Thursday, June 16, 2011

1969 ജൂണ്‍ 16-ാം തീയതി ഇ എം എസ് സര്‍ക്കാര്‍ രൂപം നല്‍കിയ മലപ്പുറം ജില്ലക്കിന്ന് 42 -൦ം പിറന്നാള്‍...


1969 ജൂണ്‍ 16-ാം തീയതി ഇ എം എസ് സര്‍ക്കാര്‍ രൂപം നല്‍കിയ മലപ്പുറം ജില്ലക്കിന്ന് 42 -൦ം പിറന്നാള്‍...




മലപ്പുറം : ആഘോഷപ്പൊലിമകളില്ലാതെ ജില്ലക്ക് വ്യാഴാഴ്ച 42 വയസ്സ് തികയും. വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളൊന്നും അധികൃതര്‍ ആസൂത്രണം ചെയ്തിട്ടില്ല. 1969 ജൂണ്‍ 16-ാം തീയതി ഇ എം എസ് സര്‍ക്കാരാണ് മലപ്പുറം ജില്ലക്ക് രൂപം നല്‍കിയത്. നാല് പതിറ്റാണ്ടിനിടെ ഒട്ടേറെ മുന്നോട്ട് കുതിക്കാനായി. എങ്കിലും അര്‍ഹമായ വികസനം ജില്ലയിലെത്തിയില്ലെന്ന പരാതിയുമുണ്ട്. രാഷ്ട്രീയ മേധാവിത്തം നേടിയ മുസ്ലിംലീഗ് ജില്ലയെ മറന്നപ്പോള്‍ അരിഞ്ഞുവീഴ്ത്തപ്പെട്ടത് വികസന സ്വപ്നങ്ങളുടെ ചിറകുകളായിരുന്നു. ഇടതുപക്ഷം അധികാരത്തിലിരുന്ന നാളുകളിലാണ് ഇന്ന് ജില്ലയില്‍ കാണുന്ന പ്രധാനനേട്ടങ്ങള്‍ കൈവരിച്ചത്. കോഴിക്കോട് ജില്ലയുടെയും പാലക്കാട് ജില്ലയുടെയും അവികസിത പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് മലപ്പുറം ജില്ല രൂപീകരിച്ചത്. ജില്ലാ രൂപീകരണത്തിന്റെ ഘട്ടത്തില്‍ത്തന്നെ ഹിന്ദുത്വ തീവ്രവാദികള്‍ ഇത്തരത്തിലൊരു ജില്ല അനാവശ്യമെന്നാരോപിച്ച് രംഗത്തുവന്നു. മലപ്പുറം ജില്ലാ വിരുദ്ധ സമിതിയുണ്ടാക്കി കോണ്‍ഗ്രസും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇപ്പോള്‍ ജില്ലയെ പ്രതിനിധീകരിച്ച് മന്ത്രിസഭാംഗമായ ആര്യാടന്‍ മുഹമ്മദടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളായിരുന്നു ഇതിന്റെ മുന്‍നിരയില്‍ . ഇ എം എസ് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായാണ് അവര്‍ ജില്ലാ രുപീകരണത്തെ കണ്ടത്. മലപ്പുറം - പെരിന്തല്‍മണ്ണ റോഡില്‍ എംഎസ്പി ക്യാമ്പിനോട് ചേര്‍ന്നുള്ള ഒരു ചെറിയ കെട്ടിടത്തിലായിരുന്നു ജില്ലയുടെ ഭരണ സിരാകേന്ദ്രം പ്രവര്‍ത്തിച്ചത്. ജില്ല പിറന്നെന്ന് വിളിച്ചോതി കലക്ടറേറ്റില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നപ്പോള്‍ ഹിന്ദുത്വവാദികളും അവര്‍ക്കരുനിന്ന കോണ്‍ഗ്രസ് നേതൃത്വവും ജില്ലാ രൂപീകരണത്തിനെതിരെ റോഡുപരോധിക്കുന്ന തിരക്കിലായിരുന്നു. പാകിസ്ഥാന്റെ കേരളീയ രൂപമുണ്ടാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നുവെന്നാരോപിച്ച് സമരമാമാങ്കം നടത്തിയവരോട് ഐക്യപ്പെടുകയായിരുന്നു മുസ്ലിംലീഗ് എന്നത് ചരിത്രത്താളുകളില്‍ ഒളിപ്പിച്ചു വയ്ക്കാന്‍ സാധിക്കാത്ത സത്യമാണ്. വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം എന്നീ രംഗങ്ങളിലാണ് ജില്ല ഏറെ പിന്നോക്കം പോയത്. ഈ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ക്രിയാത്മകമായ ശ്രമം നടന്നത് ഇടതുപക്ഷം അധികാരത്തില്‍വന്ന ഘട്ടത്തില്‍ മാത്രമാണ്. അതിന്റെ ഫലമായാണ് കോഴിക്കോട് സര്‍വകലാശാലയും കരിപ്പൂര്‍ വിമാനത്താവളവും അലിഗഡ് യൂണിവേഴ്സിറ്റി സെന്ററുമെല്ലാം ജില്ലക്ക് സ്വന്തമാക്കാനായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത വികസനമാണ് ജില്ലയില്‍ നടന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവുമധികം നേട്ടമുണ്ടായത്. അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സര്‍ക്കാര്‍ സ്കൂളുകളില്‍പോലും വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞത് പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍കൊണ്ടാണ്. ചമ്രവട്ടം പദ്ധതിയും പൊന്നാനി മല്‍സ്യബന്ധന തുറമുഖവും എടുത്തുപറയേണ്ടതാണ്. എന്നാല്‍ മലപ്പുറം കരസ്ഥമാക്കിയ നേട്ടങ്ങളെയാകെ പുതിയ സര്‍ക്കാര്‍ തകിടം മറിക്കുമോയെന്ന ആശങ്കയാണ് ജില്ലയുടെ പുരോഗതി ആശിക്കുന്നവര്‍ പങ്കുവയ്ക്കുന്നത്. അധികാരമേറ്റെടുത്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പൊതുവിദ്യാഭ്യാസ മേഖലയെയാകെ തകര്‍ക്കുന്ന നയം ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

No comments: