കേരളത്തിന് അരികിട്ടാന്‍ പാര്‍ലമെണ്ടിനു മുന്നില്‍ എംപിമാരുടെ ധര്‍ണ
ന്യൂഡല്‍ഹി: കേരളത്തിന്റെ വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെണ്ടിലെ ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെണ്ടിനു മുന്നില്‍ ധര്‍ണ നടത്തി. പൊതുവിതരണ സമ്പ്രദായം നിലനിര്‍ത്തണം, കേരളത്തെ പട്ടിണിക്കിടരുത്, അരികൊണ്ട് രാഷ്ട്രീയം കളിക്കരുത്. തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം നടത്തിയത്. ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍നിന്ന് പ്രകടനമായാണ് പാര്‍ലമെണ്ട് കവാടത്തിലേക്ക് എംപിമാര്‍ നീങ്ങിയത്. മലയാളം, ഇംഗ്ളീഷ്, ബംഗാളി, തമിഴ് ഭാഷകളില്‍ കേരളത്തിന്റെ ആവശ്യങ്ങളുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ എംപിമാര്‍ മുഴക്കി. ബസുദേവ് ആചാര്യ, പി കരുണാകരന്‍, ഗുരുദാസ് ദാസ് ഗുപ്ത, സി കെ ചന്ദ്രപ്പന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. സഭയിലും കേരളത്തിന്റെ റേഷന്‍ പ്രശ്നം അംഗങ്ങള്‍ ഉന്നയിച്ചു.

