Friday, July 13, 2007

ലാല്‍മസ്ജിദിലെ ചോരക്കളി


പാകിസ്ഥാനില്‍നിന്ന് ആശങ്കാജനകമായ വാര്‍ത്തകളാണ് വരുന്നത്. അവിടെ സൈനികഭരണത്തിന് അന്ത്യംകുറിച്ച് ജനാധിപത്യസര്‍ക്കാര്‍ അധികാരത്തില്‍വരുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേല്‍ക്കുകയാണ്. മതതീവ്രവാദികള്‍ പാക്ക് രാഷ്ട്രീയത്തില്‍ കനപ്പെട്ട ഇടപെടലുകള്‍ നടത്തുന്നു. മതഭ്രാന്തിനും അതിന്റെ മറവിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ഭരണാധികാരികള്‍ കാലാകാലമായി നല്‍കിവന്ന പ്രോത്സാഹനമാണ് പാകിസ്ഥാനെ ഇന്നത്തെ സ്ഫോടകാത്മകമായ അവസ്ഥയിലെത്തിച്ചത്. ഇസ്ളാമാബാദിലെ ചുവന്ന പള്ളി (ലാല്‍ മസ്ജിദ്) യില്‍ നടന്ന രക്തച്ചൊരിച്ചില്‍ പാക് ജനതയുടെ സ്വൈരജീവിതമെന്ന വിദൂരസ്വപ്നത്തില്‍പോലും കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു.
പാകിസ്ഥാനിലെ എണ്ണപ്പെടുന്ന മതപഠനശാല എന്നതില്‍ കവിഞ്ഞ് ആ രാജ്യത്തെ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും പ്രസിഡന്റുമാര്‍ക്കുമെല്ലാം നേരിട്ട് ബന്ധമുണ്ടായിരുന്ന പള്ളിയാണ് ലാല്‍മസ്ജിദ്. മൌലാനാ അബ്ദുള്ളയാണ് അതിന്റെ സ്ഥാപകന്‍. ജനങ്ങളെ ഇളക്കിമറിക്കുന്ന പ്രസംഗങ്ങളിലൂടെ പ്രശസ്തിനേടിയ മൌലാനാ അബ്ദുള്ള ലാല്‍മസ്ജിദില്‍വച്ചുതന്നെ കൊല്ലപ്പെടുകയാണുണ്ടായത്. അതിനുശേഷം അദ്ദേഹത്തിന്റെ മക്കളായ മൌലാന അബ്ദുള്‍ അസീസ്, അബ്ദുള്‍ റഷീദ് ഖാസി എന്നിവരാണ് മസ്ജിദിന്റെ തലപ്പത്തുവന്നത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സമാധാനസേനയ്ക്കെതിരെ ജിഹാദ് മുഴക്കിയ പിതാവിനു പിന്നാലെ മക്കള്‍ക്കും സുദൃഢമായ തീവ്രവാദിബന്ധങ്ങളുണ്ടായി. ഒസാമാ ബിന്‍ ലാദനുള്‍പ്പെടെയുള്ള ഭീകരനേതാക്കളുമായി ഇരുവരും പുലര്‍ത്തിപ്പോന്ന ബന്ധം പരസ്യമാണ്. ആ ലാല്‍ മസ്ജിദ് കേന്ദ്രീകരിച്ച് കഴിഞ്ഞ മാര്‍ച്ചില്‍തന്നെ പുതിയ ചില അസ്വാരസ്യങ്ങള്‍ തുടങ്ങിയിരുന്നു. ആ മസ്ജിദിനോടനുബന്ധമായി വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രത്യേക മതപഠനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വനിതാ പഠിതാക്കള്‍ മാര്‍ച്ച് 27ന് മൂന്നു സ്ത്രീകളെ വേശ്യാവൃത്തി ആരോപിച്ച് താലിബാന്‍ മാതൃകയില്‍ തട്ടിക്കൊണ്ടുപോയതോടെയാണ് ലാല്‍മസ്ജിദ് വാര്‍ത്തകളിലേക്ക് വരുന്നത്. ഏപ്രില്‍ ആദ്യം മസ്ജിദ് കേന്ദ്രമാക്കി ശരീഅത്ത് കോടതി സ്ഥാപിച്ചു. നിയമവിരുദ്ധമായി റേഡിയോ സ്റ്റേഷന്‍ സ്ഥാപിച്ച് തീവ്രവാദപരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചുതുടങ്ങി. പാക്ക് ടൂറിസംമന്ത്രി നിലോഫര്‍ ഭക്ത്യാര്‍ക്കെതിരെ ഫത്വാ പുറപ്പെടുവിക്കലായിരുന്നു അടുത്ത പടി. മുഖ്യഖാസിയുടേതായി ചാവേര്‍ ബോംബാക്രമണ ഭീഷണികള്‍ വന്നു. മസ്ജിദിനകത്ത് അല്‍ ഖ്വയ്ദാ ബന്ധമുള്ള തീവ്രവാദികള്‍ കയറിപ്പറ്റിയിട്ടുണ്ടെന്നും അവരാണ് ഭീകരപ്രവര്‍ത്തനം നിയന്ത്രിക്കുന്നതെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. അതോടെയാണ് മസ്ജിദില്‍ തമ്പടിച്ച ഭീകരരെ പുറത്തുചാടിക്കാനുള്ള ശ്രമങ്ങള്‍ പാക് ഗവണ്‍മെന്റ് തുടങ്ങിയതും അത് വലിയൊരു സൈനിക നടപടിയിലും എണ്‍പതോളം ജീവഹാനിയിലും കലാശിച്ചതും. ഏറ്റുമുട്ടലില്‍ മരിച്ചവരില്‍ ല്‍ മസ്ജിദിലെ മുഖ്യഖാസി അബ്ദുള്‍ റഷീദുമുണ്ട്.
എഴുപത്തഞ്ചു മുറികളുള്ള വിശാലമായ മസ്ജിദ് സമുച്ചയത്തില്‍ പന്ത്രണ്ടു മണിക്കൂറോളം പോരാടിയശേഷമാണ് സൈന്യത്തിന് മേല്‍ക്കൈ നേടാനായത്. പള്ളിക്കകത്ത് ബന്ദികളാക്കിവച്ചിരുന്ന 50 സ്ത്രീകളെയും 26 കുട്ടികളെയും സൈന്യം മോചിപ്പിച്ചു. അവശേഷിച്ച കുട്ടികളെയും സ്ത്രീകളെയും മറയായി ഉപയോഗിച്ചാണ് സൈന്യത്തിനുനേരെ ആക്രമണം തുടര്‍ന്നത്. ഏതായാലും ബന്ദികളെ മുഴുവന്‍ മോചിപ്പിക്കാനും മസ്ജിദിനകത്ത് തമ്പടിച്ച ഭീകരരെ കീഴ്പ്പെടുത്താനും സൈന്യത്തിന് കഴിഞ്ഞിരിക്കുന്നു. എന്നാല്‍, ഈ സംഭവം പാകിസ്ഥാന്‍ എത്രമാത്രം അപകടകരമായ വഴിയിലൂടെയാണ് പോകുന്നത് എന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ജനറല്‍ പര്‍വേസ് മുഷാറഫിന്റെ നിലനില്‍പ്പ് കുന്തമുനയിലായിരിക്കുന്നു എന്നുമാത്രമല്ല, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാവുകയും രാഷ്ട്രീയമായ അരക്ഷിതാവസ്ഥ മൂര്‍ച്ഛിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് ഇതിന്റെ ഫലം. പാകിസ്ഥാനില്‍ ആകെയുള്ള നാലു പ്രവിശ്യകളില്‍ പഞ്ചാബ് ഒഴികെ സിന്ധ്, ബലൂചിസ്ഥാന്‍, വടക്കുകിഴക്കന്‍ അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങള്‍ മുഷാറഫിന്റെ സ്വാധീനത്തിലല്ല. നവാസ് ഷെറീഫിന്റെ പാകിസ്ഥാന്‍ മുസ്ളിംലീഗ് (നവാസ്), ബേനസീര്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പിപ്പീള്‍സ് പാര്‍ടി, ജമാഅത്തെ ഇസ്ളാമി തുടങ്ങിയ മതമൌലികവാദികക്ഷികള്‍ എന്നിവരില്‍ ആര്‍ക്ക് മുന്‍തൂക്കം എന്ന് നിര്‍ണയിക്കാനാവാത്തവിധം ശക്തിയാര്‍ജിച്ച് പരസ്പരം പോരടിക്കുകയാണ്.
ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷം ആദ്യമോ തെരഞ്ഞെടുപ്പുനടക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രവിശ്യാതെരഞ്ഞെടുപ്പുകള്‍ക്കുശേഷം അതില്‍ ജയിക്കുന്നവര്‍ ഇലക്ടറല്‍കോളേജായി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതാണ് പാക് രീതി. സമാധാനപരമായി ഈ തെരഞ്ഞെടുപ്പു നടക്കുന്നത് പാക്ജനതയ്ക്ക് സങ്കല്‍പിക്കാന്‍പോലും ആകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യുന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് ചൌധരിയെ പ്രസിഡന്റ് മുഷാറഫ് നിയമവിരുദ്ധമായി പിരിച്ചുവിട്ടതിനെതിരെ പാകിസ്ഥാനിലാകെ ജനരോഷമിരമ്പുകയാണ്. രാഷ്ട്രീയ സമവാക്യങ്ങളെയാകെ അട്ടിമറിച്ചുകൊണ്ടാണ് ചൌധരിയെ ജനങ്ങള്‍ പിന്തുണയ്ക്കുന്നത്.
മതതീവ്രവാദത്തിന് ആധിപത്യം സ്ഥാപിക്കാനുള്ള മണ്ണൊരുങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്. പാകിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളിലും തെരഞ്ഞെടുപ്പിലും രാഷ്ട്രീയകക്ഷി കൂട്ടുകെട്ടുകളിലും അമേരിക്ക നേരിട്ട് ഇടപെടുന്നതും കുത്തിത്തിരിപ്പുകളുണ്ടാക്കുന്നതും പ്രശ്നം പിന്നെയും വഷളാക്കുന്നു. ലാല്‍മസ്ജിദ് പ്രശ്നം തീവ്രവാദത്തിന്റെ സ്വാധീനത്തെ എങ്ങനെ ബാധിക്കും എന്നത് നിര്‍ണായകമാണ്. സൈനികനടപടികള്‍ക്കുപരി, മതഭീകരതയ്ക്കെതിരായ ആശയപരമായ പ്രതിരോധം തീര്‍ക്കുകയും ജനങ്ങള്‍ ഭീകരതയുടെ വഴിയിലേക്ക് വഴുതിപ്പോകുന്നത് തടയുകയുമാണ് പാകിസ്ഥാനുമുന്നിലുള്ള രക്ഷാമാര്‍ഗം. അമേരിക്കയുടെ താളത്തിനുതുള്ളുന്ന ഭരണകൂടത്തിന് അതിനു കഴിയില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന, രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള ഒരു ഗവണ്‍മെന്റ് എന്ന പാക് ജനതയുടെ ആഗ്രഹം അതിവേഗം സാക്ഷാല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കാണ് ലാല്‍മസ്ജിദ് സംഭവം അടിവരയിടുന്നത്.

1 comment:

ജനശക്തി ന്യൂസ്‌ said...

പാകിസ്ഥാനില്‍നിന്ന് ആശങ്കാജനകമായ വാര്‍ത്തകളാണ് വരുന്നത്. അവിടെ സൈനികഭരണത്തിന് അന്ത്യംകുറിച്ച് ജനാധിപത്യസര്‍ക്കാര്‍ അധികാരത്തില്‍വരുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേല്‍ക്കുകയാണ്. മതതീവ്രവാദികള്‍ പാക്ക് രാഷ്ട്രീയത്തില്‍ കനപ്പെട്ട ഇടപെടലുകള്‍ നടത്തുന്നു. മതഭ്രാന്തിനും അതിന്റെ മറവിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ഭരണാധികാരികള്‍ കാലാകാലമായി നല്‍കിവന്ന പ്രോത്സാഹനമാണ് പാകിസ്ഥാനെ ഇന്നത്തെ സ്ഫോടകാത്മകമായ അവസ്ഥയിലെത്തിച്ചത്. ഇസ്ളാമാബാദിലെ ചുവന്ന പള്ളി (ലാല്‍ മസ്ജിദ്) യില്‍ നടന്ന രക്തച്ചൊരിച്ചില്‍ പാക് ജനതയുടെ സ്വൈരജീവിതമെന്ന വിദൂരസ്വപ്നത്തില്‍പോലും കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു.