Monday, September 25, 2006

ഗള്‍ഫിലും തൊഗാഡിയന്മാര്‍ വിലസുന്നു

സപ്തംബര്‍ 21 വ്യാഴാഴ്ച മിഡില്‍ ഈസ്റ്റ്‌ ചന്ദ്രീകയില്‍ അഹമ്മദ്‌ ശരീഫ്‌ എഴുതിയ ഉള്ളടക്കം എന്ന പ്രതിവാര പംക്തി തൊഗാഡിയയെ വെല്ലുന്ന രീതിയിലുള്ള വര്‍ഗ്ഗീയ പ്രചരണമാണ്‌ ഗള്‍ഫ്‌ മലയാളികള്‍ക്കിടയില്‍ നടത്തുന്നത്‌. മാത്രമല്ല, ഇടതുപക്ഷ നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യാനും ഈ പ്രതിവാര പംക്തിയില്‍ ശ്രമിക്കുന്നു. കേരളത്തിലെ ചീഫ്‌ സിക്രട്ടറിയായിരുന്ന റിയാസുദ്ദീനെ മാറ്റി ജോണ്‍ മത്തായിയെ ചീഫ്‌ സിക്രട്ടറിയാക്കിയത്‌ ന്യൂനപക്ഷ വിരോധമാണെന്നും മുഖ്യമന്ത്രി അച്ചുതാനന്ദന്‍ മുസ്ലീങ്ങളോടുള്ള വിരോധം കൊണ്ടുമാണ്‌ ഇതു ചെയ്തതെന്നും സമര്‍ത്ഥിക്കുവാനുമാണ്‌ ഇദ്ദേഹം മുതിരുന്നത്‌. കേരളത്തില്‍ അധികാരത്തിലിരുന്നു സാധാരണ ജനങ്ങള്‍ക്ക്‌ പ്രശ്നങ്ങളും പ്രയാസങ്ങളും വരുത്തിവെച്ച കേരളത്തിലെ ക്രമസമാധാന നിലയാകെ തകര്‍ത്ത, അഴിമതിയും അക്രമങ്ങളും സ്ത്രീ പീഢനങ്ങളും കൊണ്ട്‌ സംസ്ഥാനത്തെ ജനങ്ങളെ പൊറുതിമുട്ടിച്ച യുഡി.എഫിനെ ഭരണത്തില്‍ നിന്നും ആട്ടിപുറത്താക്കി അധികാരത്തില്‍ വന്നതാണല്ലൊ എല്‍.ഡി.എഫ്‌. ഈ ജനവികാരത്തില്‍ മുസ്ലീം ലീഗിന്റെ ഉന്നത നേതാക്കള്‍ പലരും നിലം പറ്റിയ കഥ ഈ പ്രതിവാര കോളം എഴുത്തുകാരന്‍ അറിഞ്ഞിരുന്നില്ലെ? ഇതും കേരളത്തിലെ ജനങ്ങള്‍ വര്‍ഗ്ഗീയമായി ചിന്തിച്ചതുകൊണ്ടാണെന്നു അദ്ദേഹം പറയാതിരുന്നത്‌ ഭാഗ്യം. എല്ലാവിധ വര്‍ഗ്ഗീയ പ്രചരണങ്ങളെയും കാറ്റില്‍ പറത്തിയാണ്‌ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ നാടിന്റെയും നാട്ടുകാരുടെയും മാനം സംരക്ഷിക്കുവാന്‍ നാടിനെ പുരോഗതിയിലേയ്ക്ക്‌ നയിക്കാന്‍, കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പുവരുത്തുവാന്‍ എല്‍.ഡി.എഫിനെ അധികാരത്തിലെത്തിച്ചത്‌. ജനവികാരം മാനിച്ച്‌ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ മുന്നോട്ട്‌ നയിക്കുവാന്‍ ചീഫ്‌ സിക്രട്ടറിക്കു കഴിയുന്നില്ലെങ്കില്‍ ആ സ്ഥാനത്തിരിക്കുവാന്‍ അദ്ദേഹം അര്‍ഹനല്ല. മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള സുഗമമായ ബന്ധം, മന്ത്രിസഭാ തീരുമാനങ്ങള്‍ കാലവിളംബം കൂടാതെ നടപ്പാക്കാനും ചീഫ്‌ സിക്രട്ടറിയ്ക്ക്‌ കഴിഞ്ഞില്ലായെന്നു മന്ത്രിസഭായോഗം വിലയിരുത്തിയാണ്‌ അദ്ദേഹത്തെ മാറ്റിയത്‌. അതു അദ്ദേഹത്തിനും ബോധ്യമാണ്‌. അതിനുപകരമായി ആ സ്ഥാനത്ത്‌ ജോണ്‍ മത്തായിയെയാണ്‌ നിയമിച്ചത്‌. അദ്ദേഹം ന്യൂനപക്ഷ വിഭാഗമാണ്‌. അല്ലാതെ മുസ്ലീം ലീഗ്‌ മാത്രമാണ്‌ ന്യൂനപക്ഷ വിഭാഗമെന്നു തെറ്റിദ്ധരിപ്പിക്കുകയാണ്‌ മുസ്ലീം ലീഗും മിഡില്‍ ഈസ്റ്റ്‌ ചന്ദ്രീകയും ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ പ്രചരണം നടത്തുന്നത്‌. മുസ്ലീം ന്യൂനപക്ഷത്തിന്റെ പേരില്‍ കിട്ടാവുന്നതൊക്കെ കൈക്കലാക്കി ചെറിയ ഒരു വിഭാഗം മുസ്ലീം സമ്പന്നവിഭാഗമായി വാണരുളുന്നതിനെതിരെ, സാധാരണക്കാരായ ലീഗ്‌ അണികളെ അടിമകളെപ്പോലെ കരുതുന്നതിന്നെതിരെ ജനങ്ങള്‍ ഒന്നടങ്കം പ്രതികരിച്ചിട്ടും സമുന്നതരായ നേതാക്കന്മാരെ നിയമ സഭ കാണിക്കാതിരിന്നിട്ടും ജനവികാരം ഉള്‍കൊള്ളുവാന്‍ ലീഗ്‌ നേതൃത്വം തയ്യാറായിട്ടില്ലായെന്നു മാത്രമല്ല കൂലിക്ക്‌ ആളെ വെച്ച്‌ വര്‍ഗ്ഗീയ പ്രചരണം നടത്തി നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കുവാന്‍ കള്ളകഥകള്‍, വര്‍ഗ്ഗീയ പ്രചരണങ്ങള്‍ മെനെഞ്ഞെടുക്കുകയാണ്‌. മലയാളികളുടെ സംസ്കാരത്തെ സമ്പുഷ്ട്മമാക്കാന്‍, മത നിരപേക്ഷതയ്ക്ക്‌ മാറ്റുകൂട്ടാന്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ അധികാരത്തിലിരിക്കുമ്പോള്‍ ജാതിയും മതവും പറഞ്ഞു വര്‍ഗ്ഗീയ പ്രചരണം നടത്തുന്ന തൊഗാഡിയന്മാരെ ജനം പുച്ഛിച്ച്‌ തള്ളും.

3 comments:

പെരിങ്ങോടന്‍ said...

ചന്ദ്രിക മാത്രമല്ല മാധ്യമവും ഇതേ വാര്‍ത്ത അമിതപ്രാധാന്യത്തോടെ നല്‍കിയിരുന്നു. എഡിറ്റോറിയലിലല്ലെന്നു മാത്രം, ആദ്യപേജില്‍ തന്നെയായിരുന്നു.

ഉമ്മര് ഇരിയ said...

തലമുതിര്‍ന്ന ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെയും പ്രസ്താവനയും ഇതിനോട് സാമ്യയമുണ്ട്.

ഡ്രിസില്‍ said...

മാധ്യമവും വാര്‍ത്ത നല്‍കിയിരുന്നു. പക്ഷെ, അതിനെ വര്‍ഗ്ഗീയ വല്‍കരിക്കാന്‍ ശ്രമിച്ചില്ല എന്ന് മാത്രം.
പിന്നെ, റിയാസിനെ മാറ്റിയതിനു ഇടതുപക്ഷ സര്‍ക്കാരിനു വ്യക്തമായ വിശദീകരണം നല്‍കാന്‍ സാധിച്ചിട്ടുണ്ടൊ എന്ന് കൂടി ആലോചിക്കുന്നത്‌ നന്ന്.
മുകളില്‍ എഴുതിയതിനെയും ഇനി വര്‍ഗ്ഗീയമായി ചിത്രീകരിക്കുമോ ആവോ :)