Saturday, December 16, 2006

"സൂക്ഷ്മ ജീവികളുടെ അത്ഭുത ലോകം"

"സൂക്ഷ്മ ജീവികളുടെ അത്ഭുത ലോകം" 2

1680 ലെ ഒരു പ്രഭാതം. നെതെര്‍ലാന്‍ഡിലെ ഡെല്‍ഫ്‌ടില്‍ തണുപ്പു പെയ്തിറങ്ങുന്നുണ്ടായിരുന്നു. നഗര പ്രാന്തത്തിലെ തന്റെ കൊച്ചു മുറിയില്‍ ആന്റണി വാന്‍ ലുവാന്‍ ഹൂക്‌ പതിവിലും സന്തോഷത്തിലായിരുന്നു.തന്റെ കയ്യിലിരിക്കുന്ന കത്തിലെ വരികള്‍ അദ്ദേഹം വീണ്ടും വീണ്ടും വായിച്ചു.ബ്രിട്ടീഷ്‌ റോയല്‍ സൊസൈറ്റിയില്‍ നിന്നുമുള്ള ആ കത്തിലെ വാക്കുകള്‍ അദ്ദേഹത്തെ കോരിത്തരിപ്പിച്ചു.തന്റെ കണ്ടെത്തലുകള്‍ ഇതാ ലോകം അംഗികരിച്ചിരിക്കുന്നു. അദ്ദേഹം ഒരു ദീര്‍ഘ നിശ്വാസത്തോടെ ചാരുകസേരയിലേക്കു ചാഞ്ഞു. മനസ്‌ ഒരുപാടു പിന്നിലേക്കു സഞ്ചരിച്ചു. തന്റെ ഭൂതകാലം അദ്ദേഹത്തിന്റെ മനസില്‍ ഓടിയെത്തി.

1632 ഒക്ടോബര്‍ മാസം 24-ംതീയ്യതി ഒരു ബാസ്കറ്റ്‌ നിര്‍മ്മാതാവിന്റെ മകനായി ജനനം. 16-ആമത്തെ വയസില്‍ സ്കോട്‌ലാണ്ടിലെ വസ്ത്ര വ്യപാരിക്കൊപ്പം ആംസ്റ്റര്‍ഡാമില്‍.അവിടെ വച്ചാണു താന്‍ ആദ്യമായി ഒരു മൈക്രോസ്കോപ്പ്‌ കണ്ടതെന്ന് അദ്ദേഹം ഒര്‍ത്തു. അതു തീരെ ചെറുതായിരുന്നെന്നും 1648 ലയിരുന്നു അതെന്നും അദ്ദേഹം കൃത്യമായി ഓര്‍ത്തു. പിന്നെ അതുപോലൊന്ന് സ്വന്തമാക്കണമെന്ന മോഹമായിരുന്നു. ആ മോഹവും താമസിയാതെ സാധിച്ചു. കയ്യില്‍ക്കിട്ടിയതെല്ലാം എടുത്ത്‌ താന്‍ മൈക്രോസ്കോപ്പിലൂടെ നോക്കുമായിരുന്നു. പിന്നീട്‌ 1654 ല്‍ നാട്ടില്‍ തിരിച്ചെത്തിയപ്‌പൊഴും തന്റെ കൈവശം ആ കൊച്ചു മൈക്രോസ്കോപ്പ്‌ ഉണ്ടായിരുന്നു. തന്റെ ചുറ്റുമുള്ള അത്ഭുതങ്ങള്‍ നിറഞ്ഞ സൂക്ഷ്മ ലോകം നിരീക്ഷിക്കന്‍ ഇതിലും നല്ല മൈക്രോസ്കോപ്പുകള്‍ തനിക്കു വെണമെന്നു തോന്നി. 1665 ലാണു താന്‍ റോബര്‍ട്‌ ഹുക്കിന്റെ മൈക്രോഗ്രാഫിയ വായിക്കുന്നത്‌. പിന്നെ ആവേശമായിരുന്നു. ചില്ലുകഷനങ്ങല്‍ ഉരച്ചു മിനുസപ്പെടുത്തിയും പരസ്പരം ഒട്ടിച്ചു ചേര്‍ത്തും എത്രയെത്ര ലെന്‍സുകള്‍ താന്‍ ഉണ്ടാക്കി.

ഈ ലെന്‍സുകള്‍ വെള്ളിയും ചെമ്പും കൊണ്ടുണ്ടാക്കിയ കാലുകളില്‍ ഉറപ്പിക്കാന്‍ താന്‍ എത്രയൊ രാവുകള്‍ ഉറക്കമൊഴിഞ്ഞു? ആന്റണി വാന്‍ ലുവാന്‍ ഹൂക്‌ ഒരു നെടുവീര്‍പ്പിട്ടു.....അവസാനം മികച്ച ഒരെണ്ണം താന്‍ ഉണ്ടാക്കുക തന്നെ ചെയ്തു. താനുണ്ടാക്കിയ മൈക്രോസ്കോപ്പിലൂടെ എന്തൊക്കെയാണു താന്‍ കണ്ടത്‌? പ്രത്യേക രീതിയില്‍ ചലിക്കുന്ന ആ കൊച്ചു ജീവികളെ താന്‍ എന്നാണു കണ്ടത്‌ ? നാലു വര്‍ഷം മുന്‍പ്‌ ഇതേ പോലൊരു പ്രഭാതത്തിലായിരുന്നു അതും സംഭവിച്ചത്‌ അവയുടെ ചിത്രങ്ങള്‍ വരച്ച്‌ റോയല്‍ സൊസൈറ്റിക്കയകുമ്പോള്‍ മനസില്‍ പെരുമ്പറ കൊട്ടുകയായിരുന്നു.
പിന്നെ എന്തൊക്കെയാണു സംഭവിച്ചത്‌, അന്നുവരെയുണ്ടായിരുന്ന വിശ്വാസ പ്രമാണങ്ങളുടെ കടയ്ക്കലല്ലെ താന്‍ കത്തി വച്ചത്‌.. ആരും തന്നെ വിശ്വസിക്കുമെന്നു കരുതിയിരുന്നില്ല..എങ്കിലും റോയല്‍ സൊസൈറ്റി, ലണ്ടന്‍ ആ നല്ലവനായ പുരോഹിതനെയും സംഘത്തെയും തന്റെ പരീക്ഷണ ശാലയിലേക്‌ക്‍ അയക്കാന്‍ സന്മനസു കാട്ടി. അവരെ വീണ്ടും വീണ്ടും ആ കൊച്ചു ജിവികളെ കട്ടിക്കൊടുത്തു. എന്തായിരുന്നു അവരുടെ പ്രതികരണം...അത്ഭുതമോ...അതിശയമോ..? അറിയില്ല ജീവതന്മാത്രകളെന്നു താന്‍ പേര്‍ ചൊല്ലി വിളിച്ച ആ ജീവികളെ ഇതാ ലൊകം തിരിച്ചറിഞ്ഞിരിക്കുന്നു. ആന്റണി വാന്‍ ലുവാന്‍ ഹൂക്‌ ചാരുകസേരയില്‍ നിന്നും പതിയെ എഴുന്നേറ്റു....അപ്പൊള്‍ അദ്ദെഹത്തിന്റെ കണ്ണുകള്‍ സന്തോഷം കൊണ്ടുനിറഞ്ഞിരുന്നു...

ആന്റണി വാന്‍ ലുവാന്‍ ഹൂക്‌- സ്വന്തമായി നിര്‍മ്മിച്ച മൈക്രൊസ്കോപ്പിലൂടെ ബാക്റ്റീരിയകളെ ആദ്യമായി ദര്‍ശിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത മഹാന്‍. ജീവതന്മത്രകള്‍ അഥവാ അനിമല്‍ക്യൂള്‍സ്‌ എന്നായിരുന്നു അവയെ അദ്ദേഹം നാമകരണം ചെയ്തത്‌. പുംബീജം , മസില്‍കോശങ്ങള്‍, രക്താണുക്കള്‍ തുടങ്ങിയവയും അദ്ദേഹമാണു മൈക്രൊസ്കോപ്പിലൂടെ ആദ്യമായി ദര്‍ശിക്കുകയും രേഖപ്പെടുത്തുകയും ചെയ്തത്‌ സൂക്ഷ്മാണു ജീവശാസ്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്നു.(ചില ശാസ്ത്രകാരന്മരും പുസ്തകങ്ങളും ലൂയിസ്‌ പാസ്ചറിനേയാണു പിതാവായി അംഗീകരിക്കുന്നതു.)1723 ആഗസ്ത്‌ 30നു ഡെല്‍ഫ്റ്റില്‍ തൊണ്ണൂറാം വയസില്‍ അന്ത്യം. 500ഓളം ലെന്‍സുകളും 400 ഓളം പലതരത്തിലുള്ള മൈക്രോസ്കോപ്പുകളും നിര്‍മിച്ചു.
ജെയേഷ്‌ .പി.വി

No comments: