Thursday, August 23, 2012

നിയമസഭയ്ക്ക് 125


നിയമസഭയ്ക്ക് 125

കേരളത്തിലെ നിയമ(നിര്‍മാണ)സഭയ്ക്ക് 125 വര്‍ഷം തികയുന്നു. ജനാധിപത്യത്തിന്റെ ഈറ്റില്ലങ്ങളായി അറിയപ്പെടുന്ന പാശ്ചാത്യനാടുകളില്‍ പോലും ഇത്രയും പാരമ്പര്യം അവകാശപ്പെടാവുന്ന നിയമസഭകള്‍ അധികമൊന്നും ഉണ്ടാകില്ല. കേരളത്തിലെ നിയമനിര്‍മാണ സഭകള്‍ മൂന്ന് സമാന്തരമേഖലകളിലാണ് വളര്‍ച്ച പ്രാപിച്ചത്; തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളില്‍. തിരുവിതാംകൂറും കൊച്ചിയും രാജഭരണത്തിലായിരുന്നെങ്കില്‍ മലബാര്‍, മദ്രാശ് പ്രവിശ്യയുടെ ഭാഗമായിരുന്നു. 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനമാകും വരെ അവിടങ്ങളില്‍ ഓരോ തരത്തിലുള്ള പരിഷ്കാരങ്ങളും ജനാധിപത്യ പരീക്ഷണങ്ങളും നടന്നുവന്നിരുന്നു എന്നത് അഭിമാനാര്‍ഹമായ ചരിത്രമാണ്. സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അനീതികള്‍ക്കും എതിരായുള്ള ശ്രീനാരായണ ഗുരുവിന്റെ മുന്നേറ്റങ്ങള്‍ ആരംഭിച്ച അതേ സമയത്തുതന്നെയാണ് തിരുവിതാംകൂറിലെ നിയമനിര്‍മാണ സഭയുടെ ആദ്യ തുടിപ്പുകള്‍ ഉണ്ടായതെന്നത് യാദൃച്ഛികമായിരിക്കാം. ജനങ്ങളുടെ അധഃസ്ഥിതാവസ്ഥകള്‍ പരിഹരിക്കുക എന്നതാണല്ലോ ഭരണവ്യവസ്ഥിതികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിയമസഭയില്‍ പ്രകടിപ്പിക്കാന്‍ അവരുടെതന്നെ പ്രതിനിധികള്‍ എത്തുന്നു. ജനാഭിലാഷത്തിനുസരിച്ച് ഭരണത്തില്‍ മാറ്റങ്ങള്‍ വരുന്നു. ജനന്മയ്ക്കുള്ള പുതിയ നിയമങ്ങള്‍ നിര്‍മിക്കപ്പെടുന്നു. പുതിയ മാറ്റങ്ങളായിരുന്നുഇത്തരം സംവിധാനങ്ങളിലൂടെ വന്നത്. 1888 ആഗസ്ത് 23നാണ് തിരുവിതാംകൂര്‍ കൗണ്‍സിലിന്റെ ആദ്യത്തെ സമ്മേളനം നടന്നത് അന്നത്തെ രാജാവ് ശ്രീമൂലം തിരുനാള്‍ രാമവര്‍മയാണ് ഇതിനുള്ള നിയമം നടപ്പാക്കിയത്. എട്ട് അംഗങ്ങളായിരുന്നു കൗണ്‍സിലിലുണ്ടായിരുന്നത്. എല്ലാവരെയും രാജാവ് തന്നെ നാമനിര്‍ദേശം ചെയ്തു. ദിവാന്‍ ശങ്കര സുബയ്യരുടെ അധ്യക്ഷതയിലായിരുന്നു ആദ്യയോഗം. ആരംഭകാലത്ത് കൗണ്‍സിലിന് വലിയ അധികാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. നിയമങ്ങളും ചട്ടങ്ങളും തയ്യാറാക്കി രാജാവിന്റെ അനുമതിക്ക് സമര്‍പ്പിക്കുക മാത്രമായിരുന്നു ചുമതല. അതിന്റെ നടത്തിപ്പിനെ പറ്റി അന്വേഷിക്കാനുള്ള അവകാശവും ഉണ്ടായിരുന്നില്ല. 1898ലെ പുതിയ ഉത്തരവനുസരിച്ച് കൗണ്‍സിലിന്റെ അംഗസംഖ്യ 15 ആയി ഉയര്‍ത്തി. അംഗങ്ങളുടെ ചുമതലകള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും ഈ ഉത്തരവ് വഴി നടപ്പാക്കി. 1904ലെ ശ്രീമൂലം പ്രജാസഭയുടെ രൂപീകരണം നടന്നു. ജനാഭിലാഷമനുസരിച്ച് രൂപം കൊള്ളുന്നതാകണം സഭകള്‍ എന്ന രീതിയിലേക്കുള്ള ചെറിയ ചുവടുവയ്പായിരുന്നു ഇത്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപെട്ടില്ലെങ്കിലും, കുറെയേറെ ജനകീയപ്രശ്നങ്ങള്‍ അംഗങ്ങളിലൂടെ അധികൃതരുടെ ശ്രദ്ധയില്‍ വന്നു. 1904 ഒക്ടോബര്‍ 22ന് തിരുവന്തപുരം വിജെടി ഹാളിലാണ് ശ്രീമൂലം പ്രജാസഭയുടെ ആദ്യയോഗം ചേര്‍ന്നത്. അംഗങ്ങളുടെ കാലാവധി ഒരുവര്‍ഷമായിരുന്നു. 1930 ലായിരുന്നു സഭയ്ക്കുള്ളില്‍ പൂര്‍ണമായ അഭിപ്രായപ്രകടന സ്വാതന്ത്ര്യം ലഭിച്ചത്. കൊച്ചി രാജ്യത്തിലെ നിയമനിര്‍മാണസഭയുടെ തുടക്കം 1925ലാണ്. 45 അംഗങ്ങള്‍ അടങ്ങിയതായിരുന്നു കൗണ്‍സില്‍. 1938ല്‍ അമ്പാട്ട് ശിവരാമമേനോന്‍ ആദ്യത്തെ ജനകീയമന്ത്രിയായി. 1949 ജൂലൈ ഒന്നിന്തിരുവിതാംകൂര്‍-കൊച്ചി ലയനം നടന്നു. അപ്പോഴും മലബാര്‍, മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു. 1920 മുതല്‍ മദ്രാസ് നിയമസഭയില്‍ മലബാറിന്റെ പ്രതിനിധികള്‍ ഉണ്ടായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ സംയോജനത്തോടെ കേരള സംസ്ഥാനം രൂപീകൃതമായി. 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ മന്ത്രിസഭ അധികാരത്തില്‍വന്നു. തുടര്‍ന്ന് പതിമൂന്ന് മന്ത്രിസഭകള്‍ അധികാരത്തിലേറി. ഓരോ സഭയും ജനകീയമുന്നേറ്റങ്ങളുടെ കഥയാണ് പറയുന്നത്. അഭിമാനകരമായ അനേകം നേട്ടങ്ങള്‍ ഈ 125 വര്‍ഷത്തെ പ്രവര്‍ത്തനം മൂലം സംസ്ഥാനത്തിനുണ്ടായിട്ടുണ്ട്. ദൂരവ്യാപകഫലങ്ങള്‍ ഉണ്ടാക്കുന്ന അനേകം നിയമങ്ങള്‍ സഭയില്‍ പാസാക്കി. ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാണ് എപ്പോഴും സഭ ശ്രമിച്ചിട്ടുള്ളത്. ജനങ്ങളുടെ വികാരം പൂര്‍ണമായും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സഭാസമ്മേളനം സാക്ഷ്യം വഹിക്കുക. ഇനിയും അനേകം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നമുക്ക് കാത്തിരിക്കാം.

1 comment:

ജനശക്തി ന്യൂസ്‌ said...

നിയമസഭയ്ക്ക് 125