നങ്ങളെ നെഞ്ചോടുചേര്‍ത്ത് പ്രവര്‍ത്തിച്ച നേതാവായിരുന്നു എ കെ ജി. ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ബിജെപിയുടെയും കോഗ്രസിന്റെയും നിലപാടുകള്‍ക്കെതിരെ ഇടതുപക്ഷം പൊരുതിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് വിത്ത് സൂക്ഷിക്കുന്നതിനുപോലും അവകാശങ്ങള്‍ നിഷേധിക്കുന്ന വിത്തു ബില്ലിനെതിരായി ഇടതുപക്ഷ കക്ഷികള്‍ പൊരുതിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി കര്‍ഷകരുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. ഇത്തരം നയങ്ങള്‍ കാരണം ആയിരക്കണക്കിന് കര്‍ഷകരാണ് ഈ കാലയളവില്‍ ആത്മഹത്യചെയ്തത്. ഇതിനെതിരെ വന്‍ ജനമുന്നേറ്റം രൂപപ്പെട്ടപ്പോള്‍ കാര്‍ഷിക കടാശ്വാസ പാക്കേജ് കേന്ദ്രബജറ്റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, ഇവ ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ ആഗോളവല്‍ക്കരണമുണ്ടാക്കിയ ദുരിതങ്ങള്‍ക്ക് പരിഹാരമാവില്ല. ആഗോളവല്‍ക്കരണനയങ്ങള്‍ തിരുത്തുന്നതിലൂടെമാത്രമേ ഇന്ത്യന്‍ കാര്‍ഷികമേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാവൂ. നയം തിരുത്തുകയാണ് മര്‍മപ്രധാനം. പ്രഖ്യാപിച്ച പാക്കേജാവട്ടെ, ദുരിതംകൊണ്ട് കടക്കെണിയില്‍പ്പെട്ട കര്‍ഷകര്‍ക്കെല്ലാം ലഭ്യമാവുകയുമില്ല. വില സംരക്ഷണത്തിന്റെ പട്ടികയില്‍പ്പെട്ട നാളികേരത്തിനും നെല്ലിനും ന്യായവില ലഭിക്കാനുള്ള ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കേരളത്തിലെ സുപ്രധാന ഉല്‍പ്പന്നങ്ങളായ അടയ്ക്ക, കുരുമുളക്, ഏലം, കാപ്പി, തേയില, ജാതിക്ക, വാനില, റബര്‍ എന്നിവയെ ഉള്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. പ്രകൃതിക്ഷോഭം കാരണം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന കാര്‍ഷികനഷ്ടം പരിഹരിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. പ്രഖ്യാപിച്ച സഹായം തന്നെ വെട്ടിക്കുറയ്ക്കുന്ന നിലയാണുള്ളത്. ആഗോളവല്‍ക്കരണ നയങ്ങള്‍ കാരണം പ്രതിസന്ധിയിലായ കേരളത്തിന്റെ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ബദല്‍നയങ്ങള്‍ രൂപീകരിക്കാനുള്ള ഇടപെടലിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഈ നയങ്ങള്‍മൂലം യുഡിഎഫിന്റെ കാലത്ത് സാര്‍വത്രികമായ കര്‍ഷക ആത്മഹത്യ തടയാനായി. ഇന്ത്യയില്‍ ആദ്യമായി ഒരു കാര്‍ഷിക കടാശ്വാസ നിയമം കൊണ്ടുവന്നത് ഈ സര്‍ക്കാരാണ്. ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളി എന്നു മാത്രമല്ല, അവര്‍ക്ക് സഹായധനവും നല്‍കി. എന്‍ഡോസള്‍ഫാന്‍ ബാധ കാരണം മരിച്ച കുടുംബങ്ങള്‍ക്ക് അരലക്ഷവും രോഗബാധിതര്‍ക്ക് സൌജന്യ ചികിത്സയും നടപ്പാക്കി. കര്‍ഷകര്‍ക്ക് ക്ഷേമനിധിയും വിലസ്ഥിരതാ ഫണ്ടും പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. നെല്‍കൃഷിക്കായി 20 കോടി രൂപയും കേരകൃഷി വികസനത്തിനായി 15 കോടി രൂപയും നീക്കിവച്ചുകഴിഞ്ഞു. മഴ കാരണം ദുരിതത്തിലായ കുട്ടനാട്ടിലെ കര്‍ഷകരെ രക്ഷപ്പെടുത്താന്‍ 12 കോടി രൂപയാണ് നെല്ല് സംഭരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ കിലോയ്ക്ക് 10 രൂപയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. സമഗ്ര നീര്‍ത്തട വികസന പദ്ധതിയുടെ അടിസ്ഥാനത്തില്‍ ദേശീയ തൊഴിലുറപ്പുപദ്ധതി എല്ലാ ജില്ലയിലും നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. ഇതിലൂടെ കൃഷിക്കാരന്റെ സ്വകാര്യഭൂമിയിലെ മ-ജല സംരക്ഷണ പ്രവൃത്തികൂടി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു. കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തെ മുന്നോട്ടുനയിക്കുന്നതില്‍ പ്രക്ഷോഭങ്ങളുടെ നിരന്തര പരമ്പരകളിലൂടെ ജനങ്ങളില്‍ വിപ്ളവാവേശം നിറച്ച് മുന്നോട്ടുപോയ മഹാനായ പോരാളിയായിരുന്നു എ കെ ജി. അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്കായുള്ള സമരം സഖാവിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കര്‍ഷകരുടെ ദുരിതത്തിന്് അറുതിവരുത്തുക എന്നത് ജീവിതവ്രതമായി കൊണ്ടുനടന്ന നേതാവു കൂടിയായിരുന്നു അദ്ദേഹം. ജനപക്ഷത്തുനിന്നുകൊണ്ടുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഖാവിന്റെ ഓര്‍മകള്‍ വര്‍ഗസമര പാതയിലൂടെ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നതിന് നമുക്ക് ആവേശം പകരും.
Subscribe to:
Post Comments (Atom)
No comments:
Post a Comment