Saturday, July 14, 2007

ഇസ്രയേല്‍ ആയുധവുമായി അദ്വാനിയുടെ വഴിയെ ആന്റണിയും .

ഇസ്രയേലുമായി പതിനായിരം കോടി രൂപയുടെ മിസൈല്‍ പ്രതിരോധസംവിധാനക്കരാര്‍ ഒപ്പിടുന്നത് ഇന്ത്യയുടെ ഇസ്രയേല്‍വിരുദ്ധ നിലപാടിനും പലസ്തീന്‍ ലക്ഷ്യത്തോടുള്ള പ്രതിബദ്ധതയ്ക്കും എതിര്. 1992ല്‍ നരസിംഹറാവുവിന്റെ കാലത്ത് തുടങ്ങിവയ്ക്കുകയും എന്‍ഡിഎ ഭരണകാലത്ത് ശക്തമാവുകയും ചെയ്ത ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തെ കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലേക്ക് ഉയര്‍ത്തുകയാണ് എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രതിരോധമന്ത്രാലയം. ഈ ഉടമ്പടി എല്‍ കെ അദ്വാനിയുടെ കാലത്ത് ആരംഭിച്ച വാഷിങ്ടണ്‍-ടെല്‍അവീവ്-ന്യൂഡല്‍ഹി അച്ചുതണ്ടിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്.
പലസ്തീനിലും ലബനണിലും മനുഷ്യക്കുരുതി നടത്തുന്ന ഇസ്രയേലുമായി ഭീമമായ തുകയുടെ കരാര്‍ ഒപ്പിടുന്നത് വിപുലമായ സൈനിക സഹകരണത്തിലേക്കുള്ള തുടക്കമാവും. അഴിമതിക്ക് കുപ്രസിദ്ധമായ ഇസ്രയേല്‍ ഭരണകൂടവുമായി ഇത്രയും വലിയ തുകയുടെ കരാറിലേര്‍പ്പെടുന്നത് സുതാര്യമാവുമെന്ന് കരുതാനാവില്ലെന്ന് എം കെ ഭദ്രകുമാറിനെപ്പോലുള്ള നയതന്ത്രവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്‍ഡിഎ ഭരണകാലത്ത് എല്‍ കെ അദ്വാനിയടക്കമുള്ള നേതാക്കള്‍ നടത്തിയ ഇടപെടലാണ് ഇന്ത്യയെ ഇസ്രയേലിന്റെ പ്രധാന ആയുധച്ചന്തയാക്കിയത്. എ കെ ആന്റണി, അദ്വാനിയുടെയും ജോര്‍ജ് ഫെര്‍ണാണ്ടസിന്റെയും വഴിയില്‍തന്നെയാണെന്ന് പുതിയനീക്കം തെളിയിക്കുന്നു. സംഘപരിവാറും ഇസ്രയേലുമായി ചരിത്രത്തിലെങ്ങുമില്ലാത്തവിധം ബന്ധം വളര്‍ത്താനാണ് അദ്വാനിയും കൂട്ടരും ശ്രമിച്ചത്. ആദ്യമായി ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ നേതാവായി അദ്വാനി മാറി. 2002ല്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി ഷിമോണ്‍ പെരസിനെയും 2003ല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെയും ഇന്ത്യയിലേക്ക് ക്ഷണിച്ചതും സംഘപരിവാര്‍ താല്‍പ്പര്യപ്രകാരമാണ്. ഈ സൌഹൃദത്തിന്റെ വിപുലമായ രൂപമാണ് യുപിഎ സര്‍ക്കാരുമായുള്ള ആയുധക്കച്ചവടം.
ഇത്രയും വലിയ കരാര്‍ ഒപ്പിടാനുള്ള മന്ത്രിസഭാസമിതിയുടെ തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറച്ചുവച്ചത്സംശയകരമാണെന്നും ഇത് ഇടതുപാര്‍ടികളുടെ എതിര്‍പ്പ് ഒഴിവാക്കാന്‍ വേണ്ടിയാണെന്നും എം കെ ഭദ്രകുമാര്‍പറഞ്ഞു. ഇസ്രയേലുമായി ബന്ധം ശക്തമാക്കുന്നതോടെ അമേരിക്കയിലെ ജൂതലോബിയെ സ്വാധീനിക്കാനും കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു..

1 comment:

ജനശക്തി ന്യൂസ്‌ said...