Sunday, December 16, 2007

പുരകത്തുമ്പോള്‍ വാഴവെട്ടുന്ന ബുഷ്

പുരകത്തുമ്പോള്‍ വാഴവെട്ടുന്ന ബുഷ് .

ഗോവിന്ദപ്പിള്ള

'പുരകത്തുമ്പോള്‍ വാഴവെട്ടുന്നവര്‍' എന്നൊരു അര്‍ഥവത്തായ പഴഞ്ചൊല്ലുണ്ട് മലയാളത്തില്‍. പുരകത്തി എരിയുമ്പോള്‍ അത് തല്ലിക്കെടുത്താനെന്ന ഭാവേന ചിലര്‍ പുരയിടത്തില്‍ നില്‍ക്കുന്ന വാഴവെട്ടി നശിപ്പിക്കുക എന്ന ദുഷ്പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതിനെയാണ് ഈ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്. മനുഷ്യനിര്‍മിതമായ രാസവ്യവസായങ്ങളില്‍നിന്ന് വിസര്‍ജിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ (ഗ്രീന്‍ഹൌസ് ഗ്യാസ്) അതിപ്രസരം മൂലം ഭൌമാന്തരീക്ഷത്തിലെ താപനില കുതിച്ചുകയറുകയും ഭൂമിയിലെ ഹരിതാവരണവും ജന്തുജാലങ്ങളും ക്രമേണ നശിക്കുകയും ഊഷരഭൂമികളുടെ വിസ്തൃതി വര്‍ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്നതാണ് ഇന്ന് മാനവരാശിയെ പരിഭ്രാന്തരാക്കിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ മാറ്റം. ഈ അന്തരീക്ഷതപനം വര്‍ധിക്കുന്നതുമൂലം കരയില്‍ വരള്‍ച്ചയും നാശവും പടരുമ്പോള്‍ കോടാനുകോടി വര്‍ഷങ്ങളായി ധ്രുവങ്ങളില്‍ കട്ടപിടിച്ചുകിടക്കുന്ന മഞ്ഞുമലകള്‍ ഉരുകി സമുദ്രനിരപ്പുയരുകയും നെതര്‍ലാന്‍ഡും ലണ്ടനുള്‍പ്പെടെ ദക്ഷിണ ഇംഗ്ളണ്ടും മുതല്‍ നമ്മുടെ കരപ്പുറവും ആറാട്ടുപുഴയും ആലപ്പുഴവരെ സുനാമികള്‍ വിഴുങ്ങുകയുംചെയ്യും.
ഈ ഭീകരദുരന്തം ഒഴിവാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ചര്‍ച്ചചെയ്യപ്പെടുന്ന പരിഹാരനിര്‍ദേശങ്ങള്‍ അമേരിക്കന്‍ ഐക്യനാടിലെ കുത്തക മുതലാളിത്താധിപതികള്‍ തുരങ്കംവച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ഈ ദുരന്തവും അമിതാദായം കൊയ്തെടുക്കാനുള്ള സന്ദര്‍ഭമായി ഉപയോഗപ്പെടുത്തുന്നതിനെയാണ് പുരവെട്ടുമ്പോള്‍ വാഴവെട്ടുന്നവര്‍ എന്ന് തുടക്കത്തില്‍ വിശേഷിപ്പിച്ചത്.
അനിയന്ത്രിതവും അമിതലാഭേച്ഛയാല്‍ പ്രേരിതവുമായ കുത്തകമുതലാളിത്ത വ്യവസായവല്‍ക്കരണം ലോകത്തിലെ പരിസ്ഥിതി വിനാശത്തിനും മനുഷ്യരാശി ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ എരിഞ്ഞടങ്ങലിനും വഴിവയ്ക്കുമെന്ന അവബോധം ആഗോളരാഷ്ട്രീയത്തില്‍ അടുത്തകാലത്തുമാത്രമാണ് ഉണര്‍വ് നേടിയത്. 1971ല്‍ സ്വീഡിഷ് തലസ്ഥാനമായ സ്റോക്ഹോമില്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനമാണ് ഈ പുത്തന്‍ അവബോധത്തിന്റെ ആദ്യത്തെ വ്യക്തമായ തെളിവ്. പരിസ്ഥിതി സംരക്ഷണത്തിന് പല ഘടകങ്ങളും വശങ്ങളുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വ്യവസായങ്ങളുടെ രാസവിസര്‍ജ്യങ്ങള്‍ സൃഷ്ടിക്കുന്ന ഹരിതഗൃഹവാതകസമൃദ്ധിമൂലം ഉണ്ടാകുന്ന അന്തരീക്ഷതപനവും ബഹിരാകാശത്തെ മാരകമായ അള്‍ട്രാവൈലറ്റ് തുടങ്ങിയ തീക്ഷ്ണരശ്മികളില്‍നിന്ന് ഭൌമാന്തരീക്ഷത്തെ രക്ഷിക്കുന്ന ഓസോണ്‍ കവചത്തില്‍ ഉണ്ടാകുന്ന പിളര്‍പ്പും. അവയെല്ലാം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇതുവരെ കേട്ടറിഞ്ഞിട്ടുപോലുമില്ലാത്ത പുതിയ പകര്‍ച്ചവ്യാധികളുടെ വ്യാപനവും ജീവസന്ധാരണമാര്‍ഗമായ കാര്‍ഷികവ്യവസ്ഥയുടെ അപചയവും. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് 1998ല്‍ ജപ്പാനിലെ മനുഷ്യകൃതമായ മറ്റൊരു ദുരന്തഭൂമിയായ ഹിരോഷിമയുടെ പ്രാന്തപ്രദേശത്തെ ചരിത്രപ്രസിദ്ധമായ ക്യോട്ടോ നഗരത്തില്‍ യോഗം ചേര്‍ന്നത്.
അന്തരീക്ഷതപനത്തെ തടയാനുള്ള ഏതാനും മുന്‍കരുതലുകളും നയപരിപാടികളും അവിടെവച്ച് ആവിഷ്കരിക്കപ്പെട്ടു. അന്തരീക്ഷതപനത്തിന്റെ മുഖ്യമായ കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ രാസവ്യവസായങ്ങളുടെ അതിപ്രസരമാ ണെന്നും അവയില്‍ ബഹുഭൂരിപക്ഷവും അമേരിക്കന്‍ ഐക്യനാട് ഉള്‍പ്പെടെയുള്ള വികസിത മുതലാളിത്ത രാഷ്ട്രങ്ങളിലാണ് സ്ഥിതിചെയ്യുന്നതെന്നും അടുത്ത പന്ത്രണ്ട് വര്‍ഷത്തിനകം ഇവയില്‍ പത്തുശതമാനമെങ്കിലും അവര്‍ കുറവുചെയ്യണമെ ന്നും ക്യോട്ടോ സമ്മേളനം നിര്‍ദേശിച്ചു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളുടെ പ്രതിനിധികളും ഇക്കാര്യത്തില്‍ ഒരു സമവായത്തില്‍ എത്തി. ഇതുള്‍പ്പെടെ ക്യോട്ടോ സമ്മേളനം അംഗീകരിച്ച നയനടപടികള്‍ക്കും പെരുമാറ്റ നിര്‍ദേശങ്ങള്‍ക്കും ക്യോട്ടോ പെരുമാറ്റച്ചട്ടം അഥവാ പ്രോട്ടോക്കോള്‍ എന്നാണ് വിളിച്ചുവരുന്നത്. എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികള്‍ അംഗീകരിച്ച് ഒപ്പുവച്ചതാണ് ക്യോട്ടോ പ്രോട്ടോക്കോളെങ്കിലും അതിന് പൂര്‍ണ നിയമസാധുത ലഭിക്കാന്‍ അതതു രാഷ്ട്രങ്ങളിലെ ഭരണാധികാരസഭകളുടെ അംഗീകാരംകൂടി വേണം. അതിന് അതതു സര്‍ക്കാരുകള്‍ മുന്‍കൈ എടുത്ത് നിയമം കൊണ്ടുവരണം. ലോകത്തിലെ ഒട്ടുമിക്ക രാഷ്ട്രങ്ങളും പടിപടിയായി ദേശീയതലത്തിലും സാര്‍വദേശീയതലത്തിലും സംവാദങ്ങള്‍ നടത്തി പ്രോട്ടോക്കോള്‍ അംഗീകരിച്ചു. എന്നാല്‍, ഹരിതഗൃഹവാതക വിസര്‍ജനത്തില്‍ ഏറ്റവും വലിയ കുറ്റവാളിയായ അമേരിക്കന്‍ ഐക്യനാടും അതിന്റെ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യൂ ബുഷും തങ്ങളുടെ വ്യാവസായിക ഉല്‍ക്കര്‍ഷത്തിന് ഹാനികരമാകുമെന്ന കാരണംപറഞ്ഞ് ഇതുവരെയും പ്രോട്ടോക്കോള്‍ അംഗീകരിച്ചിട്ടില്ല. അമേരിക്കയെപ്പോലെ ആസ്ട്രേലിയയും പ്രോട്ടോക്കോള്‍ നിരസിച്ചിരുന്നെങ്കിലും ഈയിടെ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ജയിച്ച ലേബര്‍ പാര്‍ടിയും പ്രധാനമന്ത്രി കെവിന്‍ റൂഡും പ്രോട്ടോക്കോള്‍ അംഗീകരിക്കാന്‍ തീരുമാനിച്ചതോടെ അമേരിക്കന്‍ ഐക്യനാട് ഒറ്റപ്പെട്ടിരിക്കുകയാണ്.
അമേരിക്കന്‍ ഐക്യനാടിന്റെ ഉറ്റസുഹൃത്തുക്കള്‍ വാഴുന്ന യൂറോപ്യന്‍ യൂണിയനിലെ ചില രാഷ്ട്രങ്ങള്‍ ആദ്യമൊക്കെ മടിച്ചുനിന്നെങ്കിലും യൂറോപ്യന്‍ യൂണിയനിലെ മൊത്തം 27 രാഷ്ട്രങ്ങളും ഇപ്പോള്‍ ക്യോട്ടോ പ്രോട്ടോക്കോള്‍ അംഗീകരിച്ചിരിക്കുകയാണ്. ചൈനയും 77 മൂന്നാംലോക രാഷ്ട്രങ്ങളും ക്യോട്ടോ പ്രോട്ടോക്കോളിന്റെ പുറകില്‍ ഉറച്ച് അണിനിരന്നിരിക്കുന്നു.
1998ല്‍ ആവിഷ്കരിക്കപ്പെട്ട ക്യോട്ടോ പ്രോട്ടോക്കോള്‍ തീരുമാനങ്ങളുടെ പ്രാഥമിക നിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ടിയിരുന്നത് 2012നകമാണ്. അതിന്റെതന്നെ ആദ്യചുവടുവയ്പുകള്‍ പത്തു വര്‍ഷത്തിനകം, അതായത് 2008നകം നടന്നിരിക്കണം. പക്ഷേ, അമേരിക്കന്‍ ഐക്യനാടിന്റെ അമിത ലാഭേച്ഛയാല്‍ പ്രേരിതമായ കടുംപിടിത്തംമൂലം ക്യോട്ടോ പ്രോട്ടോക്കോള്‍ നടപ്പാക്കാതെ കാലഹരണപ്പെടുകയാണ്. പകരം മറ്റൊരു പ്രോട്ടോക്കോള്‍ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. അതിനായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സംരക്ഷണ സംവിധാനത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വ്യാഴാഴ്ച ഇന്തോനേഷ്യയിലെ ചരിത്രപ്രസിദ്ധമായ ബാലിദ്വീപിലെ നുസാദുവാ നഗരത്തില്‍ ചേര്‍ന്നു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഈ സുപ്രധാന സമ്മേളനത്തിന്റെ അന്ത്യതീരുമാനങ്ങള്‍ ഈ വരികള്‍ എഴുതുമ്പോള്‍ ലഭിച്ചിട്ടില്ലെങ്കിലും അമേരിക്കന്‍ ഐക്യനാടിന്റെ വഴിമുടക്കു നയങ്ങള്‍ പുറത്തുവന്ന് കഴിഞ്ഞു.
സാര്‍വദേശീയ അടിസ്ഥാനത്തില്‍ ഐക്യരാഷ്ട്രസഭ അംഗീകരിക്കുന്ന ചട്ടക്കൂടിനകത്ത് ഹരിതഗൃഹ നിയന്ത്രണ വാതകത്തിനുള്ള നടപടികള്‍ കൈക്കൊള്ളുക എന്ന നയം അമേരിക്കന്‍ ഐക്യനാടിന് സ്വീകാര്യമല്ല. അതിനുപകരം ഓരോ രാഷ്ട്രവും അതതിന്റെ സാഹചര്യങ്ങള്‍ക്ക് അനുസരണമായി ഏറിയോ കുറഞ്ഞോ നിയന്ത്രണം നിയമാധിഷ്ഠിതമായോ സ്വമേധയായോ നടത്തിയാല്‍ മതിയെന്നാണ് അമേരിക്കന്‍ പക്ഷം. വാസ്തവത്തില്‍ 1998ല്‍ അംഗീകരിച്ചതും ഫലപ്രദമാകാന്‍ ഇടയുള്ളതുമായ വ്യവസ്ഥകളുടെ തികഞ്ഞ തിരസ്കാരമാണ് ഈ നിലപാട്.
അമേരിക്കന്‍ ഐക്യനാടിന്റെ ദുഷ്ടവും മാനവവിരുദ്ധവുമായ ഈ നിലപാടിനെ ഏറ്റവും നിശിതമായ ഭാഷയില്‍ നുസാദുവായോഗത്തില്‍ എതിര്‍ത്തത് മുന്‍ അമേരിക്കന്‍ വൈസ്പ്രസിഡന്റും ഇത്തവണത്തെ സമാധാനത്തിനുള്ള നോബല്‍സമ്മാനം ഇന്ത്യയുടെ രാജേന്ദ്രപചൌരിക്കൊപ്പം പങ്കുവച്ച് നേടിയ പരിസ്ഥിതി സംരക്ഷണവാദി അല്‍ഗോര്‍ ആണെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. അല്‍ഗോര്‍ കേരളീയര്‍ക്ക് അപരിചിതനല്ല. സാധാരണ സാമ്പത്തികവികസനത്തിന്റെ മാനദണ്ഡങ്ങള്‍വച്ച് അളന്നാല്‍ ഒരു പിന്നോക്കപ്രദേശമായ കേരളത്തില്‍ ജീവിതഗുണമേന്മയുടെ അളവുകോല്‍പ്രകാരം സ്വാഗതാര്‍ഹമായ ഒരു മാതൃക സൃഷ്ടിക്കപ്പെട്ടിരിക്കുന്നെന്ന് വളരെ നേരത്തെ പ്രശംസിച്ച ആളാണ് അല്‍ഗോര്‍.പച്ചൌരി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സംരക്ഷണ സമിതിയുടെ ഇന്ത്യക്കാരനായ തലവനാണ്.
'തന്റെ രാജ്യത്തിന്റെ ആപല്‍ക്കരവും സ്വാര്‍ഥപ്രേരിതവും' ആയ ദ്രോഹനയത്തില്‍ താന്‍ ലജ്ജിക്കുന്നെന്ന് അല്‍ഗോര്‍ ദുവാ സമ്മേളനത്തില്‍ നിരാശാഭരിതനായി വിലപിച്ചു.
ഈ സമ്മേളനത്തിന്റെ തുടര്‍ച്ച അമേരിക്കന്‍ ഐക്യനാടിന്റെ ആതിഥേയത്വത്തില്‍ വരുന്നവര്‍ഷം ഹവായി ദ്വീപില്‍ ചേരുന്നതാണ്. എന്നാല്‍, അമേരിക്കന്‍ ഐക്യനാട് നിഷേധാത്മകമായ ഈ നിലപാട് ഉപേക്ഷിക്കാത്തപക്ഷം തങ്ങള്‍ ഹവായിസമ്മേളനം ബഹിഷ്കരിക്കുമെന്ന് 27 രാഷ്ട്രങ്ങളടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അങ്ങനെ ഐക്യരാഷ്ട്രസഭയിലെ അംഗങ്ങളായ 192 രാജ്യങ്ങളില്‍ അമേരിക്കന്‍ ഐക്യനാട് ഒറ്റപ്പെട്ടിരിക്കുകയാണ്. ലോകം മുഴുവന്‍ എരിഞ്ഞടങ്ങുമ്പോഴും വാഴവെട്ടിലൂടെ ആദായം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കുത്തക മുതലാളിത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വികൃതമുഖമാണ് വാഷിങ്ടണിലെ വെള്ളക്കൊട്ടാരത്തില്‍ അനാവരണം ചയ്യപ്പെടുന്നത്. സാമ്രാജ്യത്വത്തിന് എതിരെയുള്ള ചെറുത്തുനില്‍പ്പില്‍ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടം അങ്ങനെ 21-ാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ അജന്‍ഡയില്‍പ്പെടുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...

പുരകത്തുമ്പോള്‍ വാഴവെട്ടുന്ന ബുഷ്.
പി ഗോവിന്ദപ്പിള്ള