Saturday, June 25, 2011

പൊതുവിദ്യാഭ്യാസത്തിന്റെ രക്ഷയ്ക്ക് സമൂഹം ഇടപെടണം: പിണറായി

പൊതുവിദ്യാഭ്യാസത്തിന്റെ രക്ഷയ്ക്ക് സമൂഹം ഇടപെടണം: പിണറായി

തിരു: പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുംവിധം സിബിഎസ്ഇ- ഐസിഎസ്ഇ സ്കൂളുകള്‍ വ്യാപകമായി അനുവദിക്കുന്നതിനെതിരെ പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമായിരിക്കയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാഭ്യാസക്കൊള്ള അവസാനിപ്പിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് സെക്രട്ടറിയറ്റിന് മുന്നില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണഫലം അനുഭവിച്ചവരാണ് ഇന്നത്തെ തലമുറ. പാവപ്പെട്ടവര്‍ക്കും സൗജന്യ വിദ്യാഭ്യാസം ലഭിച്ചത് പൊതുവിദ്യാഭ്യാസം നിലനിന്നതുകൊണ്ടാണ്. പുതിയ അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഇപ്പോഴത്തെ ഫീസായിരിക്കില്ല ഭാവിയില്‍ . ഇതൊന്നും സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ചായക്കട തുടങ്ങാനുള്ള നടപടിക്രമംപോലും ആവശ്യമില്ലാതെ ആര്‍ക്കും സ്കൂള്‍ തുടങ്ങാമെന്ന നിലയാണ് യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. യുഡിഎഫ് ഭരണം വന്നപ്പോള്‍തന്നെ വിദ്യാഭ്യാസമേഖലയുടെ ഭാവി സംബന്ധിച്ച് ഭീതി ഉയര്‍ന്നിരുന്നു. അതു ശരിവയ്ക്കുന്ന നടപടികളാണ് പിന്നീട് പടിപടിയായി സര്‍ക്കാര്‍ സ്വീകരിച്ചത്. എല്‍ഡിഎഫ് ഭരണത്തിന്‍കീഴില്‍ പൊതുവിദ്യാഭ്യാസം വളരെയേറെ മെച്ചപ്പെട്ടിരുന്നു. അക്കാദമിക് നിലവാരമുയര്‍ത്താന്‍ കഴിഞ്ഞത് പരീക്ഷാഫലങ്ങളിലും പ്രതിഫലിച്ചു. എന്നാല്‍ , ഇപ്പോള്‍ സ്ഥിതി അതല്ല. അംഗീകാരമില്ലാതെ സ്കൂള്‍ തുടങ്ങുന്നത്തന്നെ തെറ്റായ കാര്യമാണ്. അങ്ങനെയുള്ള സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് വിദ്യാഭ്യാസക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കലാണ്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ , എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ സര്‍ക്കാരുമായി സഹകരിക്കാതെ മാറിനിന്നവരാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുകാര്‍ . അവര്‍ക്ക് ഇപ്പോള്‍ തോന്നിയതുപോലെ ആകാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായും പിണറായി ചൂണ്ടിക്കാട്ടി. സെക്രട്ടറിയറ്റിനുമുന്നിലെ സമരത്തില്‍ പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, ടി വി രാജേഷ് എംഎല്‍എ, കെ എസ് സുനില്‍കുമാര്‍ , ഐ ബി സതീഷ്, എസ് യു രാജീവ് എന്നിവര്‍ സംസാരിച്ചു.

No comments: