എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു സമഗ്ര പാക്കെജിനു ധാരണയായി.
.
തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു സമഗ്ര പാക്കെജിനു ധാരണയായി. ചികിത്സ, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുള്ള പാക്കെജിനാണു പദ്ധതി. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
ദുരിതബാധിതര്‍ക്കു നല്‍കി വരുന്ന സഹായധനം വര്‍ധിപ്പിക്കും. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കു രണ്ടു രൂപ നിരക്കില്‍ അരിനല്‍കും. കടങ്ങള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിക്കും. പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ സെക്രട്ടേറിയറ്റില്‍ മോണിറ്ററിങ് സെല്‍ രൂപീകരിക്കും. വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ നടപടികള്‍ കൈക്കൊള്ളും.
രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിനു കൂടുതല്‍ വാഹനങ്ങള്‍ നല്‍കും. തൊഴിലെടുക്കാനാകാത്ത ദുരിത ബാധിതര്‍ക്കു പെന്‍ഷന്‍ നല്‍കും. ജില്ലാ ഭരണകൂടവും പഞ്ചായത്തുകളും നടത്തിയ സര്‍വെകളുടെ അടിസ്ഥാനത്തില്‍ പാക്കെജ് കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. 2000 പേര്‍ക്കാണ് ഇപ്പോള്‍ സേവനം ലഭിക്കുന്നത്. ഇതു വര്‍ധിപ്പിക്കും.
സര്‍ക്കാര്‍ നിയന്ത്രിത ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചു.
മൊബൈല്‍ ക്ലിനിക്കുകളുടെ സേവനം കൂടുതല്‍ പ്രദേശങ്ങളില്‍ വ്യാപിപ്പിക്കും. കൂടുതല്‍ മരുന്നുകള്‍ ലഭ്യമാക്കുക, 24 മണിക്കൂറും ഡോക്റ്റര്‍മാരുടെ സേവനം ഉറപ്പു വരുത്തുക എന്നീ കാര്യങ്ങള്‍ നടപ്പിലാക്കും.
സംസ്ഥാനത്തു നിരോധനം നിലനില്‍ക്കുമ്പോഴും എന്‍ഡോസള്‍ഫാന്‍റെ വില്‍പ്പനയും അന്യസംസ്ഥാനങ്ങളില്‍ നിന്നു കടത്തിക്കൊണ്ടുവരുന്നതും കര്‍ശനമായി നിരീക്ഷിക്കും.
എന്‍ഡോസള്‍ഫാന്‍ സംസ്ഥാനത്തു വിതച്ച ദുരിതം പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും ബോധ്യപ്പെടുത്താന്‍ സര്‍വകക്ഷിസംഘത്തെ അയയ്ക്കും.
ജനപ്രതിനിധികളും ജില്ലാ ഭരണകൂടത്തിലെ ഉന്നതരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇവരുടെയും ചീഫ് സെക്രട്ടറി ഉള്‍പ്പെടെ വകുപ്പു മേധാവികളുടെയും നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷമാകും പാക്കെജ് നടപ്പാക്കുകയെന്നും പ്രഖ്യാപനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു.
No comments:
Post a Comment