Thursday, January 10, 2008

വിവാദങ്ങളും നിലപാടും. പിണറായി വിജയന്‍

വിവാദങ്ങളും നിലപാടും


പിണറായി വിജയന്‍


സിദ്ധാന്തത്തെ പ്രയോഗമായും പ്രയോഗ ത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് സിദ്ധാ ന്തത്തെ ശക്തിപ്പെടുത്തിയും മുന്നോട്ടുപോകുന്നതാണ് മാര്‍ക്സിസ്റ് സമീപനം. വൈരുധ്യാത്മക ഭൌതികവാദത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ വിശകലനംചെയ്ത് വര്‍ഗസമരത്തിന്റെ പാതയിലൂടെയാണ് കമ്യൂണിസ്റ് പാര്‍ടി പരിപാടികള്‍ ആവിഷ്കരിക്കുന്നത്. ഏത് സ്ഥലകാലത്ത് ഈ പ്രയോഗം നടത്തുന്നു എന്നതും മര്‍മപ്രധാനമാണ്. ഓരോ രാജ്യത്തെയും സവിശേഷസ്ഥിതി കണക്കിലെടുത്ത് വിപ്ളവത്തിനുള്ള പ്രവര്‍ത്തനപദ്ധതി പ്രഖ്യാപിക്കുന്നതാണ് കമ്യൂണിസ്റ് പാര്‍ടിയുടെ പരിപാടി. ഈ കാഴ്ചപ്പാടോടെ തയ്യാറാക്കപ്പെട്ട സിപിഐ എമ്മിന്റെ പരിപാടി മനസ്സിലാക്കാത്തവരാണ് ജ്യോതിബസുവിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഇറങ്ങിയിരിക്കുന്നത്. ഓരോരുത്തരും മനസ്സില്‍ കണ്ട കാര്യങ്ങളാണ് മാര്‍ക്സിസം എന്ന് പ്രഖ്യാപിച്ച് വിമര്‍ശനത്തിനൊരുങ്ങുകയാണ്.സിപിഐ എം മുതലാളിത്തപാത സ്വീകരിച്ചു, ആഗോളവല്‍ക്കരണ അജന്‍ഡ സ്വീകരിച്ചു എന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം കഥകള്‍ ഏറെക്കാലമായി ആവര്‍ത്തിക്കുന്ന മലയാളത്തിലെ ബൂര്‍ഷ്വാമാധ്യമങ്ങള്‍ ഇതിപ്പോള്‍ ആഘോഷമായി കൊണ്ടുനടക്കുന്നു. ഇത് പാര്‍ടി സമ്മേളനങ്ങളില്‍ ആശയസമരമായി മാറുമെന്ന് മനപ്പായസം ഉണ്ണുന്നവരും സജീവമായിട്ടുണ്ട്. ഇത്തരക്കാര്‍ വരുംനാളുകളിലും വലിയതോതില്‍ രംഗത്തുവരുമെന്നാണ് കരുതേണ്ടത്.കമ്യൂണിസ്റ് പാര്‍ടിക്ക് അതിന്റെ പ്രവര്‍ത്തനത്തിനുള്ള ആധികാരികരേഖ പാര്‍ടി പരിപാടിയാണ്. സിപിഐ എമ്മിന്റെ ലക്ഷ്യം പാര്‍ടി പരിപാടിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിങ്ങനെയാണ്:"സോഷ്യലിസവും കമ്യൂണിസവും കെട്ടിപ്പടുക്കുകയെന്ന തങ്ങളുടെ ലക്ഷ്യം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി (മാര്‍ക്സിസ്റ്) മുറുകെപ്പിടിക്കുന്നു. ഇന്നത്തെ ഭരണകൂടത്തിന്റെയും വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ-ഭൂപ്രഭു ഗവണ്‍മെന്റിന്റെയും കീഴില്‍ അത് നേടിയെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്‍കീഴില്‍ മാത്രമേ യഥാര്‍ഥ സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ രാജ്യത്ത് സോഷ്യലിസം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ, സാമ്പത്തിക വികസനത്തിന്റെ നിലവാരവും തൊഴിലാളിവര്‍ഗത്തിന്റെയും അതിന്റെ സംഘടനയുടെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പക്വതയും കണക്കിലെടുത്തുകൊണ്ട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി (മാര്‍ക്സിസ്റ്), ജനങ്ങളുടെ മുമ്പില്‍വയ്ക്കുന്ന അടിയന്തരലക്ഷ്യം ഇതാണ്: ഉറച്ച തൊഴിലാളി-കര്‍ഷകസഖ്യത്തിന്റെ അടിസ്ഥാനത്തില്‍, തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍, എല്ലാ അസ്സല്‍ ഫ്യൂഡല്‍വിരുദ്ധ, കുത്തകവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ ശക്തികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ ജനകീയജനാധിപത്യം സ്ഥാപിക്കുക. ഇന്നത്തെ ബൂര്‍ഷ്വ- ഭൂപ്രഭു ഭരണകൂടത്തെ തൂത്തെറിഞ്ഞ് ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുകയെന്നതാണ് ഇതിനുള്ള പ്രഥമവും പ്രധാനവുമായ മുന്നുപാധി. ഇന്ത്യന്‍ വിപ്ളവത്തിന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത ജനാധിപത്യ കടമ പൂര്‍ത്തീകരിക്കാനും സോഷ്യലിസത്തിന്റെ പാതയിലൂടെ രാജ്യത്തെ നയിക്കുന്നതിന് കളമൊരുക്കാനും ഇതുകൊണ്ടുമാത്രമേ കഴിയൂ.'' (പാര്‍ടി പരിപാടി, അധ്യായം 6, ഖണ്ഡിക 2)വിപ്ളവത്തിന്റെ ഘട്ടവും അണിനിരത്തേണ്ട മിത്രങ്ങളെയും നേരിടേണ്ട ശത്രുക്കളെയും വിലയിരുത്തുക എന്ന ഒരു വിപ്ളവ പരിപാടിയിലെ മര്‍മപ്രധാനമായ ഖണ്ഡികയാണ് മുകളില്‍ കൊടുത്ത ഭാഗം. ഇതില്‍നിന്ന് ഒരു കാര്യം വളരെ വ്യക്തമാകുന്നുണ്ട്. സിപിഐ എമ്മിന്റെ ലക്ഷ്യം നമ്മുടെ രാജ്യത്ത് സോഷ്യലിസവും കമ്യൂണിസവും കെട്ടിപ്പടുക്കുകതന്നെയാണ്. എന്നാല്‍, അത്തരമൊരു ലക്ഷ്യം ഉടന്‍ പ്രാവര്‍ത്തികമാകും എന്ന അഭിപ്രായം പാര്‍ടി പരിപാടിയില്‍ ഇല്ലതന്നെ. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാല്‍ അത്തരമൊരു ലക്ഷ്യം ഉടന്‍ നടപ്പാക്കാന്‍ കഴിയില്ല. അതിന്റെ കാരണവും പാര്‍ടി പരിപാടി വിശകലനം ചെയ്യുന്നുണ്ട്. സാമ്പത്തിക വികസനത്തിന്റെ നിലവാരവും തൊഴിലാളിവര്‍ഗത്തിന്റെയും അതിന്റെ സംഘടനയുടെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പക്വതയും പരിശോധിക്കുമ്പോള്‍ സോഷ്യലിസം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തിലേക്ക് നേരിട്ട് കടക്കാനാവില്ലെന്ന് അത് വ്യക്തമാക്കുന്നു. അതുകൊണ്ട് പാര്‍ടി ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നത് ജനകീയ ജനാധിപത്യ വിപ്ളവമാണ്.ആത്യന്തികലക്ഷ്യമായ കമ്യൂണിസവും സോഷ്യലിസവും സ്ഥാപിക്കുക എന്നതിലെത്തണമെങ്കില്‍ ഇത്തരമൊരു പ്രക്രിയ കടന്നുപോകേണ്ടതുണ്ട്. ലോകത്തില്‍ പൊതുവെ ഫ്യൂഡലിസത്തിനെതിരായ പോരാട്ടം നടത്തി ജനാധിപത്യവിപ്ളവത്തിന് നേതൃത്വം കൊടുത്തത് ബൂര്‍ഷ്വാസിയാണ്. എന്നാല്‍, ഇന്ത്യയില്‍ ബൂര്‍ഷ്വാസി ഫ്യൂഡലിസവുമായി സന്ധിചെയ്യുകയാണ് ഉണ്ടായത്. അതുകൊണ്ട് ആ പ്രവര്‍ത്തനംകൂടി തൊഴിലാളിവര്‍ഗത്തിന് ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റെടുക്കേണ്ടിവരുന്നു. എന്നാല്‍, മറ്റു പല രാജ്യങ്ങളില്‍ നടന്ന ജനാധിപത്യ വിപ്ളവത്തില്‍നിന്ന് വ്യത്യസ്തമായി ഇതിന്റെ നേതൃത്വം തൊഴിലാളിവര്‍ഗത്തിന് ആയിരിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഏത് ഘട്ടത്തിലാണ് സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കാനാവുക എന്നത് ശാസ്ത്രീയമായി വിശകലനംചെയ്ത് പാര്‍ടി പരിപാടിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1964ല്‍ പാര്‍ടി പരിപാടിയില്‍തന്നെ സ്വീകരിച്ച സമീപനമാണ് ഇത്. അല്ലാതെ പുതിയ ആശയമല്ല. സോഷ്യലിസം എന്നത് ഉടന്‍ സ്ഥാപിക്കാന്‍ പറ്റുന്ന ഒന്നാണ് എന്ന കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന പാര്‍ടികള്‍ നമ്മുടെ നാട്ടിലുണ്ട്. അത് ഇന്ത്യന്‍ സാഹചര്യത്തില്‍ അസാധ്യമാണെന്നാണ് സിപിഐ എമ്മിന്റെ സുചിന്തിത നിലപാട്.ജ്യോതിബസുവിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് വര്‍ഗരഹിത സമൂഹത്തെ സംബന്ധിച്ച ചര്‍ച്ചകളും സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ട്. വര്‍ഗരഹിതസമൂഹം എന്നത് കമ്യൂണിസ്റ് ലോകത്ത് സാധ്യമാകുന്ന ഒന്നാണ്. ഭരണകൂടം കൊഴിഞ്ഞുവീഴുന്ന ഘട്ടത്തിലാണ് ഇത്തരമൊരു അവസ്ഥ സംജാതമാകുന്നത്. അങ്ങനെയൊന്ന് ഉണ്ടാകണമെങ്കില്‍ ലോകത്ത് എല്ലായിടത്തും സോഷ്യലിസ്റ് സാമൂഹ്യവ്യവസ്ഥ സ്ഥാപിക്കപ്പെടുകയും ലോകത്ത് ഒന്നടങ്കം വര്‍ഗവിവേചനങ്ങള്‍ അവസാനിക്കുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്യണം. അത് ഉടന്‍ ഉണ്ടാകുമെന്ന് മാര്‍ക്സിസത്തെ സംബന്ധിച്ച് അടിസ്ഥാന ധാരണകളുള്ള ആരും കരുതുമെന്ന് തോന്നുന്നില്ല. എന്നിട്ടും അങ്കലാപ്പ് സൃഷ്ടിച്ചെടുക്കാന്‍ അത്തരം പരിശ്രമങ്ങള്‍ വളരെ സജീവമായി മുന്നോട്ടുവരുന്നു എന്നതാണ് ഈ വിവാദങ്ങളില്‍ തെളിഞ്ഞുകാണുന്ന മറ്റൊരു പ്രവണത.പാര്‍ടി പരിപാടി ശരിയായി മനസ്സിലാക്കിയ ആരുംതന്നെ ജ്യോതിബസുവിന്റെ പ്രസ്താവന പാര്‍ടിവിരുദ്ധമാണെന്ന് പറയുമെന്ന് തോന്നുന്നില്ല. എന്നാല്‍ പാര്‍ടി പരിപാടിയെക്കുറിച്ചും അതിന്റെ നയത്തെക്കുറിച്ചും മനസ്സിലാക്കാതെ തങ്ങളുടെ മനസ്സിലുള്ള കാഴ്ചപ്പാടാണ് പാര്‍ടി നയമെന്ന് കരുതുന്നവര്‍ വഴിതെറ്റിപ്പോകുമെന്നതില്‍ ഒരു തര്‍ക്കവുമില്ല. അത്തരം പോരായ്മകള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ള പലര്‍ക്കും സംഭവിച്ചിട്ടുണ്ട്.ജനകീയ ജനാധിപത്യ വിപ്ളവം എല്ലാ ഫ്യൂഡല്‍വിരുദ്ധ-കുത്തകവിരുദ്ധ-സാമ്രാജ്യത്വവിരുദ്ധ ശക്തികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ളതാണ്. അതുകൊണ്ടുതന്നെ മുതലാളിത്തത്തെ പൂര്‍ണമായും ഉന്മൂലനംചെയ്യുന്ന വിപ്ളവമല്ല ഇത്. ആ സമൂഹത്തിലും മുതലാളിത്തത്തിന് സ്ഥാനമുണ്ടാകും. അതുകൊണ്ടുതന്നെ ജനകീയ ജനാധിപത്യ സര്‍ക്കാരിന്റെ സവിശേഷതകള്‍ വിശദീകരിക്കുന്ന കൂട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഈ വിപ്ളവം പൂര്‍ണമായും ഫ്യൂഡല്‍ശക്തികളെയും കുത്തകകളെയും സാമ്രാജ്യത്വത്തെയും ഉന്മൂലനംചെയ്യുന്നതിനും തൊഴിലാളിവര്‍ഗത്തിന്റെ നേതൃപരമായ പങ്ക് എല്ലാ മേഖലകളിലും ഉറച്ച കര്‍ഷകസഖ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാക്കുന്നതിനും വേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് പാര്‍ടി പരിപാടിയിലെ ജനകീയ ജനാധിപത്യ സര്‍ക്കാരിനെ സംബന്ധിച്ച പരിപാടിയില്‍ "വ്യവസായധനം, കച്ചവടം, സേവനം എന്നീ വിവിധ മേഖലകളില്‍ ഇന്ത്യനും വിദേശിയുമായ കുത്തകകളെ ഇല്ലാതാക്കുന്നതിനും അവയുടെ ആസ്തികള്‍ ഏറ്റെടുക്കുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളും'' ധ6.6 (ശ)പ എന്ന് വ്യക്തമാക്കിയത്. വ്യവസായ മൂലധനത്തിന്റെ മേഖലയില്‍നിന്ന് കുത്തകകളെ ഉന്മൂലനംചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് അര്‍ഥം. അതോടൊപ്പംതന്നെ മറ്റൊരു കാര്യവും പരിപാടി വ്യക്തമാക്കുന്നുണ്ട്. "ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുംവേണ്ടി തെരഞ്ഞെടുക്കപ്പെട്ട ചില മേഖലകളില്‍ വിദേശനിക്ഷേപം അനുവദിക്കും. അതോടൊപ്പംതന്നെ സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള താല്‍പ്പര്യത്തിനുവേണ്ടി ഫിനാന്‍സ് മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കു''കയും ചെയ്യും. ധ6.6 (ശശശ)പഇത്തരം ഘട്ടങ്ങളിലെല്ലാം തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകരുടെയും ഉള്‍പ്പെടെയുള്ള ജനസാമാന്യത്തിന്റെ താല്‍പ്പര്യത്തിനായിരിക്കും മേല്‍ക്കൈ ഉണ്ടാവുക. ഇതിന് കീഴ്പ്പെട്ടുകൊണ്ടുള്ള നയങ്ങളായിരിക്കും എല്ലാ മേഖലയിലും പ്രാവര്‍ത്തികമാക്കുക എന്നും പരിപാടി വ്യക്തമാക്കുന്നുണ്ട്. സിപിഐ എം പരിപാടിയുടെ അന്തഃസത്ത ഇതാണ്. ജ്യോതിബസു വ്യക്തമാക്കിയതും ഇതുതന്നെയാണ്. ഇത് മനസ്സിലാക്കാതെയാണ് പലരും വിവാദവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് ജ്യോതിബസു നടത്തിയ പ്രസ്താവനയും വിവാദക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തെ എങ്ങനെയാണ് പാര്‍ടി കൈകാര്യംചെയ്യുന്നത് എന്ന കാര്യവും വ്യത്യസ്ത കാലഘട്ടങ്ങളില്‍ പാര്‍ടി ഇറക്കിയ നയരേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാദത്തിനിറങ്ങിയവര്‍ അതൊന്നും കാണുന്നില്ല.
സംസ്ഥാന ഭരണം


കമ്യൂണിസ്റ് പാര്‍ടി ബാലറ്റിലൂടെ അധികാരത്തില്‍ വന്ന അത്യപൂര്‍വ സംഭവത്തിന് 1957 ല്‍ കേരളം സാക്ഷ്യംവഹിച്ചു. അന്ന് ഇ എം എസ് തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വ്യക്തമാക്കിയ കാര്യം ഈ പശ്ചാത്തലത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്.
"ഞാന്‍ രൂപീകരിക്കാന്‍ പോകുന്ന സര്‍ക്കാര്‍ കമ്യൂണിസ്റ് പാര്‍ടിയുടെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള അടിയന്തരപരിപാടി നടപ്പില്‍വരുത്തുന്ന ഗവണ്‍മെന്റായിരിക്കും. അല്ലാതെ ഒരു കമ്യൂണിസ്റ് സമുദായം കെട്ടിപ്പടുക്കുന്നതിനുള്ള ഗവണ്‍മെന്റായിരിക്കില്ല. ഞാന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസം സ്ഥാപിക്കാനാണ്. എന്നാല്‍, ഈ ഗവണ്‍മെന്റ് അത്തരത്തിലുള്ള സമുദായം സ്ഥാപിക്കാന്‍ ശ്രമിക്കുകയില്ല.'' ഭൂപരിഷ്കരണത്തിന് തുടക്കമിടുന്നത് ഉള്‍പ്പെടെ ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനം ആ സര്‍ക്കാര്‍ നടത്തി. വ്യവസായ വികസനത്തിന് ബിര്‍ളയെപ്പോലുള്ള കുത്തകയുടെ മൂലധനത്തെ ഉപയോഗിക്കുന്ന നയവും നടപ്പാക്കി. സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള നടപടിയായിരുന്നു ഇവയെല്ലാം.
1957 ലെ സര്‍ക്കാരിന്റെ അനുഭവങ്ങളുടെയും തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ ഭരണമാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ 1967 ല്‍ 'പുതിയ പരിതഃസ്ഥിതികളും കടമകളും' എന്ന പ്രമേയത്തിലൂടെ കേന്ദ്രകമ്മിറ്റി ഇക്കാര്യത്തില്‍ ആശയവ്യക്തത വരുത്തുകയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികളെ സംബന്ധിച്ച് ആ രേഖ വ്യക്തമായും ഓര്‍മിപ്പിച്ചു: "എല്ലാറ്റിനുമുപരി സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റുകളുടെ അധികാരത്തെ വര്‍ഗപരമായ അടിസ്ഥാനത്തില്‍ അതിന്റെ പരിമിതികളോടെതന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഭരണകൂടാധികാരത്തിന്റെ അന്തഃസത്ത നമുക്കറിയാവുന്നതുപോലെ സൈന്യം, പോലീസ്, ഉദ്യോഗസ്ഥവൃന്ദം, ജുഡീഷ്യറി, ജയിലുകള്‍ എന്നിവയിലാണ് നിലകൊള്ളുന്നത്. അതെല്ലാംതന്നെ ബൂര്‍ഷ്വ-ഭൂപ്രഭു ഭരണവര്‍ഗത്തിന്റെ കൈകളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കെതിരായുള്ള വര്‍ഗനയങ്ങള്‍ നടപ്പാക്കുന്നതിന് അനുവദിക്കാത്തതും സ്ഥായിയായ ജനാധിപത്യഭരണംപോലും അനുവദിക്കാത്തതുമായ വര്‍ഗവീക്ഷണവും ഘടനയുമാണ് ഈ ഉപകരണത്തിന് പല കാര്യത്തിലുമുള്ളത്. ഭരണാധികാരത്തിന്റെ നല്ലതും മുഖ്യവുമായ ഭാഗം നിലകൊള്ളുന്നത് കേന്ദ്രത്തിന്റെയും കോണ്‍ഗ്രസിന്റെ കേന്ദ്രഭരണത്തിന്റെയും കൈകളിലാണ്. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുള്ള കുറഞ്ഞ അധികാരമാവട്ടെ രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് കേന്ദ്ര അധികാരത്തിന് വിധേയമായി ഉപയോഗപ്പെടുത്തേണ്ടതുമാണ്. സ്വാഭാവികമായും ഈ പരിതഃസ്ഥിതിയില്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെ, അതും വിവിധ പ്രതിപക്ഷ പാര്‍ടികള്‍ ഉള്‍ക്കൊള്ളുന്ന കോണ്‍ഗ്രസിതര ഗവണ്‍മെന്റുകളുടെ ശരിയായ രാഷ്ട്രീയാധികാരത്തെക്കുറിച്ച് പറയുന്നത് അര്‍ഥശൂന്യവും അവാസ്തവികവുമാണ്.''
ഈ രേഖയുടെ അടിസ്ഥാനത്തിലാണ് പാര്‍ടിക്കും മറ്റ് ഇടതുപക്ഷ ജനാധിപത്യശക്തികള്‍ക്കും നയരൂപീകരണത്തിലും നടത്തിപ്പിലും നിര്‍ണായകപങ്ക് വഹിക്കാന്‍ കഴിയുന്ന സംസ്ഥാന ഗവണ്‍മെന്റുകളില്‍മാത്രമേ ചേരേണ്ടതുള്ളൂ എന്ന നിലപാട് രൂപപ്പെടുത്തിയത്. 1978 ല്‍ ജലന്ധറില്‍ ചേര്‍ന്ന 10-ാം പാര്‍ടി കോണ്‍ഗ്രസ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രാധാന്യത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു:"എല്ലാ ഇടതുപക്ഷ ശക്തികളെയും കൂടുതല്‍ മുന്നേറ്റത്തിനായി ഒന്നിച്ച് കൂട്ടിക്കൊണ്ടുവരുന്നതിലൂടെ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ ജനകീയ ജനാധിപത്യത്തിനുള്ള സഖ്യം രൂപപ്പെടുത്തുന്നതിന് ഭാവിയില്‍ പങ്കാളികളാകുന്ന ശക്തികളെ അരക്കിട്ടുറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ആരംഭമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി.''
ഇതില്‍നിന്ന് വ്യക്തമാകുന്ന കാര്യം ജനകീയ ജനാധിപത്യ മുന്നണിയേക്കാള്‍ ഒരുപടി താഴെയാണ് ഇടതുപക്ഷജനാധിപത്യമുന്നണി എന്നതാണ്. ജനകീയ ജനാധിപത്യ പരിപാടിയില്‍തന്നെ മുതലാളിത്തത്തിന്റെ ഉന്മൂലനം ലക്ഷ്യവുമല്ല. എന്നിട്ടും ജലന്ധര്‍ പാര്‍ടി കോണ്‍ഗ്രസ് വിഭാവനംചെയ്ത രീതിയില്‍ പരിപാടിപോലും മുന്നോട്ടുവച്ചിട്ടില്ലാത്ത മുന്നണി നേതൃത്വംനല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ മുതലാളിത്തത്തെ ഉന്മൂലനംചെയ്യണമെന്ന് പറയുന്നത് പാര്‍ടിയെക്കുറിച്ച് വ്യക്തതയില്ലാത്തതുകൊണ്ടാണ്.
പാര്‍ടി നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വന്നാല്‍ സൂക്ഷ്മതലത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന പ്രശ്നം 12-ാം പാര്‍ടി കോണ്‍ഗ്രസ് ഗൌരവമായി ചര്‍ച്ചചെയ്തു. ബംഗാളില്‍ സ്വകാര്യ മൂലധനം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യവും ഇതില്‍ പ്രത്യേകം ചര്‍ച്ചചെയ്തു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ ഇതുമായി ബന്ധപ്പെട്ട നയം പ്രഖ്യാപിക്കുകയുംചെയ്തു. "ഇടതുപക്ഷമുന്നണി ഗവണ്‍മെന്റ് മുതലാളിത്ത സമ്പദ്ഘടനയുടെ ചട്ടക്കൂട്ടിനുള്ളില്‍നിന്നാണ് പ്രവര്‍ത്തിക്കുന്നത്. സ്വത്തുടമാബന്ധങ്ങളെ ആക്രമിക്കാനും സംഘട്ടനത്തിലൂടെ വിഭവസമാഹരണം നടത്താനുമുള്ള സ്വാതന്ത്യ്രമുള്ള ഒരു ഗവണ്‍മെന്റല്ല അത്. ഇടതുപക്ഷ മുന്നണി ഗവണ്‍മെന്റിന് ജനങ്ങള്‍ക്കുവേണ്ടി ഒന്നുംചെയ്യാന്‍ കഴിയില്ലെന്ന് തെളിയിക്കാന്‍ പരിശ്രമിക്കുന്ന കേന്ദ്രഗവണ്‍മെന്റുമായി അത് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു. സ്വകാര്യസംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാതെയും, ഈ സംസ്ഥാനത്ത് മുതല്‍മുടക്കുന്നത് തടഞ്ഞുവച്ചുകൊണ്ടും ജനങ്ങള്‍ക്കുവേണ്ടി ഒന്നുംചെയ്യാന്‍ കഴിയാത്ത വിധത്തില്‍ നിസ്സഹായമാണ് ഇടതുപക്ഷ ഗവണ്‍മെന്റ് എന്ന് ജനങ്ങള്‍ക്ക് കാട്ടിക്കൊടുക്കുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്റ് ഒരു സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷമുന്നണി മന്ത്രിസഭക്കെതിരായി കേന്ദ്രഗവണ്‍മെന്റ് നടത്തുന്ന വര്‍ഗസമരത്തിന്റെ രൂപമാണിത്.
"ഇടതുപക്ഷമുന്നണി സ്വകാര്യ സംരംഭങ്ങളെ തൊടുകപോലും ചെയ്യില്ലെന്നോ പ്രോത്സാഹിപ്പിക്കില്ലെന്നോ ഉള്ള നിലപാട് സ്വീകരിച്ചാല്‍ കേന്ദ്രഗവണ്‍മെന്റിന്റെ ഗൂഢതന്ത്രങ്ങളെ അത് വളരെയധികം സഹായിക്കും. ഇവിടെ മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള സംഘട്ടനത്തിന്റെ പ്രശ്നമല്ല, മറിച്ച്, ജനങ്ങള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാകുകയും അതുവഴി ജനങ്ങള്‍ ഇന്ദിരാ കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്താന്‍ തയ്യാറാകുകയുംചെയ്യാന്‍ സഹായകമായ രീതിയില്‍ മന്ത്രിസഭ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതാണ് പ്രശ്നം. അതിന് അനുയോജ്യമായ അടവുകള്‍ സ്വീകരിക്കുകയും ജനങ്ങള്‍ക്ക് ആശ്വാസംനല്‍കുകയും ചെയ്യാത്തപക്ഷം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ മന്ത്രിസഭയ്ക്ക് പുറത്തുപോകേണ്ടിവരും.'' (12-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തില്‍നിന്ന്)
ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് ശക്തിപ്പെട്ടതോടെ സംസ്ഥാന സര്‍ക്കാരുകള്‍ ഈ കാലഘട്ടത്തില്‍ എത്തരത്തിലാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന പ്രശ്നവും പാര്‍ടി ചര്‍ച്ചചെയ്തു. 18-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ അത് വ്യക്തമാക്കി. അതിങ്ങനെ:
"ഇന്ത്യന്‍ ഭരണഘടനയ്ക്കു കീഴില്‍ കേന്ദ്രഗവണ്‍മെന്റു മാത്രമാണ് പ്രധാന സാമ്പത്തിക-വ്യാവസായിക നയങ്ങളൊക്കെ നിശ്ചയിക്കുകയെന്നകാര്യം എല്ലായ്പ്പോഴും ഓര്‍മിക്കണം. ബദല്‍നയങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് പരിമിതമായ സ്വയംഭരണാധികാരം മാത്രമാണുള്ളത്.
"ഈ പരിതഃസ്ഥിതിയില്‍ നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ സമ്മര്‍ദങ്ങളെ ചെറുത്ത് സാമ്രാജ്യത്വ പ്രലോഭനങ്ങള്‍ക്ക് ഒട്ടും വഴങ്ങാതെ ഈ ഗവണ്‍മെന്റുകള്‍ ജനകീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
"ആയതിനാല്‍ ഈ ഗവണ്‍മെന്റുകള്‍ക്ക് വികസന പദ്ധതികള്‍ക്കായി വിദേശസഹായം സ്വീകരിക്കാം. പക്ഷേ, അവ നമ്മുടെ അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായി യാതൊരു നിബന്ധനയും ഉന്നയിക്കുകയില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം.'' (18-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തില്‍നിന്ന്)
ഇതില്‍നിന്ന് സുവ്യക്തമാകുന്നത്, പാര്‍ടി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉള്ള പരിമിതികള്‍ കണക്കിലെടുത്ത് പാര്‍ടി സ്വീകരിച്ച നയം വിദേശ മൂലധനത്തെയോ വിദേശ വായ്പയെയോ സ്വകാര്യ മൂലധനത്തെയോ നിഷേധിക്കുന്ന തരത്തിലുള്ളതല്ല എന്നാണ്. പാര്‍ടി എടുത്ത നിലപാടുകളില്‍നിന്ന് വ്യത്യസ്തമായതൊന്നും ജ്യോതിബസുവിന്റെ പ്രസ്താവനയിലുമില്ല.
കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായ പരിപാടികള്‍ ചെയ്യാന്‍ കഴിയുന്നത് പാര്‍ടി ജനപക്ഷത്ത്, ഈ വ്യവസ്ഥയുടെ പരിമിതിയില്‍ നിന്നുകൊണ്ട് ബദല്‍നയം ഉയര്‍ത്താനുള്ള ഇടപെടല്‍ നടത്തുന്നതുകൊണ്ടാണ്. ഇത്തരമൊരു നയം ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഇന്നു കാണുന്ന മാറ്റം സാധ്യമാകുമായിരുന്നില്ല.
സംസ്ഥാനത്തെ ഭരണമെന്നത് ഭരണകൂടത്തിന്റെ മാറ്റമാണെന്ന് ഒരിക്കലും നാം ധരിച്ചുകൂടാ. ഭരണകൂടത്തെ മാറ്റിമറിക്കാതെ തന്നെ വിപ്ളവപ്രവര്‍ത്തനം സാധ്യമാണെന്ന നിലപാട് തുറന്നുകാട്ടിക്കൊണ്ടാണ് ലെനിന്‍ ഭരണകൂടവും വിപ്ളവവും എന്ന തന്റെ പ്രസിദ്ധമായ പുസ്തകം എഴുതുന്നത്. ഇത്തരം സ്ഥലജലവിഭ്രാന്തി വര്‍ത്തമാനകാലത്തും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. നാലാംലോകവാദത്തിന്റെ ഒരു പ്രധാന ദൌര്‍ബല്യം നിലനില്‍ക്കുന്ന ഭരണകൂടത്തെ മാറ്റിമറിക്കാതെ സോഷ്യലിസം സ്ഥാപിച്ചുകളയാമെന്ന വ്യാമോഹമായിരുന്നു. ഇടതുപക്ഷ തീവ്രവാദനിലപാട് മുന്നോട്ടുവച്ച് വിവാദം സൃഷ്ടിക്കുന്നവരും ഫലത്തില്‍ ഭരണകൂടത്തെ മാറ്റിമറിക്കാതെ വിപ്ളവ അജന്‍ഡകള്‍ നടപ്പാക്കാന്‍ കഴിയുമെന്ന് സ്വപ്നം കാണുകയാണ്. ഈ ഇടത്-വലത് പ്രവണതകള്‍ മാര്‍ക്സിസത്തിന്റെ ശരിയായ പ്രയോഗമല്ല. ഇത്തരത്തിലുള്ള സൈദ്ധാന്തിക വ്യതിയാനങ്ങള്‍ക്കെതിരെ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
വര്‍ത്തമാനകാലത്തെ വിപ്ളവഘട്ടം ജനകീയ ജനാധിപത്യത്തിന്റേതാണ്. അത് പൂര്‍ണമായും മുതലാളിത്തത്തെ ഉന്മൂലനം ചെയ്യാനുള്ളതല്ല. സോഷ്യലിസ്റ് വിപ്ളവത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ടി അടുത്ത ഘട്ടമായാണ് കാണുന്നത്. തുടര്‍ന്ന് കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനത്തിലേക്ക് ലോകം നീങ്ങുമെന്നതാണ് പാര്‍ടി നിലപാട്. അല്ലാതെ സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും നിരാകരണമല്ല. ജനകീയ ജനാധിപത്യ വിപ്ളവത്തിനുമുമ്പ് സംസ്ഥാന സര്‍ക്കാരിലുള്ള പങ്കാളിത്തം ഉപയോഗിച്ച് നാട്ടില്‍ മുതലാളിത്തത്തെ ഉന്മൂലനംചെയ്ത് സോഷ്യലിസം നടപ്പാക്കിക്കളയാമെന്ന വ്യാമോഹം പാര്‍ടിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെ കരുതുന്നത് ഭരണകൂടത്തെയും വിപ്ളവത്തെയും സംബന്ധിച്ച മാര്‍ക്സിസ്റ് ധാരണയ്ക്ക് വിരുദ്ധവുമാണ്.

1 comment:

Anonymous said...

ഇപ്പോഴും 1957ല്‍ നടത്തിയ കാര്യങ്ങളേ പറയാനുള്ളൂ??

2007 ആയി..അതറിയാന്‍ എവിടെ നേരം ...തമ്മില്‍ തല്ലി തീര്‍ന്നിട്ടു വേണ്ടേ??... കൂടുതലായി ഈ കമ്മ്യൂണിസ്റ്റു് സര്‍ക്കാറിനു് എന്തേങ്കിലും പറയാനുണ്ടോ? അന്നു ഭൂപരിഷ്കരണ നിയമം കൊണ്ടു വന്നു... ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമി കക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്നു... തികച്ചും കടകവിരുദ്ധം !!

-വിക്രമന്‍