Thursday, September 28, 2006

മാറാട്‌ കലാപത്തില്‍ എന്‍.ഡി.എഫിനും വ്യക്തമായ പങ്ക്‌

തിരു: മെയ്‌ 2003ല്‍ നിരവധിപേരെ കൂട്ടക്കുരുതി ചെയ്ത മാറാട്‌ സംഭവത്തില്‍ മുസ്ലീം ലീഗും എന്‍.ഡി.എഫു ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പങ്കുണ്ടെന്നു ഇതേക്കുറിച്ച്‌ അന്വേഷിച്ച തോമസ്‌ പി.ജോസഫ്‌ ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തി. മാറാട്‌ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നു കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
സംസ്ഥാന ആഭ്യന്തരവകുപ്പിനെ രൂക്ഷമായാണ്‌ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരിക്കുന്നത്‌. കലാപം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതു സംബന്ധിച്ച്‌ മുസ്ലീം ലീഗ്‌ നേതാക്കളായ മായിന്‍ഹാജി, മൊയ്തിന്‍ കോയ എന്നിവര്‍ക്ക്‌ അറിവുണ്ടായിരുന്ന്വെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
തീവ്രവാദ സംഘടനകള്‍ക്ക്‌ കേരളത്തില്‍ ശക്തമായ വേരുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്‌.
റിപ്പോര്‍ട്ട്‌ നിയമസഭയില്‍ വയ്ക്കുന്നതിനു വേണ്ടി സ്വീകരിച്ച തുടര്‍നടപടികള്‍ കഴിഞ്ഞ ആഴ്ച മന്ത്രിസഭ യോഗം അംഗീകരിച്ചിരിക്കുന്നു.
മാറാട്‌ സംഭവുമായി ബന്ധപ്പെട്ടു നാലു ഉന്നതോദ്യഗസ്ഥര്‍ക്കെതിരെ നടപടി ശിപാര്‍ശ ചെയ്തിരിക്കുകയാണ്‌. കോഴിക്കോട്‌ ജില്ലാകളക്ടറായിരുന്ന ടി.ഒ. സൂരജ്‌, പോലീസ്‌ കമ്മീഷണര്‍ സഞ്ജീവ്‌ കുമാര്‍ പട്ജോഷി, ക്രൈംബ്രാഞ്ച്‌ ഐ.ജി. മഹേഷ്‌ കുമാര്‍ സിംഗള, അസിസ്റ്റന്റ്‌ കമ്മീഷണര്‍ അബ്ദുള്‍ റഹീം എന്നിവര്‍ക്കെതിരെയാണ്‌ നടപടികള്‍ക്കു ശുപാര്‍ശചെയ്തിരിക്കുന്നത്‌.
ഒക്ടോബര്‍ ആദ്യവരം നിയമസഭയില്‍ റിപ്പോര്‍ട്ട്‌ വെയ്ക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്‌. കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ചോര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ ഒച്ചപ്പാടുണ്ടാക്കി. ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉടന്‍ തന്നെ നിയമസഭയില്‍ വെക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 20നാണ്‌ ജുഡീഷ്യന്‍ കമ്മീഷന്‍ തോമസ്‌. പി. ജോസഫ്‌ അന്നത്തെ സര്‍ക്കാറിനു റിപ്പോര്‍ട്ട്‌ നല്‍കിയത്‌. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവാദമായ കണ്ടെത്തുകളും സി.ബി.ഐ അന്വേഷണത്തിനുള്ള ശുപാര്‍ശയും ചോര്‍ന്നുകിട്ടിയ മുസ്ലീം ലീഗ്‌ നേതാക്കള്‍ ഈ റിപ്പോര്‍ട്ട്‌ പുറത്തു വരുന്നത്‌ അട്ടിമറിക്കുകയായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പ്‌ ആസന്നമായിരുന്ന സമയമായിരുന്നതിനാല്‍ റിപ്പോര്‍ട്ട്‌ പൂഴ്ത്തിവയ്ക്കാന്‍ അന്നത്തെ മുഖ്യമന്ത്രിയും തയ്യാറായി. ഈ റിപ്പോര്‍ട്ടാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌.
മാറാട്‌ കലാപത്തില്‍ എന്‍.ഡി.എഫിന്റെ പങ്കും വ്യക്തമാണെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്‌. കലാപത്തിനു ശേഷം ക്രൈംബ്രാഞ്ച്‌ അന്വേഷണത്തില്‍ മായിന്‍ഹാജിയുടെ പങ്ക്‌ വ്യക്തമാക്കിയിരുന്നു.. ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയ ഗൂഢാലോചനയേക്കാള്‍ ഗുരുതരമായ ഗൂഢാലോചനയാണ്‌ നടന്നിട്ടുള്ളതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

1 comment:

Anonymous said...

ഈ ബ്ലോഗിന്റെ നാമം 'ജന്മഭൂമി' എന്നോ 'ദേശാഭിമാനി' എന്നോ ആക്കി മാറ്റിയാല്‍ തരക്കേടില്ലായിരുന്നു.'കേസരി'യെന്നോ 'സാംന' യെന്നോ ആയാലും കൊള്ളാം...അല്ലാ..., വായനക്കാരന്ന് മുകളില്‍ പറഞ്ഞവ വായിക്കുന്ന പ്രതീതി തരുന്നതു കൊണ്ടാ... മറ്റൊന്നുമല്ല..