Monday, January 18, 2010

മൂല്യബോധത്തിന്റെ വെണ്മ

മൂല്യബോധത്തിന്റെ വെണ്മ .



ബംഗാളില്‍ തെളിഞ്ഞ്‌, രാജ്യമാകെ പ്രഭചൊരിഞ്ഞ 'ജ്യോതി' യാത്രയായിരിക്കുന്നു. പ്രവര്‍ത്തനമികവുകൊണ്ട്‌ തന്റെ പ്രസ്ഥാനത്തിനകത്തും പുറത്തുമുള്ളവരുടെ മുഴുവന്‍ സ്‌നേഹാദരങ്ങള്‍ നേടാന്‍ കഴിഞ്ഞ നേതാക്കളുടെ മുന്‍നിരയിലാണ്‌ ജ്യോതിബസുവിന്റെ സ്ഥാനം. സമ്പന്നതയുടെ മടിത്തട്ടില്‍നിന്ന്‌ കമ്യൂണിസ്റ്റ്‌പ്രസ്ഥാനത്തിന്റെ കല്ലും മുള്ളും നിറഞ്ഞ വഴിയിലേക്കിറങ്ങിയ ജ്യോതിബസു അതിവേഗം പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും മനസ്സിലിടം നേടി. വികസനത്തില്‍ ഏറെ പിന്നാക്കംനില്‍ക്കുന്ന പശ്ചിമ ബംഗാള്‍ഗ്രാമങ്ങള്‍പോലും ഒരിക്കലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞില്ല. ബംഗാളിശൈലിയില്‍ മുണ്ടുടുത്ത്‌ വെള്ളക്കുപ്പായം ധരിക്കാറുള്ള ബസുവിന്റെ വ്യക്തിത്വവും മൂല്യബോധത്തിന്റെ വെണ്മനിറഞ്ഞതായിരുന്നു. രാജ്യത്തെ കമ്യൂണിസ്റ്റ്‌പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാള്‍, പ്രഗല്‌ഭനായ തൊഴിലാളിനേതാവ്‌, മികച്ച ഭരണാധികാരി, ഇടതുപക്ഷമുന്നണിയുടെ പ്രമുഖശില്‌പി എന്നിങ്ങനെ ജ്യോതിബസുവിന്‌ വിശേഷണങ്ങള്‍ ഏറെയാണ്‌. സാര്‍ഥകമായ ഈ വിശേഷണങ്ങള്‍ക്കെല്ലാം അതീതമായ ഔന്നത്യത്തില്‍ അദ്ദേഹം എന്നേ എത്തിക്കഴിഞ്ഞിരുന്നു. വിദേശവാസമോ അവിടത്തെ പഠനമോ ബംഗാളിലെ ജനങ്ങള്‍ക്കിടയിലേക്ക്‌ ഇറങ്ങാന്‍ ബസുവിനു തടസ്സമായില്ല. പില്‍ക്കാലത്തുണ്ടായ കമ്യൂണിസ്റ്റ്‌പാര്‍ട്ടിനിരോധവും അറസ്റ്റുമെല്ലാം അദ്ദേഹത്തിന്റെ ആവേശവും പ്രതിബദ്ധതയും വര്‍ധിപ്പിച്ചതേയുള്ളൂ. ബ്രിട്ടനില്‍നിന്ന്‌ ബാരിസ്റ്റര്‍പഠനത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ബസു പിന്നീട്‌ മുഴുവന്‍സമയ കമ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനായി. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ജീവിതം പോരാട്ടംതന്നെയായിരുന്നു. ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ബസു ഒട്ടേറെ സമരങ്ങളില്‍ പങ്കെടുത്തു. നീതിക്കും അവകാശങ്ങള്‍ക്കുംവേണ്ടിയുള്ള പല സമരങ്ങളുടെയും മുന്‍നിരയിലും അദ്ദേഹം ഉണ്ടായിരുന്നു. ജനപ്രതിനിധി എന്ന നിലയ്‌ക്കുള്ള അദ്ദേഹത്തിന്റെ ചരിത്രം 1946ല്‍ ആരംഭിക്കുന്നു. പിന്നീട്‌ ബംഗാളില്‍ ഡെപ്യൂട്ടിമുഖ്യമന്ത്രിയായ ബസു 1977ല്‍ കോണ്‍ഗ്രസ്‌ ഭരണം അവസാനിപ്പിച്ച്‌ മുഖ്യമന്ത്രിയായപ്പോള്‍ ബംഗാളിലും ബസുവിലും പുതിയയുഗം പിറന്നു. കാല്‍നൂറ്റാണ്ടോളം തുടര്‍ച്ചയായി ബസു ബംഗാളിന്റെ ഭരണനായകനായി. രാജ്യത്തിനകത്തുംപുറത്തും കമ്യൂണിസ്റ്റ്‌പ്രസ്ഥാനത്തിനുണ്ടായ പ്രശ്‌നങ്ങള്‍ പശ്ചിമബംഗാളിനെ ബാധിച്ചില്ല. അങ്ങനെ ബസു ബംഗാളിന്റെ പ്രതീകംപോലെയായി. രാഷ്ട്രീയസാഹചര്യങ്ങള്‍ക്കും സംസ്ഥാനത്തിന്റെ സവിശേഷതകള്‍ക്കുമനുസൃതമായ നയങ്ങളും നടപടികളും സ്വീകരിക്കാന്‍ മുന്‍കൈയെടുത്തുകൊണ്ടാണ്‌ ഭരണകര്‍ത്താവ്‌ എ ന്നനിലയില്‍ ബസു മുന്നേറിയത്‌. ഭൂപരിഷ്‌കാരവും അധികാരവികേന്ദ്രീകരണവും ബംഗാളില്‍ ഇടതുഭരണത്തിന്റെ അടിത്തറ ഉറപ്പിച്ചു. സ്വകാര്യവത്‌കരണം, വ്യവസായം, വൈദ്യുതി തുടങ്ങിയ മേഖലകളിലെല്ലാം പ്രായോഗികതയ്‌ക്ക്‌ കൂടുതല്‍ ഊന്നല്‍ നല്‍കിയപ്പോള്‍, പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‌ പലപ്പോഴും അതുള്‍ക്കൊള്ളാനായില്ല. ഇത്തരം നയങ്ങളുടെയും നടപടികളുടെയും സാംഗത്യം പാര്‍ട്ടിയിലെ വിമര്‍ശകര്‍ക്ക്‌ ബോധ്യമാക്കിക്കൊടുക്കലും തന്റെ ദൗത്യമായിക്കണ്ട്‌ ബസു പ്രവര്‍ത്തനം തുടര്‍ന്നു. വര്‍ഗീയലഹളയും പ്രകൃതിക്ഷോഭവും ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ തരണംചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞു. പ്രാദേശിക, ദേശീയ, അന്താരാഷ്ട്രസംഭവങ്ങളും പ്രശ്‌നങ്ങളും അപഗ്രഥിച്ച്‌, അവയുടെ അന്തസ്സത്തയുള്‍ക്കൊണ്ടാണ്‌ ബസു മുന്നോട്ടുനീങ്ങിയത്‌. ഛിദ്രശക്തികള്‍ക്കെതിരെ അദ്ദേഹം കര്‍ശനമായ നിലപാടെടുക്കുകയും ചെയ്‌തു. നേതൃത്വത്തിലിരിക്കെ ബംഗാളില്‍ ഇടതുമുന്നണിയുടെ ശക്തിയും ഐക്യവും വര്‍ധിപ്പിക്കാനും ജ്യോതിബസുവിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ സമുന്നതവ്യക്തിത്വവും മുന്നണിമര്യാദകള്‍ പാലിക്കുന്നതിലുള്ള നിഷ്‌കര്‍ഷയുംതന്നെയാണ്‌ അതിനു സഹായകമായത്‌. ഭരണ രാഷ്ട്രീയതലങ്ങളില്‍ ഒരുപോലെ തിള ങ്ങിയ ആ നേതാവിന്റെ പ്രതിബദ്ധതയെയും ഉദ്ദേശ്യശുദ്ധിയെയും ചോദ്യംചെയ്യാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. പാര്‍ട്ടിയെ ദേശീയതലത്തില്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രായോഗികരാഷ്ട്രീയത്തിലേക്കു കൊണ്ടുവരാനും അദ്ദേഹം ശ്രദ്ധിച്ചു. ഈ സമീപനംകൊണ്ട്‌ പാര്‍ട്ടിയുടെ മാത്രമല്ല, ഇടതുപക്ഷത്തിന്റെയാകെ പ്രസക്തി ദേശീയരാഷ്ട്രീയത്തില്‍ വര്‍ധിക്കുമെന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. തന്റെ സാമൂഹിക,വികസനവീക്ഷണങ്ങള്‍ ഭരണത്തില്‍ സമന്വയിപ്പിച്ച ബസു ഒരിക്കലും വിമര്‍ശനങ്ങളിലോ വിയോജിപ്പുകളിലോ പതറിയില്ല. ഭരണരംഗത്ത്‌ തനിക്ക്‌ പറ്റിയ തെറ്റുകള്‍ സമ്മതിക്കാന്‍ അദ്ദേഹം സന്നദ്ധനായി. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ പ്രധാനമന്ത്രിപദം ഏറ്റെടുക്കാന്‍ ദേശീയമുന്നണികക്ഷികള്‍ ഏറ്റവും യോഗ്യനായി കണ്ടത്‌, ദശാബ്ദങ്ങളോളം ബംഗാളിന്റെ ഭാഗധേയം നിര്‍ണയിക്കുകയും ദേശീയ രാഷ്ട്രീയത്തില്‍ അതികായനായിത്തീരുകയുംചെയ്‌ത, ജ്യോതിബസുവിനെയാണ്‌. ആ നിര്‍ദേശം നിരാകരിച്ച തന്റെ പാര്‍ട്ടിയുടെ നടപടിയെ 'ചരിത്രപരമായ വിഡ്‌ഢിത്തം' എന്നു വിശേഷിപ്പിക്കാന്‍, പ്രായോഗികരാഷ്ട്രീയത്തിലെ ആ ബുദ്ധിരാക്ഷസന്‍ മടിച്ചില്ല. പാര്‍ട്ടിയുടെ തീരുമാനത്തെപ്പറ്റി ജ്യോതിബസു പ്രകടിപ്പിച്ച ആ അഭിപ്രായം സത്യമായിരുന്നുവെന്ന്‌ ഒളിഞ്ഞും തെളിഞ്ഞും സമ്മതിക്കാന്‍ പിന്നീട്‌ പല പാര്‍ട്ടിനേതാക്കളും നിര്‍ബദ്ധരായി. തുടക്കംമുതല്‍ ഒടുക്കംവരെ താന്‍ കമ്യൂണിസ്റ്റുകാരനാണെന്ന്‌ ബസു പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്‌. പാര്‍ട്ടിക്കുള്ളിലായാലും ഭരണരംഗത്തായാലും പല പ്രശ്‌നങ്ങളും തന്ത്രജ്ഞതകൊണ്ട്‌ നേരിടാന്‍ അദ്ദേഹത്തിനായി. വെല്ലുവിളികളെ തരണംചെയ്‌ത്‌, അനുഭവങ്ങള്‍ പാഠമാക്കി, ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകുമ്പോഴാണ്‌ രാഷ്ട്രീയപ്രവര്‍ത്തനം സഫലമാകുന്നതെന്ന്‌ സ്വന്തം ജീവിതത്തിലൂടെ ജ്യോതിബസു തെളിയിച്ചു. സാധാരണക്കാര്‍ക്കു മാത്രമല്ല, സമുന്നതര്‍ക്കും അദ്ദേഹത്തിന്റെ ധന്യമായ ജീവിതം അമൂല്യമായ പാഠപുസ്‌തകമായിരിക്കും.

മാത്രുഭൂമി മുഖപ്രസംഗം

3 comments:

ജനശക്തി ന്യൂസ്‌ said...

മൂല്യബോധത്തിന്റെ വെണ്മ .
[Photo]

ബംഗാളില്‍ തെളിഞ്ഞ്‌, രാജ്യമാകെ പ്രഭചൊരിഞ്ഞ 'ജ്യോതി' യാത്രയായിരിക്കുന്നു. പ്രവര്‍ത്തനമികവുകൊണ്ട്‌ തന്റെ പ്രസ്ഥാനത്തിനകത്തും പുറത്തുമുള്ളവരുടെ മുഴുവന്‍ സ്‌നേഹാദരങ്ങള്‍ നേടാന്‍ കഴിഞ്ഞ നേതാക്കളുടെ മുന്‍നിരയിലാണ്‌ ജ്യോതിബസുവിന്റെ സ്ഥാനം. സമ്പന്നതയുടെ മടിത്തട്ടില്‍നിന്ന്‌ കമ്യൂണിസ്റ്റ്‌പ്രസ്ഥാനത്തിന്റെ കല്ലും മുള്ളും നിറഞ്ഞ വഴിയിലേക്കിറങ്ങിയ ജ്യോതിബസു അതിവേഗം പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും മനസ്സിലിടം നേടി. വികസനത്തില്‍ ഏറെ പിന്നാക്കംനില്‍ക്കുന്ന പശ്ചിമ ബംഗാള്‍ഗ്രാമങ്ങള്‍പോലും ഒരിക്കലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞില്ല. ബംഗാളിശൈലിയില്‍ മുണ്ടുടുത്ത്‌ വെള്ളക്കുപ്പായം ധരിക്കാറുള്ള ബസുവിന്റെ വ്യക്തിത്വവും മൂല്യബോധത്തിന്റെ വെണ്മനിറഞ്ഞതായിരുന്നു

കേളി കലാസാംസ്കാരിക വേദി said...

വംഗനാട് ലോകത്തിനു സമ്മാനിച്ച ആ ചെന്താരകം യാത്ര ആകുമ്പോള്‍ കമ്മ്യുണിസ്റ്റു പ്രസ്ഥാനത്തിന് മാത്രമല്ല നഷ്ടം. ഭാരതത്തിലെ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിനു ആകയുമാണ് ...ആ ധീര സഖാവിന്റെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഒരു പിടി രക്ത പുഷ്പങ്ങള്‍ ആര്‍പ്പിക്കുന്നു.....

Anonymous said...

His son is driving a land cruicer, how can you guys support him.bangal is the most backward state in india