Thursday, January 14, 2010

പത്ര പ്രചാരണം ജനകീയ ഇടപെടലിന്റെ പ്രായോഗിക രൂപം.

പത്ര പ്രചാരണം ജനകീയ ഇടപെടലിന്റെ പ്രായോഗിക രൂപം.
ബേബിജോണ്‍ (സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറി‍)
അധികാരകേന്ദ്രങ്ങളുടെ അന്യായങ്ങള്‍ക്കെതിരായ പ്രതിഷേധമായിട്ടാണ് വൃത്താന്ത പത്രങ്ങള്‍ ഉത്ഭവിച്ചത്. അരമനരഹസ്യങ്ങള്‍ അങ്ങാടിയില്‍ പരസ്യങ്ങളാക്കിയും രാജാനുശാസനങ്ങള്‍ക്ക് സമാന്തരങ്ങള്‍ തീര്‍ത്തും അവ നിലനില്‍ക്കുകയും വളരുകയും വ്യാപിക്കുകയും ചെയ്തു.ജനാധിപത്യത്തിനുവേണ്ടി നടന്ന പോരാട്ടങ്ങളില്‍ പതാകവാഹകസ്ഥാനം നിറവേറ്റിയ പത്രങ്ങള്‍ മനുഷ്യജീവിതത്തിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന ബലിഷ്ഠമായ നാലാംതൂണായി ചരിത്രത്തില്‍ ഇടം നേടുകയായിരുന്നു. റേഡിയോയും ടെലിവിഷനും കംപ്യൂട്ടറും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഗോളാന്തര വാര്‍ത്താവിനിമയ-വിതരണോപാധികളും ചേര്‍ന്ന് ഭൂമണ്ഡലത്തെയാകെ പിടിയിലൊതുക്കുന്ന വലക്കെട്ട് നിര്‍മിച്ചുകഴിഞ്ഞു. ആധുനിക മനുഷ്യജീവിതത്തെ പരിശോധിക്കുക എന്നാല്‍ പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമസഞ്ചയത്തോട് ഇടപെടുക എന്നായി ത്തീര്‍ന്നിട്ടുണ്ട്. ‘‘വായിക്കാന്‍ ആളുണ്ട്’’ എന്നിടത്തുനിന്നു തുടങ്ങി വായനയുടെയും വായിപ്പിക്കലിന്റെയും ലോകങ്ങള്‍ തീര്‍ത്ത് മുന്നേറിയ വാര്‍ത്താപത്രങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ചരക്കായിമാറി. വര്‍ത്തമാന പത്രം എന്ന ചരക്ക്നിര്‍മാണം ഒരു വ്യവസായമായി. കടലാസ്, അച്ചടിയന്ത്രം തുടങ്ങിയവയുമായി കൂടിക്കലര്‍ന്ന് വ്യവസായം മറ്റെല്ലാ വ്യവസായങ്ങളെയും പോലെ മുന്നേറുകയുംചെയ്തു.‘ലാഭം, പരമാവധിലാഭം, കൊള്ളലാഭം’എന്ന് ആര്‍ത്തുവിളിച്ച് മൂലധനം പെരുപ്പിക്കുന്നതിനുള്ള അമിതവ്യഗ്രതയില്‍ വര്‍ത്തമാന പത്രങ്ങളും ജനാധിപത്യത്തിന്റെ നാലാംതൂണും അവയുടെ സഹജധര്‍മങ്ങള്‍ കൈയൊഴിക്കുകയും ആഗോളവല്‍ക്കരണകാലത്തെ ആര്‍ത്തിപൂണ്ട മൂലധനപരിവാഹത്തിന്റെ സാരഥികളായി രൂപാന്തരപ്പെടുകയും ചെയ്തു. മൂലധന നിക്ഷേപത്തിനുള്ള ഏറ്റവും നല്ല മേഖലകളിലൊന്നാണിന്ന് മാധ്യമരംഗം. മുതലാളി മുതലാളിയാകണമെങ്കില്‍ മാധ്യമ മുതലാളിയാകണം എന്ന് വന്നിരിക്കുന്നു. വര്‍ത്തമാനകാല പരിതസ്ഥിതികളില്‍ മാധ്യമമേഖലയുടെ പൊതു പ്രവണതകള്‍ സിപിഐ എം പരിപാടി അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. "സാമ്രാജ്യത്വപ്രേരിതമായ ആഗോളവല്‍ക്കരണവും ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ പിന്തുടരുന്ന ഉദാരവല്‍ക്കരണനയങ്ങളും നമ്മുടെ രാജ്യത്തെ എല്ലാ രംഗങ്ങളിലും സാമ്രാജ്യത്വ കടന്നുകയറ്റം മൂര്‍ച്ഛിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലും കടന്നുകയറാനും സ്വാധീനം ചെലുത്താനുമുള്ള അടിസ്ഥാനം സൃഷ്ടിച്ചത് ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ക്കും സാമ്രാജ്യത്വ ഫിനാന്‍സ് മൂലധനത്തിനും സമ്പദ്ഘടന തുറന്നുകൊടുത്തതാണ്. ഉദ്യോഗസ്ഥ വൃന്ദവും വിദ്യാഭ്യാസ സമ്പ്രദായവും മാധ്യമങ്ങളും സാംസ്കാരിക മണ്ഡലവും സാമ്രാജ്യത്വ നുഴഞ്ഞുകയറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. സോഷ്യലിസത്തിനേറ്റ തിരിച്ചടിയുടെ ഫലമായി ലോകത്തെ ശാക്തിക ബലാബലത്തില്‍ മാറ്റം സംഭവിച്ചതോടെ മതമൌലികവാദപരവും പിന്തിരിപ്പനും ഗോത്രാധിഷ്ഠിതവുമായ സങ്കുചിതവാദത്തിന് ഇന്ത്യയിലും സ്വാധീനമുണ്ടായി. തങ്ങളുടെ പിടിയും സ്വാധീനവും ശക്തിപ്പെടുത്തുന്നതിനുവേണ്ടി രാജ്യത്തിന്റെ ഐക്യം ദുര്‍ബലപ്പെടുത്തുന്നതിനായി ഇത്തരം ശക്തികളുടെ വളര്‍ച്ചയില്‍നിന്ന് മുതലെടുക്കാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. രാഷ്ട്രാതീത കോര്‍പറേഷനുകളുടെ വരുതിയിലുള്ള പ്രബലമായ അന്താരാഷ്ട്രമാധ്യമങ്ങളുടെ വളര്‍ച്ച സാമൂഹ്യവും സാംസ്കാരികവുമായ ജീവിതത്തില്‍ നേരിട്ട് ഇടപെടുന്നതിനും സ്വാധീനം ചെലുത്തുന്നതിനും സാമ്രാജ്യത്വത്തിന് അവസരമുണ്ടാക്കുന്നു. രാഷ്ട്രാതീത മാധ്യമങ്ങള്‍ ഉപഭോഗത്വരയോടുകൂടിയതും വ്യക്തി കേന്ദ്രീകൃതവും ജീര്‍ണിച്ചതുമായ മൂല്യങ്ങള്‍ വ്യാപിപ്പിച്ച് നമ്മുടെ സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്നു. വന്‍കിട ബൂര്‍ഷ്വാസിയുടെയും മറ്റു വാണിജ്യതാല്‍പ്പര്യങ്ങളുടെയും നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ മാധ്യമങ്ങള്‍ ചിട്ടയായി ഇതേ മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ആരോഗ്യകരവും ജനാധിപത്യപരവും മതനിരപേക്ഷവുമായ മൂല്യങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത്തരം പ്രതിലോമ പ്രവണതകളെ എതിരിടേണ്ടത് ആവശ്യമാണ്.''’’’’ (പാര്‍ടി പരിപാടി -അധ്യായം -3-25,26 ഖണ്ഡികകള്‍) ഇന്ത്യയിലെ മാധ്യമരംഗം സംബന്ധിച്ച് 19-ാം കോഗ്രസ് വിലയിരുത്തിയത് ഇപ്രകാരമാണ്: ‘"മാധ്യമരംഗം വളരെ വേഗം ഒരു ബിഗ്് ബിസിനസ് സംരംഭമായി മാറിക്കൊണ്ടിരിക്കുകയാണ്.ത്വരിതഗതിയില്‍ത്തന്നെ മാധ്യമരംഗത്ത് കോര്‍പറേറ്റ്വല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്നു. മാധ്യമരംഗത്ത് 26 ശതമാനം വിദേശമൂലധനം അനുവദിക്കുകയും വിദേശ മൂലധനനിക്ഷേപം വരികയും ചെയ്തതോടെ ഒരു വിഭാഗം മാധ്യമങ്ങള്‍ പാശ്ചാത്യാനുകൂലവും രാഷ്ട്രീയവിരുദ്ധവും കമ്യൂണിസ്റ് വിരുദ്ധവുമായി മാറിയിരിക്കുന്നു. ഹൃദയശൂന്യമായ കുറ്റകൃത്യങ്ങള്‍, ലൈംഗികത, സ്ത്രീകളെ ചരക്കാക്കല്‍, വിജ്ഞാനവിരുദ്ധ ചിന്താഗതി എന്നിവയുടെ പ്രചാരണം ഇലക്ട്രോണിക് മാധ്യമങ്ങളുടെ കുത്തൊഴുക്കുമൂലം വര്‍ധിച്ചുവരികയാണ്. മാധ്യമസ്വാതന്ത്യ്രത്തിന്റെ പേരില്‍ നഗ്നമായ വ്യാപാരവല്‍ക്കരണം വ്യാപകമാകുകയും അധാര്‍മികമായ നടപടികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്തു'' (രാഷ്ട്രീയപ്രമേയം 2.78 ഖണ്ഡിക) ഇന്ത്യയുടെ സാമൂഹ്യജീവിതത്തിലും ജനാധിപത്യപ്രക്രിയകളിലും മാധ്യമങ്ങള്‍ വഹിക്കുന്ന നിഷേധാത്മകമായ പങ്കിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ കോര്‍പറേറ്റ് മാധ്യമങ്ങള്‍ കോഗ്രസിന് സജീവമായ പിന്തുണ നല്‍കുകയാണുണ്ടായത്. സിപിഐ എമ്മിനും ഇടതുപക്ഷത്തിനാകെയുമെതിരായി പ്രത്യേകിച്ചും പശ്ചിമബംഗാളിലും കേരളത്തിലും കോര്‍പറേറ്റ് മാധ്യമങ്ങള്‍ വിഷലിപ്തമായ പ്രചാരണം കെട്ടഴിച്ചുവിടുന്നു. പാര്‍ടിയെ ഒറ്റപ്പെടുത്തുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനും ഭരണവര്‍ഗങ്ങള്‍ നടത്തുന്ന പരസ്പരം കൂടിയാലോചിച്ചുകൊണ്ടുള്ള പ്രചാരണത്തിന്റെ ഭാഗമാണിത്. രാഷ്ട്രീയശക്തികളുടെ കമ്യൂണിസ്റ്വിരുദ്ധ ഒത്തുചേരലിന് അനുഗുണമായി പ്രവര്‍ത്തിക്കുകയായിരുന്നു മാധ്യമപ്രചാരണം. കേരളത്തില്‍ ‘ഒരു വിഭാഗം മാധ്യമങ്ങള്‍ യുഡിഎഫിന്റെ പ്രചാരണ ടീമായി പ്രവര്‍ത്തിച്ചു. 1959 -60 കാലത്തെ കേരളത്തില്‍ വിമോചനസമരദിനങ്ങളോടു സമാനമായ സമീപനമാണ് തെരഞ്ഞെടുപ്പുകാലത്ത് ഈ വിഭാഗം മാധ്യമങ്ങള്‍ എടുത്തത്. രാഷ്ട്രീയമായ ഈ പ്രതിലോമനിലപാടുകള്‍ക്ക് മകുടം ചാര്‍ത്തിക്കൊണ്ട് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിന്റെ വാര്‍ത്തകള്‍ കൊടുക്കുന്നതിനായി അവരില്‍നിന്ന് വന്‍തോതില്‍ പണം വസൂലാക്കുക എന്ന അഴിമതി നിറഞ്ഞമാര്‍ഗംപോലും വിവിധ സംസ്ഥാനങ്ങളിലെ അച്ചടിമാധ്യമങ്ങളില്‍ ചിലത് അവലംബിക്കുകയുണ്ടായി. പോസ്ററുകളും ബാനറുകളും മറ്റും ഉപയോഗിക്കുന്നതിന് തെരഞ്ഞെടുപ്പു കമീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതുകൊണ്ട് ധനശക്തി ഉപയോഗിച്ചുകൊണ്ടും ടിവികളിലും പത്രങ്ങളിലും സ്പോസര്‍ ചെയ്ത പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുത്താനുള്ള ശ്രമമായിരുന്നു അത്. മനുഷ്യനന്മയുടെ അഗ്നിനാളങ്ങളായി ജ്വലിച്ചുനിന്ന സ്വദേശാഭിമാനിയുടെയും കേസരിയുടെയും പാരമ്പര്യമുള്ള മാധ്യമങ്ങളെവിടെ ? ജനാധിപത്യവ്യവസ്ഥയുടെ നാലാം തൂണെവിടെ? നാം അമ്പരന്നുപോകുകയാണ്. ഇവിടെയാണ് ജനപക്ഷത്തുനില്‍ക്കുന്ന ബദല്‍ മാധ്യമസംസ്കാരത്തിന്റെ പ്രസക്തി. കേരളത്തില്‍ ദേശാഭിമാനി ഒന്നാമത്തെ പത്രമാക്കേണ്ടതിന്റെ പ്രാധാന്യം. തൃശൂര്‍ ജില്ലയില്‍ ദേശാഭിമാനിയുടെ പ്രചാരം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനം ആവേശകരമായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി ; നാടിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട മാധ്യമമാണ് ഉയര്‍ത്തപ്പെടേണ്ടത്. ദേശാഭിമാനി ഭൂരിപക്ഷം വീടുകളിലും എത്തേണ്ടത് നമ്മുടെ നാടിന്റെ പുരോഗമനത്തിന്റെ ഉപാധികൂടിയാണ്.

1 comment:

ജനശക്തി ന്യൂസ്‌ said...

പത്ര പ്രചാരണം ജനകീയ ഇടപെടലിന്റെ പ്രായോഗിക രൂപം.
ബേബിജോണ്‍
(സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറി‍)
അധികാരകേന്ദ്രങ്ങളുടെ അന്യായങ്ങള്‍ക്കെതിരായ പ്രതിഷേധമായിട്ടാണ് വൃത്താന്ത പത്രങ്ങള്‍ ഉത്ഭവിച്ചത്. അരമനരഹസ്യങ്ങള്‍ അങ്ങാടിയില്‍ പരസ്യങ്ങളാക്കിയും രാജാനുശാസനങ്ങള്‍ക്ക് സമാന്തരങ്ങള്‍ തീര്‍ത്തും അവ നിലനില്‍ക്കുകയും വളരുകയും വ്യാപിക്കുകയും ചെയ്തു.ജനാധിപത്യത്തിനുവേണ്ടി നടന്ന പോരാട്ടങ്ങളില്‍ പതാകവാഹകസ്ഥാനം നിറവേറ്റിയ പത്രങ്ങള്‍ മനുഷ്യജീവിതത്തിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന ബലിഷ്ഠമായ നാലാംതൂണായി ചരിത്രത്തില്‍ ഇടം നേടുകയായിരുന്നു. റേഡിയോയും ടെലിവിഷനും കംപ്യൂട്ടറും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഗോളാന്തര വാര്‍ത്താവിനിമയ-വിതരണോപാധികളും ചേര്‍ന്ന് ഭൂമണ്ഡലത്തെയാകെ പിടിയിലൊതുക്കുന്ന വലക്കെട്ട് നിര്‍മിച്ചുകഴിഞ്ഞു. ആധുനിക മനുഷ്യജീവിതത്തെ പരിശോധിക്കുക എന്നാല്‍ പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമസഞ്ചയത്തോട് ഇടപെടുക എന്നായി ത്തീര്‍ന്നിട്ടുണ്ട്. ‘‘വായിക്കാന്‍ ആളുണ്ട്’’ എന്നിടത്തുനിന്നു തുടങ്ങി വായനയുടെയും വായിപ്പിക്കലിന്റെയും ലോകങ്ങള്‍ തീര്‍ത്ത് മുന്നേറിയ വാര്‍ത്താപത്രങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ചരക്കായിമാറി. വര്‍ത്തമാന പത്രം എന്ന ചരക്ക്നിര്‍മാണം ഒരു വ്യവസായമായി. കടലാസ്, അച്ചടിയന്ത്രം തുടങ്ങിയവയുമായി കൂടിക്കലര്‍ന്ന് വ്യവസായം മറ്റെല്ലാ വ്യവസായങ്ങളെയും പോലെ മുന്നേറുകയുംചെയ്തു.‘ലാഭം, പരമാവധിലാഭം, കൊള്ളലാഭം’എന്ന് ആര്‍ത്തുവിളിച്ച് മൂലധനം പെരുപ്പിക്കുന്നതിനുള്ള അമിതവ്യഗ്രതയില്‍ വര്‍ത്തമാന പത്രങ്ങളും ജനാധിപത്യത്തിന്റെ നാലാംതൂണും അവയുടെ സഹജധര്‍മങ്ങള്‍ കൈയൊഴിക്കുകയും ആഗോളവല്‍ക്കരണകാലത്തെ ആര്‍ത്തിപൂണ്ട മൂലധനപരിവാഹത്തിന്റെ സാരഥികളായി രൂപാന്തരപ്പെടുകയും ചെയ്തു.