Monday, January 23, 2012

മാറാട്: പൊലീസ് തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാന്‍ - പിണറായി...


മാറാട്: പൊലീസ് തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാന്‍ - പിണറായി...



കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്കുപിന്നിലെ ഗൂഢാലോചനയും സാമ്പത്തിക-വിദേശ ഇടപെടലും അന്വേഷിച്ച പൊലീസ് സംഘത്തിന്റെ തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നാദാപുരം നരിക്കാട്ടേരിയില്‍ ബോംബ് ഉണ്ടാക്കുകയായിരുന്ന അഞ്ച് മുസ്ലിംലീഗുകാര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിച്ചതും ഇതേ ഉദ്യോഗസ്ഥന്റെ കീഴിലാണ്. രണ്ടന്വേഷണവും അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണ് സ്ഥലംമാറ്റം. കലാപത്തില്‍ പങ്കുവഹിച്ചവരെയും സഹായിച്ചവരെയും സംരക്ഷിക്കുന്ന നിലപാടിന് കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടി സര്‍ക്കാരും. സഖ്യകക്ഷിയായ ലീഗിന്റെ സമ്മര്‍ദത്തിനും ഇടപെടലിനും വഴങ്ങിയാണ് ഈ നടപടി. ഇത് സര്‍ക്കാര്‍ ഉടന്‍ തിരുത്തണം- പിണറായി വാര്‍ത്താലേഖകരോടു പറഞ്ഞു. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ സംശയങ്ങളും ആശങ്കയും ഉയരുകയുണ്ടായി. ഇതേപ്പറ്റി അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ വിദേശ-സാമ്പത്തിക ഇടപാടും തീവ്രവാദ ബന്ധവുമെല്ലാം കണ്ടെത്താന്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ , രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി ഇതംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ മികച്ച ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചത്. അത്തരമൊരു സംഘത്തെ ഇല്ലാതാക്കി അന്വേഷണം തകര്‍ക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്. ഒരു സമുദായത്തെ പ്രതിചേര്‍ക്കുംവിധം ഇ-മെയില്‍ ചോര്‍ത്താനുണ്ടായ ശ്രമത്തെപ്പറ്റി തുറന്നുപറയേണ്ടത് മുഖ്യമന്ത്രിയാണ്. ആഭ്യന്തരമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ അറിവും അനുമതിയുമില്ലാതെ ഒരുയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും ഇത്തരമൊരു നടപടി സ്വീകരിക്കില്ല. തീവ്രവാദപ്രവര്‍ത്തനം ലാഘവത്തോടെ കാണേണ്ടതല്ല. എന്തെങ്കിലും കേട്ടയുടന്‍ ഇ-മെയില്‍ പരിശോധിച്ചത് ശരിയല്ല. ഇതിന് പൊലീസിന് അനുമതി നല്‍കിയിരുന്നോ എന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കേണ്ടത്. ഒരു പ്രത്യേക സമുദായത്തെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്നത് വാര്‍ത്തയാക്കിയാല്‍ അത് മതസ്പര്‍ധയാകുമെന്ന ലീഗിന്റെ അഭിപ്രായം ശരിയല്ല. മതസ്പര്‍ധയുണ്ടാക്കുംവിധം കാര്യങ്ങള്‍ കൊണ്ടെത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്തമാണ് പ്രകടിപ്പിക്കേണ്ടത്. തീവ്രവാദപ്രവര്‍ത്തനം ഏതുവിഭാഗത്തിന്റെതായാലും അപലപനീയവും എതിര്‍ക്കപ്പെടേണ്ടതുമാണ്. സംസ്ഥാനത്ത് ഇത്തരം ശക്തികളുടെ പ്രവര്‍ത്തനം തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജാഗ്രതയോടെ, മാതൃകാപരമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ , തീവ്രവാദത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തെ പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. മലേഗാവ്, സംഝോത, മക്കാമസ്ജിദ് സ്ഫോടനങ്ങള്‍ ഹിന്ദുത്വശക്തികള്‍ സംഘടിപ്പിച്ചതാണ്. സംഘപരിവാറിനും ഇത്തരം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ജമാഅത്തെ ഇസ്ലാമിയുമായി സിപിഐ എമ്മിന് അടിസ്ഥാനപരമായി ഭിന്നതയുണ്ടെന്നും ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു.


No comments: