Thursday, October 18, 2007

ഐടി വികസനവും ബാംഗ്ളൂരിലെ സിഇഒ മീറ്റും

ഐടി വികസനവും ബാംഗ്ളൂരിലെ സിഇഒ മീറ്റും.വി എസ് അച്യുതാനന്ദന്‍ .

ഐടി രംഗത്ത് കേരളം വമ്പിച്ച പുരോഗതിയുടെ പാതയിലാണ്. അഞ്ചു വര്‍ഷംകൊണ്ട് രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്ന് സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ അവതരിപ്പിച്ച ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നും അതായിരുന്നു. കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി നീണ്ട ഒരു വര്‍ഷക്കാലം നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ അതിന്റെ ഭാഗമായിരുന്നു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് സംസ്ഥാന താല്‍പ്പര്യങ്ങള്‍ അടിയറവച്ച് നടപ്പാക്കാന്‍ നീക്കം നടത്തിയതാണ് സ്മാര്‍ട്ട്സിറ്റി പദ്ധതി. എന്നാല്‍, സംസ്ഥാനത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ എല്ലാം സംരക്ഷിച്ചുവേണം പദ്ധതി നടപ്പാക്കാനെന്ന് അന്ന് പ്രതിപക്ഷമായിരുന്ന ഞങ്ങള്‍ ശഠിച്ചു. അതിനെ വികസനവിരുദ്ധതയായി ദുര്‍വ്യാഖ്യാനംചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം അഴിച്ചുവിടുകയായിരുന്നു അന്നത്തെ സര്‍ക്കാര്‍.
ഇപ്പോള്‍ കാര്യങ്ങളെല്ലാം പകല്‍വെളിച്ചംപോലെ വ്യക്തമായിക്കഴിഞ്ഞു. മുന്‍ ഗവണ്‍മെന്റ് ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് അടിയറ വയ്ക്കാന്‍ നിശ്ചയിച്ച ഇന്‍ഫോ പാര്‍ക്ക് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തിക്കൊണ്ടും എറണാകുളത്ത് വേറെയും ഐടി പാര്‍ക്കുകള്‍ വരുന്നതിന് ഒരു തടസ്സവുമില്ലെന്ന് വ്യവസ്ഥ ചെയ്തുകൊണ്ടും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കരാറായി. മാത്രമല്ല മുന്‍ സര്‍ക്കാരിന്റെ കാലത്ത് പറഞ്ഞ മുപ്പത്തിമൂവായിരം തൊഴിലവസരത്തിനു പകരം തൊണ്ണൂറായിരം തൊഴിലവസരം ഉറപ്പാക്കി. അന്ന് സ്ഥലവിലയായി നിശ്ചയിച്ച 36 കോടിക്ക് പകരം അതിന്റെ മൂന്നിരട്ടി അതായത് 104 കോടി രൂപ ലീസ് റെന്റായി ലഭ്യമാക്കി. അന്ന് ഒമ്പത് ശതമാനമായിരുന്നു സര്‍ക്കാരിന് നിശ്ചയിച്ച ഓഹരിയെങ്കില്‍ ആദ്യം 16 ഉം തുടര്‍ന്ന് 26 ഉം ശതമാനം ഓഹരി ഉറപ്പാക്കി. അങ്ങനെ മഹത്തായ ഒരു പദ്ധതിയാക്കി പരിവര്‍ത്തിപ്പിക്കപ്പെട്ട സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് ഏതാനും ദിവസത്തിനകം തറക്കല്ലിടാന്‍ പോകുന്നു. അതിനുംപുറമെ നമുക്ക് നഷ്ടപ്പെടുമായിരുന്ന ഇന്‍ഫോപാര്‍ക്കിനെ പുതിയ കുതിപ്പിലെത്തിച്ചിരിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. മൂന്നു കൊല്ലത്തിനകം നാല്‍പ്പതിനായിരം തൊഴിലവസരം അവിടെമാത്രം ഉണ്ടാക്കാന്‍ പോകുന്നു. സ്മാര്‍ട്ട് സിറ്റിക്കും ഇന്‍ഫോപാര്‍ക്കിനും വിളിപ്പാടകലെ നെടുമ്പാശ്ശേരിയില്‍ സിയാലിന്റെ നേതൃത്വത്തില്‍ വേറെയും ഐടി പാര്‍ക്ക് വരാന്‍ പോകുന്നു. തിരുവനന്തപുരത്താകട്ടെ ടെക്നോപാര്‍ക്കിനോടനുബന്ധിച്ച് 507 ഏക്കര്‍ സ്ഥലത്ത് ടെക്നോസിറ്റി എന്ന പേരില്‍ ബൃഹത്തായ മറ്റൊരു ഐടി പാര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങി. പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ പ്രാരംഭ നടപടികള്‍ തുടങ്ങുകയും ജില്ലകള്‍തോറും സാറ്റലൈറ്റ് ഐടി പാര്‍ക്കിന് ശ്രമം തുടങ്ങുകയുംചെയ്തു. ഇങ്ങനെ സംസ്ഥാനത്ത് ഐടി രംഗത്ത് ഉജ്വലമായ മുന്നേറ്റത്തിന് അടിത്തറയൊരുക്കിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ബാംഗ്ളൂരില്‍ അവിടത്തെ ഐടി പാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുമായി ഞാന്‍ ഒരു കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുടെ ഐടി വ്യവസായ മേഖലയില്‍ ബാംഗ്ളൂര്‍ ഇന്ന് പ്രധാനപ്പെട്ട സ്ഥാനമലങ്കരിക്കുന്നു. പതിനായിരക്കണക്കിന് മലയാളികള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നൂറുകണക്കിന് മലയാളി സംരഭകരും അവിടെയുണ്ട്. ഐടി രംഗത്ത് കേരളത്തിനാണ് ഇനി ഏറ്റവും ഭാവിയുള്ളത് എന്ന് ഏവര്‍ക്കും അറിവുള്ളതാണ്. പുതുതായി ഒരുങ്ങുന്ന പശ്ചാത്തലസൌകര്യവും മെച്ചപ്പെട്ട അന്തരീക്ഷവും വിശദീകരിച്ച് സംരംഭകരെ ക്ഷണിക്കുകയും വര്‍ധിച്ച നിക്ഷേപത്തിന് പ്രേരണ നല്‍കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഒക്ടോബര്‍ 14 ന് ഞാന്‍ ബാംഗ്ളൂരില്‍ പോയത്.
ലോകത്തിലെതന്നെ പ്രശസ്തമായ ഐടി സ്ഥാപനമായ ഇന്‍ഫോസിസിന്റെ സ്ഥാപക ചെയര്‍മാന്‍ നാരായണ മൂര്‍ത്തി തിരുവനന്തപുരത്ത് എന്നെ സന്ദര്‍ശിച്ചപ്പോള്‍ ബാംഗ്ളൂരിലേക്ക് ക്ഷണിച്ചിരുന്നു. ഇന്‍ഫോസിസ് ക്യാമ്പസ് സന്ദര്‍ശിക്കാനായിരുന്നു ക്ഷണം. സിഇഒമീറ്റിനു പോയ ഞാനും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വിശാലമായ ഇന്‍ഫോസിസ് ക്യാമ്പസ് വിശദമായി കണ്ടറിഞ്ഞു. ഏതാനും ഐടി വിദഗ്ധര്‍ ചേര്‍ന്ന് എളിയ നിലയില്‍ തുടങ്ങിയ ഇന്‍ഫോസിസ് ഇന്ന് വളര്‍ന്നു പന്തലിച്ച് മഹാസ്ഥാപനമായിരിക്കുന്നു. പതിനെണ്ണായിരത്തോളം പേരാണവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ചെയര്‍മാനും മലയാളിയുമായ ക്രിസ്ഗോപാലകൃഷ്ണനും മറ്റും എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ എങ്ങനെ വ്യവസായശാല നടത്താമെന്നതിന് ഉത്തമോദാഹരണമാണ് ഇന്‍ഫോസിസ് ക്യാമ്പസ്. ക്യാമ്പസിനകത്ത് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയില്ല. സൈക്കിളാണ് വാഹനം. അതിഥികള്‍ വന്നാല്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്രത്യേക തരം വാഹനം ഉപയോഗിക്കുന്നു. അതിലാണ് ഞാന്‍ ചുറ്റി സഞ്ചരിച്ചത്. ക്യാമ്പസിനകത്ത് ഉപയോഗിച്ച ജലം വീണ്ടും ശുദ്ധീകരിക്കുന്നതടക്കമുള്ള സംവിധാനങ്ങളെല്ലാമുണ്ട്.
ഇന്‍ഫോസിസ് അവരുടെ ഭാവിപരിപാടിയില്‍ കേരളത്തെയാണ് ഊന്നുന്നത്. ടെക്നോപാര്‍ക്കില്‍ അമ്പതേക്കറോളം സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഫോസിസിന് നല്‍കിയിട്ടുണ്ട്. അവിടെ അവര്‍ സ്ഥാപിക്കുന്ന കൂറ്റന്‍ ഐടി പാര്‍ക്കിന് ഈയിടെ ഞാന്‍ തറക്കല്ലിടുകയുണ്ടായി. ഐടിരംഗത്ത് തൊഴില്‍ചെയ്യാന്‍ പതിനായിരക്കണക്കിന് ആളുകള്‍ വേണ്ടതുണ്ട്. ഐടിയില്‍ ഡിപ്ളോമയും ബിരുദവും നേടിയിറങ്ങുന്ന ചെറുപ്പക്കാരെ തൊഴില്‍ചെയ്യാന്‍ പ്രാപ്തരാക്കേണ്ടതുണ്ട്. അതിനായി ഒരു ഫിനിഷിങ് സ്കൂള്‍ തുടങ്ങാന്‍ സര്‍ക്കാരുമായി സഹകരിക്കാമെന്ന് നാരായണമൂര്‍ത്തി ഉറപ്പ് നല്‍കുകയുണ്ടായി.
ഇന്‍ഫോസിസിലെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ക്കണ്ട് മനസ്സിലാക്കിയതിന്റെകൂടി വെളിച്ചത്തിലാണ് ഐടി കമ്പനി ചീഫ് എക്സിക്യൂട്ടീവുകളുമായി ഞാന്‍ കൂടിക്കാഴ്ച നടത്തിയത്. നാല്‍പ്പതോളം കമ്പനികളുടെ അധികൃതരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഐടിരംഗത്ത് കേരളത്തില്‍ ഉണ്ടായിരിക്കുന്ന പുതിയ അന്തരീക്ഷം അവരെയെല്ലാം ആഹ്ളാദിപ്പിക്കുന്നതായി പ്രതികരണത്തില്‍നിന്ന് വ്യക്തമായി. വ്യവസായത്തിനോ വ്യവസായ നിക്ഷേപത്തിനോ പറ്റിയ അന്തരീക്ഷമല്ല കേരളത്തില്‍ എന്ന പ്രചാരണം മുമ്പ് ശക്തമായിരുന്നു. എന്നാല്‍, തികച്ചും അവാസ്തവമാണെന്ന് പരക്കെ വ്യക്തമായിക്കഴിഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലെ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ അനുഭവം മെച്ചപ്പെട്ടതാണെന്ന് ഇന്‍ഫോസിസ്, ഐബിഎസ്, വിപ്രോ, യുഎസ് ടെക്നോളജി തുടങ്ങിയ കമ്പനികളുടെ സിഇഒമാര്‍ പറയുകയുണ്ടായി. ഒരു ദിവസംപോലും ഐടിരംഗത്ത് തൊഴില്‍നഷ്ടമുണ്ടായിട്ടില്ല. ക്രമസമാധാനം ഏറ്റവും ഭദ്രം, വിദ്യാസമ്പന്നരായ ജനത, തൊഴില്‍ ചെയ്യാന്‍ പ്രാപ്തരായവരുടെ ലഭ്യത, കുറഞ്ഞ നടത്തിപ്പു ചെലവ്, മനോഹരമായ പ്രകൃതി, ഏറ്റവും നല്ല കാലാവസ്ഥ എന്നിങ്ങനെ സംരംഭകരെ മാടിവിളിക്കുന്ന അവസ്ഥയാണിന്ന് കേരളത്തിലെന്ന് സിഇഒമാര്‍തന്നെ അഭിപ്രായപ്പെട്ടു. സംസ്ഥാനഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം ടെക്നോപാര്‍ക്കാണ് രാജ്യത്തെ ഏറ്റവും നല്ല നിലയില്‍ പരിപാലിക്കപ്പെടുന്ന ഐടി പാര്‍ക്കെന്ന് നാരായണമൂര്‍ത്തി പ്രകടിപ്പിച്ച അഭിപ്രായം സിഇഒ മീറ്റില്‍ പൊതുവെ അംഗീകരിക്കപ്പെട്ടു. എന്നാല്‍, ഇംഗ്ളീഷിലെ വൈദഗ്ധ്യമില്ലായ്മ, ഉന്നതവിദ്യാഭ്യാസ സൌകര്യങ്ങള്‍ ഇനിയും വര്‍ധിക്കേണ്ടത്, ഗതാഗതസൌകര്യം വര്‍ധിക്കേണ്ടത് തുടങ്ങിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അവര്‍ നിര്‍ദേശിക്കുകയുണ്ടായി.
കേരളത്തിലെ നിലവിലുള്ള ഐടി പാര്‍ക്കുകളിലും പുതുതായി വരാന്‍പോകുന്ന പാര്‍ക്കുകളിലും തങ്ങളുടെ സംരംഭങ്ങള്‍ തുടങ്ങാന്‍ മുന്നോട്ടുവരണമെന്നും അതിന് എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും ഞാന്‍ വ്യക്തമാക്കി. വളരെ അനുകൂലമായ പ്രതികരണമാണ് എല്ലാവരില്‍നിന്നും ഉണ്ടായത്.
ഹൈദരാബാദിനും ബാംഗ്ളൂരിനുംശേഷം ഐടിയില്‍ ഭാവി കേരളത്തിനാണ്. ആന്ധ്രയിലും കര്‍ണാടകത്തിലും ഒരു നഗരത്തില്‍ കേന്ദ്രീകരിച്ച ഐടി വികസനമാണെങ്കില്‍ കേരളത്തിലേത് വികേന്ദ്രീകൃതമായ ഐടി വികസനമാണ്. തിരുവനന്തപുരത്തും കൊച്ചിയിലും മെഗാപാര്‍ക്കുകള്‍, എല്ലാ ജില്ലയിലും ഐടി പാര്‍ക്കുകള്‍-ഇതാണ് കേരളത്തില്‍ വരുന്നത്. ഈ വികേന്ദ്രീകൃത വികസനലക്ഷ്യം തന്നെ ഐടി കമ്പനികളില്‍ നല്ല മതിപ്പുണ്ടാക്കിയിട്ടുണ്ട്. അടുത്ത മൂന്നുവര്‍ഷംകൊണ്ട് രാജ്യത്തെ ഐടിമേഖലയില്‍ കേരളത്തെ ഒന്നാംനിരയിലെത്തിക്കുക എന്ന നമ്മുടെ ലക്ഷ്യം സഫലമാകാന്‍ പോവുകയാണ്. അതിന് പശ്ചാത്തലം പൂര്‍ണമായി ഒരുക്കിക്കഴിഞ്ഞു. ബാംഗ്ളൂര്‍ സന്ദര്‍ശനവും അവിടെ നടത്തിയ ചര്‍ച്ചകളും അതിന് ഏറെ സഹായകമായെന്നതാണ്അനുഭവം.
ബാംഗ്ളൂരില്‍ നോര്‍ത്ത് വെസ്റ് കേരള സമാജത്തിന്റെ പൊന്നോണം പരിപാടിയുടെ സമാപന സമ്മേളനത്തിലും ഞാന്‍ സംബന്ധിക്കുകയുണ്ടായി. ആയിരക്കണക്കിന് മലയാളികള്‍ പങ്കെടുത്ത സ്നേഹനിര്‍ഭരമായ ചടങ്ങ്. കേരളത്തിന്റെ വികസനത്തില്‍ എല്ലാവിധ സഹായങ്ങളും അവര്‍ വാഗ്ദാനംചെയ്തു. ഓരോ മറുനാടന്‍ മലയാളിയും അവര്‍ ഇപ്പോഴുള്ള നാട്ടില്‍ കേരളത്തിന്റെ അനൌദ്യോഗിക അംബാസഡര്‍മാരാണല്ലോ. ബാംഗ്ളൂരിലെ മലയാളികള്‍ ഞങ്ങള്‍ക്ക് നല്‍കിയ വരവേല്‍പ്പ് അവിസ്മരണീയമാണ്.

1 comment:

ജനശക്തി ന്യൂസ്‌ said...

ഐടി വികസനവും ബാംഗ്ളൂരിലെ സിഇഒ മീറ്റും.വി എസ് അച്യുതാനന്ദന്‍ .

ഐടി രംഗത്ത് കേരളം വമ്പിച്ച പുരോഗതിയുടെ പാതയിലാണ്. അഞ്ചു വര്‍ഷംകൊണ്ട് രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്ന് സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ അവതരിപ്പിച്ച ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നും അതായിരുന്നു. കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി നീണ്ട ഒരു വര്‍ഷക്കാലം നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ അതിന്റെ ഭാഗമായിരുന്നു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് സംസ്ഥാന താല്‍പ്പര്യങ്ങള്‍ അടിയറവച്ച് നടപ്പാക്കാന്‍ നീക്കം നടത്തിയതാണ് സ്മാര്‍ട്ട്സിറ്റി പദ്ധതി. എന്നാല്‍, സംസ്ഥാനത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ എല്ലാം സംരക്ഷിച്ചുവേണം പദ്ധതി നടപ്പാക്കാനെന്ന് അന്ന് പ്രതിപക്ഷമായിരുന്ന ഞങ്ങള്‍ ശഠിച്ചു. അതിനെ വികസനവിരുദ്ധതയായി ദുര്‍വ്യാഖ്യാനംചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം അഴിച്ചുവിടുകയായിരുന്നു അന്നത്തെ സര്‍ക്കാര്‍.