Tuesday, October 03, 2006

ചിക്കുന്‍ ഗുനിയ ഒരു മഹാവിപത്ത്‌ - പ്രതിരോധം ശക്തമാക്കണം


ചിക്കുന്‍ ഗുനിയയെന്ന മാരകമായ പകര്‍ച്ചവ്യാധി കേരളത്തിലാകെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്‌. ദിനം പ്രതി നിരവധി ആളുകളുടെ മരണത്തിനു ഇടയാക്കുന്ന ഈ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുവാന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടില്ലായെന്നത്‌ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്‍്‌. മാസങ്ങളോളമായി തുടരുന്ന ഈ രോഗം സമീപ ഭാവിയില്‍ കേരളത്തിലാകെ വ്യാപിക്കുമെന്ന ഭീതി ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്‌. കേരള സംസ്ഥാനത്തിന്റെ സമീപ ചരിത്രത്തിലൊന്നും ഇത്രയും വ്യാപകമായ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചിട്ടില്ല.


സംസ്ഥാനത്തൊട്ടാകെ ചിക്കുന്‍ ഗുനിയ ബാധിച്ച്‌ ഏകദേശം 60ല്‍ പരം ആളുകള്‍ മരിച്ചുവെന്നാണ്‌ ഔദ്യോഗിക റിപ്പോര്‍ട്ട്‌. ആലപ്പുഴ ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചിരിക്കുന്നത്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്‌, വയനാട്‌ തുടങ്ങിയ ജില്ലകളിലും ചിക്കുന്‍ ഗുനിയ വ്യാപകമായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിനു ശക്തമായി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കൈകൊള്ളൂന്ന നടപടികളൊന്നും ഫലം കാണുന്നില്ലായെന്നത്‌ വളരെ ഗൗരവമേറിയ പ്രശ്നമാണ്‌. ഈ രോഗം ബാധിച്ച ലക്ഷക്കണക്കിനാളുകളാണ്‌ വിവിധ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടിട്ടുള്ളത്‌. കൊച്ചി നഗരത്തിലേയ്ക്ക്‌ ചിക്കുന്‍ ഗുനിയ ബാധിച്ചിരിക്കുന്നുവെന്നതും സാധാരണ ഇനം കൊതുകുകള്‍ക്കും ഈ രോഗം വ്യാപിപ്പിക്കാന്‍ കഴിയുമെന്നത്‌ ജനങ്ങളെയാകെ ഭയവിഹ്വലരാക്കിയിരിക്കുന്നു. ചിക്കുന്‍ ഗുനിയ മാത്രമല്ല എല്ലാത്തരം പകര്‍ച്ചവ്യാധികളും കേരളത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയെന്നതും ഇതിനെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലായെന്നതും അത്യന്തം ഗൗരവമേറിയ വസ്തുതകളാണ്‌. ഈ പകര്‍ച്ചവ്യാധിയെ ക്രിയാത്മകമായി പ്രതിരോധിക്കാന്‍ സര്‍ക്കാരും മറ്റു സന്നദ്ധ സംഘടനകളും കൂട്ടായ ശ്രമങ്ങള്‍ ഉണ്ടായിരിക്കണം. ഈ രോഗങ്ങള്‍ ശക്തമായി പ്രതിരോധിക്കാന്‍ കേരളത്തില്‍ മരുന്നുകള്‍ ലഭ്യമല്ലെങ്കില്‍ കിട്ടാവുന്ന സ്ഥലങ്ങളില്‍ നിന്നും എത്രയും പെട്ടെന്നു എത്തിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. കൊതു നിവാരണത്തിനും പരിസര ശുചീകരണത്തിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സര്‍വ്വകക്ഷിയോഗവും വൈദ്യശാസ്ത്ര രംഗത്തുള്ളവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സ്വീകരിക്കുവാനും നടപ്പാക്കുവാനും സര്‍ക്കാര്‍ തയ്യാറാകണം. ഈ രോഗം മറ്റു സ്ഥലങ്ങളിലേയ്ക്ക്‌ വ്യാപിക്കാതിരിക്കാനും അതുപിടിപെട്ടവര്‍ക്ക്‌ ഏറ്റവും ആധുനീകമായ ചികില്‍സ ലഭ്യമാക്കുവാനും സര്‍ക്കാര്‍ മുന്‍ കൈ എടുക്കണം. ഡോക്ടര്‍മാരുടെയും മറ്റു സ്റ്റാഫിന്റെയും കുറവു അനുഭവപ്പെടുന്നുണ്ടെങ്കില്‍ മരുന്നുകള്‍ കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍ അതിന്നാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുവാന്‍ കേരളത്തിലെ ജനകീയ സര്‍ക്കാറിനു കഴിഞ്ഞിരിക്കണം. എത്രയും വേഗം ഈ പകര്‍ച്ചവ്യാധിക്ക്‌ കടിഞ്ഞാണ്‍ ഇടുവാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളം ഒരു മഹാദുരന്തത്തിലേയ്ക്കാണ്‌ നീങ്ങുന്നതെന്ന തിരിച്ചറിവു മുഴുവന്‍ ജനങ്ങള്‍ക്കും പ്രത്യേകിച്ച്‌ സര്‍ക്കാരിനും ഉണ്ടായിരിക്കണം. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കാര്യത്തിന്റെ ഗൗരവം ശരിക്കും ഉള്‍ക്കൊണ്ടേ മതിയാകൂ.



1 comment:

Anonymous said...

പ്രതിപക്ഷത്തിന്റെ സഹകരണമില്ലായമയെ കുറിച്ച് കൂടി പറയൂ. എങ്കിലേ ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമാവൂ.