Wednesday, March 12, 2008

ജസ്റ്റിസ് രാംകുമാര്‍പരിധിവിട്ടു: പിണറായി

ജസ്റ്റിസ് രാംകുമാര്‍പരിധിവിട്ടു: പിണറായി

തിരു: കണ്ണൂരില്‍ സേനയെ വിന്യസിച്ച് കേന്ദ്രം ഇടപെടണമെന്നത് ഉള്‍പെടെയുള്ള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി രാംകുമാറിന്റെ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയുടെ ഉന്നതമായ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും അധികാരദുര്‍വിനിയോഗവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായം പോലും കേള്‍ക്കാതെ ഇത്തരം പരാമര്‍ശങ്ങള്‍ പുറപ്പെടുവിച്ച ജഡ്ജി അദ്ദേഹത്തിന്റെ അധികാരപരിധി വിട്ടിരിക്കുകയാണെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. തീര്‍ത്തും ഏകപക്ഷീയമായ നിരീക്ഷണങ്ങളാണ് മറ്റൊരുകേസിലെ വിധി പുറപ്പെടുവിക്കുന്നതിനിടയില്‍ അതുമായി ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ജഡ്ജി നടത്തിയത്. സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനമേഖലയിലേക്കുള്ള കടന്നുകയറ്റമായേ ഇതിനെ കാണാന്‍ കഴിയൂ. ഹൈക്കോടതി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. ചെവിയില്‍ പറയാന്‍ സ്വാതന്ത്യ്രമുള്ളവരുടെ വാക്കുകള്‍ കേട്ടും മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടും അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുന്നത് നീതിന്യായവ്യവസ്ഥയുടെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. തന്റെ പരിധിയിലുള്ള കേസില്‍ നിന്നു മാറി തോന്നിയതെല്ലാം വിളിച്ചുപറയുന്ന സമീപനമാണ് ജഡ്ജി സ്വീകരിച്ചത്. വെളിപാടുകളുടെ രീതി ഉന്നതനീതിപീഠത്തിനു ചേര്‍ന്നതല്ല. കണ്ണൂരിനെക്കുറിച്ചും തലശ്ശേരിയെക്കുറിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ക്ക് അടിസ്ഥാനമായ വിവരങ്ങള്‍ ജഡ്ജിക്ക് എവിടെനിന്നു കിട്ടി? നിഗമനങ്ങളില്‍ എത്തുന്നതിനു മുമ്പ് വിശദാംശങ്ങള്‍ കോടതി മനസ്സിലാക്കണമായിരുന്നു. നിയമപരമായ സൂക്ഷ്മപരിശോധന നടത്തണമായിരുന്നു. പ്രതിപക്ഷത്തിന് പ്രചാരണായുധമാക്കാനുള്ള പരാമര്‍ശങ്ങള്‍ ഒരു പരിശോധനയും കൂടാതെ എങ്ങിനെ നടത്താനായെന്ന് പിണറായി ചോദിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയോ പ്രതിപക്ഷത്തെ മറ്റേതെങ്കിലും നേതാവോ പറയുന്ന രീതിയില്‍ കോടതി അഭിപ്രായപ്രകടനം നടത്താമോ. ഏറ്റവും പ്രാഥമികമായ കാര്യം സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കുക എന്നതാണ്. എന്നാല്‍ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം കോടതി ആരാഞ്ഞില്ല. ചീഫ് സെക്രട്ടറിയോട് വിവരം തിരക്കിയില്ല. എന്തുകൊണ്ട് സംസ്ഥാനസര്‍ക്കാരിന് പറയാനുള്ളത് ആരാഞ്ഞില്ല?
കണ്ണൂരില്‍ കേന്ദ്രഇടപെടല്‍ അനിവാര്യമാണെന്നും ആവശ്യമായ കേന്ദ്രസേനയെ വിന്യസിക്കണമെന്നുമാണ് വിധിയിലെ പരാമര്‍ശങ്ങളില്‍ ഒന്ന്. ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ക്കു പുറത്താണ് ജഡ്ജി സഞ്ചരിച്ചിട്ടുള്ളതെന്ന് പിണറായി ചൂണ്ടിക്കാട്ടി. തന്റെ മുമ്പിലില്ലാത്ത ഒരു പ്രശ്നത്തെക്കുറിച്ച് ജഡ്ജി വിധി പുറപ്പെടുവിക്കുമെന്ന് ആരും കരുതുന്നില്ല. കണ്ണൂരില്‍ ക്രമസമാധാനം പുലരാന്‍ പട്ടാളത്തെ വിളിക്കണമെന്നും ഗവര്‍ണര്‍ ഇടപെടണമെന്നും ജഡ്ജി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പ്രശ്നം കേന്ദ്രസര്‍ക്കാരിനു മുമ്പിലേക്ക് കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് അദ്ദേഹം. ഇത് ജഡ്ജിയില്‍ നിക്ഷിപ്തമായ അധികാരമല്ല. ക്രമസമാധാനപാലനം സംസ്ഥാനസര്‍ക്കാറിന്റെ അധികാരമാണ്.
കേന്ദ്രത്തെ സമീപിക്കണമെന്ന് സംസ്ഥാനഗവണ്‍മെന്റിന്റെ അറിവില്ലാതെ ഗവര്‍ണറോട് നിര്‍ദ്ദേശിക്കാന്‍ ഒരു കോടതിക്കും അധികാരമില്ല. ജഡ്ജിമാര്‍ക്ക് പരിധിയില്ലാത്ത ചില അധികാരങ്ങളുണ്ട്. അത് വളരെ കരുതലോടെ, ശ്രദ്ധയോടെ, അത്യപുര്‍വസന്ദര്‍ഭങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ. ഈ കേസില്‍ ജഡ്ജിയുടെ വാക്കിലും ചിന്തയിലും അനാവശ്യപരാമര്‍ശങ്ങളിലും അധികാരദുര്‍വിനിയോഗം വ്യക്തമാണ്. ക്രമസമാധാനപാലനത്തിന് ഏകമാര്‍ഗം കേന്ദ്രഇടപെടലാണെന്ന പരാമര്‍ശം ഏകപക്ഷീയമായ അധികാരപ്രയോഗമാണ്.
തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് വിധിയിലൂടെ ജഡ്ജി പ്രകടിപ്പിച്ചിരിക്കുന്നത്. നിഗമനങ്ങളില്‍ എത്തും മുമ്പ് പാലിക്കേണ്ട നിയമപരമായ മാനദണ്ഡങ്ങള്‍ ജഡ്ജി പാലിച്ചിട്ടേയില്ല. തന്റെ മുമ്പിലുള്ള കേസില്‍ നിന്നു മാറി തോന്നിയതെല്ലാം വിളിച്ചുപറയുന്ന സമീപനമാണ് സ്വീകരിച്ചത്. രക്തച്ചൊരിച്ചിലില്‍ നിന്ന് നേതാക്കള്‍ രക്ഷപ്പെടുന്നെന്നും യഥാര്‍ഥപ്രതികളല്ല കേസിലകപ്പെടുന്നതെന്നും പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നെന്നും മറ്റും ജഡ്ജി ആരോപിക്കുന്നു. കണ്ണൂരില്‍ പൊലീസ് വ്യത്യസ്തമായ സാഹചര്യമാണ് നേരിടുന്നതെന്നും വിധിയിലുണ്ട്. ഇക്കാര്യങ്ങളൊക്കെ എവിടെ നിന്നാണ് അദ്ദേഹത്തിന് കിട്ടിയത്?പ്രതിപക്ഷം പോലും ഉയര്‍ത്താത്ത ആക്ഷേപമാണ് ജസ്റ്റിസ് രാംകുമാര്‍ ഉന്നയിക്കുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി.

നേതാക്കള്‍ ആക്രമിക്കപ്പെട്ടത് ജഡ്ജി അറിഞ്ഞില്ലേ: പിണറായിതിരു: കണ്ണൂരിലും തലശേരി താലൂക്കില്‍ വിശേഷിച്ചും പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും രക്തച്ചൊരിച്ചിലില്‍നിന്ന് നേതാക്കള്‍ രക്ഷപ്പെടുകയും ചെയ്യുന്നതായി പരിഭവിക്കുന്ന ജസ്റ്റിസ് രാം കുമാറിന് പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ തലയില്‍ വെടിയുണ്ടയുമായി ജീവിക്കുന്നതും അറിയില്ലേയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചോദിച്ചു. എങ്ങനെ ഒരു ജഡ്ജിക്ക് ഇങ്ങനെയൊക്കെ പറയാന്‍ കഴിയും. ജസ്റ്റിസ് നടത്തിയ അനാവശ്യപരാമര്‍ശങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജഡ്ജി പുറപ്പെടുവിച്ച വിധിന്യായത്തിലെ എട്ടും ഒമ്പതും ഖണ്ഡികകള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ള തികച്ചും ഏകപക്ഷീയമായ നിഗമനങ്ങളാണ്. നേതാക്കള്‍ രക്ഷപ്പെടുകയാണെന്ന പരാമര്‍ശം അദ്ദേഹത്തിന് എങ്ങനെ നടത്താന്‍ കഴിഞ്ഞെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പി ജയരാജന് സംഭവിച്ചത് ജഡ്ജിക്ക് അറിയില്ലേ. അദ്ദേഹത്തെ കൊല്ലാനാണ് ആര്‍എസ്എസ് ഉദ്ദേശിച്ചത്. വീട്ടില്‍ കയറി വെട്ടിവീഴ്ത്തിയ അക്രമികള്‍ കൊല്ലപ്പെട്ടെന്നുകരുതി ഇറങ്ങിപ്പോയി. ജയരാജന്‍ ജീവിച്ചിരിക്കുന്നത് അല്‍ഭുതകരമായ കാര്യമാണ.് തലയില്‍ വെടിയുണ്ടയുമായി കഴിയുകയാണ് ഇ പി ജയരാജന്‍. അഞ്ച് കേന്ദ്രകമ്മിറ്റി അംഗങ്ങളെ പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിച്ച ആര്‍എസ്എസുകാര്‍ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. തീരുമാനിച്ചുറപ്പിച്ച ആക്രമണമായിരുന്നു അത്. നിമിഷങ്ങള്‍ക്കകം കുതിച്ചെത്തി അക്രമം നേരിടുന്ന ദ്രുതകര്‍മസേനയുടെ മുമ്പിലായിരുന്നു ആക്രമണം. പാര്‍ടി കര്‍ണാടക സെക്രട്ടറി വി ജെ കെ നായരുടെ വീട് ആക്രമിച്ചു. അദ്ദേഹത്തെ വകവരുത്താനാണ് ബിജെപി അക്രമികള്‍ എത്തിയത്. സ്ഥലത്തില്ലാത്തതിനാല്‍ ഭാര്യയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിമുഴക്കി. ആന്ധ്രയില്‍ സുന്ദരയ്യ വിജ്ഞാനകേന്ദ്രം ആക്രമിച്ചു. നാഗര്‍കോവിലില്‍ പാര്‍ടി ഓഫീസ് ആക്രമിച്ചു. ആര്‍എസ്എസിന്റെ ഫാസിസ്റ്റ് മുഖമാണ് ഈ ആക്രമണങ്ങളില്‍ കണ്ടത്.
പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ട ഏത് സംഭവമാണ് ജഡ്ജിയുടെ മുമ്പിലുള്ളത്. ഏതെങ്കിലും സംഭവം പരിശോധിച്ചാണോ ഈ അഭിപ്രായത്തിലെത്തിയത്. പ്രതിപക്ഷം പറയുന്ന രീതിയില്‍ കോടതി പറയാമോ. പാര്‍ടി ഓഫീസില്‍നിന്ന് നല്‍കുന്ന പേരുകളാണ് പ്രതികളുടെ പട്ടികയില്‍ വരുന്നതെന്ന് എങ്ങനെ ജഡ്ജിക്ക് പറയാന്‍ കഴിഞ്ഞു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ത്തന്നെ പ്രതികളുടെ പേര് ഉള്‍പ്പെടുത്തുന്നുണ്ട്. പാര്‍ടി ഓഫീസില്‍ ചോദിച്ചാണോ പൊലീസ് എഫ്ഐആര്‍ തയ്യാറാക്കുന്നത്. നടപടിക്രമങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. ഈ ആരോപണം ഒരു പ്രതിപക്ഷപാര്‍ടിയും ഉന്നയിച്ചിട്ടില്ല. പ്രതിപക്ഷം ഉന്നയിക്കാത്ത കാര്യം എങ്ങനെ ഹൈക്കോടതിയുടെ അഭിപ്രായമായി ഉയര്‍ത്താനാകുന്നു.
രാഷ്ട്രീയവിരോധത്തില്‍ പ്രതികളായി ശിക്ഷിക്കപ്പെടുന്നവരുടെ കുടുംബങ്ങള്‍ അനാഥമാകാന്‍ പാടില്ല. അവരുടെ കുടുംബം നിരാലംബരായി ജീവിക്കണമെന്നാണോ ഉദ്ദേശിക്കുന്നത്. ജയിലില്‍ കഴിയുന്നവരുടെ കുടുംബങ്ങളെ പാര്‍ടി സഹായിക്കാറുണ്ട്. അത് മനുഷ്യത്വപരമായ സമീപനമായേ ആരും കാണൂ. കോടതി ഇത്തരമൊരു പരാമര്‍ശം എങ്ങനെ നടത്തിയെന്ന് ആലോചിക്കാനാകുന്നില്ല.
ഹൈക്കോടതി പരാമര്‍ശത്തിന്റെയും വിധിയുടെയും നിയമരാഹിത്യം ചൂണ്ടിക്കാട്ടുന്നത് കോടതിയലക്ഷ്യമല്ലെന്ന് പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കോടതിയോട് അനാദരവില്ല. എന്നാല്‍ കോടതി അധികാരപരിധി വിടുന്നതിനോട് വിയോജിക്കുന്നു-പിണറായി വ്യക്തമാക്കി.കണ്ണൂരില്‍ കേന്ദ്രം ഇടപെടണമെന്ന് ഹൈക്കോടതികൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ഹൈക്കോടതി. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങാത്ത കേന്ദ്രസേനയെ നിയോഗിച്ചാലേ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവൂവെന്നും ജസ്റ്റിസ് വി രാംകുമാര്‍ അഭിപ്രായപ്പെട്ടു.
തലശേരി സ്വദേശി മുഹമ്മദ് ഫസലിന്റെ കൊലക്കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവിനോടനുബന്ധിച്ചാണ് കോടതിയുടെ ഈ നിരീക്ഷണം. 2006 ഒക്ടോബറിലാണ് മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്.
റിപ്പോര്‍ട്ടുകള്‍ വിശ്വാസിക്കാമെങ്കില്‍ കണ്ണൂര്‍ ജില്ലയും തലശേരി താലൂക്കും രാഷ്ട്രീയസംഘട്ടനങ്ങളുടെയും കുരുതികളുടെയും ഭൂമിയാണെന്ന് ജഡ്ജി പറഞ്ഞു. എല്ലാ രാഷ്ട്രീയസംഘടനകളും അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. സമാധാനകാംക്ഷികളായ ജനങ്ങള്‍ അക്രമകാരികളായ ഭ്രാന്തന്മാരായിമാറുന്നു. സഹജീവികളുടെ ജീവന് വിലകല്‍പ്പിക്കാതെ രാഷ്ട്രീയനേതൃത്വത്തിന്റെ ആജ്ഞയ്ക്കു വഴങ്ങി അവരുടെ ജീവനെടുക്കുന്നു. മാരകായുധങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതരത്തില്‍ സംഭരിക്കുന്നു. രാഷ്ട്രീയ പാര്‍ടികളുടെ പട്ടികയുടെ അടിസ്ഥാനത്തില്‍ കേസുകളില്‍ പ്രതികളെ ചേര്‍ക്കുന്നത്. എന്നാല്‍ ക്രൂരമായ ഈ ചോരക്കളിയില്‍ നേതാക്കള്‍ പരിക്കില്ലാതെ രക്ഷപ്പെടുന്നു. സംസ്ഥാന പൊലീസിന്റെ കുറ്റാന്വേഷണത്തില്‍ പൂര്‍ണ സ്വാതന്ത്യ്രം മറ്റെല്ലായിടത്തും ഉള്ളപ്പോള്‍ കണ്ണൂരില്‍ പൊലീസിന് വ്യത്യസ്ത ചിത്രമാണ്. സ്വാധീനമുള്ള രാഷ്ട്രീയക്കാരെ സംരക്ഷിക്കാനും അവരെ രക്ഷപ്പെടുത്താനും പൊലീസിന് നിരപരാധികളെ പ്രതിചേര്‍ക്കേണ്ടിവരുന്നുവെന്നും കോടതി പറഞ്ഞു.
പാര്‍ടിക്കുവേണ്ടി പ്രതി ചേര്‍ക്കപ്പെടുന്നവര്‍ സ്വമേധയാ ജയിലുകളില്‍ പോകാന്‍ തയ്യാറാവുന്നു. പൊലീസ് ലോക്കപ്പുകളില്‍നിന്ന് ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ ജനപ്രതിനിധികള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്യുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതു രാഷ്ട്രീയകക്ഷി ഭരണത്തില്‍വന്നാലും രാഷ്ട്രീയകൊലപാതകങ്ങളും അക്രമങ്ങളും തുടരുകയാണ്. ഇത് സാധാരണക്കാരന്റെ ജീവന് ഭീതി ഉണ്ടാക്കുന്നു. അക്രമങ്ങള്‍മൂലം കടകള്‍ അടയ്ക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സര്‍വകക്ഷിയോഗങ്ങള്‍ പ്രഹസനമാവുകയാണ്. മുന്‍കാല അനുഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. കണ്ണൂരില്‍ സാധാരണമരണം പ്രാപിക്കുന്നവര്‍ അനുഗൃഹീതരാണെന്നും കോടതി പറഞ്ഞു.
തലശ്ശേരി സംഭവങ്ങളുടെ പേരിലുള്ള ജസ്റ്റീസ് വി രാംകുമാറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ സമര്‍പ്പിക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് അറിയിച്ചു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശമെന്നും അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.

കോടതികള്‍ അതിരുവിടരുത്:സുപ്രീംകോടതിന്യൂഡല്‍ഹി: കോടതികളുടെ വിശ്വാസ്യത വിലമതിക്കാനാവാത്ത നിധിയാണെന്നും അതത് കാലത്തെ അത്യാസക്തികള്‍ക്ക് വിധേയമായി കോടതികള്‍ പ്രദര്‍ശിപ്പിക്കുന്ന ഛിദ്രവാസനകള്‍ ജുഡീഷ്യറിയുടെ സ്വാതന്ത്യ്രത്തെ അപകടപ്പെടുത്തുമെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ടെന്നും മുരിങ്ങുര്‍ കേസില്‍ വിധി പറയവെ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പൊതുതാല്‍പര്യ ഹര്‍ജിയുടെ പേരില്‍ വരുന്ന എന്തിനെയും പ്രോല്‍സാഹിപ്പിക്കുന്ന രീതി ശരിയല്ല. ചില ജഡ്ജിമാരെ വ്യക്തിപരമായി അഭിസംബോധന ചെയ്ത് വരുന്ന കത്തുകളും രേഖകളും വ്യക്തിപരമായി കണക്കിലെടുത്ത് വിധി പ്രസ്താവിക്കരുത്. പൊതുതാല്‍പര്യഹര്‍ജികളില്‍ ഓരോ ജഡ്ജിയും വ്യക്തിപരമായ ഉല്‍സാഹം കാട്ടി വ്യക്തിപരമായ വിധിപ്രസ്താവിക്കരുത് - സുപ്രീംകോടതി വ്യക്തമാക്കി.

1 comment:

sudeep said...

Good that you are giving voice for some left/CPM voices on the net.

As someone who grew up reading Deshabhimani and as someone who despise
the sensational story making of Malayala Manorama and the likes, I was
shocked to see Deshabhimani front page news on a night vigil extending support
to Chengara struggle. The title, the news that was did not even try to
explain or support what was written in it, loose and irresponsible
sentences like "it was found that those who attended were maoists and
naxalists"", the pictures that accompanied it.. I really feel sorry
for them.

I have also written a comment on it here.

Hoping that they come to senses soon..

-sudeep