Saturday, July 14, 2007

രണ്ടാം വിമോചനസമരക്കാര്‍ പിന്‍വാങ്ങിയത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാല്‍: മുഖ്യമന്ത്രി

രണ്ടാം വിമോചനസമരക്കാര്‍ പിന്‍വാങ്ങിയത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാല്‍: മുഖ്യമന്ത്രി

സാമ്രാജ്യത്വദാസന്‍മാരായ അഭിനവ വിമോചനസമരക്കാരുടെ ഉള്ളിലിരുപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് തങ്ങള്‍ പറഞ്ഞത് മണിക്കൂറുകള്‍ക്കകം അവര്‍ക്ക് വിഴുങ്ങേണ്ടിവന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കെഎസ്ടിഎ സംഘടിപ്പിച്ച വിദ്യാഭ്യാസനിയമത്തിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് സര്‍ക്കാരിനെ സാമ്രാജ്യത്വശക്തികളില്‍നിന്നും പണംപറ്റി മറിച്ചിട്ട പ്രതിലോമകാരികള്‍ താല്‍ക്കാലികമായി അടങ്ങിയതുകൊണ്ട് ഇനിയും വരില്ലെന്ന് പറയാന്‍കഴിയില്ല. ഇവര്‍ക്കെതിരെ അതിശക്തമായ ജനകീയനിര കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും വി എസ് പറഞ്ഞു.

ആദ്യ വിമോചനസമരത്തിന്റെ ഉപയോക്താക്കള്‍ തന്നെയാണ് ഇപ്പോഴത്തെ ചില സ്വാശ്രയമാനേജ്മെന്റുകളുടെ ഉപദേശകര്‍. നഗ്്നമായ കച്ചവടത്തിനെതിരെ നടത്തിയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. അഭിനവ വിമോചനശക്തികള്‍ ഇതിനെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ ഇവരുടെ ചെയ്തികള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.

സ്കൂള്‍ അധ്യാപകരെ ദുരവസ്ഥയില്‍നിന്നും മോചിപ്പിക്കുന്നതിനാണ് ഇ എം എസ് സര്‍ക്കാരിന്റെകാലത്ത് നിയമം കൊണ്ടുവന്നത്. സാമൂഹികമായ വലിയ മാറ്റത്തിന് ഇത് വഴിവച്ചു. ഇതിന് സമാനമായ വിദ്യാഭ്യാസനിയമമാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരും കൊണ്ടുവന്നത്.

വിദ്യാഭ്യാസമേഖലയില്‍നിന്നും ഭരണകൂടം പിന്‍മാറണമെന്ന് പത്തുവര്‍ഷക്കാലമായി വളര്‍ന്നുവന്ന ആശയത്തിന്റെ ഭാഗമായാണ് അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ തഴച്ചുവളര്‍ന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു. വിദ്യാഭ്യാസം ലാഭമുണ്ടാക്കാന്‍കഴിയുന്ന ഒരു വ്യവസായമാണെന്ന മട്ടില്‍ അണ്‍എയ്ഡഡ്- അനംഗീകൃതസ്കൂളുകളും ആരംഭിക്കുകയാണ്. നിലവിലുള്ള നിയമങ്ങള്‍ ഒന്നും അവര്‍ക്ക് ബാധകമേയല്ല എന്നതാണ് പൊതുസമീപനം. ഈ രീതികളുടെ തുടര്‍ച്ചയാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളും- ബേബി പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...