പ്രൊഫ.എം.എന്‍ വിജയന് മാഷ് ഓര്‍മയായി . ആയിരങളുടെ അന്ത്യാഞ്ജലി
കൊടുങ്ങല്ലൂര്‍: ഇന്നലെ അന്തരിച്ച പ്രൊഫ.എം.എന്‍ വിജയന് മാഷിന്റെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി. മകന് വി.എസ് അനില്‍കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. രാവിലെ മുതല്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി ആളുകള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ കൊടുങ്ങല്ലൂരെ വീട്ടിലെത്തിയിരുന്നു. ഇന്നലെ തൃശൂര്‍ പ്രസ്ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം കുഴഞ്ഞ് വീണ് മരിച്ചത്.പത്രസമ്മേളനത്തില്‍ സംസാരിച്ചുകൊണ്ടിരിക്കവെ കുഴഞ്ഞുവീണ അദ്ദേഹത്തെ പത്രപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുമുമ്പ് മരണം സംഭവിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അന്ത്യം.
............................................................................................................................................................................
പ്രൊഫ: എം .എന്‍ . വിജയന് മാഷിന്ന് ജനശക്തി ന്യൂസിന്റെ ആദരാഞജലികള്‍
പ്രൊഫസര്‍ എം എന്‍ വിജയന് മാഷിന്റെ ആകസ്മികമായ നിര്യാണം സാംസ്കാരിക കേരളത്തിന്ന് തീരാ നഷ്ടമാണ്.
കലാ- സാഹിത്യ-സാംസ്ക്കാരിക രംഗത്തും സാമൂഹ്യ രാഷ്ടിയരംഗത്തും ആത്മാര്ത്ഥതയുടെടെയും പ്രതിബദ്ധതയുടെയും ശക്തമായ പ്രതികരണത്തിന്റെയും ജ്വലിക്കുന്ന തീ പന്തമായി വെട്ടി തിളങ്ങി നിന്നിരുന്ന മാഷ് ചിന്തിക്കുന്ന കേരളിയരുടെ പ്രതീകമായിരുന്നു .
സാമ്രാജ്യത്തത്തിന്നും സാമ്രാജിത്ത ദാസന്മാര്ക്കും അധിനിവേശ ശക്തികള്‍ക്കുമെതിരെ ശക്തമായ പോരാട്ടമാണ് മാഷ് നടത്തിയിട്ടുള്ളത്. മതനിരപക്ഷേതക്കും ജനാധിപത്യത്തിന്നും ഉദാത്തമായ മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അടര്‍ക്കളത്തില്‍ അടിപതറാതെ പോരാടിയ ആ വിപ്ലവകാരി ഒരിക്കലും ആദര്‍ശങ്ങല്‍ ആരുടെ മുന്നിലും അടിയറ വെയ്കാന്‍ തയ്യാറായിരുന്നില്ല.
അധികാരത്തേക്കാള്‍ വലുതാണ് ആദര്‍ശമെന്ന് അടിയുറച്ച് വിശ്വാസിച്ച വിജയന് മാഷിന്റെ ആകസ്മിയമായ നിര്യാണം സാംസ്ക്കാരിക കേരളത്തിന്നും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണ്. ആ മഹാ മനുഷ്യസ്നേഹിയുടെ പാവന സ്മരണക്കുമുന്നില്‍ ജനശക്തി ന്യൂസിന്റെ ആദരാഞ്ജലികള്‍
................................................................................................................................................................................
പ്രഫസര്‍ എം.എന്‍. വിജയന്റെ ആകസ്മികമായ മരണം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം: വി.എസ്
തിരുവനന്തപുരം: പ്രഫസര്‍ എം.എന്‍. വിജയന്റെ ആകസ്മികമായ മരണം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന് അനുസ്മരിച്ചു.സാമ്രാജ്യത്വ അധിനിവേശ ചിന്തകള്‍ക്കെതിരെ അദ്ദേഹം അതിശക്തമായി പ്രതികരിച്ചു. മതനിരപേക്ഷതയ്ക്കു വേണ്ടി ഉറച്ചു നിന്ന് പോരാടിയ യോദ്ധാവായിരുന്നു അദ്ദേഹം. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി അദ്ദേഹം ഒരിക്കലും നിലനിന്നില്ല. ശരിയെന്ന് തോന്നിയ ആദര്‍ശങ്ങള്‍ക്ക് വേണ്ടി വാദിച്ചു. അദ്ദേഹത്തിന്റെ ചിന്തകള്‍ വരും തലമുറയ്ക്ക് മാര്‍ഗദര്‍ശകമാകുമെന്ന് മുഖ്യന്ത്രി പറഞ്ഞു.
ചിതയിലും ചിന്തയുടെ വെളിച്ചംസുകുമാര് അഴീക്കോട്.
സമൂഹത്തില്‍ ചിന്താശീലര്‍ കുറഞ്ഞു. സ്വതന്ത്ര ചിന്താശീലമുളളവര്‍ നന്നേ കുറഞ്ഞു. സ്വതന്ത്രചിന്ത ഭയംകൂടാതെ തുറന്ന് അവതരിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു എം.എന്‍ വിജയനെ വിഭിന്നനാക്കിയത്. ആശയങ്ങളെ എതിര്‍പ്പുകളിലൂടെയും അനുകൂലിച്ചും തര്‍ക്കവിതര്‍ക്കങ്ങള്‍ ഉയര്‍ത്തി നവലോകസൃഷ്ടിക്ക് ശ്രമിക്കാനും ചിന്തയുടെ കാതല്‍ പുറത്തെടുക്കാനുമായിരുന്നു എം.എന്‍.വിജയന് ശ്രദ്ധിച്ചത്. ചില രാഷ്ട്രീയ ബന്ധങ്ങള്‍ രൂപംകൊളളുമ്പോള്‍ പല പഴയ ബന്ധങ്ങളെയും അതു തകര്‍ത്തു കളയുന്നത് സ്വാഭാവികം മാത്രമാണ്. അതാണ് വിജയന്റെ അവസാന കാലത്തും സംഭവിച്ചത്. ചങ്ങമ്പുഴയ്ക്കും പൊന്‍കുന്നം വര്‍ക്കിക്കും ശേഷം പുരോഗമന കലാസാഹിത്യ പ്രസ്ഥാനം എന്നത് പുതിയൊരു ലോകത്തിന്റെ സിദ്ധാന്തമായിക്കണ്ടയാള് വിജയനായിരുന്നു. ആ കാഴ്ചപ്പാട് വിജയനുശേഷം ആ പ്രസ്ഥാനത്തിനു തന്നെ നഷ്ടപ്പെടുന്നതായാണ് പിന്നീട് കാണാനാവുന്നത്. വിജയന് എഴുതിയ 'ചിതയിലെ വെളിച്ചം' യഥാര്‍ത്ഥത്തില്‍ ചിന്തയുടെ വെളിച്ചമാണ്. വിജയന് ചിതയിലേക്ക് കടന്നു പോകുമ്പോഴും അത് ചിന്തയുടെ വെളിച്ചമായി സമൂഹത്തില്‍ നിലകൊള്ളും. ഒറ്റയ്ക്കുനില്ക്കുന്നവര് ഒരിക്കലും ഒറ്റയ്ക്കാവില്ലെന്ന് വിജയന് തന്റെ ചിന്തകളിലൂടെ തെളിയിച്ചു. ഒരുപാടാളുകളുടെ നടുവില്‍ കഴിയുന്നവരായാലും ഒറ്റപ്പെടുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അഭിപ്രായങ്ങളെക്കാള്‍ അദ്ദേഹം സ്വാതന്ത്യ്രത്തെയാണ് വിലവച്ചത്. അതു കൊണ്ടാണ് അഭിപ്രായങ്ങളില്‍ നിന്ന് അദ്ദേഹത്തിന് പലപ്പോഴും പിന്മാറേണ്ടി വന്നത്. എന്നാല്‍ ഒരിക്കലും അദ്ദേഹം സ്വാതന്ത്യ്രത്തില്‍ നിന്ന് പിന്തിരിഞ്ഞിട്ടില്ല. ഞങ്ങള്‍ വളരെ പഴയ പരിചയക്കാരും സുഹൃത്തുക്കളുമായിരുന്നു. ഞാന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ മലയാളം എം.എ യ്ക്ക് പഠിക്കുന്ന കാലത്ത് അദ്ദേഹം ജൈന്‍ കോളേജില്‍ പഠിപ്പിക്കുകയായിരുന്നു. അന്ന് പച്ചയ്യപ്പാസില്‍ ഞങ്ങള്‍ ഇരുവരും എം.പി.ശങ്കുണ്ണി നായരുമായി നിരന്തരം സൌഹൃദം പങ്കുവെച്ചു. ഞങ്ങള്‍ തമ്മില്‍ പ്രകടമായ അഭിപ്രായവ്യത്യാസം ഉയരുന്നത് സാഹിത്യത്തിലും കവിതയിലുമാണ്. എന്റെ രചനയില്‍ ജി.ശങ്കരക്കുറുപ്പ് അതിനിശിതമായി വിമര്ശിക്കപ്പെട്ടപ്പോള് വിജയന് അതിനെതിരായി നിലകൊണ്ടു. അത് യാദൃച്ഛികമായിരുന്നു. ഞങ്ങളെ രണ്ടുപക്ഷത്ത് അന്ന് നിറുത്തിയത് കാഴ്ചപ്പാടുകളിലെ വ്യത്യാസമായിരുന്നു. പിന്നീട് ഞങ്ങള്‍ പല കാര്യങ്ങളിലും ഒരേ അഭിപ്രായക്കാരായി. ചിന്തിക്കുന്ന രണ്ടു പേര് നൂറുശതമാനം യോജിക്കാറില്ല. ആ വിയോജിപ്പ് മാത്രമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. ഞങ്ങള്‍ രണ്ടു പേരുടെയും ആയുധങ്ങള്‍ ചിന്തയും പ്രഭാഷണവുമായിരുന്നു. ഇനി, വിജയനില്ല. ആ വിയോഗം എന്നെ വേദനിപ്പിക്കുന്നു.
ഇടതുപക്ഷത്തിന് തീരാനഷ്ടം: പന്ന്യന്‍
ആദര്‍ശത്തിന്റെ ആള് രൂപം: ഒഎന്‍വി
ആദര്‍ശത്തിന്റെ ആള് രൂപമായിരുന്നു വിജയന് മാഷെന്ന് ഒഎന്‍വി കുറുപ്പ്. ഒരു നല്ല മനുഷ്യന്, നല്ല സുഹൃത്ത്, നല്ല പ്രഭാഷകന്‍ അങ്ങനെയൊരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ദ്യോഗിക ജീവിതത്തിന്റെ സായാഹ്നത്തില്‍ മറക്കാനാവാത്ത സാന്നിധ്യമായിരുന്നു അദ്ദേഹം എന്നും ഒഎന്‍വി അനുസ്മരിച്ചു.
എം എന്‍ വിജയന് അന്തരിച്ചു
തൃശൂര്‍: പ്രമുഖ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ പ്രൊഫ. എം എന്‍ വിജയന് അന്തരിച്ചു. തൃശൂര്‍ പ്രസ് ക്ളബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 77 വയസ്സായിരുന്നു. സംസ്കാരം പൊലീസ് ബഹുമതിയോടെ വ്യാഴാഴ്ച്ച രാവിലെ പതിനൊന്നരയ്ക്ക് കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പില്‍. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം എട്ട് മിനിട്ടോളം സംസാരിച്ചു. ഇതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് അല്‍പ്പനേരം നിശ്ശബ്ദനായി. എയര്‍ കണ്ടീഷന്‍ ഓഫ് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അല്പം വെള്ളം കുടിച്ച ശേഷം വീണ്ടും സംസാരിക്കാന്‍ തുടങ്ങി. ഒരു മിനിട്ട് സംസാരിച്ചതും കണ്ണുകള്‍ മേല്പ്പോട്ട് ഉയര്‍ത്തി കസേരയിലേക്ക് ചരിഞ്ഞുവീഴുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്ക് മരണം സ്ഥിരീകരിച്ചു.ശാരദയാണ് ഭാര്യ. പ്രശസ്ത ചെറുകഥാകൃത്തും കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസസ് ഡയറക്ടറുമായ വി എസ് അനില്‍കുമാര്‍, കേരള കാര്‍ഷിക സര്‍വകലാശാലയില്‍ റിസര്‍ച്ച് ഓഫീസറായ വി എസ് സുജാത, കൊച്ചിയില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥയായ വി എസ് സുനിത എന്നിവരാണ് മക്കള്‍. മരുമക്കള്‍: ഡോ. പി വി ബാലചന്ദ്രന് (കാര്‍ഷിക സര്‍വകലാശാല), രാജഗോപാല്‍ (ബിസിനസ്, കൊച്ചി), രത്നമ്മ (അധ്യാപിക, സര് സയ്യിദ് കോളേജ്, തളിപ്പറമ്പ്).കൊടുങ്ങല്ലൂരിനടുത്ത് ലോകമലേശ്വരത്ത് 1930 ജൂണ്‍ എട്ടിനാണ് വിജയന്‍മാസ്റ്റര്‍ ജനിച്ചത്. 1952 ല്‍ മദിരാശി ന്യൂകോളേജില്‍ അദ്ധ്യാപക ജീവിതം ആരംഭിച്ചു. ഏഴുവര്‍ഷത്തിനുശേഷമാണ് നാട്ടില്‍ മടങ്ങിയെത്തിയത്. 1959ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ മലയാളം അദ്ധ്യാപകന്. 1960 ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്ക് മാറി. 1985 ല്‍ സര്‍വീസില്‍നിന്നും വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു. '90കളുടെ ഒടുവില്‍ താമസം തലശ്ശേരിയില്‍നിന്നും ജന്മനാടായ കൊടുങ്ങല്ലൂരിലെ 'കരുണ'യിലേക്കുമാറി. ഒട്ടേറെ കൃതികളുടെ കര്‍ത്താവായ അദ്ദേഹം ദീര്‍ഘകാലം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്നു. പ്രഭാഷകനെന്ന നിലയില്‍ നാടിന്റെയാകെ ആദരവ് പിടിച്ചുപറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു.വിവരമറിഞ്ഞ് മകള്‍ സുജാത, മേയര്‍ ആര് ബിന്ദു, സി കെ ചന്ദ്രപ്പന് എംപി എന്നിവര്‍ ആശുപത്രിയിലെത്തി. മൃതദേഹം രണ്ടരയോടെ തൃശൂര്‍ പ്രസ് ക്ളബിന് മുന്നില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ കൊണ്ടുവന്നു. തുടര്‍ന്ന് സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. സുകുമാര്‍ അഴീക്കോട്, സാറാജോസഫ്, വൈശാഖന് തുടങ്ങി സാഹിത്യ സാംസ്കാരിക രാഷ്ട്രീയരംഗത്തെ ഒട്ടേറെ പ്രമുഖര്‍ അവിടെയെത്തിയിരുന്നു. പിന്നീട് മൃതദേഹം കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോയി. അവിടെ, പൊലീസ് മൈതാനിയില്‍ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കാത്തുനിന്നത്. പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ മൃതദേഹം വീട്ടിലെത്തിച്ചു.മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്, മന്ത്രി എം എ ബേബി എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ദേശാഭിമാനി, ദേശാഭിമാനി വാരിക എന്നിവയ്ക്കുവേണ്ടിയും പുഷ്പചക്രം അര്പിച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി രാജീവ്, കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്, തൃശൂര്‍ മാനേജര്‍ യു പി ജോസഫ്, ന്യൂസ് എഡിറ്റര്‍ യു സി ബാലകൃഷ്ണന് എന്നിവരും അന്ത്യോപചാരമര്‍പ്പിച്ചു.ശാസ്ത്രസാഹിത്യ പരിഷത്തിനെ വിമര്‍ശിച്ച് പാഠം മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെയുണ്ടായ മാനനഷ്ടക്കേസിലെ വിധിയെക്കുറിച്ച് വിശദീകരിക്കാനാണ് 'പാഠം' പത്രാധിപര്‍ കൂടിയായ വിജയന് മാസ്റ്റര്‍ പ്രസ് ക്ളബിലെത്തിയത്. ലേഖനമെഴുതിയ പ്രൊഫ. എസ് സുധീഷും ഒപ്പമുണ്ടായിരുന്നു.പുരോഗമന സാഹിത്യത്തിലെ സര്ഗസാന്നിധ്യംപുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ സര്ഗസാന്നിധ്യമായിട്ടാണ് വിജയന്മാഷുടെ സാംസ്കാരിക ഇടപെടലുകളും ചിന്താലോകവും സജീവമായി നിലനില്‍ക്കുന്നത്. പുരോഗമന കലാ-സാഹിത്യ സംഘത്തിനെതിരെ അതിന്റെ വിമര്‍ശകര്‍ കടുത്ത കടന്നാക്രമണം നടത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതില്‍ ദീര്‍ഘകാലം നേതൃത്വപരമായ പങ്ക് മാഷ് നിര്‍വഹിച്ചു. പുരോഗമന സാഹിത്യം കാലത്തെ അതിജീവിക്കാന്‍ മാത്രം കരുത്തുള്ളതല്ല എന്ന വിമര്‍ശനത്തിന് മാഷ് നല്കിയ മറുപടി എക്കാലവും ഓര്‍മ്മിക്കപ്പെടും. പുരോഗമന സാഹിത്യം ചരിത്രത്തിന്റെ ഇന്ധനമാണെന്നും വലിയ ചെക്കുകള്‍ക്ക് പിറകെ പോവുകയല്ല ബഹുജനപ്രവാഹത്തിന്റെ ഭാഗമായി മാറുകയാണ് വേണ്ടതെന്നും അദ്ദേഹം പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ വിമര്‍ശകരെ ഓര്‍മ്മിപ്പിച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലൂടെ പുതിയൊരു സാംസ്കാരിക ഉണര്‍വ്വ് സൃഷ്ടിക്കാനുതകുംവിധം നിരന്തര പ്രഭാഷണങ്ങളിലൂടെ കേരളീയ ജീവിതത്തിന് അദ്ദേഹം സര്ഗഭരിതമായ സജീവത പകര്‍ന്നു. ഓരോ പ്രഭാഷണവും ഓരോ പ്രബന്ധം കൂടിയാണെന്ന് മലയാളികളെ ആഴത്തില്‍ ബോധ്യപ്പെടുത്തി. അറിവുകള്‍ അനുഭൂതിയാക്കി മാറ്റി പതിഞ്ഞ ശബ്ദത്തില്‍ കൊടുങ്കാറ്റുകളുറങ്ങുന്നുണ്ടെന്ന് മാഷ് നമ്മെ അനുഭവിപ്പിച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തോടും ഇടതുപക്ഷത്തോടും ഇടഞ്ഞു നില്‍ക്കുമ്പോഴും പുരോഗമന കലാ സാഹിത്യസംഘവും ജനാധിപത്യ വാദികളും അതുകൊണ്ടാണദ്ദേഹത്തോട് വലിയ ആദരവ് പുലര്‍ത്തിയത്. ആശയപരമായ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സംവാദാത്മകമായ സൌഹൃദത്തിന്റെ ലോകം നിലനിര്‍ത്താന്‍ പരമാവധി ശ്രദ്ധിച്ചു. വിയോജിപ്പുകള്‍ക്കിടയിലും വ്യക്തിപരമായ ബന്ധങ്ങള്‍ പരിക്കേല്‍ക്കാതെ അതിനാല്‍തന്നെ തുടര്‍ന്നും നിലനിന്നുപോന്നു.മലയാളിയുടെ സാംസ്കാരികലോകത്ത് പ്രഭാഷണങ്ങളുടെ ആയുസ്സെന്ന് പറയുന്നത് സാധാരണഗതിയില്‍ ആ വേദിയില്‍തന്നെ ഒടുങ്ങുന്നതാണ്. ഈയൊരു തലത്തില്‍ നിന്നും പ്രഭാഷണത്തെ ഈര്‍ജസ്വലമായ ഒരു സാംസ്കാരിക പ്രവര്‍ത്തനമായി വികസിപ്പിച്ചുവെന്നതാണ് എം എന്‍ വിജയന്റെ പ്രഭാഷണങ്ങളുടെ സവിശേഷത. പ്രഭാഷണവും എഴുത്തും വ്യത്യസ്തമല്ലാതെ അദ്ദേഹം രൂപപ്പെടുത്തി. സംസാരത്തിലൂടെ ഒഴുകി വരുന്ന മാഷുടെ പ്രഭാഷണങ്ങളെ ആദ്യമായി സമാഹരിച്ച് പ്രസിദ്ധീകരിച്ചത് കോഴിക്കോട്ട് നിന്നാണ്.'എം എന്‍ വിജയന്റെ പ്രഭാഷണങ്ങള്‍' എന്ന ആ പുസ്തകമിറക്കിയത് ഞാനും ആസാദുമടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരുള്‍ക്കൊള്ളുന്ന സൌഹൃദ സംഘമായിരുന്നു. പറയുന്ന ആശയത്തിനൊപ്പം രീതിയും ശൈലിയും അനുഭവമാക്കി പ്രഭാഷണത്തെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കാകെ ഊര്ജംചൊരിയുന്ന അനുഭൂതി മാഷ് വാക്കുകളിലുടെ കൈമാറി. ചെറിയഗ്രൂപ്പില് നിന്ന് പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ബഹുജന വേദികളിലേക്ക് കടന്നുവന്നപ്പോള്‍ മാഷുടെ ഈ വേറിട്ടശൈലി അതിനാല്‍തന്നെ വന്‍ സ്വീകാര്യത പിടിച്ചുപറ്റി. ചെറിയൊരു ഗ്രൂപ്പില്‍ നിന്ന് കടന്നുവന്ന അങ്കലാപ്പില്ലാതെ വലിയ സദസ്സുകളോട് ആഴത്തിലും വിശദവുമായുള്ള സംവാദത്തിന് അദ്ദേഹം വഴിതുറന്നു. പ്രഭാഷണത്തിന്റെ കാര്യത്തില്‍ വ്യത്യസ്തമായ ഒരു മണ്ഡലവും അധ്യായവും മാഷ് സൃഷ്ടിച്ചു. ചരിത്രം, രാഷ്ട്രീയം, കല, സാഹിത്യം, മനശ്ശാസ്ത്രം, തത്വചിന്ത എന്നിങ്ങനെ സര്‍വ്വ സാമൂഹ്യശാഖകളെയും വിശദീകരിക്കുകയും വിശകലനം ചെയ്യുന്നതുമായിരുന്നു ഓരോ പ്രഭാഷണവും. ആശയത്തിന്റെ ഗാംഭീര്യവും പറയുന്നതിലുള്ള ഉറച്ച ബോധ്യവും ആ വാക്കുകളെ ജനകീയമാക്കി മാറ്റി. ബാഹ്യപ്രകടനത്തിന്റെയും പ്രതാപത്തിന്റെയും അഭാവത്തിലും ജനഹൃദയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ മുദ്ര ചാര്‍ത്തിയത് അതുകൊണ്ടാണ്.ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമുള്ള വരേണ്യസങ്കല്‍പ്പങ്ങളെ നിവര്‍ന്നുനിന്ന് വെല്ലുവിളിക്കാന്‍ ധീരത കാട്ടി. ബഷീറിനെക്കുറിച്ചുള്ള മാഷുടെ പഠനംതന്നെ വേറിട്ട കാഴ്ചപ്പാടാലും ആശയമികവിനാലും സാഹിത്യലോകത്തിന്റെശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ആഭിജാത സൌന്ദര്യ സങ്കല്പങ്ങളെ വിട്ടുവീഴ്ചയില്ലാതെ വെല്ലുവിളിച്ച് ബഷീറിനെ വിശകലനം ചെയ്ത വിജയന്മാഷ് ചങ്ങമ്പുഴ, വൈലോപ്പിള്ളി എന്നിവരെക്കുറിച്ചും വേറിട്ട സാംസ്കാരിക പഠനവും നിരീക്ഷണവും നടത്തി. മനശാസ്ത്രത്തെ സാംസ്കാരിക വിമര്നപഠനത്തില് കൃത്യമായി പ്രയോഗിച്ച മാഷ് ഈ മേഖലയില്‍ പുതിയൊരു അധ്യായമാണ് വികസിപ്പിച്ചത്. പുരോഗമന കലാ സാഹിത്യ സംഘവുമായി വേറിട്ടു നിന്നപ്പോഴും മാഷ് വളര്‍ത്തിയെടുത്ത ഇത്തരം കാഴ്ചപ്പാടുകളെ സംഘം ശരിയായി വിലയിരുത്തിയിട്ടുണ്ട്. മാഷുമായി ഒരു സവിശേഷ ഘട്ടത്തില്‍ സംഘം നടത്തിയ വ്യത്യസ്തമായ സംവാദം ഈ സംഭാവനകളെയെല്ലാം ആദരിച്ചാണ് നിര്‍വഹിച്ചിരുന്നത്.തീപടര്‍ത്തിയ പ്രഭാഷണങ്ങള്‍ ചിന്തകളുടെ ചെന്തീയാളുംവാക്കുകള്കൊണ്ട് ആശയരംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു വിജയന്‍മാസ്റ്റര്‍. തന്റെ കാലത്തെ സ്നേഹത്തോടെ സമീപിക്കുകയും മറയില്ലാതെ പ്രതികരിക്കാനും അദ്ദേഹം മടികാട്ടിയില്ല. എണ്‍പതുകളുടെ അവസാനം മുതല്‍ ഇന്ത്യയുടെ പൊതുജീവിതത്തില്‍ അര്‍ബുദം പോലെ പടര്‍ന്നുപിടിച്ച ഫാസിസത്തിനെതിരെയും വലതുപക്ഷ സാംസ്കാരിക ജീര്‍ണതക്കെതിരെയും അദ്ദേഹം ശക്തമായ ഇടപെടലുകള്‍ നടത്തി.ഫാസിസത്തിനെതിരായ വിജയന്‍മാസ്റ്ററുടെ പ്രഭാഷണങ്ങള്‍ ഏറെ പ്രസിദ്ധമായിരുന്നു. മഹാരാജാസ് കോളേജില്‍ ബി എ വിദ്യാര്‍ഥിയായിരിക്കെ വൈലോപ്പിള്ളിയുടെ 'ഓണപ്പാട്ടുകാര്‍' എന്നകൃതിക്കാണ് ആദ്യമായി അവതാരികയെഴുതുന്നത്. അതിന്തൊട്ടുമുമ്പായി 'കന്നിക്കൊയ്തി'ന് നിരൂപണമെഴുതിയിരുന്നു. നിരൂപണമെഴുതുന്നകാലത്ത് വൈലോപ്പിള്ളിയെ നേരില്‍ അറിയില്ല. നിരൂപണം വായിച്ചശേഷം ഒരിക്കല്‍ വൈലോപ്പിള്ളി നേരിട്ട് വീട്ടിലെത്തി ഓണപ്പാട്ടുകാരുടെ കയ്യെഴുത്തുപ്രതി നീട്ടി അവതാരികയെഴുതാനാവശ്യപ്പെടുകയായിരുന്നു. വൈലോപ്പിള്ളിയുമായി അസാധാരണമായ അടുപ്പം വിജയന്‍മാസ്റ്റര്‍ കാത്തുസൂക്ഷിച്ചിരുന്നു. വൈലോപ്പിള്ളിയുടെയും കുമാരനാശാന്റെയും കവിതകളും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളുമെല്ലാം അദ്ദേഹത്തിന്റെ രചനകളിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നിരുന്നു. സിഗ്മണ്ട്ഫ്രോയ്ഡിന്റെ മനഃശാസ്ത്ര സമീപനങ്ങളോട് എന്തെന്നില്ലാത്ത അടുപ്പം വിജയന്മാസ്റ്റര്ക്കുണ്ടായിരുന്നു.കൊടുങ്ങല്ലൂരിനടുത്ത് ലോകമലേശ്വരത്ത് 1930 ജൂണ്എട്ടിനാണ് വിജയന്‍മാസ്റ്റര്‍ ജനിച്ചത്. അച്ഛന് പതിയാശേരില്‍ നാരായണമേനോന്. അമ്മ മൂളിയില്‍ കൊച്ചുഅമ്മ. രണ്ടാം ലോകയുദ്ധകാലത്തെ ബാല്യം ഏറെ ദാരിദ്യ്രം നിറഞ്ഞതായിരുന്നു. പതിനെട്ടരയാളം എല്‍ പി സ്കൂളിലും, കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്കൂളിലുമായാണ് സ്കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍ മീഡിയറ്റിനും ബി എ യ്ക്കും ചേര്‍ന്നു. വിജയന്‍മാസ്റ്റര്‍ അവിടെ പഠിക്കുന്ന കാലത്താണ് പ്രസിദ്ധമായ കൊടിവഴക്ക് നടക്കുന്നത്. 1947 ആഗസ്ത് 14ന് അര്‍ദ്ധരാത്രി സ്വാതന്ത്യ്ര പതാകയുയര്‍ത്തുമ്പോള്‍ അതില്‍ കൊച്ചി മഹാരാജാവിന്റെ കൊടിയും കെട്ടിയിരിക്കണമെന്ന അധികൃതരുടെ പിടിവാശിയാണ് പ്രശ്നങ്ങള്ക്കുവഴിവെച്ചത്. അതിനെ എതിര്‍ത്ത വിദ്യാര്‍ത്ഥികളെ ഗുണ്ടകള്‍ ആക്രമിച്ചിരുന്നു. ബിരുദം നേടിയശേഷം എറണാകുളം ഗവ. ലോകോളേജില്‍ നിയമപഠനത്തിനുചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. അച്ഛന്റെ മരണത്തെതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസത്തെതുടര്‍ന്ന് നിയമപഠനം ഇടക്കുവച്ച് അവസാനിപ്പിക്കുകയായിരുന്നു. അല്പകാലത്തിനുശേഷം അമ്മാവനോടൊത്ത് മദിരാശിയിലേക്ക് പോയി. മദിരാശി സര്‍വകലാശാലയില്‍ നിന്നും മലയാളത്തില്‍ എം എ പാസായി.1952 ല്‍ മദിരാശി ന്യൂകോളേജില്‍ അദ്ധ്യാപകനായിചേര്‍ന്നു. ഇക്കാലത്ത് ഫോട്ടോഗ്രാഫിയില്‍ കമ്പംകയറി. നിരവധി ചിത്രങ്ങള്‍ അക്കാലത്ത് എടുത്തിട്ടുണ്ട്. പിന്നീട് ഫിലിം വാങ്ങാനും ഡെവലപ്പ്ചെയ്യാനും അരിവാങ്ങാനും ഒന്നിച്ച് പണം തികയാതെ വന്നപ്പോള്‍ ഫോട്ടോഗ്രാഫി ഉപേക്ഷിക്കുകയായിരുന്നുവെന്ന് മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഏഴുവര്‍ഷത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തി. 1959 ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ മലയാളം അദ്ധ്യാപകന്. 1960 ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്ക് മാറി. 1985 ല്‍ സര്‍വീസില്‍നിന്നും വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു. '90കളുടെ ഒടുവില്‍ താമസം തലശ്ശേരിയില്‍നിന്നും ജന്മനാടായ കൊടുങ്ങല്ലൂരിലെ 'കരുണ'യിലേക്കുമാറി.വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ വായനയോട് വലിയ കമ്പമായിരുന്നു. പത്തുകിലോമീറ്റര്‍ നടന്ന് ആനാപ്പുഴയിലെ പണ്ഡിറ്റ് കറപ്പന് സ്മാരക വായനശാലയില്‍ പോയാണ് പുസ്തകങ്ങളെടുത്തിരുന്നത്. സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രവര്‍ത്തകനായിരുന്നു. ജനകീയ യുദ്ധവാദത്തോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതിനാല്‍ പിന്നീട് എസ് എഫുമായി അകന്നു. പിന്നെ കുറെക്കാലം ജയപ്രകാശ്നാരായണന്റെ അനുഭാവിയായി. ജോലികിട്ടി മദിരാശിയില്‍നിന്ന് തലശ്ശേരിയിലെത്തുന്നതോടെയാണ് വീണ്ടും പാര്‍ടിയുമായി ബന്ധപ്പെടുന്നത്. പിന്നെ കോഴിക്കോട്ട് എസ് കെ പൊറ്റെക്കാട്ടും എന്‍ വി കൃഷ്ണവാരിയരുമൊത്ത് സാഹിത്യസമിതി കെട്ടിപ്പടുക്കുവാന്‍ പ്രയത്നിച്ചു.ചിതയിലെ വെളിച്ചം, കവിതയും മനഃശാസ്ത്രവും, വര്‍ണങ്ങളുടെ സംഗീതം, ശീര്‍ഷാസനം, കാഴ്ചപ്പാട്, അടയുന്നവാതില്‍ തുറക്കുന്നവാതില്‍, ഫാസിസത്തിന്റെ മനഃശാസ്ത്രം, മരുഭൂമികള്‍ പൂക്കുമ്പോള്‍, സംസ്കാരവും സ്വാതന്ത്യ്രവും, അടയാളങ്ങള്‍, മനുഷ്യര്‍ പാര്‍ക്കുന്നലോകങ്ങള്‍, കലയും ജീവിതവും, പുതിയ വര്‍ത്തമാനങ്ങള്‍, വാക്കും മനസും എന്നിവയാണ് പ്രധാന കൃതികള്‍. ദീര്‍ഘകാലം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റും ദേശാഭിമാനി വാരികയുടെ പത്രാധിപരുമായിരുന്നു.
'കരുണ' പകര്‍ന്ന വെളിച്ചം. കെ ടി ശശി.
ഋഷിതുല്യമായ മനീഷയും ഉറവവറ്റാത്ത സ്നേഹവായ്പുമായി തലമുറകളെ സ്വാധീനിച്ച എംഎന്‍ വിജയന്റെ കരുത്തും കര്‍മപഥവുമായിരുന്നു കണ്ണൂര്‍. ഒരിക്കലും പറിച്ചുനടാനാകാത്തവിധം ആഴ്ന്നിറങ്ങിയ ബന്ധമായിരുന്നു അദ്ദേഹത്തിന് കണ്ണൂരുമായി, വിശേഷിച്ച് തലശേരിക്കടുത്ത ധര്‍മടം ഗ്രാമവുമായി.1960ല്‍ ഗവ. ബ്രണ്ണന്‍ കോളേജില്‍ മലയാളാധ്യാപകനായെത്തിയ എം എന്‍ വിജയന് ധര്‍മപട്ടണത്തെ സ്വന്തം ഗ്രാമമായി വരിക്കുകയായിരുന്നു. മീത്തലെപ്പീടിക കുറുമ്പക്കാവ് ചെമ്മണ്‍പാതക്കപ്പുറത്ത് വിളക്കുമാടം പോലെ ഉയര്‍ന്നു നിന്നിരുന്ന 'കരുണ' ഉത്തരകേരളത്തിലെ പുരോഗമന- സാംസ്കാരിക പ്രവര്ത്തകര്ക്ക്െ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മയാണ്. ഈ വാടക വീടിന്റെ കോലായിലിരുന്നാണ് വിജയന് മാഷ് ആര്‍ദ്രത വറ്റിയ പരിസരങ്ങളില്‍ നിന്നെത്തുന്നവര്‍ക്കെല്ലാം ആവോളം സ്നേഹം പകര്‍ന്നത്; മനസ്സുഖം നഷ്ടപ്പെട്ട് ജീവിത നൈരാശ്യവുമായെത്തുന്നവര്ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചമേകിയത്; കാരുണ്യം തേടിയെത്തിയവര്‍ക്ക് ചേക്കേറാന്‍ ചില്ലയൊരുക്കിയത്.1960 മുതല്‍ '85ല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെ 25 വര്‍ഷവും പ്രമോഷന് വേണ്ടെന്ന് വെച്ച് ബ്രണ്ണന്‍ കോളേജില്‍ തുടരുകയായിരുന്നു വിജയന് മാഷ്. ആദ്യം ഇരുപത് വര്‍ഷം ധര്‍മടം സത്രത്തിനടുത്ത് മറ്റൊരു വാടക വീട്ടിലായിരുന്നു. പിന്നീട് 1999 ജൂലൈയില്‍ ജന്മനാടായ കൊടുങ്ങല്ലൂര്‍ ലോകമലേശ്വരത്തേക്ക് മടങ്ങും വരെ 19 വര്‍ഷം കരുണയില്‍. ഈ വീടുമായുള്ള അവാച്യമായ ആത്മബന്ധം കൊണ്ടാകണം മാഷ് കൊടുങ്ങല്ലൂരിലെ വീടിനും 'കരുണ'യെന്ന് പേരിട്ടത്.ബ്രണ്ണനിലെത്തി ഏറെ കഴിയുന്നതിനു മുമ്പു തന്നെ സാമൂഹ്യ- സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായി. ബ്രണ്ണന്‍ കോളേജില്‍ തന്നെ സംസ്കൃതം അധ്യാപകനായിരുന്ന എം എസ്് മേനോന്, എന്‍ വി കൃഷ്ണവാരിയര്‍, എം ആര് ചന്ദ്രശേഖരന്, എന്‍ എന്‍ കക്കാട് എന്നിവരുമായി ചേര്‍ന്ന് സാഹിത്യ സമിതി തലശരിയില്‍ സജീവമാക്കുന്നതില്‍ മുന്നിന്നു പ്രവര്‍ത്തിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന എഴുത്തുകാരാണ് അക്കാലത്ത് സാഹിത്യ സമിതിയില്‍ ഒത്തുചേര്‍ന്നത്. പിന്നീട് പ്രൊഫ. തോന്നക്കല്‍ വാസുദേവനൊപ്പം ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ മേഖലയില്‍ വേരോട്ടമുണ്ടാക്കുന്നതിനും പ്രധാന പങ്കുവഹിച്ചു.1985ല്‍ വിരമിച്ച ശേഷമാണ് പുരോഗമന സാംസ്കാരിക പ്രസ്ഥാനത്തില്‍ കേന്ദ്രീകരിച്ചത്. നാലുപതിറ്റാണ്ടുകാലം തലശേരിയെയും അതുവഴി കണ്ണൂരിനെയും ധന്യമാക്കി ആയിരമായിരം മനസുകള്‍ സ്വന്തമാക്കിയ വിജയന്മാഷ് ഇനി ധന്യസ്മരണ.
ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു: പിണറായി
തിരു: സാഹിത്യ വിമര്‍ശകനും പുരോഗമന കലാസാഹിത്യസംഘം മുന്‍പ്രസിഡന്റും ദേശാഭിമാനി വാരികയുടെ മുന്‍പത്രാധിപരുമായ പ്രൊഫ. എം എന്‍ വിജയന്റെ വേര്‍പാടില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായിവിജയന് അനുശോചിച്ചു. നല്ല കലാലയ അധ്യാപകനായിരുന്നു അദ്ദേഹം. കമ്യൂണിസ്റ് പ്രസ്ഥാനവുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ വിജയന്മാഷ് അവസാന കാലയളവില്‍ കമ്യൂണിസ്റ് പ്രസ്ഥാനവുമായി കടുത്ത ശത്രുത പുലര്‍ത്തുകയുംചെയ്തു.
പ്രൊഫ. എം എന്‍ വിജയന്റെ ആകസ്മിക വേര്‍പാട് പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവന് പറഞ്ഞു.
നിര്യാണത്തില്‍ കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ അനുശോചിച്ചു.
എം എന്‍ വിജയന്റെ നിര്യാണം മലയാള സാഹിത്യത്തിനും പുരോഗമനപ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് കടമ്മനിട്ട രാമകൃഷ്ണനും ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളിയും പറഞ്ഞു. മലയാള സാഹിത്യ നിരൂപണത്തിലെ മനഃശാസ്ത്ര സമീപനത്തെ ഒരു രീതിശാസ്ത്രമായി പ്രതിഷ്ഠിച്ചത് പ്രൊഫ. എം എന്‍ വിജയനാണ്. സ്വതന്ത്രചിന്തകനായിരിക്കെതന്നെ ഇടതുപക്ഷ സമീപനം പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ട് പലപ്പോഴും രാഷ്ട്രീയനിലപാടുകളില്‍ അദ്ദേഹം വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അതുപോലെ ഇടതുപക്ഷത്തിനും അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. എങ്കിലും പുരോഗമനസാഹിത്യ വിമര്‍ശനത്തിനും സാംസ്കാരിക പഠനത്തിനും അദ്ദേഹം നല്കിയ സംഭാവനകള്‍ ഈടുറ്റതാണ്. മുതലാളിത്ത സാംസ്കാരിക അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തില്അദ്ദേഹം എന്നും ഒരു പ്രേരകശക്തിയായി നിലകൊള്ളുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പ്രൊഫ. എം എന്‍ വിജയന്റെ നിര്യാണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് അനുശോചിച്ചു. നിരൂപകന്, അധ്യാപകന്, പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. എം എന്‍ വിജയന് കമ്യൂണിസ്റ് പ്രസ്ഥാനവുമായി അടുത്തും കലഹിച്ചും കഴിഞ്ഞ കാലമുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വിജയന്മാഷിന്റെ നിര്യാണത്തില്‍ ജനതാദള്‍ എസ് അഖിലേന്ത്യാ ട്രഷറര്‍ സി കെ നാണുവും സംസ്ഥാന സെക്രട്ടറി ജനറല്‍ കെ കൃഷ്ണന്‍കുട്ടിയും അനുശോചിച്ചു.
എം എന്‍ വിജയന്റെ നിര്യാണത്തില്‍ എകെജിസിടി അനുശോചിച്ചു. അധ്യാപകനായിരിക്കെ എകെജിസിടിയുടെ സജീവപ്രവര്ത്തകനായിരുന്നുവെന്ന് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പ്രൊഫ. എം എന്‍ വിജയന്റെ നിര്യാണത്തില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ദുഃഖം രേഖപ്പെടുത്തി.
എന്‍ജിഒ യൂണിയന് ജനറല്‍ സെക്രട്ടറി കെ രാജേന്ദ്രന് അനുശോചിച്ചു.മലയാള സാഹിത്യ നിരൂപണരംഗത്തെ ഏകാന്തപഥികനായിരുന്നു അന്തരിച്ച എം എന്‍ വിജയനെന്ന് പ്രതിപക്ഷ ഉപനേതാവ് ജി കാര്ത്തികേയന് പറഞ്ഞു.
അദ്ദേഹത്തെ വിമര്‍ശിച്ചവരും അദ്ദേഹത്തോട് ശത്രുത പുലര്‍ത്തിയവരും ഉള്ളിന്റെയുള്ളില്‍ വളരെയേറെ സ്നേഹിച്ചിരുന്നു എന്നുള്ളത് യാഥാര്‍ഥ്യമാണ്. എം എന്‍ വിജയന്റെ വേര്‍പാട് പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
വിജയന് മാഷിന്റെ വേര്‍പാടില്‍ കേരള മുസ്ളിം വെല്‍ഫയര്‍ ഡെവലപ്മെന്റ് കൌണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കുമാരപുരം ഇ ആര് ഗഫൂര്‍ അനുശോചിച്ചു.
എം എന്‍ വിജയന്റെ നിര്യാണത്തില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ ബാലാനന്ദന് അനുശോചിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങളെ അഗാധദുഃഖം അറിയിക്കുന്നതായി ബാലാനന്ദന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാഹിത്യ വിമര്‍ശകരില്‍ പുരോഗമനപരമായ സ്ഥാനമാണ് എം എന്‍ വിജയന് വഹിച്ചിരുന്നത്. സമീപകാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെങ്കിലും ദീര്‍ഘകാലം കമ്യൂണിസ്റ്റ് പാര്‍ടിയുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് അദ്ദേഹം വലിയ സംഭാവനയാണ് നല്‍കിയത്. സാഹിത്യ കലാവിമര്‍ശനത്തില്‍ ക്രാന്തദര്‍ശിയായ അദ്ദേഹം നല്കിയ സംഭാവന പ്രത്യേകം എടുത്തുപറയേണ്ടതാണെന്നും ബാലാനന്ദന് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
കേരളീയ സാംസ്കാരിക ബൌദ്ധികമണ്ഡലത്തിലെ പ്രമുഖനെയാണ് വിജയന്മാഷിന്റെ നിര്യാണത്തില്‍ നഷ്ടമാകുന്നതെന്നും സന്ദേശത്തില്‍ പറഞ്ഞു.കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിലെ സര്‍ഗസാന്നിധ്യമായിരുന്നു പ്രൊഫ. എം എന്‍ വിജയനെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് ആരോഗ്യമന്ത്രി പി കെ ശ്രീമതി എന്നിവര്‍ അനുശോചിച്ചു.
എം എന്‍ വിജയന്റെ വേര്‍പാട് ഇടതുപക്ഷപ്രസ്ഥാനത്തിനും സാംസ്കാരികകേരളത്തിനും നികത്താനാകാത്ത നഷ്ടമാണെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
ധനമന്ത്രി ടി എം തോമസ് ഐസക്, വിദ്യാഭ്യാസ- സാംസ്കാരിക മന്ത്രി എം എ ബേബി എന്നിവര്‍ അനുശോചിച്ചു.
എം എന്‍ വിജയന്റെ അകാലനിര്യാണത്തില്‍ റെവന്യൂമന്ത്രി കെ പി രാജേന്ദ്രന് ദുഃഖം രേഖപ്പെടുത്തി.
കേരളത്തിന്റെ സാഹിത്യസാംസ്കാരിക ലോകത്തിനു വിലപ്പെട്ട സംഭാവന നല്കിയ എം എന്‍ വിജയന്റെ ആകസ്മികനിര്യാണത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് അനുശോചിച്ചു. ഹൈന്ദവ ഫാസിസ്റ്റുകള്‍ക്കെതിരെയും സാമ്രാജ്യത്വ അധിനിവേശത്തിനെതിരെയും ശക്തമായ പ്രതിരോധനിര തീര്‍ക്കുന്നതില്‍ എം എന്‍ വിജയന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. എറണാകുളത്ത് വിദ്യാര്‍ഥിയായിരുന്ന കാലംതെട്ടേ അദ്ദേഹവുമായി അടുത്തിടപഴകാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് രചനകളും പ്രസംഗങ്ങളും നടത്തിയ വിജയന് അടുത്തകാലത്തായി സ്വീകരിച്ച നിഷേധാത്മക നിലപാടുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. എന്നാല്‍ വിജയന്റെ ക്രിയാത്മക സംഭാവനകളെ ചുരുക്കിക്കാണാന്‍ കഴിയുന്നതല്ലെന്നും ലോറന്‍സ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മരണശേഷം സിപിഐ എം വിരോധിയായി വിജയനെ ചിത്രീകരിക്കുന്നവര്‍ അദ്ദേഹത്തിന്റെ സംഭാവനകളെ കുറച്ചുകാണിക്കുകയാണെന്നും ലോറന്‍സ് പറഞ്ഞു.
പ്രമുഖ ചിന്തകനും പ്രഭാഷകനും സാഹിത്യനിരൂപകനും സംസ്കാര വിമര്‍ശകനുമായ പ്രൊഫ. എം എന്‍ വിജയന്റെ വിയോഗത്തില്‍ കേരള സാഹിത്യ അക്കാദമി ദുഃഖം രേഖപ്പെടുത്തി. അരനൂറ്റാണ്ടിലധികം ഈ അധ്യാപകന് വ്യവസ്ഥയുടെ ജീര്‍ണതകളോട് സന്ധിയില്ലാതെ പൊരുതുകയായിരുന്നു. ജീവിതശൈലിയിലെ ലാളിത്യം, വാക്കുകളിലെ സത്യസന്ധത, മാനവീയതയോടുള്ള ഐക്യദാര്‍ഢ്യം, ചിന്തകളിലെ മൌലികത എന്നിവയെല്ലാം എം എന്‍ വിജയനെ കേരളീയ മനസ്സില്‍ പ്രതിഷ്ഠിച്ചു. ശരി എന്ന് തോന്നുന്നത് ധീരമായി പ്രകടിപ്പിച്ച് അദ്ദേഹം എഴുത്തുകാരുടെ സ്വാതന്ത്യ്ര പ്രഖ്യാപനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സാഹിത്യ അക്കാദമി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ അക്കാദമി പങ്കുചേരുന്നതായും സെക്രട്ടറി ഐ വി ദാസ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
പ്രൊഫ. എം എന്‍ വിജയന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതിന് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ യോഗം ചേരും. സാഹിത്യ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും.കേരളത്തിന്റെ സാഹിത്യ- സാംസ്കാരിക മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച എം എന്‍ വിജയന്‍മാസ്റ്ററുടെ ആകസ്മിക നിര്യാണത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അഗാധമായ അനുശോചനം രേഖപ്പെടുത്തി.
ചിന്തയെ ഉണര്‍ത്തിയ പ്രതിഭ: ശ്രീരാമകൃഷ്ണന്ന്യൂഡല്ഹി: ആഗോളവല്‍ക്കരണത്തിന്റെ വാണിജ്യ സംസ്കാരത്തിനും മല്‍സരങ്ങള്‍ക്കുമെതിരെ മലയാളികളുടെ ചിന്തയെ ഉത്തേജിപ്പിച്ച അപൂര്‍വ പ്രതിഭയായിരുന്നു പ്രൊഫ. എം എന്‍ വിജയനെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.യുവത്വത്തിന്റെ കാല്‍പ്പനികതയും സമരാഭിവാഞ്ഛയും അവസാനനിമിഷംവരെ അദ്ദേഹം കൈവിട്ടില്ല. ചുറ്റുപാടുകളോട് മരണംവരെയും അദ്ദേഹം സംവദിക്കുകയും കലഹിക്കുകയും ചെയ്തു. ആ നിലപാടുകളും സംവാദങ്ങളും മലയാളികളുടെ ചിന്തയെ പ്രചോദിപ്പിക്കാന്‍ പര്യാപ്തമായിരുന്നു. പ്രൊഫ. വിജയന്റെ സര്‍ഗസംഭാവനകളും പ്രതിഭ തുളുമ്പുന്ന നിരീക്ഷണങ്ങളും എന്നും ശ്രദ്ധിക്കപ്പെട്ടു. വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു- സന്ദേശത്തില്‍ പറഞ്ഞു.കേരളം ദുഃഖിക്കുന്നു: കടമ്മനിട്ടപത്തനംതിട്ട: വിജയന്മാഷിന്റെ ആകസ്മിക നിര്യാണത്തില്‍ കേരളം ദുഃഖിക്കുകയാണെന്ന് കവി കടമ്മനിട്ട രാമകൃഷ്ണന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ധിഷണാശാലി, ഉയര്‍ന്ന ചിന്തകന്‍, മനുഷ്യസ്നേഹി, ലളിതജീവിതത്തിന്റെ ഉടമ, പ്രഗല്ഭനായ അധ്യാപകന് എന്നീ നിലകളിലെല്ലാം അദ്ദേഹം നല്കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്്.പുരോഗമന കലാസാഹിത്യസംഘത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചത് വിസ്മരിക്കാനാവില്ല. സംഘത്തിന് ദിശാബോധം നല്‍കുന്നതിന് അദ്ദേഹത്തിന്റെ നേതൃത്വം സഹായിച്ചിരുന്നു.സാമ്രാജ്യത്വ-ഫാസിസ്റ്റ് വിരുദ്ധ നിലപാടുകള്‍, കമ്പോളവല്ക്കരണം, ഉദാരവല്‍ക്കരണം തുടങ്ങി മനുഷ്യനെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ നിലപാടുകള്‍ ഉണ്ടായിരുന്നു.ദേശാഭിമാനി വാരിക പത്രാധിപരായി നടത്തിയ പ്രവര്‍ത്തനവും എടുത്തുപറയേണ്ടതാണ്. സാംസ്കാരിക രംഗത്തെ ആ കുലപതിയുടെ നിര്യാണത്തില്‍ അഗാധമായി ദുഃഖിക്കുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.സമീപകാല നിലപാടുകളോട് വിയോജിപ്പുകളുണ്ടെങ്കിലും കേരളത്തിന്റെ സാമൂഹ്യ തലത്തില്‍ അദ്ദേഹം വഹിച്ച പങ്ക് ആദരപൂര്‍വം വിലയിരുത്തപ്പെടുമെന്ന് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി പി കുഞ്ഞിക്കണ്ണനും ജനറല്‍ സെക്രട്ടറി സി എം മുരളീധരനും പറഞ്ഞു.
മനസിനോടേറ്റവും അടുത്ത സുഹൃത്താണ് നഷ്ടമായതെന്ന് നാടകാചാര്യന് കെ ടി മുഹമ്മദ് പറഞ്ഞു.
8 comments:
പ്രൊഫ: എം .എന്‍ . വിജയന് മാഷിന്ന് ജനശക്തി ന്യൂസിന്റെ ആദരാഞജലികള്‍
പ്രൊഫ: എം എന്‍ വിജയന് മാഷിന്ന് പ്രവാസി കേരളിയരുടെ ബാഷ്പാഞ്ജലികള്‍ . നാരായണന് വെളിയംകോട് . ദുബായ്.
പ്രൊഫസര്‍ എം എന്‍ വിജയന് മാഷിന്റെ ആകസ്മികമായ നിര്യാണം സാംസ്കാരിക കേരളത്തിന്ന് തീരാ നഷ്ടമാണ്.
കലാ- സാഹിത്യ-സാംസ്ക്കാരിക രംഗത്തും സാമൂഹ്യ രാഷ്ടിയരംഗത്തും ആത്മാര്ത്ഥതയുടെടെയും പ്രതിബദ്ധതയുടെയും ശക്തമായ പ്രതികരണത്തിന്റെയും ജ്വലിക്കുന്ന തീ പന്തമായി വെട്ടി തിളങ്ങി നിന്നിരുന്ന മാഷ് ചിന്തിക്കുന്ന കേരളിയരുടെ പ്രതീകമായിരുന്നു
സാമ്രാജ്യത്തത്തിന്നും സാമ്രാജിത്ത ദാസന്മാര്ക്കും അധിനിവേശ ശക്തികള്‍ക്കുമെതിരെ ശക്തമായ പോരാട്ടമാണ് മാഷ് നടത്തിയിട്ടുള്ളത്.മതനിരപക്ഷേതക്കും ജനാധിപത്യത്തിന്നും ഉദാത്തമായ മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അടര്‍ക്കളത്തില്‍ അടിപതറാതെ പോരാടിയ ആ വിപ്ലവകാരി ഒരിക്കലും ആദര്‍ശങ്ങല്‍ ആരുടെ മുന്നിലും അടിയറ വെയ്കാന്‍ തയ്യാറായിരുന്നില്ല.
അധികാരത്തേക്കാള്‍ വലുതാണ് ആദര്‍ശമെന്ന് അടിയുറച്ച് വിശ്വാസിച്ച വിജയന് മാഷിന്റെ ആകസ്മിയമായ നിര്യാണം സാംസ്ക്കാരിക കേരളത്തിന്നും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണ്. ആ മഹാ മനുഷ്യസ്നേഹിയുടെ പാവന സ്മരണക്കുമുന്നില്‍ ജനശക്തി ന്യൂസിന്റെ ആദരാഞ്ജലികള്‍
വ്യക്തിത്വം പണയം വയ്ക്കാത്ത വ്യക്തി: അഴീക്കോട്
തൃശൂര്‍: തന്റെ ചിന്തയുടെ വ്യക്തിത്വത്തെ ധീരമായി നിലനിര്‍ത്തി പോന്ന വ്യക്തിയായിരുന്ന പ്രഫ. എം.എന്‍ വിജയനെന്ന് സുകുമാര്‍ അഴീക്കോട് അനുസ്മരിച്ചു. പല പ്രസ്ഥാനങ്ങളില്‍ പോയെങ്കിലും സ്വന്തം വ്യക്തിത്വം പണയം വയ്ക്കാന്‍ അദ്ദേഹം തയാറായില്ല. ആശയ വൈരുദ്ധ്യം ഉണ്ടായപ്പോള്‍ കലഹത്തിനുപോലും മടികാണിച്ചില്ല. സുകുമാര്‍ അഴീക്കോട് കൂട്ടിച്ചേര്‍ത്തു.
പ്രഫസര്‍ എം.എന്‍. വിജയന്റെ ആകസ്മികമായ മരണം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം: വി.എസ്
തിരുവനന്തപുരം: പ്രഫസര്‍ എം.എന്‍. വിജയന്റെ ആകസ്മികമായ മരണം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന് അനുസ്മരിച്ചു.
സാമ്രാജ്യത്വ അധിനിവേശ ചിന്തകള്‍ക്കെതിരെ അദ്ദേഹം അതിശക്തമായി പ്രതികരിച്ചു. മതനിരപേക്ഷതയ്ക്കു വേണ്ടി ഉറച്ചു നിന്ന് പോരാടിയ യോദ്ധാവായിരുന്നു അദ്ദേഹം.
സ്ഥാനമാനങ്ങള്‍ക്കു വേണ്ടി അദ്ദേഹം ഒരിക്കലും നിലനിന്നില്ല. ശരിയെന്ന് തോന്നിയ ആദര്‍ശങ്ങള്‍ക്ക് വേണ്ടി വാദിച്ചു. അദ്ദേഹത്തിന്റെ ചിന്തകള്‍ വരും തലമുറയ്ക്ക് മാര്‍ഗദര്‍ശകമാകുമെന്ന് മുഖ്യന്ത്രി പറഞ്ഞു.
ഇടതുപക്ഷത്തിന് തീരാനഷ്ടം: പന്ന്യന്‍
പ്രഫ. എം.എന്‍. വിജയന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് പന്ന്യന്‍ രവീന്ദ്രന് എംപി അനുസ്മരിച്ചു.
ആദര്‍ശത്തിന്റെ ആള് രൂപം: ഒഎന്‍വി
ആദര്‍ശത്തിന്റെ ആള് രൂപമായിരുന്നു വിജയന് മാഷെന്ന് ഒഎന്‍വി കുറുപ്പ്. ഒരു നല്ല മനുഷ്യന്, നല്ല സുഹൃത്ത്, നല്ല പ്രഭാഷകന്‍ അങ്ങനെയൊരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ദ്യോഗിക ജീവിതത്തിന്റെ സായാഹ്നത്തില്‍ മറക്കാനാവാത്ത സാന്നിധ്യമായിരുന്നു അദ്ദേഹം എന്നും ഒഎന്‍വി അനുസ്മരിച്ചു.
പ്രൊഫ.എം.എന്‍ വിജയന് മാഷ് ഓര്‍മയായി
കൊടുങ്ങല്ലൂര്‍: ഇന്നലെ അന്തരിച്ച പ്രൊഫ.എം.എന്‍ വിജയന് മാഷിന്റെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി. മകന് വി.എസ് അനില്‍കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. രാവിലെ മുതല്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി ആളുകള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ കൊടുങ്ങല്ലൂരെ വീട്ടിലെത്തിയിരുന്നു. ഇന്നലെ തൃശൂര്‍ പ്രസ്ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം കുഴഞ്ഞ് വീണ് മരിച്ചത്.പത്രസമ്മേളനത്തില്‍ സംസാരിച്ചുകൊണ്ടിരിക്കവെ കുഴഞ്ഞുവീണ അദ്ദേഹത്തെ പത്രപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുമുമ്പ് മരണം സംഭവിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അന്ത്യം.
മരണം ഇങ്ങനെയായിരിക്കണം എന്ന പോസ്റ്റിലേയ്ക്ക് ലിങ്ക് ചെയ്യുകയാണ്.
സദയം അനുവദിക്കുക.
സ്നേഹത്തോടെ
രജി മാഷ്
Post a Comment