Saturday, October 07, 2006

പുരകത്തുമ്പോള്‍ വാഴ വെട്ടുന്ന പ്രതിപക്ഷ നയം ലജ്ജാകരം.


ചിക്കുന്‍ ഗുനിയയെന്ന മാരക പകര്‍ച്ചവ്യാധി സര്‍ക്കാരിന്റെ എല്ലാവിധ പ്രതിരോധന പ്രവര്‍ത്തനങ്ങളെയും വെല്ലുവിളിച്ച്‌ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്‌ ജനങ്ങളിലാകെ കടുത്ത ആശങ്കയും ഭീതിയും പരത്തിയിട്ടുണ്ട്‌. സംസ്ഥാനത്തൊട്ടാകെ മരണ സംഖ്യ ഇന്നു നൂറോളമായിരിക്കുന്നു. ആയരക്കണക്കിനാളുകളില്‍ രോഗത്തിന്റെ ലക്ഷണവും പനിയും കണ്ടതുകൊണ്ട്‌ കേരളത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ്‌ ചിക്കുന്‍ ഗുനിയയെന്ന മാരകരോഗത്തിന്റെ സംഹാര താണ്ഡവത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ മരിച്ചിട്ടുള്ളത്‌. കേരളത്തില്‍ മൊത്തം ഈ രോഗം പടരുവാന്‍ സാധ്യതയുണ്ടെന്നാണ്‌ സാഹചര്യങ്ങള്‍ കാണിക്കുന്നത്‌. ഈ പകര്‍ച്ചവ്യാധി സാധാരണ കൊതുകിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന കണ്ടുപിടുത്തം സാധാരണക്കാരില്‍ ഭീതി പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌.

ചിക്കുന്‍ ഗുനിയയെന്ന പകര്‍ച്ചവ്യാധി ഫലപ്രദമായി തടയുവാന്‍ സര്‍ക്കാറിനു കഴിഞ്ഞില്ലായെന്നാണ്‌ പ്രതിപക്ഷം ആരോപിക്കുന്നത്‌. എന്നാല്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ഈ രോഗത്തെ പ്രതിരോധിക്കുവാന്‍ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ മരുന്നും ഡോക്ടര്‍മാരെയും മറ്റു സ്റ്റാഫിനെയും നിയമിച്ചുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാരും പ്രതിപക്ഷവും വാദപ്രതിവാദത്തിനുള്ള വേദിയാക്കാതെ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ ആവശ്യമായ നടപടികളാണ്‌ കൈകൊള്ളേണ്ടത്‌. പുരകത്തുമ്പോള്‍ വാഴ വെട്ടുകയെന്ന പ്രതിപക്ഷ നിലപാട്‌ അത്യന്തം അപലപനീയമാണ്‌. ചികില്‍സാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും രോഗപ്രതിരോധത്തിനും രോഗബാധിത മേഖലയില്‍ ആശ്വാസമെത്തിക്കുന്നതിനും സര്‍ക്കാര്‍ സജീവമായ നടപടികളാണ്‌ എടുക്കുന്നതെന്നു ഏറ്റവും ആശ്വാസകരമാണ്‌.

ചിക്കുന്‍ ഗുനിയ ഒരു മഹാദുരന്തമായി കണ്ട്‌ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും ശുചീകരണ പരിപാടികളിലും പാര്‍ട്ടിപ്രവര്‍ത്തകരും ബഹുജനങ്ങളും കര്‍മ്മരംഗത്തിറങ്ങണമെന്നു സി.പി.ഐ.എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്റെ അഭ്യര്‍ത്ഥന പ്രതിപക്ഷമടക്കുമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും മാതൃകയാക്കാവുന്നതാണ്‌. ജാതിമത രാഷ്ട്രീയത്തിനധീതമായി മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങി രോഗം പടരാതിരിക്കുവാനും രോഗബാധിതരെ സഹായിക്കുവാനും തയ്യാറായി രാജ്യത്തിനു മാതൃക കാണിക്കേണ്ടതാണ്‌. ഈ സമയത്ത്‌ യു.ഡി.എഫ്‌ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത്‌ രാജ്യത്തിനുതന്നെ അപമാനമാണ്‌. ചിക്കുന്‍ ഗുനിയയെന്ന മാരകരോഗം എത്രയും പെട്ടെന്നു നിയന്ത്രിക്കുവാനും ജനങ്ങളുടെ ഭീതിയകറ്റാവും സത്വര നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളേണ്ടതാണ്‌. ഫലപ്രദമായ ചികില്‍സയോടൊപ്പം പ്രതിരോധന പ്രവര്‍ത്തനങ്ങളും ശക്തമായ ബോധവല്‍ക്കരണവും വ്യാപകമായ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുകുകളെ കൂട്ടത്തോടെ ഉന്മൂലന നാശത്തിനു ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കും യുദ്ധകാലടിസ്ഥാനത്തില്‍ നടത്തേണ്ടതായിട്ടുണ്ട്‌.

ഇതിനോടൊപ്പം തന്നെ ഡങ്കിപ്പനി, എലിപ്പനി തുടങ്ങിയവും പടരുന്നുവെന്നത്‌ ഈ പ്രശ്നത്തിന്റെ ഗൗരവം ഏറെ വര്‍ദ്ധിപ്പിക്കുന്നു. ചിക്കുന്‍ ഗുനിയയെന്ന മാരക രോഗത്തിന്റെ പിടിയില്‍ പെട്ട്‌ ഭയവിഹ്വലരായി കഴിയുന്ന സാധാരണ ജനങ്ങള്‍ക്ക്‌ സാന്ത്വനമേകാന്‍ മനസ്സാക്ഷിയുള്ള മനുഷ്യരാകെ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമാണിത്‌. ചിക്കുന്‍ ഗുനിയയ്കെതിരായ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തി പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാട്‌ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്നതിനു തുല്യമാണ്‌.


നാരായണന്‍ വെളിയംകോട്‌

No comments: