Saturday, March 15, 2008

ഓര്‍മിപ്പിക്കുന്നു, ഒരിക്കല്‍ക്കൂടി

ഓര്‍മിപ്പിക്കുന്നു, ഒരിക്കല്‍ക്കൂടി .കെ എന്‍ പണിക്കര്‍

ഹി ന്ദുവര്‍ഗീയ സംഘടനകളുടെ ഫാസിസ് റ്റ് സ്വഭാവത്തെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കു ന്നതാണ് സിപിഐ എം കേന്ദ്ര ആസ്ഥാനമായ എ കെ ജി ഭവനും ഹൈദരാബാദിലെ സുന്ദരയ്യ വിജ്ഞാനകേന്ദ്രത്തിനും എതിരായുണ്ടായ ആക്രമണങ്ങള്‍. ബിജെപിയുടെ സാമാജികന്മാരില്‍ ചിലര്‍ ആക്രമണത്തില്‍ പങ്കാളികളായിരുന്നു. ബിജെപി നേതൃത്വത്തിന്റെ അറിവോടും അനുമതിയോടുംകൂടിയാണ് ആക്രമണമുണ്ടായതെന്ന് വ്യക്തമാണ്. ഭീഷ്മപിതാമഹനെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച അടല്‍ ബിഹാരി വാജ്പേയി അടക്കമുള്ള ബിജെപി നേതൃത്വം ഈ ആക്രമണത്തെ ഇതുവരെ അപലപിച്ചിട്ടുമില്ല. മറിച്ച് ആക്രമണത്തിന് ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുകയാണ് അവരില്‍ ചിലര്‍ ചെയ്തത്. ആക്രമണവും അതിനുശേഷമുണ്ടായ സമീപനവും എല്ലാ ജനാധിപത്യ മര്യാദകള്‍ക്കും വിരുദ്ധമാണ്. അതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം ഹിന്ദുവര്‍ഗീയ സംഘടനകള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. ജനാധിപത്യം ഫാസിസ്റ്റ് അധികാരത്തിലേക്കുള്ള ഒരു ചവിട്ടുപടിമാത്രമാണ് അവര്‍ക്ക്.
അധികാരത്തിലേക്കുള്ള വര്‍ഗീയതയുടെ മുന്നേറ്റത്തില്‍ ഒരു വിലങ്ങുതടിയായി നില്‍ക്കുന്നത് ഇടതുപക്ഷപ്രസ്ഥാനമാണ്. കാരണം വര്‍ഗീയതയ്ക്കെതിരായി സന്ധിയില്ലാത്ത നിലപാടെടുക്കുന്നത് ഇടതുപക്ഷം മാത്രമാണ് എന്നതുതന്നെ. മറ്റു 'മതേതര ശക്തികള്‍' പലപ്പോഴും മൃദുഹിന്ദുത്വം സ്വീകരിക്കുകയോ വര്‍ഗീയകക്ഷികളുമായി അവസരവാദപരമായുള്ള ഒത്തുതീര്‍പ്പിലെത്തുകയോ ചെയ്യുന്നു. ദേശീയതലത്തിലും സംസ്ഥാനങ്ങളിലും. ഗുജറാത്തിലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൈക്കൊണ്ട മൃദുഹിന്ദുത്വ സമീപനം ഏറ്റവും അടുത്ത ഉദാഹരണമാണ്. ചന്ദ്രബാബു നായിഡുവും ജയലളിതയുമൊക്കെ വര്‍ഗീയപക്ഷത്തു സ്വെരവിഹാരം നടത്തിയ 'മതേതരവാദി'കളാണ്. സോഷ്യലിസ്റ്റുകളായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനും ദേവഗൌഡയ്ക്കുമൊന്നും വര്‍ഗീയ കുടുംബാംഗങ്ങളാകുന്നതില്‍ വിഷമവുമില്ല. അതുകൊണ്ട് സന്ദര്‍ഭം വരുമ്പോള്‍ ഇവരെയൊക്കെ വകയിരുത്താമെന്ന് വര്‍ഗീയശക്തികള്‍ക്കറിയാം. ആദര്‍ശപരമായ എതിര്‍പ്പും പ്രതിരോധവും ഉണ്ടാവുക ഇടതുപക്ഷത്തില്‍നിന്നു മാത്രമായിരിക്കും. ഈ തിരിച്ചറിവാണ് ആക്രമണത്തിന്റെ പിന്നിലുള്ള ചാലകശക്തി.
കമ്യൂണിസ്റ്റുകാരെ ഒന്നാംനമ്പര്‍ ശത്രുക്കളായി വര്‍ഗീയത എത്രയോ മുമ്പുതന്നെ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. സ്വയം ഗോള്‍വാള്‍ക്കര്‍തന്നെ അത് പ്രഖ്യാപിക്കുകയുംചെയ്തിട്ടുണ്ട്. പക്ഷേ, ഇതുവരെയായും പാര്‍ടിയെ ആകെ ശരവ്യമാക്കാനുള്ള ശ്രമമുണ്ടായിട്ടില്ല. പാര്‍ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും കൊല്ലുകയുമുണ്ടായിട്ടുണ്ട്. ഇടതുപക്ഷ ബുദ്ധിജീവികളെ അപകീര്‍ത്തിപ്പെടുത്തുകയും ആക്രമിക്കുകയുമുണ്ടായിട്ടുണ്ട്. ഡല്‍ഹിയിലും ഹൈദരാബാദിലുമുണ്ടായ ആക്രമണങ്ങള്‍ ഒരു പുതിയ ഘടകത്തെയാണ് അടയാളപ്പെടുത്തുന്നത്.
ഹിന്ദുവര്‍ഗീയതയുടെ പ്രവര്‍ത്തനത്തിനു രണ്ടു പ്രധാനപ്പെട്ട ധാരകളുണ്ട്. സാമൂഹ്യ സാംസ്കാരിക പ്രശ്നങ്ങളില്‍ ഊന്നിയ പ്രത്യയശാസ്ത്ര പ്രവര്‍ത്തനവും അസഹിഷ്ണുതയിലും വിദ്വേഷത്തിലും അധിഷ്ഠിതമായ പ്രയോഗവും. രാഷ്ട്രീയ സ്വയംസേവക സംഘത്തെ സാംസ്കാരിക സംഘടനയായി വിഭാവനംചെയ്തത് ആദ്യത്തെ പ്രവര്‍ത്തന മണ്ഡലം വികസിപ്പിച്ചെടുക്കാന്‍വേണ്ടിയാണ്. ഹിന്ദുക്കള്‍ക്കിടയിലെ സാമൂഹ്യസേവനത്തിലൂടെ വര്‍ഗീയത ഇടം കണ്ടെത്തുന്നു. വിഭജനകാലത്ത് ഹിന്ദു 'അഭയാര്‍ഥികള്‍'ക്കിടയില്‍ നടത്തിയ സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസിന്റെ സ്വാധീനത്തെ ഗണ്യമായി വളര്‍ത്താന്‍ ഉപകരിച്ചു. ഭൂകമ്പങ്ങളെയും വെള്ളപ്പൊക്കങ്ങളെയും സുനാമിയെയുമൊക്കെ വര്‍ഗീയതയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസരമാക്കി മാറ്റി. അതിലേറെ പ്രാധാന്യം സാംസ്കാരിക പ്രവര്‍ത്തനത്തിന് ലഭിച്ചു. നൂറുകണക്കിന് സാംസ്കാരിക സംഘടനകള്‍ക്ക് രൂപംകൊടുക്കുകയും അവയുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ സംസ്കാരത്തെ ഹിന്ദു സംസ്കാരമായി നിര്‍വചിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ഈ സംഘടനകള്‍ക്ക് തഴച്ചുവളരാന്‍ സന്ദര്‍ഭം സിദ്ധിച്ചു. തല്‍ഫലമായി ഹിന്ദുവര്‍ഗീയതയുടെ സ്വാധീനമില്ലാത്ത മേഖലയില്ലാതായി. ഈ പ്രവണതയ്ക്ക് കേരളത്തിലും ധാരാളം ഉദാഹരണങ്ങള്‍ കാണാം. ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയുടെ പഠനകേന്ദ്രമായി ആര്‍എസ്എസ് സംഘടനയായ ഭാരതീയ വിചാരകേന്ദ്രം നിയമിതമായിരിക്കുന്നു. ഭാരതീയ വിചാരകേന്ദ്രം ഒരു രാജസ്ഥാന്‍ സര്‍വകലാശാലയുടെ ഗവേഷണകേന്ദ്രംകൂടിയാണെന്ന് അറിയുമ്പോള്‍ വിദ്യാഭ്യാസ മേഖലയിലുള്ള നുഴഞ്ഞുകയറ്റത്തിന്റെ ഗൌരവം മനസ്സിലാക്കാന്‍ കഴിയും.
കേന്ദ്രഭരണം നഷ്ടപ്പെട്ടതിനുശേഷം ഹിന്ദുവര്‍ഗീയശക്തികള്‍ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി കാണാം. ഈ കാലയളവില്‍ രാഷ്ട്രീയസ്വാധീനം ചുരുങ്ങിയെങ്കിലും സാമൂഹ്യ സാംസ്കാരിക സ്വാധീനം വര്‍ധിക്കുകയാണുണ്ടായത്. ആ സ്വാധീനത്തെ രാഷ്ട്രീയസ്വാധീനമാക്കി മാറ്റാനുള്ള തന്ത്രങ്ങള്‍ ആരായുകയാണ് വര്‍ഗീയത ഇപ്പോള്‍. ആ സന്ദര്‍ഭത്തിലാണ് രണ്ടാമത്തെ പ്രവണതയായ ബലപ്രയോഗം അരങ്ങേറുന്നത്.
കൊല്ലും കൊലയും വര്‍ഗീയതയുടെ കൂടപ്പിറപ്പാണ്. നിരന്തരമായി കലാപങ്ങളിലൂടെ വര്‍ഗീയവിഷം കുത്തിച്ചെലുത്താന്‍ ശ്രമിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. ന്യൂനപക്ഷങ്ങളെ ശത്രുക്കളായി അവതരിപ്പിച്ച് അവര്‍ക്കെതിരായി അഴിച്ചുവിട്ട ആക്രമണങ്ങളാണ് മിക്കവാറും എല്ലാ വര്‍ഗീയ കലാപങ്ങളും. 1716 ല്‍ അഹമ്മദാബാദിലുണ്ടായ താരതമ്യേന ചെറിയ സംഭവംമുതല്‍ 2002 ലെ വംശഹത്യയില്‍വരെ ഈ ആക്രമണസ്വഭാവം പ്രകടമാണ്. പക്ഷേ, വര്‍ഗീയ ആക്രമണത്തിന്റെ ക്രൂരതയും തീക്ഷ്ണതയും എത്രയോ മടങ്ങ് വര്‍ധിച്ചിരിക്കുന്നു. ഗുജറാത്തില്‍ 2002ല്‍ സംഭവിച്ച തോതിലുള്ള അതിനിഷ്ഠുരമായ അക്രമങ്ങള്‍ ഒരുപക്ഷേ മുമ്പൊന്നും ഉണ്ടായിട്ടില്ല. വര്‍ഗീയകലാപങ്ങളുടെ ചരിത്രം സൂചിപ്പിക്കുന്നത് ഹിന്ദുവര്‍ഗീയതയുടെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റുവല്‍ക്കരണത്തെയാണ്.
ഈ അക്രമസ്വഭാവം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായി ഈ സന്ദര്‍ഭത്തില്‍ എന്തുകൊണ്ട് തിരിച്ചുവിട്ടു എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്ന പ്രശ്നമാണ്. കണ്ണൂര്‍ സംഭവത്തിന്റെ സന്ദര്‍ഭത്തില്‍ സ്വാഭാവികമായും സംഭവിച്ച കാഡര്‍ പ്രതികരണമാണോ? അതില്‍ കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം ഈ ആക്രമണങ്ങള്‍ക്കുണ്ടോ? എ കെ ജി ഭവനത്തിനുനേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല എന്നും ഹൈദ്രാബാദിലും നാഗര്‍കോവിലിലും മറ്റു ചില സ്ഥലങ്ങളിലും ആക്രമണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടുവെന്നതും വിസ്മരിച്ചുകൂടാ.
അധികാരത്തില്‍നിന്ന് പുറംതള്ളപ്പെട്ടതിനുശേഷം പല ശ്രമങ്ങള്‍ നടത്തിയെങ്കിലും വര്‍ഗീയശക്തികള്‍ക്ക് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞിട്ടില്ല. ബാബ ബുധനഗിരിയും രാമസേതുവും മറ്റൊരു രാമജന്മഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ വിജയിക്കുകയുണ്ടായില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സന്ദര്‍ഭത്തില്‍ ജനശ്രദ്ധപിടിച്ചുപറ്റാന്‍ കഴിവുള്ള ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്. അതിനുവേണ്ടി തെരഞ്ഞെടുത്തത് ഏറ്റവുമധികം മതേതര പ്രശസ്തിയുള്ള കക്ഷിയുടെ ആസ്ഥാനത്തെയാണെന്നതില്‍ അത്ഭുതപ്പെടാനില്ല. പല കാരണങ്ങള്‍കൊണ്ടും സംഘപരിവാറിന്റെ 'ശത്രു'വാണ് മതേതരശക്തിയായ സിപിഐ എം. ആഗോളവല്‍ക്കരണത്തിനും ആണവകരാറിനും വര്‍ഗീയതയ്ക്കുമെതിരായി പാര്‍ടി സ്വീകരിച്ചിട്ടുള്ള നയം വര്‍ഗീയശക്തികളുടെ നയത്തിനു കടകവിരുദ്ധമാണ്. ആണവകരാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കുകയില്ലെന്ന് ഇടതുപക്ഷം തീര്‍ത്തുപറഞ്ഞ സന്ദര്‍ഭത്തിലാണ് ആക്രമണമുണ്ടായതെന്നത് യാദൃച്ഛികമാണോ? ഹിന്ദുവര്‍ഗീയതയുടെ സാമ്രാജ്യത്വത്തോടുള്ള സമീപനവും സ്നേഹബന്ധവും ഈ അക്രമത്തിന് വഴിയൊരുക്കിയ ഘടകങ്ങളാണോ എന്ന ചോദ്യം അര്‍ഥവത്താണ്.
സംഘപരിവാറിന്റെ ആക്രമണത്തില്‍ പരിഭ്രാന്തിയുടെ ഒരംശമുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം ആര്‍ജിച്ചുകൊണ്ടിരിക്കുന്ന ഖ്യാതിയും സ്വാധീനവും ഹിന്ദുത്വരാഷ്ട്രീയത്തെ അശക്തമാക്കാനിടയുണ്ടെന്ന ഭയത്തില്‍നിന്നുള്ള പരിഭ്രാന്തി. ഈ പരിഭ്രാന്തി വര്‍ഗീയരാഷ്ട്രീയത്തെ കൂടുതല്‍ വിഷലിപ്തമാക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ ജനാധിപത്യ-മതേതര-ഇടതുപക്ഷ ശക്തികള്‍ കൂടുതല്‍ ജാഗരൂകരാവേണ്ടത് ആവശ്യമായിരിക്കുകയാണ്.
ഈ ആക്രമണം ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നത് വര്‍ഗീയശക്തികള്‍ക്ക് ജനാധിപത്യത്തിനോടുള്ള പ്രതിബദ്ധതയില്ലായ്മയാണ്. രാഷ്ട്രീയ മര്യാദകള്‍ അവര്‍ക്ക് അന്യമാണ് എന്നതാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന് ഹിന്ദുവര്‍ഗീയതയില്‍നിന്നുള്ള ഭീഷണി അവസാനിച്ചിട്ടില്ല എന്നതാണ്. ഈ ഭീഷണിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ സുശക്തമാക്കേണ്ടതുണ്ട് എന്നതാണ്.

1 comment:

ജനശക്തി ന്യൂസ്‌ said...

ഓര്‍മിപ്പിക്കുന്നു, ഒരിക്കല്‍ക്കൂടി
കെ എന്‍ പണിക്കര്‍