തുലാസിന്റെ തട്ടുകളെ സൂക്ഷിക്കണം.സുകുമാര്‍ അഴീക്കോട് .
കുറച്ചുനാള്‍മുമ്പ് പത്രപ്രവര്‍ത്തനത്തിന്റെ അടിക്കല്ലായ അഭിപ്രായപ്രകടന സ്വാതന്ത്യ്രത്തെ ആഴത്തില്‍ നിയന്ത്രിക്കുന്ന ഒരു വിധി പ്രസ്താവിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി ഇന്ത്യയിലെ പത്രപ്രവര്‍ത്തനചരിത്രത്തില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. സുപ്രീംകോടതിയിലെ മുന്‍ പ്രധാന ന്യായാധിപന്‍ സബര്‍വാളിന്റെ ഔദ്യോഗിക കാലഘട്ടത്തിലെ ചില പ്രവൃത്തികള്‍ ദൂഷിതങ്ങളാണെന്ന് ആരോപിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയെ മുന്‍നിര്‍ത്തി സ്വയം കോടതിയലക്ഷ്യ കേസെടുത്ത് ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി ദിനപത്രമായ 'മിഡ് ഡേ'യുടെ ചീഫ് എഡിറ്റര്‍, റസിഡന്റ് എഡിറ്റര്‍, പ്രസാധകന്‍, ഹാസ്യചിത്രകാരന്‍ എന്നീ ജോലിക്കാര്‍ക്ക് നാല് മാസംവീതം തടവ് വിധിച്ചതാണ് സംഭവം. സുപ്രീംകോടതി നിര്‍ദേശിച്ചതുകൊണ്ട് ഹൈക്കോടതി അവര്‍ക്ക് ജാമ്യം നല്‍കി.
ശിക്ഷിക്കപ്പെട്ട പത്രപ്രവര്‍ത്തകരാവട്ടെ, സത്യംമാത്രം ആശ്രയമായിട്ടുള്ള തങ്ങളുടെ പ്രവൃത്തിയെ ഇന്ത്യയിലെ നിയമവ്യവസ്ഥ ഇങ്ങനെയാണ് കാണുന്നതെങ്കില്‍ ആ ശിക്ഷ സ്വീകരിക്കുന്നുവെന്ന് അന്തസ്സോടെ പ്രതികരിച്ചിരിക്കുന്നു.
ഈ വിധിയെ എതിര്‍ത്തുകൊണ്ട് പത്രാധിപസംഘടനയും മറ്റും പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ വിധിയില്‍ ഒറ്റനോട്ടത്തില്‍ കാണാവുന്ന പത്രപ്രവര്‍ത്തനത്തിലെ ആശയാവിഷ്കരണ സ്വാതന്ത്യ്രത്തിന്റെ നിഷേധം മാത്രമല്ല അടങ്ങിയിട്ടുള്ളത്. 'ബുധന്‍ കോള'ത്തില്‍ ആ വശത്തെക്കുറിച്ച് എഴുതണമെന്ന് കരുതി പേനയ്ക്ക് മൂര്‍ച്ച കൂട്ടുമ്പോഴാണ് 'ഹിന്ദു'വില്‍ പലരംഗങ്ങളിലും പ്രഗത്ഭരായ ഒരുപാട് വ്യക്തികളുടെ ഉഗ്രപ്രതിഷേധങ്ങള്‍ കണ്ടത്. റോമിലാ ഥാപ്പര്‍, മേധാപട്കര്‍, വന്ദനശിവ, അരുന്ധതിറോയി, തരുണ്‍ തേജ്പാല്‍, സ്വാമി അഗ്നിവേശ് തുടങ്ങിയവരുടെ ഒരു കൂട്ടപ്രസ്താവനയ്ക്കു പുറമെ ശാന്തിഭൂഷണ്‍ തുടങ്ങിയ നിയമവിദഗ്ധരുടെയും പ്രസ്താവനകള്‍ ശ്രദ്ധേയങ്ങളായിത്തോന്നി. പത്രസ്വാതന്ത്യ്രത്തേക്കാള്‍ പ്രാഥമിക പ്രാധാന്യമുള്ള ചില തത്വങ്ങളെ സ്പര്‍ശിച്ചതാണ് ഇവരുടെ പ്രസ്താവനകളുടെ വ്യത്യസ്തത. 'മിഡ് ഡേ' പത്രത്തിന്റെ ആരോപണം വസ്തുനിഷ്ഠമോ സത്യസന്ധമോ ആണോ എന്ന് പരിഗണിക്കാതെതന്നെ ഈ തത്വങ്ങള്‍ക്ക് പ്രസക്തിയുണ്ട്. പത്രത്തിന്റെ വിമര്‍ശനം കോടതിയില്‍ ഔദ്യോഗികജോലി നിര്‍വഹിക്കുന്ന ഒരു ന്യായാധിപന്റെ പ്രവൃത്തി കളങ്കിതമാണെന്ന് നേരിട്ട് എടുത്തുപറയുന്നതിനാല്‍ നിയമവ്യവസ്ഥയ്ക്ക് ദുഷ്കീര്‍ത്തി ഉണ്ടാക്കുന്നുവെന്നാണ് ഹൈക്കോടതിയുടെ തീരുമാനം.
'സത്യമാണ് പരിരക്ഷ' എന്നതാണ് പത്രപ്രവര്‍ത്തകരുടെ നിലപാട്. കോടതിയലക്ഷ്യ നിയമത്തിന്റെ പുതിയ ഭേദഗതി ഈ ആശയം ഉള്‍ക്കൊള്ളുന്നു. ഈ ഭേദഗതിക്ക് അര്‍ഥമില്ലെന്ന് വരുത്തുകയാണ് ഈ വിധി ചെയ്യുന്നത്. ഇതാണ് ഉന്നത ന്യായാസനങ്ങളുടെ നിലപാടെങ്കില്‍ ന്യായാധിപന്മാരുടെ അഴിമതിയും മറ്റും ഒരിക്കലും ഇവിടെ ചോദ്യം ചെയ്യപ്പെടാനാവാത്ത ഒരു ചീത്ത അവസ്ഥ നാട്ടില്‍ സംജാതമാകും.
ഒരു പൊതു ഔദ്യോഗികസ്ഥാനം വഹിക്കുന്ന ഏത് വ്യക്തിയും തന്റെ പ്രവൃത്തിയുടെ കണക്ക് അര്‍ഹമായ സ്ഥാനങ്ങളില്‍ കാണിക്കേണ്ടിവരും. ഇതത്രേ 'അക്കൌണ്ടബിലിറ്റി' എന്ന് പറയപ്പെടുന്ന വിചാരണീയത. ഇത്തരത്തില്‍ വിധിയുടെ ഉദ്ദേശ്യം ശിക്ഷയുടെ ഭയം ഉയര്‍ത്തി വിമര്‍ശത്തില്‍നിന്ന് പിന്തിരിയാനുള്ള ഒരു ഗൂഢപ്രേരണയാണ് എന്ന ശാന്തിഭൂഷന്റെ വാദം തള്ളിക്കളയാന്‍ പറ്റില്ല.
ശ്രീ സബര്‍വാള്‍ വെറുമൊരു ന്യായാധിപനല്ല, സുപ്രീംകോടതിയുടെ പഴയൊരു മുഖ്യ ന്യായാധിപനാണ്. നേരത്തേ അദ്ദേഹത്തെപ്പറ്റി ആക്ഷേപത്തിന്റെ നിഴലുകള്‍ ഉയര്‍ന്നിരുന്നത് മറക്കാറായിട്ടില്ല. കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ശാഖയില്‍നിന്ന് ഒരു ജഡ്ജിയെ നിയമിക്കാന്‍ ഉദ്യമിച്ചതിനെച്ചൊല്ലിയാണ് അന്ന് ശാന്തിഭൂഷനും ജെത്മലാനിയും മറ്റും എതിര്‍പ്പ് പ്രകടിപ്പിച്ചത്. സബര്‍വാള്‍ ആ ജഡ്ജിയെക്കുറിച്ച് അന്വേഷണം നടത്താതെ ചില അഭിഭാഷകരോട് സംസാരിച്ച് ആക്ഷേപം ഒതുക്കാന്‍ ശ്രമിച്ചിരുന്നുവെന്നായിരുന്നു പരാതി.
നമ്മുടെ പരമനീതിന്യായപീഠത്തിന്റെ പരമാധ്യക്ഷനായ ഒരാള്‍ നമ്മുടെ ഇന്നത്തെ രാഷ്ട്രീയനേതാക്കളെപ്പോലെ ശങ്കാധൂമത്തില്‍പ്പെട്ട് കരിപിടിച്ചവരാകാന്‍ നാമാരും ആഗ്രഹിക്കുകയില്ല. അദ്ദേഹം 'സീസറിന്റെ ഭാര്യ'യെപ്പോലെ ആശങ്കകള്‍ക്ക് അതീതനായിരിക്കണം. സത്യസന്ധതയില്‍നിന്ന് ഇറങ്ങിയിട്ടുള്ളവരെന്ന് സംശയിക്കപ്പെടുന്നതുതന്നെ കോടതിയുടെ വിശ്വാസ്യതയെയും പാവനതയെയും നശിപ്പിക്കും.
അതിനാല്‍ വിമര്‍ശം വന്നാല്‍ അത് അടിസ്ഥാനമില്ലാത്തതാണെന്ന് ഉടന്‍ തെളിയിക്കുകയാണ് വേണ്ടത്, അപവാദം മൂടിവയ്ക്കാന്‍ ശ്രമിക്കുകയല്ല. മൂടിവച്ചതൊന്നും മൂടിക്കിടക്കുകയില്ല, ആക്ഷേപമുയര്‍ന്നാല്‍, സീത അനുഷ്ഠിച്ചതുപോലെ, അവസാനത്തെ 'അഗ്നിപരീക്ഷണം' നേരിടുന്നതാണ് ബുദ്ധി.
സമൂഹത്തില്‍ മറ്റാര്‍ക്കും ലഭ്യമല്ലാത്ത പരിരക്ഷ ആര്‍ക്കും പാടില്ല, ന്യായാധിപന്മാര്‍ക്ക് തീരെ പാടില്ല. തങ്ങള്‍ ഭിന്നരും അതീതരും വിശുദ്ധരും ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്തവരുമാണെന്ന ധാരണ ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്കുണ്ടായാല്‍ അതവരുടെ ധാര്‍മികമായ വിനാശത്തിന്റെ ആരംഭമായിരിക്കും.
ഇങ്ങനെ ആരും പ്രത്യേക സംരക്ഷണം അര്‍ഹിക്കുന്നില്ലെന്ന് ഇക്കഴിഞ്ഞ സെപ്തംബര്‍ 18-ന്സുപ്രീംകോടതി ഒരു വിധിയില്‍, സൂചിപ്പിക്കുകയല്ല, ഉച്ചത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. രാഷ്ട്രീയ നേതാക്കള്‍, അര്‍ഹത നഷ്ടപ്പെട്ടാല്‍ ഒഴിഞ്ഞുപോകാതെ വാസസൌകര്യം ദുരുപയോഗപ്പെടുത്തുന്നതിനെതിരെ അതിനിശിതമായ വിമര്‍ശം നടത്തുകയായിരുന്നു ബി എന്‍ അഗര്‍വാള്‍, ഡി കെ ജെയിന്‍ എന്നീ ജസ്റ്റിസുമാരുടെ ബെഞ്ച്. വലിയവരെയും വിഐപികളെയും നിയമംകൊണ്ട് തൊടാന്‍പോലും ഗവണ്‍മെന്റിന് ധൈര്യമില്ലെന്ന് അവര്‍, അസാധാരണമായ ധീരതയോടെ കുറ്റപ്പെടുത്തി. ഈ അനാശാസ്യമായ വിഐപിസ്ഥാനത്ത് ജഡ്ജിമാര്‍ സ്വയം ആരോഹണംചെയ്യുമോ എന്ന വിനീതമായ ചോദ്യം ചുണ്ടത്ത് വരുന്നത് തടയാനാകുന്നില്ല.
ഈ സന്ദര്‍ഭത്തില്‍ സുപ്രീംകോടതിയുടെ മറ്റൊരു വിധികൂടി എല്ലാവരുടെയും ഓര്‍മയ്ക്കായി ഇവിടെ എടുത്തുകാണിക്കട്ടെ. ഇക്കഴിഞ്ഞ ജൂലൈയില്‍ ജസ്റ്റിസുമാരായ ലോകേശ്വര്‍ സിക്കന്ത് പണ്ട, ആര്‍ വി രവീന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ച് കോടതിയലക്ഷ്യത്തിന്റെ അതിരുകള്‍ നിര്‍ണയിച്ചുകൊണ്ട് വളരെ അര്‍ഥഗംഭീരമായ ഒരു വിധി പ്രസ്താവിക്കുകയുണ്ടായി. (ഈ വിധിയെപ്പറ്റിമാത്രം ഈ ലേഖകന്‍ ദേശാഭിമാനിയില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു 18.7.2007) നീതിപീഠം നിന്ദിക്കപ്പെടുന്നുവെന്ന് വിധികര്‍ത്താക്കള്‍ക്ക് തോന്നുമ്പോള്‍ മറ്റ് പോംവഴിയില്ലെങ്കില്‍മാത്രമേ കോടതിയലക്ഷ്യം എന്ന പരമായുധം പ്രയോഗിക്കാന്‍ പാടുള്ളൂ. ആ വിധി കല്‍പ്പിച്ച ചില പരിമിതികള്‍ ഞാന്‍ ഇവിടെ ചൂണ്ടിക്കാണിക്കട്ടെ. 1. കോടതിയെ നിന്ദിച്ചതിന്റെപേരില്‍ ശിക്ഷിക്കുമ്പോള്‍, ബഹുമാനം സ്വയം നേടേണ്ടതും അധികാരം പ്രയോഗിച്ച് ബലമായി പിടിച്ചുവാങ്ങേണ്ടതല്ലെന്നും ഓര്‍ക്കണം. 2. വിധി സാങ്കേതികവും യാന്ത്രികവും ആയിരിക്കരുത്. 3. കോടതി അതിവൈകാരികമായി നിന്ദാപ്രശ്നത്തില്‍ പ്രതികരിക്കരുത്. 4. കോടതിയുടെ അധികാരത്തെ പ്രകടനലക്ഷ്യംവച്ച് ഉപയോഗിച്ചാല്‍ വിപരീതഫലം ഉണ്ടായേക്കും.
കോടതിയലക്ഷ്യം കോടതി അലക്ഷ്യമായി തീര്‍പ്പാക്കരുത് എന്ന് ചുരുക്കം. ഇതാണ് കോടതിയലക്ഷ്യം സംബന്ധിച്ചുള്ള ഏറ്റവും പുതിയ ചിന്ത. ഇത് പൊതുപ്രവര്‍ത്തകരിലും രാഷ്ട്രീയ നേതാക്കളിലും പത്രപ്രവര്‍ത്തകരിലും എഴുത്തുകാരിലും അഭിഭാഷകരിലും ന്യായാധിപ സമൂഹത്തിലും ഇപ്പോള്‍ വളര്‍ന്നുവരുന്ന ഒരു വിചാരമാണ്. 'മിഡ് ഡേ' പ്രശ്നത്തില്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഈ പശ്ചാത്തലത്തില്‍ പുനഃപരിശോധനയ്ക്ക് വിഷയമാകേണ്ടതാണ്.
കോടതികളില്‍ ഒരു തുലാസ് പിടിച്ചുനില്‍ക്കുന്ന യവനദേവതയുണ്ടല്ലോ. ആ തുലാസിന്റെ തട്ടുകള്‍ തുല്യമായി നില്‍ക്കണം. തുല്യമായിരിക്കുമ്പോഴേ അത് തുലാസാവുകയുള്ളൂ. സമ്പത്ത്, വിദ്യ, കുലം, സ്ഥാനം, അധികാരം തുടങ്ങി പല നേട്ടങ്ങളുടെ പേരില്‍ വലിയവരെന്ന് ഭാവിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നീതിദേവതയുടെ മുമ്പില്‍ പാടില്ല. അതാണ് ആ തുലാസിന്റെ മൂകമായ സന്ദേശം. 'നിയമത്തിന്റെ മുമ്പില്‍ തുല്യത' എന്ന ഭരണഘടനാതത്വം ജീവിക്കുന്നത് ഈ തട്ടുകള്‍ രണ്ടും സമനിലയില്‍ ഇരിക്കുമ്പോഴാണ്. ചില വിധികള്‍ വരുമ്പോള്‍ ഒരു തട്ട് താഴുന്നതായി പേടിതോന്നുന്നു.
Subscribe to:
Post Comments (Atom)
1 comment:
തുലാസിന്റെ തട്ടുകളെ സൂക്ഷിക്കണം
സുകുമാര്‍ അഴീക്കോട്
കുറച്ചുനാള്‍മുമ്പ് പത്രപ്രവര്‍ത്തനത്തിന്റെ അടിക്കല്ലായ അഭിപ്രായപ്രകടന സ്വാതന്ത്യ്രത്തെ ആഴത്തില്‍ നിയന്ത്രിക്കുന്ന ഒരു വിധി പ്രസ്താവിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി ഇന്ത്യയിലെ പത്രപ്രവര്‍ത്തനചരിത്രത്തില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. സുപ്രീംകോടതിയിലെ മുന്‍ പ്രധാന ന്യായാധിപന്‍ സബര്‍വാളിന്റെ ഔദ്യോഗിക കാലഘട്ടത്തിലെ ചില പ്രവൃത്തികള്‍ ദൂഷിതങ്ങളാണെന്ന് ആരോപിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയെ മുന്‍നിര്‍ത്തി സ്വയം കോടതിയലക്ഷ്യ കേസെടുത്ത് ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി ദിനപത്രമായ 'മിഡ് ഡേ'യുടെ ചീഫ് എഡിറ്റര്‍, റസിഡന്റ് എഡിറ്റര്‍, പ്രസാധകന്‍, ഹാസ്യചിത്രകാരന്‍ എന്നീ ജോലിക്കാര്‍ക്ക് നാല് മാസംവീതം തടവ് വിധിച്ചതാണ് സംഭവം. സുപ്രീംകോടതി നിര്‍ദേശിച്ചതുകൊണ്ട് ഹൈക്കോടതി അവര്‍ക്ക് ജാമ്യം നല്‍കി.
ശിക്ഷിക്കപ്പെട്ട പത്രപ്രവര്‍ത്തകരാവട്ടെ, സത്യംമാത്രം ആശ്രയമായിട്ടുള്ള തങ്ങളുടെ പ്രവൃത്തിയെ ഇന്ത്യയിലെ നിയമവ്യവസ്ഥ ഇങ്ങനെയാണ് കാണുന്നതെങ്കില്‍ ആ ശിക്ഷ സ്വീകരിക്കുന്നുവെന്ന് അന്തസ്സോടെ പ്രതികരിച്ചിരിക്കുന്നു.
Post a Comment