Saturday, July 14, 2007

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേല്‍ നിയന്ത്രണം വേണം: യെച്ചൂരി.

വിദ്യാഭ്യാസമേഖലയിലെ കച്ചവടവല്‍ക്കരണം ചെറുക്കാന്‍ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുമേല്‍ സാമൂഹ്യനിയന്ത്രണം ആവശ്യമാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി എംപി പറഞ്ഞു. രാജ്യത്തെ മൊത്തം യുവാക്കളിലെ 91 ശതമാനത്തിനും ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാണ്. വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍നിക്ഷേപം വര്‍ധിപ്പിക്കാന്‍ തയ്യാറായാല്‍ മാത്രമേ യുവജനശേഷിയെ രാജ്യനന്മക്ക് പ്രയോജനപ്പെടുത്താനാവൂ എന്നും യെച്ചൂരി പറഞ്ഞു. എകെജിസിടിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എകെജിസിടിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ എറണാകുളം മഹാരാജാസ് ഓഡിറ്റോറിയത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യുന്നു
ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളിലെ സര്‍ക്കാര്‍നിക്ഷേപം വന്‍തോതില്‍ വെട്ടിക്കുറച്ചത് സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്കും വാണിജ്യവല്‍ക്കരണത്തിനും ഇടയാക്കി. വിദ്യാഭ്യാസമേഖല കൊള്ളലാഭക്കാരുടെ താവളമായതോടെ വലിയൊരു വിഭാഗത്തിന് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമായി. വിദ്യാര്‍ഥിപ്രവേശം, ഫീസ്, സിലബസ്, ജീവനക്കാരുടെ ശമ്പളം എന്നീ കാര്യങ്ങളില്‍ ഏകീകരിച്ച നയം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഇതിനെയാണ് സാമൂഹ്യനിയന്ത്രണം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ജിഡിപിയുടെ ആറു ശതമാനം തുക വിദ്യാഭ്യാസമേഖലക്ക് നീക്കിവയ്ക്കണമെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. റെവന്യുവരുമാനത്തില്‍ പ്രതിവര്‍ഷം 20 ശതമാനം വളര്‍ച്ചയുണ്ടാകുന്നുണ്ട്. ഇതിലൊരു പങ്ക് വിദ്യാഭ്യാസത്തിന് മാറ്റിവയ്ക്കണം. രാജ്യത്തിന്റെ യുവജനശേഷിയെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താനായാല്‍ ഇന്ത്യയെ ലോകത്തെ നോളജ് പവര്‍ഹൌസാക്കി മാറ്റാനാകുമെന്നും യെച്ചൂരി പറഞ്ഞു.
വെറും ഒമ്പതുശതമാനം യുവാക്കള്‍ക്കു മാത്രമാണ് ഉന്നതവിദ്യാഭ്യാസം പ്രയോജനപ്പെടുത്താനാകുന്നത്. പൊതുരംഗത്തെ സര്‍ക്കാര്‍നിക്ഷേപവും ഇടപെടലും വര്‍ധിക്കാതെ ഈ സ്ഥിതിക്ക് മാറ്റമുണ്ടാവില്ല. സേവനരംഗങ്ങളില്‍നിന്ന് പിന്‍മാറുന്നതും പൊതു ചെലവ് വെട്ടിക്കുറയ്ക്കുന്നതുമുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തിരുത്താനാണ് ഇടതുപക്ഷം ശ്രമിച്ചുവരുന്നത്- യെച്ചൂരി പറഞ്ഞു.
എകെജിസിടി സംസ്ഥാന പ്രസിഡന്റ് വി എന്‍ ചന്ദ്രമോഹനന്‍ അധ്യക്ഷനായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ഗോപി കോടമുറിക്കല്‍ സ്വാഗതം പറഞ്ഞു. ഡോ. സെബാസ്റ്റ്യന്‍ പോള്‍ എംപി, കെ രാജേന്ദ്രന്‍, പ്രൊഫ. ആര്‍ മോഹന്‍കുമാര്‍, ഡോ. ജെ പ്രസാദ് എന്നിവര്‍ സംസാരിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...