Thursday, July 08, 2010

സൈദ്ധാന്തിക ജാടക്കാരന്റെ പരിഹാസ്യമായ യുഡിഎഫ് സേവ

സൈദ്ധാന്തിക ജാടക്കാരന്റെ പരിഹാസ്യമായ യുഡിഎഫ് സേവ
"1987 ലെ തെരഞ്ഞെടുപ്പില്‍ ശരിയത്ത് വിവാദം ഉയര്‍ത്തി ഹിന്ദുവോട്ട് നേടി മതേതരവിജയം കൊട്ടിയാഘോഷിച്ച ഇ.എം.എസ് തന്ത്രം വരും തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചുനോക്കാനാണ് സിപിഎം ഇപ്പോള്‍ കളമൊരുക്കുന്നത്.ന്യൂനപക്ഷ വിരുദ്ധനിലപാട് അവതരിപ്പിക്കാനായി ചിലരെ ബലിയാടാക്കാനും അവര്‍ തയ്യാറായേക്കും''.
മുന്‍ നക്സലൈറ്റ് കെ.വേണുവിന്റേതാണ് മുകളില്‍ ചേര്‍ത്ത വരികള്‍ (മാതൃഭൂമി ജൂണ്‍-15,പേജ് -4 വര്‍ഗ,സ്വത്വരാഷ്ട്രീയം.)
കേരളത്തിലെ മുസ്ളീങ്ങളെ മതേതരരാഷ്ട്രീയത്തില്‍ ഉറപ്പിച്ചു നില്‍ത്തുന്ന ലീഗിനെ വര്‍ഗ്ഗീയകക്ഷിയായി മുദ്രകുത്തുകയും യഥാര്‍ത്ഥ മുസ്ളീം വര്‍ഗ്ഗീയവിഭാഗങ്ങളെ വോട്ടിനുവേണ്ടി കൂട്ടുപിടിക്കുകയും ചെയ്യുന്നതില്‍ അവര്‍ക്കൊരു മടിയുമില്ല എന്നും അദ്ദേഹം കണ്ടു പിടിച്ചിട്ടുണ്ട്.
നക്സലൈറ്റ് തീവ്രവാദത്തിന്റെ പേരില്‍ സൈദ്ധാന്തികജാടകള്‍ കാട്ടി ഒരു തലമുറയിലെ നിരവധി യൌവ്വനങ്ങളെ ബലിമൃഗങ്ങളാക്കിയ ഈ ധൂര്‍ത്തപുത്രന്റെ ചെയ്തികളില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി തുടരുന്ന സ്ഥലജലവിഭ്രാന്തികള്‍ പരിഹാസം ക്ഷണിച്ചുവരുത്തുന്നതാണ്. മാര്‍ക്സിസ്റ്റ് വിരോധത്തിന്റെയും വലതുപക്ഷ ദാസ്യത്തിന്റെയും കീറത്തുണി പുതയ്ക്കാന്‍ ഒരു മടിയുമില്ലാത്തതുകൊണ്ട് പത്രതമ്പുരാക്കന്മാരുടെ തീന്‍ മേശക്കുകീഴിലും ചാനല്‍ പ്രഭുക്കളുടെ വൈകിട്ടത്തെ പരിപാടികളിലും ഒരിടം കിട്ടിപ്പോരുന്ന പതിവ് തുടരുകയാണ്.'മാര്‍ക്സിനു പറ്റിയ പാളിച്ചകളും (ചരിത്രപ്രക്രിയയെ വര്‍ഗസമരത്തിന്റെ ചരിത്രം മാത്രമായി ചുരുക്കുന്ന ഏകപക്ഷീയമായ പാളിച്ച മാര്‍ക്സിനുതന്നെയാണ് പറ്റിയത്.-കെ.വേണു മാതൃഭൂമി ലേഖനം) ലെനിന്റെ സിദ്ധാന്തം ലെനിനും സ്റ്റാലിനും ചേര്‍ന്ന് കാറ്റില്‍ പറത്തുന്നതും (ലെനിന്റെ ദേശീയ സ്വയം നിര്‍ണയാവകാശസിദ്ധാന്തം കാറ്റില്‍പ്പറത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ലെനിനും സ്റ്റാലിനും ചേര്‍ന്ന് വിവിധ ദേശീയതകളുടെ മേല്‍ ആധിപത്യം അടിച്ചേല്‍പ്പിക്കുകയായിരുന്നു. കെ.വേണു-ടി. ലേഖനം) കണ്ടെത്തുന്ന ഈ അതിശയബുദ്ധിജീവി ഉള്ളിലൊതുക്കാനാവാത്ത പൂതിതന്നെയാണ് പുറത്തെടുക്കുന്നത്.കേരളത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ നേടും എന്നു കിനാവുകാണുന്ന പാവം യുഡിഎഫ് തള്ള അടുപ്പത്ത് വെച്ച് ചൂടാക്കുന്ന പായസക്കലത്തിലേക്ക് ഒരു തുണ്ടം വെല്ലച്ചക്കര കൂടി നിക്ഷേപിക്കുന്ന മഹാദൌത്യമാണ് മാതൃഭൂമി കുറിപ്പിലൂടെ വേണു നിറവേറ്റുന്നത്.സ്വത്വരാഷ്ട്രീയവിവാദങ്ങളിലെ വലതുപക്ഷ താല്‍പ്പര്യം എന്താണെന്ന സത്യവും ആ കൃതി വെളിവാക്കുന്നുണ്ട്.
എന്തുകൊണ്ടാണ് വേണുവും യജമാനന്‍മാരും 1987നെ ഭയപ്പെടുന്നത് ? ഏതു വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാണ് "ഹിന്ദുവോട്ട് നേടി മതേതരവിജയം കൊട്ടിയാഘോഷിച്ച ഇ.എം.എസ് തന്ത്രം'' എന്നു വിവരിക്കുന്നത് ? ഒരു കാര്യം തീര്‍ച്ചയാണ്: കേരളത്തിലെ വലതുമുന്നണി രാഷ്ട്രീയത്തിന്റെ ഗതിമുട്ടിച്ച ഒരു വിധിയെഴുത്തുതന്നെയാണ് 1987 ല്‍ നടന്നത്.ഈ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുന്ന മലയാളമനോരമ' പത്രത്തിന്റെ പ്രസിദ്ധീകരണമായ ഇയര്‍ബുക്ക്-2001 രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്:
"വ്യത്യസ്തമായ തെരഞ്ഞെടുപ്പ് വിധിയാണ് 1987ലെ തെരഞ്ഞെടുപ്പില്‍ ദൃശ്യമായത്.തെക്കന്‍കേരളത്തില്‍ എല്‍ഡിഎഫ് വ്യക്തമായ മുന്‍തൂക്കം നേടിയപ്പോള്‍ വടക്കന്‍ കേരളത്തില്‍ യുഡിഎഫ് നിലമെച്ചപ്പെടുത്തി.... മുസ്ളീംലീഗുകളുടെ ലയനം, സിപിഎമ്മിലെ പിളര്‍പ്പ് എന്നീ ഘടകങ്ങള്‍ വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായി.തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ എല്‍ഡിഎഫ് തുത്തൂവാരി. ഈ ജില്ലകളില്‍ ഓരോ സീറ്റില്‍ മാത്രമാണ് യുഡിഎഫ് ജയിച്ചത്''.
എല്‍ഡിഎഫ് നേടിയ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ച ഘടകമെന്താണ് എന്ന് ഇയര്‍ബുക്ക് വ്യക്തമാക്കുന്നുണ്ട്:
"പ്രിഡിഗ്രി ബോര്‍ഡ് സമരം ഉളവാക്കിയ രാഷ്ട്രീയ പ്രത്യാഘാതമാണ് തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് ഗുണകരമായത്.'' പ്രീഡിഗ്രി ബോര്‍ഡ് സമരത്തിന്റെ പ്രത്യാഘാതം തെക്കന്‍കേരളത്തില്‍ മാത്രമായി പോയി എന്നു പറയുന്നതിന്റെ യുക്തിയൊന്നും വിശദീകരിക്കപ്പെട്ടതായി കാണാനില്ല. ആ പ്രശ്നം തെക്കന്‍ കേരളത്തിലെ മാത്രം പ്രശ്നവും ആയിരുന്നില്ലല്ലോ.വടക്കന്‍ കേരളത്തില്‍ പൊതുവിലുണ്ടായ പ്രതികരണങ്ങളുടെ ഗുണഫലം എടുത്തുകാണിക്കാന്‍ കഴിയാത്തവിധം മുസ്ളീംലീഗുകളുടെ ലയനം തുടങ്ങിയ ഘടകങ്ങള്‍ പ്രവര്‍ത്തിച്ചു എന്നാണല്ലൊ മനസ്സിലാക്കേണ്ടത്.
മനോരമ ഇയര്‍ബുക്കിന്റെ വിവരണങ്ങളിലെവിടെയും ഹിന്ദുവോട്ടിന്റെ മായാവിലാസങ്ങളെപ്പറ്റിയുള്ള വിലയിരുത്തലുകളൊന്നും തന്നെയില്ല. അവരുടെ സൂക്ഷ്മദര്‍ശിനിക്ക് ഇത് കണ്ടെത്താന്‍ കഴിയാതെപോയതാണോ?
ആകെ രേഖപ്പെടുത്തിയതിന്റെ 44.96% വോട്ടും78 സീറ്റുകളും നേടിയാണ് എല്‍ഡിഎഫ് 1987 അധികാരത്തിലെത്തിയത്. ഇത് ഹിന്ദുവോട്ട് നേടിയുണ്ടായ വിജയമാണെന്നു പറയുന്നതിന്റെ യുക്തിയെന്താണ്? ഹൈന്ദവജനതയില്‍ ഗണ്യമായൊരു ഭാഗം ഇടതുപക്ഷജനാധിപത്യമുന്നണിക്ക് വോട്ടുചെയ്തിരിക്കും എന്നത് തീര്‍ച്ചയാണ്.ജനസംഖ്യയില്‍ പത്തില്‍ ആറുഭാഗത്തോളം വരുന്ന ഹൈന്ദവജന സാമാന്യത്തിന്റെ ജനാധിപത്യപരമായ സമ്മതിദാനാവകാശ വിനിയോഗത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ അളവുകോല്‍ വെച്ച് തിട്ടപ്പെടുത്തുന്നതെന്തിനാണ്?ഹിന്ദുവോട്ട് എന്ന പ്രയോഗം തന്നെ ഒരു ആര്‍.എസ്.എസ് നിര്‍മ്മിതിയാണ്.സംഘപരിവാര സ്വാധീന വലയത്തിനുപുറത്ത് ആ നിര്‍മ്മിതിക്ക് പ്രത്യേകമായെന്തെങ്കിലും നിലനില്‍പ്പുണ്ടെന്ന് കേരളം തെളിയിച്ചിട്ടില്ല.ഇന്ത്യയിലെ സ്ഥിതിഗതികളില്‍ ഹിന്ദുവോട്ട് ബാങ്ക് രൂപീകരണശ്രമങ്ങളുടെ വിപുലമായ അനുഭവസമ്പത്ത് ഇപ്പോള്‍ നമുക്കുണ്ട്.എന്നാല്‍ വേണുവിന് ഇപ്പോഴും ആ പ്രയോഗത്തോട് വല്ലാത്തൊരഭിനിവേശമാണ്.മുമ്പ് പലപ്പോഴും ആവേശപൂര്‍വ്വം ശിരസ്സിലണിഞ്ഞ ആ കിന്നരിതലപ്പാവ് സ്വന്തം തലയില്‍ തന്നെ വെക്കുന്നതല്ലേ നല്ലത് വേണൂ?
യാഥാര്‍ത്ഥ്യമെന്താണ്?
1980-ന്റെ ആദ്യപകുതിയിലാണ് പുതിയരാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി പിറക്കുന്നത്.പിന്നീട് വരുന്ന കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് 1982ലെ നിയമസഭാ തെരഞ്ഞെടുപ്പാണ്.അതില്‍ 69സീറ്റുകളില്‍ ദേശീയകക്ഷിയെന്ന അംഗീകാരത്തോടെ ബിജെപി മത്സരിക്കുകയുണ്ടായി.ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ 2.75% അവര്‍ നേടി.എന്നാല്‍ 1987ലെ തെരഞ്ഞെടുപ്പില്‍ ബിജെപി-ഹിന്ദു മുന്നണിസഖ്യം 6.47% വോട്ടുകള്‍ നേടുകയുണ്ടായി.1982 ലേതിനേക്കാള്‍ ശതമാനക്കണക്കില്‍ ഇരട്ടിയിലധികമായും എണ്ണത്തില്‍ അത് 8,25,607 ആയും ഉയരുന്നു (82ല്‍ ഇത് 2,63,331 ആയിരുന്നു.ഇത് മൂന്നിരട്ടിയിലധികമാണ്.)
ഹിന്ദുവോട്ട് 'ഒരു സവിശേഷ പ്രതിഭാസം എന്ന നിലയില്‍ നടത്തുന്ന പ്രദര്‍ശനമാണ് നാമിവിടെ കാണുന്നത്.
ഇവിടെ എങ്ങനെയാണ് ബിജെപി -ഹിന്ദുമുന്നണി സംവിധാനം പലമടങ്ങ് വലുതാകുന്നതിനുള്ള അരങ്ങൊരുങ്ങിക്കിട്ടിയത് എന്നത് മുഴുവന്‍ ജനാധിപത്യ മതേതരവിശ്വാസികളുടെയും പരിഗണന ആവശ്യപ്പെടുന്ന ഒരു വിഷയമാണ്. ഈ അന്വേഷണം സ്വാഭാവികമായും നമ്മെ കൊണ്ടെത്തിക്കുന്നത് 1982-87 കാലത്തെ യുഡിഎഫ് ഭരണകാലത്തേക്കും നടപടികളിലേക്കു മായിരിക്കും.
1982-87 ലെ യുഡിഎഫ് സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ പരിഹാസ്യമാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് മത-ജാതി ശക്തികളുടെ യജമാനത്വമായിരുന്നു. എഴുപതുകളില്‍ കരുത്തുനേടിയ ജാതിരാഷ്ട്രീയം അതിന്റെ ഏറ്റവും വിലക്ഷണമായ മുഖം പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഈഴവന്റെ പേരുപറഞ്ഞ് എസ്.ആര്‍.പിയും നായരുടെ പേരുപറഞ്ഞ് എന്‍.ഡി.പിയും മലയാളികളുടെ പൌരബോധത്തെത്തന്നെ വെല്ലുവിളിച്ചു. അറുപതുകളില്‍ തകര്‍ന്നുപോയിരുന്ന വിമോചനസമരം- വിരുദ്ധമുന്നണിയുടെ പുതിയ പതിപ്പായിമാറിയ യുഡിഎഫ് മതനിര പേക്ഷതയെ നോക്കി പല്ലിളിക്കുകയായിരുന്നു.മതനേതാക്കളുടെ സൂപ്പര്‍ കാബിനറ്റുകള്‍ എല്ലാം നിയന്ത്രിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത്.
അധികാരമത്ത് തലയ്ക്ക് പിടിച്ച്, ആരെടാ ചോദിക്കാന്‍ എന്ന് ജനങ്ങളെയാകെ വെല്ലുവിളിച്ച് നടത്തിയ ഒരു ആഭിചാരമായിത്തീര്‍ന്നു അക്കാലത്തെ യുഡിഎഫ് ഭരണം. രാജന്‍കേസിലെ കോടതിവിധിയെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട കെ.കരുണാകരന്‍ അത് തിരിച്ചുപിടിച്ചതിന്റെ ഹുങ്കാരവുമായിട്ടാണ് ഇതിനെല്ലാം നേതൃത്വം കൊടുത്തത്.അഴിമതി സ്ഥാപനവല്കരിക്കപ്പെടുകയും സാര്‍വ്വത്രികമായി തീരുകയും ചെയ്തു.ഈ ജനവിരുദ്ധതയുടെ പര്യായങ്ങളായി അധികാരസ്ഥാനങ്ങളാകെ മാറി. മലയാളി ജനത നേടിയ ജീവിതനേട്ടങ്ങള്‍ കടുത്ത വെല്ലുവിളികളെ നേരിട്ടു.വിദ്യാഭ്യാസം കച്ചവടച്ചരക്കാക്കാന്‍ തീരുമാനിച്ചവര്‍ സ്വകാര്യവല്‍ക്കരണത്തിന്റെ കരിങ്കൊടി ഉയര്‍ത്താനൊരുങ്ങി.വിദ്യാര്‍ത്ഥികളും ജനാധിപത്യസമൂഹമാകെയും ചെറുത്തുനിന്നു. യുവാക്കള്‍ തൊഴിലിനും മറ്റവകാശങ്ങള്‍ക്കും വേണ്ടി സമരാങ്കണത്തിലെത്തി.ജനവിരുദ്ധ ഭരണാധികാരികളായ മന്ത്രിമാരെ തെരുവില്‍ തടയാന്‍ അവര്‍ തീരുമാനിച്ചു. കേരളമാകെ ഒരു സമരഭൂമിയായി. മര്‍ദ്ദനവാഴ്ചയുടെ മുമ്പില്‍ തലകുനിക്കാതെ ചെറുത്തുനില്‍ക്കുന്ന ഒരു ജനതയെ പുറംലോകം കാണുകയായിരുന്നു.ആ പോരാട്ടഭൂമികളില്‍ നിന്നാണ് 1987-ലെ വിജയം ഉയര്‍ന്നു വന്നത്.കേരളം മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത ഇത്തരമൊരവസ്ഥ കക്ഷി പരിഗണനകള്‍ക്കതീതമായി ജനാധിപത്യവിശ്വാസികളെയും ഉല്‍പ്പതിഷ്ണുക്കളെയും ഉത്കണ്ഠപ്പെടുത്തു ന്നതായിരുന്നു. ഈ ഘടകങ്ങളെല്ലാം ചേര്‍ന്നാണ് 1987ലെ എല്‍ഡിഎഫ് വിജയത്തിന് അരങ്ങൊരുക്കിയത്.
ആ വിജയത്തെ ഹിന്ദുവോട്ടിന്റെ വിജയമെന്ന് നിന്ദിക്കാന്‍ അവസരവാദികളായ മുന്‍ നക്സലൈറ്റുകള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല.
ശരിയത്ത് വിവാദം' ഉയര്‍ത്തിയിട്ടാണുപോലും ഈ വിജയം നേടിയത്.
എന്തായിരുന്നു ശരിയത്ത് വിവാദത്തിന്റെ പ്രത്യക്ഷപ്രതികരണങ്ങളും പ്രത്യാഘാതങ്ങളും ?
1984 ആദ്യത്തിലാണ് സ:ഇ.എം.എസിന്റെ ശ്രദ്ധേയമായ പ്രസംഗം നടന്നത്.കോഴിക്കോട്ടു നടന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഉദ്ഘാടനസദസ്സില്‍ ഷാബാനുകേസിനെ മുന്‍ നിര്‍ത്തി മുസ്ളീം സമുദായത്തിലെ യാഥാസ്ഥിതികത്വത്തിന്റെ പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടിയത് ഇര്‍ഫാന്‍ ഹബീബ് ആയിരുന്നു. ഉന്നയിക്കപ്പെട്ട പ്രശ്നപരിസരത്തോടുള്ള ഒരു പ്രതികരണമായിട്ടാണ് ഇ.എം.എസിന്റെ പ്രസംഗത്തില്‍ ഈ പ്രശ്നം പരാമര്‍ശിക്കപ്പെടുന്നത്.
ഒരവസരം വീണുകിട്ടിയതുപോലെ യാഥാസ്ഥിതിക മുസ്ളീം നേതൃത്വം ജിഹാദ് വിളിയുമായി പുറത്തിറങ്ങുകയായിരുന്നു.അഭൂതപൂര്‍വ്വമായ മുസ്ളീം ഏകീകരണവും ഇളവില്ലാത്ത യാഥാസ്ഥിതികവല്‍ക്കരണവും നടക്കുന്ന രംഗങ്ങളായിരുന്നു പിന്നീട് കേരളം കണ്ടത്. വിവാഹം,വിവാഹമോചനം, വിവാഹമുക്തയുടെ ജീവിതാവകാശം,സ്വത്തവകാശം തുടങ്ങിയ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ഒരു ജനാധിപത്യ മതേതര സംസ്കൃതിക്ക് ഒരിക്കലും നിരക്കാത്ത അട്ടഹാസങ്ങളുമായി മുസ്ളീം ന്യൂനപക്ഷത്തിന്റെ പേരുപറഞ്ഞ് ഒരു പടപ്പുറപ്പാടാണ് പിന്നീട് നടന്നത്.മുസ്ളീം ജനതയെ ആകെ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷത്തിനെതിരായി അണിനിരത്താന്‍ ആസൂത്രിതശ്രമങ്ങള്‍ തുടര്‍ച്ചയായി നടന്നു.
യാഥാസ്ഥിതിക നേതൃത്വങ്ങള്‍ കലിതുള്ളി തെരുവിലിറങ്ങിയപ്പോള്‍ സമുദായത്തിലെ സാധാരണ മനുഷ്യന്‍ വലിയ മനഃക്ളേശത്തോടെ അത് കാണുകയായിരുന്നു.ഈശ്വരനും വിശ്വാസങ്ങളും എന്നതിനപ്പുറം അധികാരതാല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കാനുള്ള കുറുക്കുവഴികളായി അവ ദൂര്‍വിനിയോഗം ചെയ്യപ്പെട്ടതില്‍ വന്‍തോതിലുള്ള ആശങ്കകള്‍ വിശ്വാസി സമൂഹത്തില്‍ തന്നെ ഉയരുകയുണ്ടായി.
മുഖ്യധാരയില്‍ നിന്നും ഒഴിച്ചുനിര്‍ത്തപ്പെടുകയും പലപ്പോഴും പുരോഹിത നേതൃത്വം ബോധപൂര്‍വ്വം ഒഴിച്ചുനിര്‍ത്തുകയും ചെയ്യുന്നതിന്റെ ഫലമായി ജീവിത ദൂരിതങ്ങളില്‍ മാത്രമല്ല വിജ്ഞാനദാരിദ്ര്യത്തിലും, അന്ധവിശ്വാസങ്ങളിലും അകപ്പെട്ടുപോയിരുന്ന കാലം ഒരു കറുത്തകാലം തന്നെ എന്നു ചിന്തിക്കുന്ന മുസ്ളീംജനത പഴയതുപോലെ കുരുക്കുഗോവണികളില്‍ കയറാന്‍ വിസമ്മതിക്കുന്നതാണ് നാം കണ്ടത്.
ഈ അന്തരീക്ഷത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രാഷ്ട്രീയ നഷ്ടങ്ങള്‍ക്ക് മുഖ്യമായും രണ്ടുഭാഗങ്ങളുണ്ടായിരുന്നു.അതിലൊന്ന് അടിയന്തിരാവസ്ഥക്കാലത്തിനു മുമ്പുമുതല്‍ ഇടതുപക്ഷവുമായി സഹകരിച്ചുപോയിരുന്ന അഖിലേന്ത്യാ മുസ്ളീം ലീഗ് എല്‍ഡിഎഫ് വിട്ടുപോയി. എന്നാല്‍ രണ്ടാമതായി മത-ജാതി പാര്‍ട്ടികളുമായി രാഷ്ട്രീയബാന്ധവം വേണ്ടതില്ല എന്നു സിപിഐ(എം) തീരുമാനിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ പ്രമുഖനായിരുന്ന എം.വി.രാഘവന്റെ നേതൃത്വത്തിലൊരു വിഭാഗം പാര്‍ട്ടി വിട്ടുപോയി സിഎംപി എന്നൊരു പുതിയ പാര്‍ട്ടി രൂപീകരിച്ചു.
ഈ രണ്ടുവിട്ടുപോകലുകളും അതുവരെയുള്ള രാഷ്ട്രീയാനുഭവങ്ങള്‍ വെച്ചുനോക്കിയാല്‍ എല്‍ഡിഎഫിന് കനത്ത ആഘാതമാണുണ്ടാക്കുക.ഈ യാഥാര്‍ത്ഥ്യമാണ് വടക്കന്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള മനോരമ ഇയര്‍ബുക്ക് വിവരണത്തില്‍ നമുക്ക് കാണാന്‍ കഴിയുക.
ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ശരിയത്ത് വിവാദമുയര്‍ത്തി നേട്ടമുണ്ടാക്കി എന്ന പ്രസ്താവന നടത്തുന്നത്.
ഇവയ്ക്കു പുറമെ മൂന്നാമതൊരു നഷ്ടം കൂടി ഇക്കാലയളവില്‍ എല്‍ഡിഎഫിന് സംഭവിക്കുന്നുണ്ട്. അത് പി.സി.ചാക്കോയുടെ നേതൃത്വത്തിലൊരു വിഭാഗം സോഷ്യലിസ്റ്റ് കോണ്‍ഗ്രസുകാര്‍ എല്‍ഡിഎഫ് ഉപേക്ഷിച്ചു പോയതാണ്.
ഈ പശ്ചാത്തലത്തിലാണ് 1987-ലെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മേല്‍ വിവരിച്ച നഷ്ടങ്ങളാകെ എണ്ണിപ്പറഞ്ഞ് ജാതി-മത ശക്തികളെ കൂടുതല്‍ ഏകീകരിച്ചും ദൃഢികരിച്ചും എല്‍ഡിഎഫിനെ പരാജയപ്പെടുത്താനുള്ള കഠിനപരിശ്രമങ്ങള്‍ നടന്നു.അഞ്ചുകൊല്ലത്തെ യുഡിഎഫ് ഭരണത്തിന്റെ നന്മകളുടെ ഫലമായി എല്‍ഡിഎഫ് അണികളില്‍ വലിയ വീണ്ടുവിചാരമുണ്ടായതായും ഒരു വേലിയേറ്റം പോലെ ഇവരെല്ലാം യുഡി എഫില്‍ ചെന്നുചേരുകയാണ് എന്നും മുഖ്യധാരാമാധ്യമങ്ങള്‍ ആവര്‍ത്തിച്ചു പ്രചരിപ്പിച്ചു.
എന്നാല്‍ ജനാധിപത്യ കേരളം ഇടതുപക്ഷജനാധിപത്യമുന്നണിക്ക് വിജയതിലകം ചാര്‍ത്തിക്കൊണ്ടാണ് ഈ കോലാഹലങ്ങള്‍ക്കെല്ലാമുള്ള മറുപടി നല്‍കിയത്.യുഡിഎഫില്‍കക്ഷികളുടെ എണ്ണവും വണ്ണവും പെരുത്തെ ങ്കിലും ജനകീയാടിത്തറ ശുഷ്കിച്ചു.1982ല്‍ 48.28%വോട്ട് നേടിയ അവര്‍ക്ക് 1987ല്‍ 44.29% ആയി ചുരുങ്ങി.
ഈ സംഭവങ്ങളൊന്നും മറക്കാന്‍ കാലമായില്ലല്ലൊ?
കേരളത്തിലെ മുസ്ളീങ്ങളെ മതേതര രാഷ്ട്രീയത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന മുസ്ളീംലീഗിനെ വര്‍ഗ്ഗീയകക്ഷിയായി മുദ്രകുത്തി എന്നൊരു വല്ലാത്ത വിലാപവും വേണു നടത്തുന്നുണ്ട്.
മുസ്ളീലീഗിന്റെയും അതിന്റെ നേതാക്കളുടെയും തനിനിറം തിരിച്ചറിഞ്ഞപ്പോഴാണല്ലോ മലപ്പുറം ജില്ലയിലെ തന്നെ മുസ്ളീം ജനത കുഞ്ഞാലിക്കുട്ടിയോട് തല്‍ക്കാലം നിയമസഭയില്‍ പോകേണ്ടതില്ല എന്നു കല്‍പ്പിച്ചത്.ആരെ കബളിപ്പിക്കാനാണ് ഈ മതേതര വായ്ത്താരി മുഴക്കുന്നത്.ഏതു മതേതര താല്‍പ്പര്യങ്ങളുടെ പരിരക്ഷയ്ക്കുവേണ്ടിയാണാവോ മൌദൂദി പ്രസ്ഥാനക്കാരായ ജമാഅത്തെ ഇസ്ളാമിക്കാരോട്തലയില്‍മുണ്ടിട്ടൊരുപാതിരാകിന്നാരത്തിന് പോയത്? പിടിക്കപ്പെട്ടപ്പോള്‍പിടിച്ചവനെതിരായിട്ടാണല്ലൊ സംഘടനാതലത്തിലെ അന്വേഷണങ്ങള്‍. തള്ളയുടെ പള്ളയില്‍ തലപുറത്തിട്ടിരിക്കുന്ന കങ്കാരു കുഞ്ഞിനെപ്പോലെയാണല്ലോ എന്‍ഡിഎഫ്-എസ്ഡിപിഐ സത്വം മുസ്ളീം ലീഗിനെ അള്ളിപ്പിടിച്ചിരിക്കുന്നത്.ഈ കുഞ്ഞിനെയും പള്ളയിലിട്ടാണല്ലൊ മുസ്ളീംലീഗ് ചാടിചാടി ആര്‍.എസ്.എസിന്റെ കാര്യാലയപ്പടിവാതിക്കലും എത്തുന്നത്? കേരളത്തിന്റെ മുസല്‍മാന്റെ കാര്യം പറയാന്‍ തങ്ങളാണ് യോഗ്യര്‍എന്ന് ഔദ്ധത്യത്തോടെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഈ സ്വരത്തിന് ജിന്നയുടെ സ്വരത്തോട് എന്തെങ്കിലും സാദൃശ്യമുണ്ടോ?
യഥാര്‍ത്ഥ മുസ്ളീം വര്‍ഗ്ഗീയവിഭാഗങ്ങളെ വോട്ടിനുവേണ്ടി കൂട്ടുപിടിക്കുന്നതില്‍ അവര്‍ക്കൊരു മടിയുമില്ല എന്ന് ഇടതുപക്ഷത്തെ ചൂണ്ടി വേണു പറയുമ്പോള്‍ ഇദ്ദേഹം ഈ നാട്ടിലൊന്നും ഉണ്ടായിരുന്നില്ലേ എന്ന് ആരും അറിയാതെ ചോദിച്ചു പോകും. അതോ പണ്ട് പാര്‍ട്ടി പിരിച്ചുവിട്ടകാലത്തുണ്ടായ മോഹാലസ്യം ഇപ്പോഴും മാറിയില്ലെന്നുണ്ടോ?
കേരളത്തിന്റെ മതേതരജീവിതത്തെ അസഹ്യമായവിധം വെല്ലുവിളിച്ച് മതവര്‍ഗ്ഗീയവാദികള്‍ ചുടലനൃത്തം നടത്തിയ മാറാട് കേരളത്തിന്റെ മാറിലെ ഉണങ്ങാത്ത മുറിവാണ്.രണ്ടാം മാറാട് കൂട്ടക്കൊലയ്ക്കുശേഷമുള്ള ഒരു സന്ദര്‍ഭം ജനാധിപത്യകേരളത്തിലെ പൌരബോധം മരവിക്കാത്ത മുഴുവനാളുകളും ഓര്‍മ്മിക്കും. ഈ കൂട്ടക്കൊലയ്ക്കുത്തരവാദികള്‍ എന്‍ഡിഎഫ് ഭീകരവാദി കളാണ് എന്ന് ഇടിവെട്ടും പോലെ പറയാന്‍ ഒരു പിണറായി വിജയനെ കേരളം കണ്ടു. അതാണ് കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷത്തിന്റെ ആര്‍ജ്ജവം.
കുഞ്ഞാലിക്കുട്ടി എന്താണാവോ ചെയ്തത് ?ആദര്‍ശകുട്ടപ്പന്‍ ആന്റണി മുഖ്യമന്ത്രി എന്താണാവോ ചെയ്തത്?മടിയില്‍ പാര്‍വ്വതി,മുടിയില്‍ ഗംഗ എന്നതുപോലെ ആര്‍എസ്എസിനോടും എന്‍.ഡി.എഫിനോടും ശൃംഗരിക്കാ നാണല്ലൊ ഇക്കൂട്ടര്‍ മുതിര്‍ന്നത്.
നിസ്സഹായരായി അഭയാര്‍ത്ഥികളായി ക്യാമ്പുകളില്‍ കഴിഞ്ഞ മുസ്ളീം സഹോദരന്മാരുടെ മുമ്പില്‍പോയി കുഞ്ഞാലിക്കുട്ടിമാരുടെ മതേതരത്വം ഉറപ്പിക്കലിനെപ്പറ്റി ഒന്നു പറയാമോ?
ആര്‍എസ്എസിന്റെയും എന്‍ഡിഎഫിന്റെയും കൊലക്കത്തിക്കിരയായി നിരവധി സിപിഐ എം പ്രവര്‍ത്തകരാണ് രക്തസാക്ഷികളായത്. അങ്ങനെയുള്ള സിപിഐ എമ്മിന്റെ നേര്‍ക്കുനോക്കി മുസ്ളീം വര്‍ഗ്ഗീയവിഭാഗങ്ങളെ വോട്ടിനുവേണ്ടി കൂട്ടുപിടിക്കുന്നവര്‍ എന്നു പറഞ്ഞുനടക്കണമെങ്കില്‍ സാധാരണമട്ടിലുള്ള ഒരു സ്ഥലജലവിഭ്രാന്തി പോരാ.പഴമക്കാരുടെ ഭാഷ കടം വാങ്ങിപ്പറഞ്ഞാല്‍ മുട്ടിക്കിടേണ്ട അവസ്ഥ തന്നെ വന്നുഭവിച്ചിരിക്കുന്നു.
സ്ഥലകാലങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തവിധം മസ്തിഷ്കത്തിന്റെ മോന്തായം തന്നെ തകര്‍ന്നുപോയപ്പോഴുണ്ടായ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഊന്നുവടിയായി സംഘകാര്യാലയത്തില്‍ നിന്നൊരു ദണ്ഡ് കടം വാങ്ങാന്‍ നക്സലൈറ്റുകള്‍ നടത്തിയ പരിശ്രമങ്ങള്‍ ആരും മറന്നിരിക്കാന്‍ ഇടയില്ലല്ലൊ.
ഈ പുലമ്പലുകളുടെ അടിസ്ഥാനം കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്നവര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല.
ലോക്സഭാതെരഞ്ഞെടുപ്പിന്റെ ഫലം കണ്ടപ്പോള്‍ യുഡിഎഫിന്റെ വൈതാളികര്‍ ആര്‍ത്തുചിരിച്ചതാണ്.കാലം കടന്നുപോകുമ്പോള്‍ ആ ചിരിയിലെന്തോ ചേരുവകുറവുണ്ടെന്നു തോന്നിത്തുടങ്ങുകയാണ്.പടയടുക്കുമ്പോള്‍ പടക്കോപ്പുപോരാ,പഠിപ്പിച്ചതും പോരാ,പടയാളികളും പോരാ,എന്നൊക്കെ പടനായകന്മാര്‍ക്ക് തോന്നുന്ന പോലൊരവസ്ഥ.
ഇവിടെയാണ് മാണിയെക്കൊണ്ടും ജോസഫിനെക്കൊണ്ടും ഐക്യത്തിന്റെ കാഹളം വിളിപ്പിക്കുന്നത്.കുഞ്ഞാലിക്കുട്ടിയെകൊണ്ട് മൌദൂദികളുടെ ആസ്ഥാനമന്വേഷിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തല യെയും നെട്ടോട്ടമോടിക്കുന്നത് കെ.വേണുവിനെപോലുള്ള ബുജീകളെ കൊണ്ട് കുറിമാനങ്ങളെഴുതിക്കുന്നത്. അങ്ങനെയങ്ങനെ.... പലതും.... പലതും.....
ബേബി ജോണ്‍ ചിന്ത വാ‍രിക

No comments: