യുവാവിനെ പൊലീസ് തല്ലിക്കൊന്നു
മരങ്ങാട്ടുപിള്ളി(കോട്ടയം) > ലോക്കപ്പിലും പുറത്തും പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി 11ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. പൊലീസിന്റെ മൂന്നാംമുറയില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ പി വി സിബി(40)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ വിശ്വംഭരന്‍-ലീല ദമ്പതികളുടെ ഏകമകനാണ് സിബി.
പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കാരണം പറഞ്ഞ് ജൂണ്‍ 29നാണ് മരങ്ങാട്ടുപിള്ളി എസ്ഐ കെ എ ജോര്‍ജ്ജുകുട്ടിയുടെ നേതൃത്വത്തില്‍ സിബിയെ കസ്റ്റഡിയിലെടുത്തത്. പിറ്റേദിവസം ബോധമില്ലാതെ ആശുപത്രിയിലെത്തിച്ച സിബിയെ വെന്റിലേറ്ററിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെ 11 ദിവസം ജീവന്‍ നിലനിര്‍ത്തിയെങ്കിലും ശനിയാഴ്ച പകല്‍1.30ന് സിബി മരണത്തിന് കീഴടങ്ങി.
പട്ടികജാതി വിഭാഗത്തില്‍പെട്ട സിബിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ തുടങ്ങിയ മര്‍ദ്ദനം ലോക്കപ്പിലും തുടര്‍ന്നു. അടിയുടെ ആഘാതത്തില്‍ സിബി ബോധരഹിതനായി. ലോക്കപ്പില്‍ വച്ചുതന്നെ തലച്ചോറില്‍ രക്തസ്രാവമുണ്ടായെന്ന് പിന്നീട് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മൃതദേഹം തിടുക്കത്തില്‍ ഇന്‍ക്വസ്റ്റ് നടത്താനുള്ള മരങ്ങാട്ടുപിള്ളി പൊലീസിന്റെ തിടുക്കത്തിലുള്ള ശ്രമം ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. എറണാകുളം റേഞ്ച് ഐജി എം ആര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ഇന്‍ക്വസ്റ്റ് തയാറാക്കി പ്രത്യേക മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോര്‍ട്ടം. തിങ്കളാഴ്ച വൈകിട്ടാണ് സംസ്കാരം. സിബി കോട്ടയം ജില്ലാ ഹെഡ്ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍(സിഐടിയു) അംഗവും തടിലോഡിങ് തൊഴിലാളിയുമാണ്. ഭാര്യ: പ്രിയ. മക്കള്‍: വിഷ്ണു, വിശാഖ്, വിസ്മയ് (മൂവരും വിദ്യാര്‍ഥികള്‍).
ലോക്കപ്പ് മര്‍ദ്ദനത്തിനെതിരെ സിപിഐ എം നേതൃത്വത്തില്‍ വന്‍പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് എറണാകുളം റേഞ്ച് ഐജി വെള്ളിയാഴ്ച വൈകിട്ട് എസ്ഐ ജോര്‍ജ്ജുകുട്ടിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, എസ്ഐ ക്കെതിരെ കേസെടുത്തിട്ടില്ല. സര്‍ക്കാര്‍ അനുകൂലസംഘടനയായ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോര്‍ജ്കുട്ടി. ലോക്കപ്പ് മര്‍ദ്ദനമല്ലെന്ന വാദമാണ് ആഭ്യന്തരവകുപ്പ് ഉയര്‍ത്തുന്നത്. സമീപവാസിയായ പതിനാറുകാരനുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സിബിക്ക് പരിക്കേറ്റതെന്നാണ് പൊലീസ് വാദം. ഈ വാദമുന്നയിച്ച് കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. പതിനാറുകാരനെതിരെ ശനിയാഴ്ച പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു.
അച്ഛനമ്മമാരെക്കൊണ്ട് പൊലീസ് വിസര്‍ജ്യം കോരിച്ചു
കോട്ടയം > മകനെ പൊലീസ് പിടിച്ചുകൊണ്ടു പോയതറിഞ്ഞ് സ്റ്റേഷനിലെത്തിയ വൃദ്ധരായ അഛനമ്മമാരെ കൊണ്ട് മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ വിസര്‍ജ്യം കോരിച്ചു. സിബിയെ മരങ്ങാട്ടുപിള്ളി ഗവണ്‍മെന്റ് ആശുപത്രിക്കു സമീപത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതറിഞ്ഞ് വിശ്വംഭരനും ലീലയും രാത്രി എട്ടോടെ സ്റ്റേഷനിലെത്തി. മകനെ അന്വേഷിച്ചപ്പോള്‍ ഒരു എഎസ്ഐ ഇവരെ സ്റ്റേഷന്റെ പിന്നിലേക്ക് കൊണ്ടുപോയി. അവിടെ മഴയത്ത് നഗ്നനായി സിബി കിടക്കുകയായിരുന്നു. ഇതുകണ്ട് ഇവര്‍ നിലവിളിച്ചപ്പോള്‍ രണ്ടു പൊലീസുകാര്‍ സിബിയെ വലിച്ചിഴച്ച് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുവന്നിട്ടു.
കോട്ടയം > മകനെ പൊലീസ് പിടിച്ചുകൊണ്ടു പോയതറിഞ്ഞ് സ്റ്റേഷനിലെത്തിയ വൃദ്ധരായ അഛനമ്മമാരെ കൊണ്ട് മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ വിസര്‍ജ്യം കോരിച്ചു. സിബിയെ മരങ്ങാട്ടുപിള്ളി ഗവണ്‍മെന്റ് ആശുപത്രിക്കു സമീപത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതറിഞ്ഞ് വിശ്വംഭരനും ലീലയും രാത്രി എട്ടോടെ സ്റ്റേഷനിലെത്തി. മകനെ അന്വേഷിച്ചപ്പോള്‍ ഒരു എഎസ്ഐ ഇവരെ സ്റ്റേഷന്റെ പിന്നിലേക്ക് കൊണ്ടുപോയി. അവിടെ മഴയത്ത് നഗ്നനായി സിബി കിടക്കുകയായിരുന്നു. ഇതുകണ്ട് ഇവര്‍ നിലവിളിച്ചപ്പോള്‍ രണ്ടു പൊലീസുകാര്‍ സിബിയെ വലിച്ചിഴച്ച് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുവന്നിട്ടു.
പൊലീസ്മര്‍ദ്ദനത്തിനിടെ സിബി സ്റ്റേഷനുള്ളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയിരുന്നു. ഇത് കോരിമാറ്റണമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ഭയത്തോടെ മാതാപിതാക്കള്‍ കഴുകി വൃത്തിയാക്കി. പുലര്‍ച്ചെ 12.30 വരെ എസ്ഐ ജോര്‍ജുകുട്ടിയോട് ഇവര്‍ കേണപേക്ഷിച്ചിട്ടും സിബിയെ വിട്ടയച്ചില്ല. അതോടെ രാത്രി വൈകി ഇവര്‍ വീട്ടിലേക്ക് മടങ്ങി. സിബിയെ വൈദ്യപരിശോധന നടത്താനും പൊലീസ് കൂട്ടാക്കിയില്ല. ചൊവ്വാഴ്ച രാവിലെ എട്ടോടെ സിബിക്ക് സുഖമില്ലെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് തന്നെ വീട്ടുകാരെ സമീപിച്ചു. സിബിയുടെ സഹപ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് ജീപ്പിന് പിന്നില്‍ സിബി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഇവരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ അടിയന്തരശസ്ത്രക്രിയയക്കു വിധേയനാക്കി. പൊലീസ് ലോക്കപ്പിലേറ്റ ക്രൂരമര്‍ദ്ദനമാണ് മകന്റെ ജീവന്‍ അപകടത്തിലാക്കിയതെന്നു കാണിച്ച് അന്നുതന്നെ മാതാപിതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
കോട്ടയം ജില്ലയില്‍നാളെ ഹര്‍ത്താല്‍ കോട്ടയം > ലോക്കപ്പില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ തിങ്കളാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താലാചരിക്കും. രാവിലെ ആറ്മുതല്‍ വൈകിട്ട് ആറ്വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പത്രം, പാല്‍, വിവാഹം, മരണം എന്നിവയെ ഒഴിവാക്കി. ഹര്‍ത്താല്‍ വന്‍ വിജയമാക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
No comments:
Post a Comment