Wednesday, November 14, 2007

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക

കുഞ്ഞുങ്ങളുടെ അവകാശങ്ങ ള്‍ക്കായി ഐക്യരാഷ്ട്രസഭ യില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയത് മലയാളിയായിരുന്ന വി കെ കൃഷ്ണമേനോനാണ്. അദ്ദേഹമാണ് 1954 ഒക്ടോബര്‍ ആറിന് യുഎന്‍ ജനറല്‍ അസംബ്ളിയില്‍ സാര്‍വദേശീയ ശിശുദിനം എന്ന ആശയം മുന്നോട്ടുവച്ചത്.
ലോകരാഷ്ട്രങ്ങളിലെ എല്ലാ കുട്ടികളുടെയും സാര്‍വത്രികമായ ക്ഷേമത്തിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയുംചെയ്യുന്ന ദിനമാണ് നവംബര്‍ 14. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നവംബര്‍ 14, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനംകൂടിയാണ്.
കുട്ടികളുടെ അവകാശങ്ങളെയും അവരുടെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെയും കുറിച്ച് ബഹുഭൂരിപക്ഷം വരുന്ന കുട്ടികളും ബോധവാന്മാരല്ല. അവരെ, അവകാശബോധമുള്ളവരാക്കേണ്ട ചുമതല മുതിര്‍ന്ന പൌരന്മാരിലും സമൂഹത്തിലും നിക്ഷിപ്തമാണെങ്കിലും നിര്‍ഭാഗ്യവശാല്‍ മുതിര്‍ന്നവര്‍തന്നെ ഇക്കാര്യത്തില്‍ വേണ്ടത്ര അവഗാഹമില്ലാത്തവരാണെന്ന സത്യം നിലനില്‍ക്കുന്നു. സ്വാതന്ത്യ്രം ലഭിച്ച് 60 വര്‍ഷം പിന്നിടുമ്പോഴും ഇന്ത്യയിലെ ഒരാളുടെ ശരാശരി വരുമാനം 20 രൂപ മാത്രമാണെന്നറിയുമ്പോള്‍ പട്ടിണിയുടെയും ദാരിദ്യ്രത്തിന്റെയും തൊഴിലില്ലായ്മയുടെയും ആഘാതം എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
നമ്മുടെ രാജ്യത്ത് 11.40 കോടി കുട്ടികള്‍ ബാലവേലചെയ്ത് ജീവിക്കുന്നു. പെണ്‍കുട്ടികളില്‍ 48 ശതമാനംമാത്രമാണ് പ്രൈമറി വിദ്യാഭ്യാസം നേടുന്നത്. ലോകജനസംഖ്യയിലെ അഞ്ചില്‍ ഒന്ന് കുട്ടികള്‍ ഇന്ത്യയിലാണ്. ഇവരില്‍ 50 ശതമാനത്തില്‍ അധികം കുട്ടികള്‍ക്കും പോഷകാഹാരം ലഭ്യമല്ല. 33 ശതമാനം കുട്ടികള്‍ വിളര്‍ച്ചബാധിതരാണ്. മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവം ഓരോവര്‍ഷവും ഒരു കോടി പെണ്‍കുഞ്ഞുങ്ങള്‍ ഭ്രൂണാവസ്ഥയിലോ നവജാത ശിശുവായിരിക്കുമ്പോഴോ കൊല്ലപ്പെടുന്നു എന്നതാണ്.
കുട്ടികള്‍ ശാരീരികവും മാനസികവുമായ പീഡനങ്ങളും വേദനകളും സഹിക്കേണ്ടിവരുന്നു. കടുത്ത ദാരിദ്യ്രം കാരണം നന്നേ ചെറുപ്പത്തിലേ കൂലിവേലചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും സ്വന്തം വീട്ടില്‍പ്പോലും പീഡിപ്പിക്കപ്പെടുന്നു. കുട്ടികള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയാകുന്നു. ബാലഭിക്ഷാടനം ഒരു ശാപമായി മാറിയിരിക്കുന്നു. എന്നും പുഞ്ചിരിച്ചുകഴിയേണ്ട കുട്ടികള്‍ കണ്ണീരും വേദനയുമായി കഴിയുന്നു. അങ്ങനെ ദുരവസ്ഥയുടെ പട്ടിക നീളുന്നു.
ബാലവേല, കുട്ടികളെ ലൈംഗികമായി ഉപയോഗിക്കല്‍, കുട്ടികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍, ബാലഭിക്ഷാടനം എന്നിവ തടയുന്നതിന് ശിശുക്ഷേമസിതിക്ക് നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയും. ശിശുക്ഷേമത്തിന് ആവശ്യമായ നിയമനിര്‍മാണങ്ങള്‍ നടത്താന്‍ പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും തയ്യാറാകുകയും വേണം. കേരള സര്‍ക്കാര്‍ നിയമംമൂലം ബാലഭിക്ഷാടനം നിരോധിക്കുകയും തിരുവനന്തപുരം ജില്ലയില്‍ പൂര്‍ണമായും നടപ്പാക്കുകയും ചെയ്തുകഴിഞ്ഞു.
ഏതൊരു മനുഷ്യന്റെയും അവകാശങ്ങളെപ്പോലെ അല്ലെങ്കില്‍ അതിലേറെ പ്രാധാന്യമുള്ളതാണ് കുട്ടികളുടെ അവകാശങ്ങള്‍. ഒരു രാജ്യം കുട്ടികളിലൂടെയാണ് അറിയപ്പെടേണ്ടത്. കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, വ്യക്തിത്വം ഇതൊക്കെ രാഷ്ട്രത്തിന്റെ ഭാവിയെയും സാരമായി ബാധിക്കും. അവരെ നാം എങ്ങനെ വളര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു നമ്മുടെ ഭാവി. ശിശുദിനത്തില്‍ മുതിര്‍ന്നവരുടെ മനസ്സില്‍ വിരിഞ്ഞുവരേണ്ട ചില ചോദ്യങ്ങള്‍ ഇത്തരത്തിലുള്ളവയാകട്ടെ.
അനാചാരങ്ങളുടെയും അന്ധവിശ്വാസത്തിന്റെയും മറ്റും മാറാലകളെ തുടച്ചുമാറ്റി പുതിയ വിജ്ഞാനത്തിന്റെ സൂര്യപ്രകാശം നമ്മുടെ കുട്ടികള്‍ക്കു നല്‍കാന്‍ നമുക്കു കഴിയുന്നുണ്ടോ? അശാസ്ത്രീയമായ ചിന്തകളില്‍നിന്ന് നമ്മുടെ കുട്ടികളെ മോചിപ്പിക്കാനുള്ള, ബോധപൂര്‍വമായ യത്നങ്ങള്‍ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടോ? നമ്മുടെ ചുറ്റുപാടുമുള്ള കുഞ്ഞുങ്ങളെ കാണുമ്പോള്‍ അവരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേരാന്‍ നമ്മള്‍ സന്നദ്ധരാകാറുണ്ടോ?
പാട്ടുപാടാനും പടംവരയ്ക്കാനും പരീക്ഷണംചെയ്യാനും പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും കളിക്കാനും കഥപറയാനും ചോദ്യംചോദിക്കാനും ഉത്തരം തേടാനും ആടാനും അഭിനയിക്കാനും അരങ്ങത്തുവരാനുമുള്ള കുട്ടികളുടെ കലാകായികപഠന കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം. ഇതായിരിക്കട്ടെ ഈ വര്‍ഷത്തെ ശിശുദിന മുദ്രാവാക്യം: കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, കുട്ടികളുടെ ക്ഷേമം സാക്ഷാല്‍ക്കരിക്കുക.
പി കൃഷ്ണന്‍

1 comment:

sajith90 said...

വിദേശ രാജ്യത്ത്‌ ഡോളറില്‍ ശംബളം വാങ്ങി ഉല്ലസിക്കുന്ന നമ്മള്‍ക്ക്‌ ബ്ലോഗ്‌ എഴുതാന്‍ ഒരു സബ്ജക്റ്റ്‌ ആണു ഇതും. ഈ ബ്ലോഗ്‌ എഴുതുന്ന എത്ര പേര്‍ ഇവര്‍ക്ക്‌ വല്ല സഹായവുൊ ചെയുന്നുട്‌??