സച്ചാര്‍ റിപ്പോര്‍ട്ടും പിന്നാക്കാവസ്ഥയുടെ ആഴവും.. ഡോ.കെ.ടി.ജലീല്‍ എം.എല്‍.എ
സ്വാതന്ത്യ്രത്തിന് ശേഷം ആറ് ദശകങ്ങള്‍ നാം പിന്നിട്ടിരിക്കുന്നു. ലോകത്തിന്റെ മറ്റെല്ലാ ദിക്കിലും എന്ന പോലെ വൈദേശിക ശക്തികള്‍ അണയാത്ത കുറെ കനലുകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ഇന്ത്യക്കും സ്വാതന്ത്യ്രം നല്‍കിയത്. അവിഭക്ത ഇന്ത്യ സ്വതന്ത്രമായി കാണാനായിരുന്നു നാനാ ജാതി മതസ്ഥരുടെ ആഗ്രഹമെങ്കിലും ദൌര്‍ഭാഗ്യവശാല്‍ ആ സ്വപ്നം പൂവണിഞ്ഞില്ല. ഹിന്ദുക്കളും മുസ്ലിംകളും രണ്ട് രാഷ്ട്രങ്ങള്‍ തന്നെയെന്ന ചിന്തയെ രൂഢമൂലമാക്കാനാണ് മൌണ്ട്ബാറ്റണും സംഘവും ശ്രമിച്ചത്. തര്‍ക്കവിതര്‍ക്കങ്ങള്‍ക്കൊടുവില്‍ 'പാക്കിസ്ഥാനെന്നും ബാക്കിസ്ഥാനെന്നും' ഇന്ത്യ വിഭജിക്കപ്പെട്ടു. നാല്‍പതുകള്‍ക്ക് ശേഷം തന്നെ ഒരു വിഭാഗം ഇന്ത്യക്കാരുടെ മനസ്സില്‍ രണ്ട് രാജ്യങ്ങള്‍ പിറന്നുകഴിഞ്ഞിരുന്നു. മഹാത്മാഗാന്ധി 'ക്വിറ്റ് ഇന്ത്യ' മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍ 'ഡിവൈഡ് ആന്റ് ക്വിറ്റ്' എന്ന മറുമുദ്രാവാക്യം ഉയര്‍ത്തിയാണ് മുഹമ്മദലി ജിന്ന അതിനെ നേരിട്ടത്. പിന്നീടങ്ങോട്ട് വര്‍ഗീയ കലാപങ്ങള്‍ തീര്‍ത്ത ചോരച്ചാലുകളുടെ ദിനങ്ങളായിരുന്നു. വിഭജനത്തോടെ എല്ലാം അവസാനിക്കും എന്ന് കരുതിയവര്‍ക്ക് തെറ്റി. ഇന്ത്യയിലും പാക്കിസ്ഥാനിലും നൂറ്റാണ്ടുകള്‍ ഇടകലര്‍ന്ന് ജീവിച്ചവര്‍ പരസ്പരം കൊലവിളി നടത്തി വെട്ടിയും കൊന്നും മുന്നേറിയപ്പോള്‍ ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനത്തിന്റെ കാലൊച്ച വിദൂരമാണെന്ന സൂചനയാണ് നല്‍കപ്പെട്ടത്. ഇന്ത്യയിലെ മനുഷ്യസ്നേഹികള്‍ ആഗ്രഹിച്ചത് നടക്കാതെ പോവുകയും ഒടുങ്ങാത്ത പകയുടെ നെരിപ്പോടുകള്‍ ജനമനസ്സുകളില്‍ സൃഷ്ടിക്കാനുള്ള ബ്രിട്ടീഷ് തന്ത്രം വിജയിക്കുകയും ചെയ്തു.
വിഭജനാനന്തരം ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികള്‍ താണ്ടിയും അഭയാര്‍ഥികളുടെ പ്രവാഹം എല്ലാ കണക്കുകള്‍ക്കും അപ്പുറത്തായിരുന്നു. ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുടെ വേരുകള്‍ ബലാല്‍ക്കാരം പിഴുതെറിയപ്പെട്ട് ജനലക്ഷങ്ങള്‍ മഹാസമുദ്രമായി ഒഴുകിയെത്തിയപ്പോള്‍ ഇരുരാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. വിഭജനം തീര്‍ത്ത മുറിവുകള്‍ സജീവമാക്കി നിലനിര്‍ത്താന്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും ബോധപൂര്‍വമായ ശ്രമങ്ങളും നടന്നുകൊണ്ടേയിരുന്നു. ഇന്ത്യയില്‍ ഈ അനാശാസ്യപ്രവണതകളുടെ പ്രചാരകരായി ആര്‍.എസ്.എസും പാക്കിസ്ഥാനില്‍ മുസ്ലിം തീവ്രവാദികളും രംഗം കൂടുതല്‍ വഷളാക്കി. ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായി മാറിയത് ഇന്ത്യ തന്നെയായിരുന്നു. ഇന്തോനേഷ്യയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനും ബംഗ്ലാദേശും പിറകില്‍. ഇന്ത്യയിലെ മുസ്ലിം പിന്നാക്കാവസ്ഥ സംബന്ധിച്ച് പറയുമ്പോള്‍ ഒരു പശ്ചാത്തലം ആവശ്യമായതിനാലാണ് ഇത്രയും കാര്യങ്ങള്‍ നിരത്തേണ്ടിവന്നത്. ഇന്ത്യയില്‍ പതിറ്റാണ്ടുകള്‍ ഭരണം നടത്തിയ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഭജനം തീര്‍ത്ത പ്രത്യേകമായ മാനസികാവസ്ഥയുടെ പശ്ചാത്തലത്തില്‍ മുസ്ലിം ന്യൂനപക്ഷ പ്രശ്നങ്ങളില്‍ അത്യാവശ്യ ശ്രദ്ധപോലും പതിച്ചില്ല. പട്ടികജാതി ^വര്‍ഗ വിഭാഗക്കാരേക്കാളും മുസ്ലിം അവസ്ഥ പിന്നാക്കമായ അഞ്ച് സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ടെന്നത് തീര്‍ച്ചയായും നമ്മെ അദ്ഭുതപ്പെടുത്താതിരിക്കില്ല.
ഇത്തരമൊരു സാഹചര്യം ഇന്ത്യയിലെ മതേതര ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്നുമുണ്ടായ ബോധപൂര്‍വവും ആസൂത്രിതവുമായ ശ്രമങ്ങളുടെ ഫലമാണെന്ന് പറയാനാവില്ല. കുറ്റബോധം കൊണ്ടാണ് സ്വാതന്ത്യ്ര ലബ്ധിക്ക് 58 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടതുപക്ഷത്തിന് കൂടി സ്വാധീനമുള്ള യു.പി.എ സര്‍ക്കാര്‍ മുസ്ലിം പിന്നാക്കാവസ്ഥയുടെ വര്‍ത്തമാനാവസ്ഥ സമഗ്രമായി വിശകലനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. യു.പി.എയുടെ പൊതുമിനിമം പരിപാടികളില്‍ അപ്രധാനമല്ലാത്ത സ്ഥാനമാണ് ന്യൂനപക്ഷക്ഷേമം വിശിഷ്യാ മുസ്ലിം സ്നേഹം ലാക്കാക്കിയുള്ള നയപരിപാടികള്‍ക്ക് ലഭിച്ചത്. ഇതില്‍ ഇടതു പാര്‍ട്ടികളുടെയും ലാലുപ്രസാദ് യാദവ്, കരുണാനിധി എന്നിവരുടെയും ശക്തമായ ഇടപെടല്‍ സുപ്രധാനമായ പങ്കും വഹിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ സുവര്‍ണകാലത്ത് ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യയിലെ മൊത്തം ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക ^സാമ്പത്തിക സാഹചര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 'ഗോപാല്‍സിംഗ്' കമീഷനെ നിയോഗിച്ചിരുന്നു. ആ റിപ്പോര്‍ട്ട് വെളിച്ചം കാണുകപോലും ചെയ്തില്ല. 1990 ^ന് ശേഷം കോണ്‍ഗ്രസ് ദുര്‍ബലമായതിനെത്തുടര്‍ന്ന് വീണ്ടും ന്യൂനപക്ഷ പ്രശ്നങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായി ഉയര്‍ന്നുവന്നു. ബാബരി മസ്ജിദ് തകര്‍ച്ചയും ഗുജറാത്ത് കലാപവും രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളില്‍ വല്ലാത്ത അസ്വസ്ഥതയും ആശങ്കയുമാണ് സൃഷ്ടിച്ചത്. ഈ അരക്ഷിതബോധം മാറ്റിയാലല്ലാതെ ഇന്ത്യയുടെ മതേതര ജനാധിപത്യ ആശയങ്ങള്‍ക്ക് പ്രസക്തിയില്ല എന്ന തിരിച്ചറിവ് ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉണ്ടാക്കി. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടെ അന്തര്‍ദേശീയ രംഗത്ത് അമേരിക്ക സ്വീകരിച്ച മുസ്ലിം വിരുദ്ധ നയവും ഇത്തരമൊരു തിരിച്ചറിവിലേക്ക് വഴി നടക്കാന്‍ എല്ലാവരെയും പ്രേരിപ്പിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നഗ്നമായ കൈയേറ്റങ്ങള്‍ നടത്തി അന്താരാഷ്ട്ര മുസ്ലിം സമൂഹത്തെ ഭയപ്പെടുത്താന്‍ തീരുമാനിച്ചു. അതിനെ പ്രതിരോധിക്കാന്‍ ലോകത്തുതന്നെ കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും മുസ്ലിംകളും ഉള്‍പ്പെടുന്ന ഒരു പൊതുപോരാട്ട ഭൂമിക ഉയര്‍ന്നുവരികയുണ്ടായി. ഇറാനെ ഇല്ലാതാക്കാന്‍ ഐക്യരാഷ്ട്രസഭയെ സമര്‍ഥമായി ഉപയോഗിച്ച് സാമ്രാജ്യത്വ ശക്തികള്‍ ഗൂഢതന്ത്രത്തിലൂടെ ശ്രമിച്ചപ്പോള്‍ അതിന് പ്രതിരോധകവചം തീര്‍ത്ത് രംഗത്ത് വന്നത് ഫിദല്‍കാസ്ട്രോയും ഹ്യൂഗോ ചാവേസും റോബര്‍ട്ട് മുഗാബെയും അഹ്മദി നജാദും ആയിരുന്നു. ഇതിന്റെ അനുരണനങ്ങള്‍ ഇന്ത്യയിലും പ്രകടമായി. ഇടതുപക്ഷം ലോകത്ത് അമേരിക്ക ഒറ്റപ്പെടുത്തുന്ന മുസ്ലിം ജനസാമാന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇറങ്ങിയത് സച്ചാര്‍ കമ്മിറ്റിയുടെ രൂപവത്കരണത്തിലേക്ക് നയിച്ച വഴിത്തിരിവുകളില്‍ സുപ്രധാനമായിരുന്നു. ഇടതുപക്ഷം സജീവമായി മുസ്ലിം പ്രശ്നങ്ങളില്‍ ഇടപെട്ടുതുടങ്ങിയത് പരമ്പരാഗത മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ മനമിളക്കി. ഇവയൊക്കെ മൂലം ഉണ്ടായിത്തീര്‍ന്ന ഒരു പശ്ചാത്തലത്തിന്റെ ഉപോല്‍പന്നമായിരുന്നു സച്ചാര്‍ കമീഷന്റെ രൂപവത്കരണവും തുടര്‍ന്നുള്ള റിപ്പോര്‍ട്ട് സമര്‍പ്പണവും യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ച തല്‍സംബന്ധമായ നിലപാടുകളും. മുസ്ലിം പിന്നാക്കാവസ്ഥയുടെ ആഴം മറയില്ലാതെ ബോധ്യപ്പെടുത്തുന്നതാണ് സച്ചാര്‍ റിപ്പോര്‍ട്ട്. അവഗണനയുടെ കയത്തിലേക്ക് മുസ്ലിംകള്‍ വലിച്ചെറിയപ്പെട്ടതിന്റെ ഉത്തരവാദികളെ അന്വേഷിച്ചുകൊണ്ടുള്ള തര്‍ക്കങ്ങളും സംവാദങ്ങളുമല്ല ഈ രാജ്യത്ത് നടക്കേണ്ടത്. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതുപോലെ 'കഴിഞ്ഞത് കഴിഞ്ഞുപോയി'. ഇന്നലെകളെക്കുറിച്ച് വ്യാകുലപ്പെടുന്നതില്‍ ഇനി അര്‍ഥമില്ല. നാളെയെക്കുറിച്ചുള്ള പുഷ്കലമായ ഓര്‍മകളാണ് മുസ്ലിം ജനസാമാന്യത്തിന് ഉണ്ടാകേണ്ടത്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഗൌരവതരവും പ്രസക്തവുമായ അഭിപ്രായപ്രകടനം ഉണ്ടായിരിക്കുന്നത് ഇടതുചേരിയില്‍നിന്നാണ്. പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഭാഗത്തുനിന്ന്. ഒരുപക്ഷേ ഇന്ത്യയില്‍ ഇത്ര കൂലങ്കഷമായി ഈ റിപ്പോര്‍ട്ടിനെ അപഗ്രഥിച്ച് നിലപാട് വ്യക്തമാക്കിയ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഉണ്ടാവില്ല. സച്ചാര്‍ റിപ്പോര്‍ട്ടിനെ ആസ്പദിച്ച് ഒരു ദേശീയ സമ്മേളനം തന്നെ സി.പി.എം ഇതിനകം നടത്തിക്കഴിഞ്ഞു. കര്‍ണാടകയില്‍ ഇതുസംബന്ധമായി സി.പി.എം സംഘടിപ്പിച്ച ചര്‍ച്ച പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തത് വാര്‍ത്തയായതാണ്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് കേരളത്തിലും ഇന്ന് ഒരു വലിയ സമ്മേളനം നടക്കുന്നത്. ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കാനാണ് മുസ്ലിം സംഘടനകള്‍ ശ്രമിക്കേണ്ടത്. മുസ്ലിം പ്രശ്നങ്ങള്‍ മറ്റുള്ളവരാല്‍ ഏറ്റെടുക്കപ്പെട്ട് ഇന്നോളം നടത്തപ്പെട്ടിട്ടില്ല എന്ന ന്യൂനതക്ക് ഇതോടെ ഒരറുതി കൂടി വരികയാണ്. മുസ്ലിം വിഷയങ്ങള്‍ മുസ്ലിം സംഘടനകള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പരിമിതിയാണ് ഇടതു കക്ഷികളുടെ സജീവമായ ഇടപെടലോടെ ഇല്ലാതാകുന്നത്. ആ നിലക്കുതന്നെ സത്യസന്ധമായി ഈ ശ്രമത്തെ വിലയിരുത്താന്‍ മുസ്ലിം ന്യൂനപക്ഷം തയാറാകണം.
പശ്ചിമ ബംഗാളിലെ മുസ്ലിം പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിച്ച് ഇടതുപാര്‍ട്ടികളില്‍ മുസ്ലിം വിരുദ്ധ മുഖമുണ്ടെന്ന് വരുത്താന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. വാദത്തിനുവേണ്ടി അത് അംഗീകരിച്ചാല്‍ തന്നെ ഇന്ത്യയിലെ 85 ശതമാനം ബംഗാളേതര മുസ്ലിം ജനസമൂഹത്തിന്റെ പിന്നാക്കാവസ്ഥയുടെ പിതൃത്വം കോണ്‍ഗ്രസിന്റെ തലയിലല്ലാതെ മറ്റാരുടെ തലയിലാണ് നാം കെട്ടിവെക്കുക. ബംഗാള്‍ മാനദണ്ഡം ഉപയോഗിച്ച് ഇടതുപാര്‍ട്ടികളെ മുസ്ലിം വിരുദ്ധ കക്ഷികളെന്ന് വിശേഷിപ്പിക്കാമെങ്കില്‍ ബംഗാളേതര സംസ്ഥാനങ്ങളിലെ മുസ്ലിം പിന്നാക്കാവസ്ഥയുടെ മാനദണ്ഡം ഉപയോഗിച്ച് കോണ്‍ഗ്രസിനെയും ഒരു മുസ്ലിം വിരുദ്ധ പാര്‍ട്ടി എന്ന് വിളിക്കേണ്ടി വരും. ഈ രണ്ട് വിശേഷണങ്ങളും ശരിയല്ല. ഇന്ത്യയിലെ മുസ്ലികള്‍ക്ക് ബന്ധുക്കളെയും മിത്രങ്ങളെയുമാണ് വര്‍ത്തമാനകാലത്ത് ഏറ്റവും അനിവാര്യമായിട്ടുള്ളത്. സച്ചാര്‍ കമ്മിറ്റിയെ നിയോഗിക്കുന്നതില്‍ ഡോ.മന്‍മോഹന്‍ സിംഗ് എടുത്ത നടപടിയും അതുമായി ബന്ധപ്പെട്ട ഇടതുകക്ഷികളുടെ സുവ്യക്തമായ നിലപാടുകളും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. മറ്റുള്ളവരില്‍ മുസ്ലിം വിരുദ്ധരെ കണ്ടെത്താന്‍ ശ്രമിക്കുന്നത് ഇന്ത്യയെപ്പോലെ ഒരു ബഹുസ്വര സമൂഹത്തില്‍ എന്തുമാത്രം പ്രായോഗികമാണെന്ന് ഇത്തരക്കാര്‍ ഒരുവേള ചിന്തിക്കണം. ഇസ്ലാമും കമ്യൂണിസവും തമ്മിലെ പ്രത്യയശാസ്ത്ര വൈരുധ്യങ്ങളെ ദാര്‍ശനിക സംവാദങ്ങളായി നിലനിര്‍ത്തി ക്കൊണ്ടുതന്നെ കമ്യൂണിസ്റ്റുകള്‍ക്കും മുസ്ലിംകള്‍ക്കും^മതേതരവാദികള്‍ക്കും^സോഷ്യലിസ്റ്റുകള്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാനാകും. സച്ചാര്‍ റിപ്പോര്‍ട്ട് ആധാരമാക്കി ഒരു നേരിട്ട നടപടിയിലേക്ക് ആദ്യമായി കടന്നിരിക്കുന്നത് കേരളത്തിലെ ഇടതു സര്‍ക്കാറാണ് എന്നത് ഏറെ ആഹ്ലാദകരമാണ്. ഇതിന്റെ തുടര്‍ച്ചയായി ബാംഗാളിലും പ്രത്യക്ഷ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നുണ്ട്. കേരളത്തിലെ മുസ്ലിം പിന്നാക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് പ്രയോജനപ്രദമായ നിര്‍ദേശങ്ങള്‍ മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്ന വ്യവസ്ഥയോടെ പാലോളി മുഹമ്മദ്കുട്ടി ചെയര്‍മാനായി രൂപവത്കരിച്ച ഉന്നതാധികാരസമിതി ഇന്ത്യക്കുതന്നെ മാതൃകയാണ്. ഈ സമിതിയിലെ അംഗത്വത്തെ സംബന്ധിക്കുന്ന വാദകോലാഹലങ്ങള്‍ അപ്രസക്തമാണ്. ഇത്യാദി ഒരു കമീഷന്‍ രൂപവത്കരിക്കുമ്പോള്‍ നിര്‍ബന്ധമായും സംഘടനാ പ്രാതിനിധ്യം പാലിക്കണമെന്ന് വാദിച്ച് ഇപ്പോള്‍ രൂപവത്കരിച്ച സമിതിയുടെ പ്രസക്തിയെ ചോദ്യം ചെയ്യുന്നതിന് പകരം സമിതിയുമായി സഹകരിച്ച് ഓരോ സംഘടനയുടെയും വിലപ്പെട്ട നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുകയാണ് ആത്മാര്‍ഥത ഉണ്ടെങ്കില്‍ മുസ്ലിം മത രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ ചെയ്യേണ്ടത്. സങ്കുചിതമായ സംഘടനാപക്ഷപാതിത്വത്തിന്റെ പുറംതോട് പൊട്ടിച്ച് സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മുസ്ലിം സമൂഹം തയാറാകണം. തങ്ങള്‍ക്കുവേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്നവരെ അതിനിസ്സാരമായ വിമര്‍ശങ്ങള്‍ ഉയര്‍ത്തി നിരുല്‍സാഹപ്പെടുത്താനുള്ള ശ്രമങ്ങളെ വിവേകികളുടെ സമൂഹം പ്രതിരോധിച്ചേ പറ്റൂ. ഇന്ത്യക്കും മറ്റിതര സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാന്‍ കഴിയുന്ന ധീരമായ നടപടിക്രമങ്ങളിലേക്ക് സച്ചാര്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ പ്രവേശിച്ച കേരളത്തിലെ ഇടതുസര്‍ക്കാര്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
Subscribe to:
Post Comments (Atom)
1 comment:
സച്ചാര്‍ റിപ്പോര്‍ട്ടും പിന്നാക്കാവസ്ഥയുടെ ആഴവും.. ഡോ.കെ.ടി.ജലീല്‍ എം.എല്‍.എ
സ്വാതന്ത്യ്രത്തിന് ശേഷം ആറ് ദശകങ്ങള്‍ നാം പിന്നിട്ടിരിക്കുന്നു. ലോകത്തിന്റെ മറ്റെല്ലാ ദിക്കിലും എന്ന പോലെ വൈദേശിക ശക്തികള്‍ അണയാത്ത കുറെ കനലുകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ഇന്ത്യക്കും സ്വാതന്ത്യ്രം നല്‍കിയത്. അവിഭക്ത ഇന്ത്യ സ്വതന്ത്രമായി കാണാനായിരുന്നു നാനാ ജാതി മതസ്ഥരുടെ ആഗ്രഹമെങ്കിലും ദൌര്‍ഭാഗ്യവശാല്‍ ആ സ്വപ്നം പൂവണിഞ്ഞില്ല. ഹിന്ദുക്കളും മുസ്ലിംകളും രണ്ട് രാഷ്ട്രങ്ങള്‍ തന്നെയെന്ന ചിന്തയെ രൂഢമൂലമാക്കാനാണ് മൌണ്ട്ബാറ്റണും സംഘവും ശ്രമിച്ചത്.
Post a Comment