Monday, October 08, 2007

ചാണ്ഡീഗഡ് ഏകദിനം ഇന്ത്യക്ക് 8 റണ്സ് ജയം

ചാണ്ഡീഗഡ് ഏകദിനം ഇന്ത്യക്ക് 8 റണ്സ് ജയം
ചണ്ഡിഗഢ്: ഹൃദയം കൈയിലെടുത്തുപിടിച്ച് ഇന്ത്യ കളി ജയിച്ചു. ചണ്ഡിഗഢിലെ സെക്ടര്‍-16 സ്റ്റേഡിയത്തില്‍ ലോകചാമ്പ്യന്മാരോട് അവസാനനിമിഷം വരെ ഇഞ്ചോടിഞ്ചു പേരാടിയ ഇന്ത്യക്ക് എട്ടു റണ്‍സിന്റെ നാടകീയ ജയം. അവസാനഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് ആവശ്യമായ ഓസീസിന് എട്ടു റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. മൂന്നു മത്സരങ്ങള്‍ കൂടി ബാക്കിയുള്ളപ്പോള്‍ ഓസീസിന്റെ ലീഡ് 2-1 എന്ന നിലയില്‍ കുറച്ച ഇന്ത്യ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തി. ഇന്ത്യയുടെ 291 റണ്‍സിന് തകര്‍പ്പന്‍ ബാറ്റിംഗിലൂടെ മറുപടി പറഞ്ഞ ഓസീസിന് ആന്‍ഡ്രൂ സൈമണ്ട്സ് ക്രീസിലുള്ളതു വരെ വിജയം ഉറപ്പായിരുന്നു.
ജയിക്കാന്‍ 20 പന്തില്‍ 23 റണ്‍സ് വേണ്ടിയിരുന്ന സമയത്ത് ആന്‍ഡ്രൂ സൈമണ്ട്സിനെ( 84 പന്തില്‍ 75 റണ്‍സ്) ക്ളീന്‍ബൌള്‍ഡാക്കിയ ആര്‍.പി. സിംഗാണ് അസാധ്യമെന്നു കരുതിയ വിജയത്തെ ഇന്ത്യന്‍ വഴിക്കു കൊണ്ടുവന്നത്. അടുത്ത പന്തില്‍ ബ്രാഡ് ഹോഗിനെ സിംഗ് ഡയറക്ട് ത്രോയില്‍ റണ്‍ഔട്ട് ആക്കുക കൂടി ചെയ്തപ്പോള്‍ ഇന്ത്യക്ക് ജയപ്രതീക്ഷ തളിര്‍ത്തു. 48-ാം ഓവറില്‍ മുരളീ കാര്‍ത്തിക്കും 49-ാം ഓവറില്‍ ആര്‍.പി. സിംഗും റണ്‍നല്‍കുന്നതില്‍ പിശുക്കുകാട്ടിയപ്പോള്‍ ഓസീസ് സമ്മര്‍ദത്തിലായി. അവസാനഓവറില്‍ 16 റണ്‍സ് വേണമായിരുന്നെങ്കിലും ഒരു ഫോറടക്കം എട്ടു റണ്‍സ് സ്വന്തമാക്കാനേ ക്രീസിലുണ്ടായിരുന്ന ബ്രെറ്റ് ലീയ്ക്കും ജെയിംസ് ഹോപ്സിനും കഴിഞ്ഞുള്ളു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ ആദ്യഏകദിന വിജയമാണിത്. ബാറ്റിംഗിലും സ്റ്റംപിനു പിന്നിലും മിന്നിത്തിളങ്ങിയ ധോണിയാണ് മാന്‍ ഓഫ് ദി മാച്ച്. തുടക്കത്തില്‍ ഇഴങ്ങു നീങ്ങിയ ഇന്ത്യന്‍ സ്കോറിനെ അവസാനവെടിക്കെട്ടിലൂടെ മാന്യമായ സ്കോറിലെത്താന്‍ സഹായിച്ചത് ധോണി 35 പന്തില്‍ സ്വന്തമാക്കിയ 50 റണ്‍സാണ്.
സ്കോര്‍: ഇന്ത്യ 291 ഓസ്ട്രേലിയ 50 ഓവറില്‍ 283
ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ ഘടകങ്ങള്‍ പലതാണ്. സ്റ്റംപിനു മുന്നിലും പിന്നിലും സൂപ്പര്‍മാനായ ക്യാപ്റ്റന്‍ ധോണി, ഏറെ വിയര്‍പ്പൊഴുക്കി സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയ 79 റണ്‍സ്, മുരളീ കാര്‍ത്തിക്, ഹര്‍ഭജന്‍ സിംഗ് എന്നീ ബൌളര്‍മാരുടെ തകര്‍പ്പന്‍ ബൌളിംഗ്, നിര്‍ണായകമായ രണ്ടു വിക്കറ്റും ഒരു റണ്‍ഔട്ടും സ്വന്തമാക്കിയ ആര്‍.പി. സിംഗിന്റെ വീറുറ്റ പോരാട്ടം തുടങ്ങിയവ ഒന്നിച്ചപ്പോള്‍ ഓസീസിന്റെ കൈയില്‍ നിന്ന് വിജയം തട്ടിയെടുക്കപ്പെട്ടു. തുടക്കത്തിലേ ആക്രമിച്ചു കളിച്ച ആദം ഗില്‍ക്രിസ്റ്റിന്റെ വിക്കറ്റ് വീഴ്ത്താന്‍ ആര്‍.പി. സിംഗിന് കഴിഞ്ഞെങ്കിലും ഹെയ്ഡന്‍ തുടര്‍ച്ചയായി മൂന്നാം അര്‍ധസെഞ്ചുറി സ്വന്തമാക്കി മുന്നേറുമ്പോള്‍ ഇന്ത്യ തോല്‍വി സമ്മതിച്ച മട്ടിലായിരുന്നു.
15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. ക്യാപ്റ്റന്‍ പോണ്ടിംഗിന്റെ ഇര്‍ഫാന്‍ പഠാന്റെ പന്തില്‍ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ ധോണി പുറത്താക്കി. ക്ളാര്‍ക്കിനും അധികം ആയുസുണ്ടായില്ല. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്സിലും മിന്നുന്ന ഫോം കാഴ്ച വച്ച സൈമണ്ട്സ് ഹെയ്ഡനൊപ്പം ചേര്‍ന്നതോടെ ഇന്ത്യ ആശ കൈവിട്ടു. രമേഷ് പവാറിന് പകരക്കാരനായി ടീമിലെത്തിയ മുരളി കാര്‍ത്തിക്കാണ് ഹെയ്ഡന്റെ വിലയേറിയ വിക്കറ്റ് വീഴ്ത്തിയത്. ഹെയ്ഡന്‍ വീണപ്പോള്‍ ഓസീസ് വഞ്ചി കുലുങ്ങി. അവസാനപത്തോവറില്‍ ആറുവിക്കറ്റ് ശേഷിച്ചിരിക്കേ പ്രതി ഓവര്‍ ഏഴുറണ്‍സ് ഓസീസിനു കൂടുതലായിരുന്നു. പരമ്പരയില്‍ ഇതുവരെ ഫോമിലെത്താത്ത ബ്രാഡ് ഹോഡ്ജിനെ ധോണി അത്യുഗ്രന്‍ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയപ്പോള്‍ സമ്മര്‍ദ്ദം സൈമണ്ട്സിന്റെ മുകളിലായി. സിംഗിളുകളിലൂടെയും അവസരം കിട്ടുമ്പോഴുള്ള ബൌണ്ടറികളിലൂടെയും സൈമണ്ട്സ് മുന്നേറുന്നതിനിടെയാണ് ആര്‍.പി. സിംഗിന്റെ പന്ത് കുറ്റി പിഴുതത്. അതോടെ കങ്കാരുവിന്റെ ആക്രമണം മുനയൊടിഞ്ഞു.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും തുടക്കം മന്ദഗതിയിലായിരുന്നു. മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനെ ബ്രെറ്റ് ലീയും നഥാന്‍ ബ്രാക്കനും കെട്ടിവരഞ്ഞിട്ടു. ആദ്യ അഞ്ചു റണ്‍സെടുക്കാന്‍ സച്ചിനു വേണ്ടിവന്നത് 31 പന്ത്. സച്ചിന്റെ ആദ്യബൌണ്ടറി പിറന്നത് 15-ാം ഓവറില്‍. രണ്ടു തവണ ശക്തമായ അപ്പീലില്‍ നിന്ന് സച്ചിന്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്റെ പിന്‍ബലത്തിലും. (ബ്രെറ്റ് ലീയുടെ പന്തില്‍ സച്ചിന്റെ ബാറ്റിലുരഞ്ഞാണ് പന്ത് വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റിന്റെ കൈകളിലെത്തിയത് എന്ന് സ്നിക്കോമീറ്റര്‍ തെളിവുനല്‍കി.) ആദ്യത്തെ ഇഴച്ചിലിനു ശേഷം മുന്നേറിയ സച്ചിന്‍-ഗാംഗുലി കൂട്ടുകെട്ട് 91 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റില്‍ എഴുതിച്ചേര്‍ത്തത്.
സൌരവ് ഗാംഗുലി തുടക്കത്തില്‍ തപ്പിത്തടഞ്ഞെങ്കിലും സ്വതസിദ്ധമായ ടൈമിംഗിലൂടെ ഓസീസ് ബൌളര്‍മാരുടെ ആധിപത്യം പൊളിച്ചു. ആദ്യരണ്ടു പവര്‍പ്ളേകളില്‍ സൌരവിന്റെ ബൌണ്ടറികള്‍ മാത്രമായിരുന്നു 14 വര്‍ഷങ്ങള്‍ക്കു ശേഷം വിരുന്നെത്തിയ രാജ്യാന്തരമത്സരം കാണാനെത്തിയ ചണ്ഡിഗഢ് കാണികള്‍ക്ക് ആസ്വദിക്കാനുണ്ടായിരുന്നത്. 59 പന്ത് നേരിട്ട് 41 റണ്‍സെടുത്ത ഗാംഗുലിയുടെ വിക്കറ്റ്വീഴ്ത്തിയത് ജെയിംസ് ഹോപ്പാണ്. പകരമെത്തിയ യുവ്രാജ് സ്വഭാവിക കളിയുമായി മുന്നേറിയതോടെ സച്ചിനും ഫോമിലേയ്ക്കുയര്‍ന്നു.
ആക്രമിക്കാനുള്ള ശ്രമത്തിനിടെ യുവി പുറത്തായെങ്കിലും ഇന്ത്യന്‍ സ്കോറിംഗ് താണില്ല. സച്ചിന്‍ കൌശലം നിറഞ്ഞ ഷോട്ടുകളിലൂടെ സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റണ്‍ഔട്ടായി. പിന്നാലെത്തിയ ദ്രാവിഡിന് അധികം സംഭാവന നല്‍കാനായില്ല. എന്നാല്‍ ഓസീസ് ബൌളര്‍മാരെ കടന്നാക്രമിച്ച റോബിന്‍ ഉത്തപ്പ തന്നില്‍ അര്‍പ്പിച്ച വിശ്വാസം ഒന്നുകൂടി കാത്തു. 18 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ഉത്തപ്പയും ധോണിയും കൂടി അവസാന രണ്ടോവറില്‍ നിന്ന് 30 റണ്‍സാണ് നേടിയത്. പിച്ചിനു നടുവിലേക്കിറങ്ങിയ നിന്ന് പേസ്ബൌളര്‍മാരെ ഉയര്‍ത്തിയടിച്ചു പൊട്ടിത്തെറിച്ച ഉത്തപ്പയെ പിടിച്ചുകെട്ടാന്‍ ഓസീസ് പാടുപെടുന്നത് ഒരു കാഴ്ചയായിരുന്നു.
നഥാന്‍ ബ്രാക്കന്‍ എറിഞ്ഞ അവസാനപന്ത് സിക്സര്‍ അടിച്ച ധോണി അര്‍ധസെഞ്ചറിയും തികച്ചു. ഗ്രൌണ്ട് ചെറുതായിരുന്നെങ്കിലും ഇന്ത്യന്‍ ഇന്നിംഗ്സില്‍ പിറന്ന ഏക സിക്സര്‍ ഇതായിരുന്നു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ: ഗാംഗുലി സി ഗില്‍ക്രിസ്റ്റ് ബി ഹോപ്സ് 41 തെണ്ടുല്‍ക്കര്‍ റണ്‍ഔട്ട് 79 യുവ്രാജ്സിംഗ് സി പോണ്ടിംഗ് ബി ഹോപ്സ് 39 ധോണി നോട്ടൌട്ട് 50 ദ്രാവിഡ് ബി ബ്രാക്കണ്‍ 13 ഉത്തപ്പ നോട്ടൌട്ട് 30 എക്സ്ട്രാസ് 39 ആകെ 50 ഓവറില്‍ നാലുവിക്കറ്റിന് 291
വിക്കറ്റുവീഴ്ച: 1/91, 2/174, 3/221, 4/224
ബൌളിംഗ്: ലീ: 7-1-26-0 ബ്രാക്കന്‍: 10-0-78-1 ജോണ്‍സണ്‍: 8-0-51-0 ഹോപ്സ്: 9-0-43-2 സൈമണ്ട്സ്: 7-0-39-0 ഹോഗ്: 9-0-46-0
ഓസ്ട്രേലിയ : ഗില്‍ക്രിസ്റ്റ് സി സഹീര്‍ഖാന്‍ ബി ആര്‍.പി. സിംഗ് 18 ഹെയ്ഡന്‍ സി സഹീര്‍ഖാന്‍ ബി കാര്‍ത്തിക് 92 പോണ്ടിംഗ് സ്റ്റമ്പ്ഡ് ധോണി ബി പഠാന്‍ 29 ക്ളാര്‍ക്ക് സി ആന്‍ഡ് ബി ഹര്‍ഭജന്‍ 6 സൈമണ്ട്സ് ബി ആര്‍.പി. സിംഗ് 75 ഹോഡ്ജ് സ്റ്റമ്പ്ഡ് ധോണി ബി ഹര്‍ഭജന്‍ 17 ഹോപ്സ് നോട്ടൌട്ട് 23 ഹോഗ് റണ്‍ഔട്ട് 0 ലീ നോട്ടൌട്ട് 5 എക്സ്ട്രാസ് 18 ആകെ 50 ഓവറില്‍ ഏഴു വിക്കറ്റിന് 283
വിക്കറ്റുവീഴ്ച: 1/37, 2/122, 3/132, 4/190, 5/246, 6/268, 7/268
ബൌളിംഗ:് സഹീര്‍ഖാന്‍: 9-0-68-0 ആര്‍.പി. സിംഗ്: 10-1-66-2 പഠാന്‍: 10-0-46-1 ഗാംഗുലി: 1-0-7-0 ഹര്‍ഭജന്‍സിംഗ്: 10-0-43-2 കാര്‍ത്തിക്: 10-0-48-1


1 comment:

ജനശക്തി ന്യൂസ്‌ said...

ചാണ്ഡീഗഡ് ഏകദിനം ഇന്ത്യക്ക് 8 റണ്സ് ജയം