Tuesday, February 27, 2007

മലയാള ഭാഷയുടെ എക്കാലത്തേയും സുകൃതം

മലയാള ഭാഷയുടെ എക്കാലത്തേയും സുകൃതം



മലയാളിയുടെ മനസ്സില്‍ ഒരിക്കലും മായാത്ത വിധം നാഴിയുരിപ്പാലും അയിലക്കറിയുടെ ചൂരുമെല്ലാം സമ്മാനിച്ച പി. ഭാസ്കരനെന്ന കുലപതിയുടെ വേര്‍പാട്‌ മലയാളക്കരക്ക്‌ താങ്ങാവുന്നതിലും അപ്പുറത്താണ്‌.
ഭാസ്‌ക്കരന്‍ മാഷും രാഘവന്‍ മാഷും ചേര്‍ന്ന് മലയാളമനസ്സുകള്‍ക്കായി സമര്‍പ്പിച്ച മാസ്റ്റര്‍പീസ്‌ ഗാനങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല.
സ്വന്തം വിരലുകളും കുടുംബക്കാരുടെ വിരലുകളും അയല്‍കാരുടെ വിരലുകളും മുഴുവന്‍ മടക്കിയെണ്ണിയാലും തിരാത്തയത്ര അനശ്വരഗാനങ്ങള്‍.

കാലം മുടിക്കെട്ടില്‍ മുല്ലപ്പു ചൂടിയാലും കവിളത്തെ താമരവാടിയാലും എന്നനുരാഗമാം മയില്‍പീലിത്തേന്മാവിന്‌ എന്നുമെന്നും പതിനാറു വയസ്സെന്ന് എഴുപതുകളില്‍ പ്രഖാപിച്ച ഭാസ്‌ക്കരന്‍ മാസ്റ്റര്‍ സമസ്ത പ്രണയിനികള്‍ക്കായി മലയാളത്തിന്റെ രാഗാദ്ര വിപഞ്ചികയുടെ മണിനാവുകള്‍ സമര്‍പ്പിച്ച കവിയായിരുന്നു..
കവിയായ അദ്ദേഹം കേരളത്തില്‍ കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഗായകനും കര്‍മ്മഭടനും വിമര്‍ശകനും ഗുണകാംക്ഷിയുമായിരുന്നു.
ജിവിതാനുഭവങ്ങളുടെ പൂര്‍ണ്ണതയ്‌ക്ക്‌ കമ്മ്യുണിസ്റ്റുകാരുമായി സഹകരിക്കുകയും അവരോടൊന്നിച്ച്‌ പ്രവര്‍ത്തിക്കുകയും ആവശ്യമാണെന്ന് തെളിയിച്ച വിപ്ലവകാരി.. 'ഉയരും ഞാന്‍ നാടാകെ പടരും ഞാന്‍ നാടാകെ'എന്നു തുടങ്ങുന്ന പി. ഭാസ്‌ക്കരന്റെ വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന കവിത വയലാറിനെ സംബന്ധിച്ച്‌ ആര്‍ക്കും എന്നും ഗണപതി കയ്യായി ആശ്രയിക്കാവുന്ന രേഖയാണ്‌.
അവയിലെ പ്രതിപാദത്തെപ്പറ്റി ആ സംഭവത്തിന്റെ പശ്ചാത്തലത്തെപ്പറ്റി ഭാസ്‌ക്കരന്‍ മാസ്റ്ററുടെ കൃതിയിലുള്ള വസ്തുതകള്‍ മറ്റെവിടെയും കാണാന്‍ കഴിയില്ല.
വീരക്കല്ലുകള്‍ ചരിത്ര സാമഗ്രികളാകുന്നതുപോലെ വീരഗാഥകള്‍ ഇവിടെ ചരിത്ര രേഖയായി മാറുകയാണ്‌.
ചങ്ങമ്പുഴക്ക്‌ ശേഷം മലായാള കവിതയില്‍ ഉയര്‍ന്നുവന്ന കവിത്രയത്തില്‍ ഒരാളാണ്‌ പി. ഭാസ്‌ക്കരന്‍. വയലാറും ഒ.എന്‍.വിയുമാണ്‌ മറ്റു രണ്ടുപേര്‍..
കാവ്യരംഗത്തുനിന്ന് സിനിമാരംഗത്തേക്ക്‌ പ്രവേശിച്ച പി. ഭാസ്ക്കരന്‍ മലയാളികളുടെ മനസ്സില്‍ എക്കാലവും നിലനില്‍ക്കുന്ന ഗാനത്തിന്റെ ഈരടികള്‍ വാരിച്ചൊരിയുകയായിരുന്നു.അദ്ദേഹം..
നാടന്‍പാട്ടിന്റെ മടിശ്ശിലയുമായി മലയാള ചലച്ചിത്രത്തെ സമീപിക്കുകയായിരുന്നു.ഭാസ്ക്കരന്‍ . മാഷിന്റെ ആദ്യഗാനങ്ങല്‍ കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്ക്‌ ആവേശവും പ്രചോദനവുംആയിരുന്നു.
പദം പദമുറച്ചുനാം. .
പാടിപ്പാടിപോവുക .
പാരിലൈക്യ കേരളത്തില്‍ .
കാഹളം മുഴക്കുവാന്‍ . \
എന്നാരംഭിക്കുന്ന ഐക്യ കേരളഗാനം കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചുയര്‍ന്നു.
ആബാലവൃദ്ധം ജനങ്ങള്‍ അതേറ്റുപാടി. . ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വളരെ സാധാരണമായ കാര്യങ്ങള്‍ ഗാനത്തില്‍ കൊണ്ടുവരികയായിരുന്നു പി. ഭാസ്ക്കരന്‍ ചെയ്തത്‌. . ലാളിത്യത്തിന്റെ ലാവണ്യം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍..
എല്ലാരും ചൊല്ലണ്‌
എല്ലാരും ചൊല്ലണ്‌
കല്ലാണ്‌ നെഞ്ചിലെന്ന്
ഇവിടെ അലങ്കാരങ്ങളുടെ അതിഭാരമോ വേഷഭൂഷാദികളുടെ മിന്നിത്തിളക്കമോ ഒന്നുമില്ലാതെ ഒരു നാടന്‍ പെണ്ണിന്റെ നിഷ്ക്കളങ്കമായ മനസ്സില്‍നിന്ന് ഉത്ഭവിക്കുന്ന ഈ വരികള്‍\ .
വളകിലുക്കി വഴിയിലെന്നെവിളിച്ചു നിര്‍ത്തിയതെന്താണ്‌?
എന്ന് ചോദിക്കുവാനും,
വെറ്റില നുള്ളുവാന്‍ വേലിക്കല്‍ പോയപ്പോള്‍കുപ്പിവളയെല്ലാം കിലുങ്ങിപ്പോയി എന്നു പറയുവാനും ഒരു ഭാസ്ക്കരന്‍ മാത്രമെ നമുക്കുണ്ടായിരുന്നുള്ളു.\
ജീവിതത്തിലും നിഴല്‍പ്പുറത്തും ഒരു പോലെ നടന്ന കവിയാണ്‌ പി. ഭാസ്ക്കരനെന്ന് എന്‍ വി കൃഷ്ണവാര്യര്‍ പറയുകയുണ്ടായി.
ജീവിതനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാല്‍പനികതയുടെയും പൊന്‍നൂലിനാല്‍ തുന്നിച്ചെര്‍ത്ത പട്ടുറുമാലുകളാണ്‌ അദ്ദേഹത്തിന്റെ ഓരോഗാനവും.ഈ മഹാനുഭാവന്റെ വേര്‍പ്പാടില്‍ മലയാളക്കരയൊടോപ്പം ഗള്‍ഫ്‌ മലയാളികളും അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു\
സഫറുള്ള പാലപ്പെട്ടി

No comments: