Tuesday, July 17, 2007

പ്രതിപക്ഷ ഇറങ്ങിപ്പോക്ക്,ബഹളം: സഭ ഇന്നേക്ക് പിരിഞ്ഞു

പ്രതിപക്ഷ ഇറങ്ങിപ്പോക്ക്,ബഹളം: സഭ ഇന്നേക്ക് പിരിഞ്ഞു

സംസ്ഥാന സര്‍ക്കാര്‍ ഭരണസംവിധാനം ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചതിനെത്തുടര്‍ന്ന് സഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. നേരത്തെ ചോദ്യോത്തരവേള കഴിഞ്ഞയുടനെ പ്രതിപക്ഷം ഇതേ ആവശ്യം ഉയര്‍ത്തി സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. പിന്നീടെത്തി സഭാ നടപടികള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിര്‍ത്തിയത്.സര്‍ക്കാര്‍ ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്കിയിരുന്നു. ഇതൊരു പൊതുവായ വിഷയമായതിനാല്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്കാന്‍ കഴിയില്ലെന്നായിരുന്നു സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ റൂളിങ്ങ് നല്‍കി. തുടര്‍ന്ന്, സബ്മിഷനായെങ്കിലും വിഷയം ഉന്നയിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, പൊതുവിഷയമായല്ലാതെ പ്രത്യേക വിഷയമായി മാത്രമേ സബ്മിഷനും അനുവദിക്കാന്‍ കഴിയൂ എന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ബഹളമുണ്ടാക്കിയ ശേഷം ഇറങ്ങിപ്പോകുകയുമായിരുന്നു. സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്യ്രം നിഷേധിക്കുകയാണെന്നു പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. ഏതെങ്കിലും കാര്യത്തില്‍ വ്യക്തമായ പരാതിയുണ്ടെങ്കില്‍, എഴുതിത്തന്നാല്‍ ചര്‍ച്ച ചെയ്യാമെന്ന ്ഭരണപക്ഷത്തിനു വേണ്ടി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ സമീപനം ശരിയല്ലെന്ന നിലപാടാണ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും നിയമമന്ത്രി എം.വിജയകുമാറും സ്വീകരിച്ചത്. പിന്നീട് സഭയില്‍ തിരിച്ചെത്തിയ പ്രതിപക്ഷം പഴയ ആവശ്യം വീണ്ടും ഉന്നയിച്ചെങ്കിലും സ്പീക്കര്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നു. പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി ബഹളം തുടങ്ങിയതോടെ ഇന്നത്തെ വ്യവസായ, തുറമുഖ ഉപധനാഭ്യര്‍ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കുകയും സഭ ഇന്നത്തേക്കു പിരിയുകയുമായിരുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...

പ്രതിപക്ഷ ഇറങ്ങിപ്പോക്ക്,ബഹളം: സഭ ഇന്നേക്ക് പിരിഞ്ഞു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഭരണസംവിധാനം ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചതിനെത്തുടര്‍ന്ന് സഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. നേരത്തെ ചോദ്യോത്തരവേള കഴിഞ്ഞയുടനെ പ്രതിപക്ഷം ഇതേ ആവശ്യം ഉയര്‍ത്തി സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. പിന്നീടെത്തി സഭാ നടപടികള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിര്‍ത്തിയത്.