Tuesday, January 25, 2011

ജനപ്രിയ നേതാവ്

ജനപ്രിയ നേതാവ്


ജ്യോതിബസു മരിച്ചിട്ട് ഒരു വര്‍ഷമായി. ഇന്ത്യയിലെ കമ്യൂണിസ്റ് പ്രസ്ഥാനവും ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങളും എന്നും ഓര്‍മിക്കുന്ന സമുന്നത നേതാക്കളില്‍ മുന്‍നിരക്കാരനായിരുന്നു ജ്യോതിബസു. മാര്‍ക്സിസം-ലെനിനിസത്തിലുള്ള അഗാധമായ അറിവ്, അത് പ്രയോഗിക്കാനുള്ള അനുപമമായ പാടവം, തികഞ്ഞ ജനാധിപത്യ സമീപനം, മതനിരപേക്ഷ വീക്ഷണം, തീക്ഷ്ണമായ സാമാന്യബുദ്ധി, ലളിതവും സുതാര്യവുമായ ജീവിതം, ജനങ്ങളോട് അടുത്തിടപെടാനും വിശ്വാസമാര്‍ജിക്കാനുമുള്ള അസാധാരണമായ കഴിവ് എന്നിവയെല്ലാമാണ് ജ്യോതിബസുവിനെ ജനപ്രിയ നേതാവായി ഉയര്‍ത്തിയത്. മാതൃകാ കമ്യൂണിസ്റ്, തൊഴിലാളി വര്‍ഗ നേതാവ്, സ്വാതന്ത്യ്ര സമരപോരാളി, ഉജ്വലനായ പാര്‍ലമെണ്ടേറിയന്‍, സമര്‍ഥനായ ഭരണാധികാരി എന്നിങ്ങനെ അദ്ദേഹത്തെ പല നിലയിലും വിശേഷിപ്പിക്കാനാവും.

സങ്കീര്‍ണ്ണമായ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ സ്വഭാവവും പ്രത്യേകതകളും നിര്‍ണ്ണയിച്ച് തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്റെ നിലപാട് സ്വീകരിക്കുന്നതില്‍ ജ്യോതിബസുവിന് അസാമാന്യമായ പാടവം ഉണ്ടായിരുന്നു. കരുത്താര്‍ന്ന സാമാന്യബുദ്ധിയും മൂര്‍ച്ചയേറിയ യുക്തിബോധവും ജ്യോതിബസുവിന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഭാഷ തികച്ചും ലളിതമായിരുന്നു. പൊടിപ്പും തൊങ്ങലുമില്ലാതെ യുക്തിഭദ്രമായി കാര്യങ്ങള്‍ നേരെ അവതരിപ്പിക്കുന്ന ജ്യോതിബസുവിന്റെ സംസാരരീതി അദ്ദേഹം ആഗ്രഹിച്ച സന്ദേശം അതേ അളവില്‍ ജനങ്ങളിലെത്തിക്കാന്‍ ഉപകരിച്ചിരുന്നു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ സോഷ്യലിസത്തിനേറ്റ തിരിച്ചടിയും പല കമ്യൂണിസ്റ് പാര്‍ടികളെയും കമ്യൂണിസ്റ് നേതാക്കന്മാരെയും അമ്പരപ്പിച്ച സംഭവങ്ങളാണ്. മാര്‍ക്സിസ്റ് ആശയങ്ങളുടെ സഹജമായ ഏതെങ്കിലും പിശകല്ല അതിന് കാരണമെന്നും മറിച്ച് മാര്‍ക്സിസം പ്രയോഗിക്കുന്നതില്‍ ഉണ്ടായ തെറ്റുകള്‍ ഒരുമിച്ച് ചേര്‍ന്ന് ഉണ്ടായതാണ് തിരിച്ചടിയെന്നും ഉള്ള കമ്യൂണിസ്റ് മാര്‍ക്സിസ്റ് പാര്‍ടിയുടെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ ജ്യോതിബസുവിന്റെ പങ്ക് വളരെ വലുതാണ്. പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും മുന്നില്‍ ഒരിക്കലും അദ്ദേഹം പതറിയിട്ടില്ല. ശരിയായ മാര്‍ക്സിസ്റ് സമീപനം സ്വീകരിച്ച് അവയെ നേരിടാനാണദ്ദേഹം ശ്രമിച്ചിട്ടുള്ളത്. ശ്രദ്ധാ പൂര്‍വമാണ് തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തിയിട്ടുള്ളത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ക്ഷമാപൂര്‍വം വിശകലനം ചെയ്യും. അവസാനം വ്യക്തമായ തീരുമാനത്തിലെത്തിച്ചേരും. പാര്‍ടിക്കുള്ളില്‍ നടക്കുന്ന കൂട്ടായ ചര്‍ച്ചകളിലൂടെയാണ് പാര്‍ടി ഓരോ വിഷയത്തെ സംബന്ധിച്ചും തീരുമാനത്തിലെത്തുന്നത്. പാര്‍ടിക്കുള്ളിലെ യോജിപ്പാണ് പാര്‍ടിയുടെ ഏറ്റവും വലിയ കരുത്തെന്ന് അദ്ദേഹം എപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും എന്തുതന്നെ ആയാലും അവയെല്ലാം പാര്‍ടിയുടെ കൂട്ടായ ധാരണകള്‍ക്ക് കീഴ്പ്പെടുത്തും. പാര്‍ടി എത്തിച്ചേര്‍ന്ന പൊതു ധാരണകളാണ് അദ്ദേഹം എപ്പോഴും ഉയര്‍ത്തിക്കാട്ടിയിരുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 1996ല്‍ ഉണ്ടായത്. മറ്റ് ഇടത് കക്ഷികളും ജനാധിപത്യകക്ഷികളും ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് ജ്യോതിബസുവിന്റെ പേര്‍ നിര്‍ദേശിച്ചു. പാര്‍ടി പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഈ വിഷയം ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസിന്റെയും മറ്റ് ബൂര്‍ഷ്വാ-ഭൂപ്രഭുകക്ഷികളുടെയും തടങ്കലിലുള്ള ഒരു ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രിസ്ഥാനം പാര്‍ടിയുടെ തനിമയും സമീപനങ്ങളും ഉയര്‍ത്തി കാട്ടുന്നതിനും വ്യാപനത്തിനും തടസം സൃഷ്ടിക്കുമെന്ന് ഭൂരിപക്ഷാഭിപ്രായമനുസരിച്ച് പാര്‍ടി നിഗമനത്തിലെത്തി. തന്റെ അഭിപ്രായം ഭൂരിപക്ഷ അഭിപ്രായത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നെങ്കിലും യാതൊരു മടിയുമില്ലാതെ പാര്‍ടിയുടെ നിശ്ചയം അംഗീകരിക്കാനും നടപ്പാക്കാനും ജ്യോതിബസു തയ്യാറായി. കമ്യൂണിസ്റ് പാര്‍ടി അംഗങ്ങള്‍ പുലര്‍ത്തേണ്ട അച്ചടക്കം എത്രകണ്ട് പ്രധാനമാണെന്ന് എടുത്ത് കാട്ടുന്ന സംഭവമായിരുന്നു അത്.

മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജ്യോതിബസു എപ്പോഴും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഇന്നത്തെ ബംഗ്ളാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ജനിച്ച ജ്യോതിബസുവിന് വര്‍ഗീയത വളര്‍ത്തുന്ന വലിയ ആപത്തുകളെപ്പറ്റി സുവ്യക്തമായ ധാരണകളാണ് ഉണ്ടായിരുന്നത്. സ്വാതന്ത്യ്രപ്രാപ്തിയുടെ കാലത്ത് ബംഗാളില്‍ നടന്ന ഭീകരമായ വര്‍ഗീയ കലാപങ്ങള്‍ അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ജ്യോതിബസു മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെ കിരാത നടപടിയായിട്ടാണ് ജ്യോതിബസു വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984ല്‍ നടന്ന സിക്ക് വിരുദ്ധ കലാപം ബംഗാളിനുള്ളിലേക്ക് കടന്നുവരാന്‍ ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള ഭരണം സമ്മതിച്ചില്ല. ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ ഹിന്ദു മുസ്ളീം വര്‍ഗീയ കലാപവും ബംഗാളില്‍ സംഭവിച്ചില്ല. ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ് മാര്‍ക്സിസ്റ് പാര്‍ടിയും ഇടതുകക്ഷികളും സ്വീകരിച്ച ഇടപെടലുകളും നിലപാടുകളുമാണ് ഇതിന് കളമൊരുക്കിയത്. വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ബിജെപിയെ കേന്ദ്രഭരണത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താന്‍ ഐക്യമുന്നണി അടവുകള്‍ രൂപപ്പെടുത്തുന്നതിനു ജ്യോതിബസു സമര്‍ത്ഥമായ നേതൃത്വം നല്‍കി.

ഇംഗ്ളണ്ടിലെ ഏറ്റവും ഉയര്‍ന്ന നിയമബിരുദമായ "ബാര്‍ അറ്റ് ലോ'' നേടി ജ്യോതിബസു ഇന്ത്യയിലെത്തുന്നത് 1940ല്‍ ആയിരുന്നു. മറ്റ് പലരും ധനസമ്പാദനത്തിനുപകരിക്കുന്ന അഭിഭാഷക വൃത്തിയില്‍ മുഴുകിയപ്പോള്‍ അദ്ദേഹം അതിന് തയ്യാറായില്ല. ഇംഗ്ളണ്ടില്‍വെച്ച് മാര്‍ക്സിസ്റ് ആശയങ്ങളുമായി പരിചയപ്പെട്ട അദ്ദേഹം ഒരു കമ്യൂണിസ്റ് പാര്‍ടി അംഗമായി മാറിയിരുന്നു.

ഇന്ത്യയിലെത്തിയതിന് ശേഷമുള്ള ഏഴ് പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ ജീവിതമാകെ കമ്യൂണിസ്റ് പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സമര്‍പ്പിക്കുകയാണ് ചെയ്തത്. ബ്രിട്ടീഷ് ഭരണവും സ്വാതന്ത്യ്രത്തിന് ശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റുകളും അദ്ദേഹത്തെ പലതവണ ജയിലിലടച്ചു. മൂന്നരകൊല്ലം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നു. അതിന് പുറമെ രണ്ട് കൊല്ലത്തെ ഒളിവ് ജീവിതം നയിക്കാനും ജ്യോതിബസു നിര്‍ബന്ധിതനായി.

പാര്‍ലമെണ്ടറി സ്ഥാപനങ്ങളെ ജനങ്ങളുടെ പ്രസ്ഥാനങ്ങള്‍ വളര്‍ത്താനും ജനങ്ങളുടെ പുരോഗതിക്കും വേണ്ടി എങ്ങനെ ഉപയോഗിക്കണമെന്ന കമ്യൂണിസ്റ് കാഴ്ചപ്പാട് വളര്‍ത്തികൊണ്ട് വരുന്നതിലും ജ്യോതിബസുവിന്റെ സംഭാവന വളരെ വലുതായിരുന്നു. 1946ല്‍ ആണ് അദ്ദേഹം ആദ്യമായി എംഎല്‍എ ആയത്. അന്ന് അദ്ദേഹത്തെ അവിഭക്ത ബംഗാള്‍ പ്രൊവിന്‍ഷ്യല്‍ അസംബ്ളിയിലേക്ക് അംഗമായി തെരഞ്ഞെടുത്തു. അന്ന് മുതല്‍ 2000ത്തില്‍ പാര്‍ലമെണ്ടറി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട വാങ്ങുന്നതുവരെ, 1972-77 കാലത്തെ തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ രൂപീകരിച്ച അസംബ്ളിയുടെ കാലമൊഴിച്ച്, ജ്യോതിബസു എംഎല്‍എയായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 1972ല്‍ ബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പ് അട്ടിമറി 1976ലെ അടിയന്തരാവസ്ഥയെന്ന പോലെ ഇന്ത്യയിലെ ജനാധിപത്യസമ്പ്രദായത്തെ കോണ്‍ഗ്രസ് കടന്നാക്രമിച്ച സംഭവമാണ്. 1957മുതല്‍ 1967 വരെ ജ്യോതിബസു ബംഗാള്‍ അസംബ്ളിയിലെ പ്രതിപക്ഷ നേതാവായിരുന്നു. 1977ലാണ് അദ്ദേഹം പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. അനാരോഗ്യം കാരണം സ്വമേധയാ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ 2000 വരെ ജ്യോതിബസു പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയായി തുടര്‍ന്നു. ഇന്ത്യാ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇത്രയും കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നിട്ടില്ല.

ഭൂപരിഷ്കാര നടപടികള്‍ ബംഗാളില്‍ നടപ്പാക്കിയതാണ് ജ്യോതിബസുവിന്റെ ഭരണകാലത്തെ ഏറ്റവും വലിയ ഭരണനേട്ടം. ഭരണഘടനയുടെ പരിമിതിക്കകത്തുനിന്ന് കൊണ്ടുള്ള ഭൂപരിഷ്കാര നടപടികള്‍ കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ബംഗാളിലെ ഉജ്ജ്വല കര്‍ഷകസമരമായ തേഭാഗ സമരത്തിന്റെ പാരമ്പര്യം സിരകളില്‍ ത്രസിച്ച ജ്യോതിബസു ഭൂപരിഷ്കാര നടപടികള്‍ക്ക് നേതൃത്വം നല്‍കിയത് സ്വാഭാവികം മാത്രമാണ്. ലക്ഷക്കണക്കിന് വെറും പാട്ടക്കാരായ ബര്‍ഗദാര്‍മാര്‍ക്കും ഭൂരഹിതര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ഭൂമിയും അവകാശങ്ങളും നേടാന്‍ കഴിഞ്ഞു. ബംഗാളിന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തില്‍ ഭൂപരിഷ്കാര നടപടികള്‍ വിപ്ളവകരമായ മാറ്റംവരുത്തി.

ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ബംഗാളിലെ ഇടത് ഗവണ്‍മെന്റ് അധികാരം വികേന്ദ്രീകരിക്കാന്‍ ധീരമായ നപടികള്‍ സ്വീകരിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നിര്‍വഹണവും മാത്രമല്ല, ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിനുള്ള അവകാശവും ജനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കി. ഭൂപരിഷ്കാര നടപടികളും അധികാരവികേന്ദ്രീകരണവും കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റം കൈവരിക്കുന്നതിന് അവസരം ഒരുക്കി.

ഭരണഘടനാപരമായ വ്യവസ്ഥകളുടെയും കേന്ദ്രഗവണ്‍മെന്റ് എടുത്തുവരുന്ന നടപടികളുടെയും അടിസ്ഥാനത്തില്‍ ഭരണാധികാരവും ധനവും കേന്ദ്രഗവണ്‍മെന്റില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഈ അവസ്ഥ ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സംസ്ഥാന ഗവണ്‍മെന്റുകളുടെ പരിശ്രമങ്ങളെ തടസപ്പെടുത്തുന്നു. യഥാര്‍ത്ഥത്തിലുള്ള ഫെഡറല്‍ സംവിധാനമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ധനവും അധികാരവും നല്‍കത്തക്ക നിലയില്‍ ഭരണഘടനാ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാന ഗവണ്‍മെന്റുകളെയും രാഷ്ട്രീയ കക്ഷികളെയും അണിനിരത്തുന്നതിലും ജ്യോതിബസു നേതൃത്വപരമായ പങ്കുവഹിച്ചു.

സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള പാര്‍ടിയുടെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിലും ജ്യോതിബസുവിന് സുപ്രധാനമായ സ്ഥാനമാണുള്ളത്. കമ്യൂണിസ്റ് പാര്‍ടിയോ ഇടത് ജനാധിപത്യകക്ഷിയോ നയിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക - രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാനപരമായ പരിഹാരം കാണാനാവില്ല. എന്നിരുന്നാലും ഇത്തരം ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള എല്ലാ അവസരവും പാര്‍ടി പ്രയോജനപ്പെടുത്തണം. ബൂര്‍ഷ്വാ- ഭൂപ്രഭു ഗവണ്‍മെന്റുകളുടെ നയങ്ങള്‍ക്ക് ബദലായ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇത്തരം ഗവണ്‍മെന്റുകള്‍ക്കാവും. കുറെ മേഖലകളിലെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുമാകും. ഇത്തരം ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനം വഴി ജനാധിപത്യ പുരോഗമന ശക്തികളുടെ ആത്മവിശ്വാസവും ഉത്സാഹവും ഉത്തേജിപ്പിക്കാനുമാവും. ഇവയെല്ലാം രാജ്യത്തിന്റെ സാമ്പത്തിക- രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാനപരമായ മാറ്റം വരുത്താനുള്ള പുരോഗമന ജനാധിപത്യശക്തികളെ അണിനിരത്തുന്ന പാര്‍ടിയുടെ പരിശ്രമങ്ങളെയും കെല്‍പിനെയും വളര്‍ത്തും.

പാര്‍ടിക്കുള്ളിലെ ഐക്യത്തിനും പാര്‍ടിയും ഇടത് ജനാധിപത്യകക്ഷികളും തമ്മിലുള്ള ഐക്യത്തിനും ജ്യോതിബസു വലിയ പ്രാധാന്യം നല്‍കിയിരുന്നു. വ്യക്തമായ ലക്ഷ്യബോധത്തോടെ ഗവണ്‍മെന്റിനെ പ്രവര്‍ത്തിപ്പിക്കാനും കൂട്ടായ്മ ശക്തിപ്പെടുത്താനും ജ്യോതിബസു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജ്യോതിബസുവിന്റെ ഈ കഴിവുകളെ മറ്റ് കക്ഷികളും അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജ്യോതിബസുവിന്റെ പേര് 1996ല്‍ നിര്‍ദ്ദേശിക്കാന്‍ അവര്‍ തയ്യാറായത് അതുകൊണ്ടാണ്.

മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാട് ഉയര്‍ത്തി പിടിക്കുന്നതിലും പ്രയോഗിക്കുന്നതിലും കമ്യൂണിസ്റ് അച്ചടക്കം പാലിക്കുന്നതിലും അദ്ദേഹം കാട്ടിയ പ്രതിബദ്ധത എല്ലാ കമ്യൂണിസ്റുകാരും പിന്‍തുടരേണ്ട ഉജ്ജ്വലമായ മാതൃകയാണ്.എസ് രാമചന്ദ്രന്‍പിള്ള

1 comment:

ജനശക്തി ന്യൂസ്‌ said...

ജനപ്രിയ നേതാവ്


ജ്യോതിബസു മരിച്ചിട്ട് ഒരു വര്‍ഷമായി. ഇന്ത്യയിലെ കമ്യൂണിസ്റ് പ്രസ്ഥാനവും ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങളും എന്നും ഓര്‍മിക്കുന്ന സമുന്നത നേതാക്കളില്‍ മുന്‍നിരക്കാരനായിരുന്നു ജ്യോതിബസു. മാര്‍ക്സിസം-ലെനിനിസത്തിലുള്ള അഗാധമായ അറിവ്, അത് പ്രയോഗിക്കാനുള്ള അനുപമമായ പാടവം, തികഞ്ഞ ജനാധിപത്യ സമീപനം, മതനിരപേക്ഷ വീക്ഷണം, തീക്ഷ്ണമായ സാമാന്യബുദ്ധി, ലളിതവും സുതാര്യവുമായ ജീവിതം, ജനങ്ങളോട് അടുത്തിടപെടാനും വിശ്വാസമാര്‍ജിക്കാനുമുള്ള അസാധാരണമായ കഴിവ് എന്നിവയെല്ലാമാണ് ജ്യോതിബസുവിനെ ജനപ്രിയ നേതാവായി ഉയര്‍ത്തിയത്. മാതൃകാ കമ്യൂണിസ്റ്, തൊഴിലാളി വര്‍ഗ നേതാവ്, സ്വാതന്ത്യ്ര സമരപോരാളി, ഉജ്വലനായ പാര്‍ലമെണ്ടേറിയന്‍, സമര്‍ഥനായ ഭരണാധികാരി എന്നിങ്ങനെ അദ്ദേഹത്തെ പല നിലയിലും വിശേഷിപ്പിക്കാനാവും