Tuesday, September 29, 2009

ഐക്യകേരളം ഉണരണം
ഐക്യകേരളം ഉണരണം

വി എസ് അച്യുതാനന്ദന്‍.
‍കഴിഞ്ഞ ആഗസ്ത് ആദ്യമാണ് ഞാന്‍ ഇന്ത്യ-ആസിയന്‍ കരാറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്കകള്‍ അറിയിക്കാന്‍ പ്രധാനമന്ത്രിയെ കണ്ടത്. ഏതാണ്ട് അതിനോടടുപ്പിച്ച് നമ്മുടെ പ്രതിപക്ഷനേതാവും സംഘവും ഇതേ കാര്യത്തിനായി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഞങ്ങള്‍ ഇരുവരും പ്രധാനമന്ത്രിയെ കാണാന്‍ പോയത് ഇന്ത്യ-ആസിയന്‍ കരാര്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും ഔദ്യോഗിക അറിയിപ്പോ ക്ഷണമോ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ഇങ്ങനെ ഒരു കരാറില്‍ ഇന്ത്യ ഒപ്പിടാന്‍പോകുന്നു എന്ന് ഊഹാപോഹങ്ങള്‍ പടര്‍ന്നതിനെത്തുടര്‍ന്നാണ് കേരളത്തില്‍നിന്നുള്ള പ്രതിനിധിസംഘങ്ങള്‍ പ്രധാനമന്ത്രിയെയും സഹപ്രവര്‍ത്തകരെയും കണ്ടത്. കേരളത്തിന്റെ എല്ലാ താല്‍പ്പര്യങ്ങളും സംരക്ഷിക്കുമെന്നും കരാറിന്റെ എല്ലാ വിശദാംശവും ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്നും അന്നു പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, അന്നത്തെ സന്ദര്‍ശനവേളയില്‍ ഈ കരാര്‍ പതിമൂന്നാം തീയതി ഒപ്പുവയ്ക്കും എന്ന ഒരു സൂചനയും ഞങ്ങള്‍ക്കു നല്‍കിയിരുന്നില്ല. പക്ഷേ, പത്താം തീയതി ആയപ്പോഴേക്കും ഇന്ത്യ-ആസിയന്‍ കരാര്‍ പതിമൂന്നിനു ഒപ്പിട്ടേക്കും എന്ന സ്ഥിരീകരണമില്ലാത്ത വാര്‍ത്ത പ്രചരിച്ചുതുടങ്ങി. അപ്പോള്‍ത്തന്നെ, അങ്ങാടിയില്‍ പരക്കുന്ന ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിയിക്കണമെന്നും കരാറിന്റെ വിശദാംശം എത്രയും പെട്ടെന്നു ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഞാന്‍ പ്രധാനമന്ത്രിക്ക് അടിയന്തര സന്ദേശം അയക്കുകയും ചെയ്തിരുന്നു. അങ്ങാടിയിലെ പാട്ട് പതിമൂന്നിന് യാഥാര്‍ഥ്യമായി. ഇന്ത്യയും, ദക്ഷിണേഷ്യയിലെ പത്തു രാജ്യങ്ങളുമായി ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നതിനുള്ള കരാറില്‍ കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ്ശര്‍മ ഒപ്പിട്ടു. ഈ കരാറിലൂടെ സ്ഥാപിക്കപ്പെടാന്‍ പോകുന്നത് ഇന്ത്യ അംഗമായിട്ടുള്ള ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണ്. സ്വാതന്ത്യ്രാനന്തര കാലത്ത് ഇന്ത്യ അതിന്റെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് എടുത്ത ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളില്‍ ഒന്നാണ് ഈ കരാര്‍. ചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഇത്തരമൊരു കരാര്‍ ഒപ്പിടുന്നതിനെ ലാഘവബുദ്ധിയോടെയാണ് കേന്ദ്രസര്‍ക്കാര്‍ സമീപിച്ചത്. സംഭവം ലോക്സഭയെ അറിയിച്ചിരുന്നില്ല; സംസ്ഥാന സര്‍ക്കാരുകളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് കേന്ദ്രം കരാറുമായി മുന്നോട്ടു പോയത്. കൃഷി അനുബന്ധ മേഖലകളില്‍ ഇന്ത്യന്‍ ‘ഭരണഘടന സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന അധികാരത്തിന്റെ നഗ്നമായ ലംഘനമാണിത്. എന്തിനേറെ പറയുന്നു, ഇന്ത്യയിലെ മാധ്യമങ്ങളെപ്പോലും വേണ്ടവിധം അറിയിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ നമുക്ക് ഓരോരുത്തര്‍ക്കുംവേണ്ടി ഈ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒട്ടും അനുകരണീയമല്ലാത്ത ഒരു മാതൃകയാണ് ഈ കരാറിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നു സൂചിപ്പിക്കാനാണ് ഞാന്‍ ഇത്രയും കാര്യങ്ങള്‍ ആമുഖമായി പറഞ്ഞത്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നത് എന്തിനുവേണ്ടി എന്നു ചോദിച്ചാല്‍, ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി എന്നാവും ജ്ഞാനികളുടെ മറുപടി. ജനാധിപത്യം സംരക്ഷിക്കുന്നതുകൊണ്ട് ഉണ്ടാവുന്ന മറ്റ് നന്മകളൊന്നും കണക്കിലെടുക്കാതെതന്നെ ജനാധിപത്യത്തെ കാത്തു സംരക്ഷിക്കുന്നതിനുള്ള പൊതുസമ്മതവും ഇച്ഛാശക്തിയും രൂപപ്പെടേണ്ടതുണ്ട് എന്നു സാരം. ജനാധിപത്യരീതികളെ മുറുകെ പിടിക്കുന്നത് മഹാഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും വലിയ നേട്ടങ്ങള്‍ക്കും, ജനാധിപത്യ ധ്വംസനം അപരിഹാര്യമായ നഷ്ടങ്ങള്‍ക്കും ഇടയാക്കും എന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ജനാധിപത്യേതരമായ മാര്‍ഗങ്ങളിലൂടെയുള്ള സഞ്ചാരം തെറ്റായ തീരുമാനങ്ങളിലേക്കും വലിയ നഷ്ടത്തിലേക്കും നയിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിട്ടുള്ള ഇന്ത്യ-ആസിയന്‍ കരാര്‍. 2003ലാണ് ഇതു സംബന്ധിച്ച് അടിസ്ഥാന കരാര്‍ ഉണ്ടായത്. അതിനു മുന്‍പും ശേഷവും ധാരാളം ചര്‍ച്ച നടന്നു. ഇപ്പോള്‍ ഒപ്പിട്ട കരാറിന്റെ കരടുരൂപം മുമ്പുതന്നെ തയ്യാറായിരുന്നതാണ് എന്നും കേള്‍ക്കുന്നു. എന്നുപറഞ്ഞാല്‍ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ ഉണ്ടായിരുന്ന കാലത്തുതന്നെ കേന്ദ്രം സംസ്ഥാനത്തോട് ഇതുസംബന്ധിച്ച വിശദാംശം ചര്‍ച്ചചെയ്തിട്ടില്ല. കേരളത്തിലെ യുഡിഎഫ് നേതൃത്വത്തെയും ഈ കാര്യത്തില്‍ കേന്ദ്രം വിശ്വാസത്തില്‍ എടുത്തിട്ടില്ല. യഥാര്‍ഥത്തില്‍ കേരളത്തിന്റെ നേതൃത്വത്തോട് കുറഞ്ഞപക്ഷം സ്വന്തം പാര്‍ടിക്കാരോടെങ്കിലും ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായിരുന്നെങ്കില്‍ ഇന്ത്യ-ആസിയന്‍ കരാറില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്ന പല അപകടങ്ങളും ഒഴിവാക്കാമായിരുന്നു. വലിയ തര്‍ക്കങ്ങള്‍ക്കൊന്നും ഇടനല്‍കാതെ പരിഹരിക്കാവുന്ന കുറ്റങ്ങളും കുറവുകളുംപോലും ഇപ്പോള്‍ ഈ കരാറില്‍ കടന്നുകൂടിയിട്ടുണ്ട് എന്നതാണ് പരമാര്‍ഥം. ഇന്ത്യ-ആസിയന്‍ കരാര്‍ വിപുലമായി ചര്‍ച്ച ചെയ്യപ്പെടുകയാണ് എന്നതുകൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കേണ്ടതില്ല. എങ്കിലും ഏറ്റവും ഗൌരവമുള്ള ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഈ കരാറിന്റെ ഏറ്റവും പ്രതികൂലമായ വശം ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കപ്പെടുന്നു എന്നതാണ്. ഇറക്കുമതി നിയന്ത്രിച്ച് വലിയ വിലയിടിവില്‍നിന്ന് കൃഷിയെയും കൃഷിക്കാരെയും രക്ഷിക്കാനുള്ള നമ്മുടെ പരമാധികാരം സംരക്ഷിക്കുക എന്നത് നിര്‍ണായക പ്രാധാന്യമുള്ള കാര്യമാണ്. ഇറക്കുമതി പൂര്‍ണമായി ഒഴിവാക്കണമെന്നോ, എല്ലാ ഉല്‍പ്പന്നങ്ങളുടെയും നേരെ എല്ലാക്കാലത്തും ഏറ്റവും ഉയര്‍ന്ന ഇറക്കുമതി നികുതി ഈടാക്കണമെന്നോ അല്ല പറയുന്നത്. ഇറക്കുമതിയുടെ ഭീഷണി വര്‍ധിക്കുകയും വിലകള്‍ ക്രമംവിട്ടു താഴുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ചുങ്കനിരക്ക് ഉയര്‍ത്താനുള്ള രാജ്യത്തിന്റെ സ്വാതന്ത്യ്രം സംരക്ഷിക്കപ്പെടണം എന്നത് നിര്‍ബന്ധമാണ്. നിര്‍ഭാഗ്യവശാല്‍ ഈ സ്വാതന്ത്യ്രമാണ് ഇന്ത്യ-ആസിയന്‍ കരാറിന്റെ പേരില്‍ ഇപ്പോള്‍ ഇല്ലാതാവുന്നത്. തേയില, കാപ്പി, കുരുമുളക്, റബര്‍, റബര്‍ ഉല്‍പ്പന്നങ്ങള്‍, സംസ്കരിച്ച മത്സ്യോല്‍പ്പന്നങ്ങള്‍ തുടങ്ങി കേരളത്തിന്റെ നിര്‍ണായക പ്രാധാന്യമുള്ള എല്ലാ ഉല്‍പ്പന്നങ്ങളുടെയും കാര്യത്തില്‍ ചുങ്ക-ചുങ്കേതര പ്രതിബന്ധങ്ങള്‍ ഉയര്‍ത്താനുള്ള നമ്മുടെ അധികാരം ഈ കരാറിലൂടെ ഗണ്യമായി വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുകയാണ്. തെങ്ങുകൃഷിയെ രക്ഷിക്കുന്നതിന് പാമോയില്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള അധികാരവും ഈ കരാറിലൂടെ നഷ്ടപ്പെടുന്നുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങളിലേക്കും പോകാതെ റബറിന്റെ കാര്യം മാത്രമെടുത്തു പരിശോധിച്ചാല്‍മതി, അധികാരത്തിന്റെ നഷ്ടം എങ്ങനെ സംഭവിക്കുന്നു എന്നു കാണാന്‍ കഴിയും. റബറിനെ ഇറക്കുമതി ഉദാരീകരിക്കേണ്ടാത്ത എക്സ്ക്ളൂഷന്‍ ലിസ്റില്‍പെടുത്തി പൂര്‍ണമായും സംരക്ഷിച്ചിരിക്കുന്നു എന്ന അവകാശവാദം ഉള്ളതുകൊണ്ട് റബറിന്റെ ഉദാഹരണത്തിനു പ്രത്യേക പ്രസക്തിയുണ്ട്. സ്വാഭാവിക റബറിനെ സംരക്ഷിത പട്ടികയിലാണ് പെടുത്തിയിരിക്കുന്നത് എന്നത് സത്യംതന്നെ. പക്ഷേ, സ്വാഭാവിക റബറിന്റെമേല്‍ ചുമത്താവുന്ന നികുതിയുടെ ഉയര്‍ന്ന പരിധി ഇരുപത് ശതമാനമായി നിജപ്പെടുത്തിയിരിക്കുകയാണ്. അന്തര്‍ദേശീയ കമ്പോളത്തില്‍ വില എത്ര ഇടിഞ്ഞാലും ഇറക്കുമതിനികുതി 20 ശതമാനത്തിനപ്പുറത്തേക്ക് ഉയര്‍ത്താന്‍ ഈ കരാര്‍പ്രകാരം ഇന്ത്യക്ക് അധികാരമില്ല. സിന്തറ്റിക് റബറിന്റെയും, റബര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിച്ചുങ്കം എത്രവരെ ഉയര്‍ത്താം? മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ സിന്തറ്റിക് റബറിന്റെയും റബര്‍ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിച്ചുങ്കം പൂര്‍ണമായും എടുത്തുകളയണം എന്നാണ് കരാറിലെ വ്യവസ്ഥ. എന്നു പറഞ്ഞാല്‍ ഈ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ചുങ്കമേര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ അധികാരം ഏതാണ്ട് ഇല്ലാതാവുകയാണ്! ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്ന മഹാഭൂരിപക്ഷം ഉല്‍പ്പന്നങ്ങളുടെയും മേല്‍ ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താനുള്ള അധികാരം മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും എടുത്തുകളയുന്ന തരത്തിലാണ് ഇന്ത്യ-ആസിയന്‍ കരാര്‍ തയ്യാറാക്കിയിട്ടുള്ളത്. ഇറക്കുമതിച്ചുങ്കം അവശ്യ സന്ദര്‍ഭങ്ങളില്‍ ഉയര്‍ത്താനുള്ള അധികാരം എത്ര വിലപ്പെട്ടതാണെന്ന് കേരളത്തിലെ കൃഷിക്കാരെയും, കര്‍ഷകത്തൊഴിലാളികളെയും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. ഒന്നോ രണ്ടോ വര്‍ഷം തുടര്‍ച്ചയായി നല്ല വില കിട്ടിയാല്‍ അച്ചട്ടാണ്, വലിയ താമസമില്ലാതെ വിലയിടിവും ഉണ്ടാവും. കുത്തനെയുള്ള കയറ്റവും ഇറക്കവും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലകളുടെ ചരിത്രത്തിന്റെ അവിഭാജ്യഘടകമാണ്. അന്തര്‍ദേശിയ കമ്പോളത്തില്‍ വില കുത്തനെ ഇടിയുന്ന സന്ദര്‍ഭങ്ങളിലാണ് ചുങ്കമോ, ചുങ്കേതര പ്രതിബന്ധമോ ഉയര്‍ത്തി കൃഷിയെയും കൃഷിക്കാരനെയും സംരക്ഷിക്കണം എന്ന മുറവിളി ഉയരുക. അത്തരം അടിയന്തര ഘട്ടങ്ങളിലാണ് നഷ്ടപ്പെട്ട അധികാരത്തിന്റെ വില നാം തിരിച്ചറിയുക. യഥാര്‍ഥത്തില്‍ ഈ തിരിച്ചറിവുമൂലമാണ് ലോകവ്യാപാര സംഘടനയില്‍ നടന്നിട്ടുള്ള എല്ലാ ചര്‍ച്ചകളിലും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ചുങ്കപരിധി പരമാവധി ഉയര്‍ത്തിനിര്‍ത്താനാവശ്യമായ കര്‍ശന നിലപാടുകള്‍ ഇന്ത്യയും മറ്റ് അവികസിത രാജ്യങ്ങളും സ്വീകരിച്ചുപോന്നത്. ഇന്ത്യ-ആസിയന്‍ കരാര്‍ കാര്‍ഷികേതര മേഖലയില്‍ ഇന്ത്യക്ക് വലിയ മെച്ചമുണ്ടാക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. അത്തരം തര്‍ക്കവിഷയങ്ങളിലേക്ക് കടക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. കേരളത്തിന്റെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ മേല്‍ ഇന്ത്യ-ആസിയന്‍ കരാര്‍ പ്രതികൂല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംസ്ഥാനത്ത് ഇപ്പോള്‍ അഭിപ്രായ സമന്വയമുണ്ട്. യുഡിഎഫ് കക്ഷിനേതാക്കന്മാര്‍പോലും ഇക്കാര്യത്തില്‍ അവര്‍ക്കുള്ള ആശങ്ക തുറന്നു പറയാന്‍ തയ്യാറായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കരാറിനെതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ മനുഷ്യച്ചങ്ങല തീര്‍ത്ത് കരാറിനെതിരെ ശക്തമായി പ്രതികരിക്കുന്നതുള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങളും ഈ പശ്ചാത്തലത്തിലാണ്. സ്വാഭാവികമായും ഇന്ത്യ-ആസിയന്‍ കരാറിനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തുന്ന പ്രതിഷേധ പ്രവര്‍ത്തനങ്ങളില്‍ അണിചേരണം എന്ന നിര്‍ദേശം കേരളത്തിലെ പ്രതിപക്ഷനേതാക്കള്‍ക്കു സ്വീകാര്യമായിക്കൊള്ളണമെന്നില്ല. എന്നാല്‍, പ്രതിപക്ഷ ‘ഭരണപക്ഷ ഭേദമെന്യേ, കക്ഷിരാഷ്ട്രീയ ഭേദമെന്യേ, മുഴുവന്‍ കേരളീയര്‍ക്കും ഒത്തൊരുമിക്കാന്‍ വേറെയും വേദികളും അവസരങ്ങളും ഉണ്ടാവും എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍തന്നെ മുന്‍കൈയെടുക്കാന്‍ ആലോചിക്കുന്നുണ്ട്. അതെന്തായാലും ഇന്നത്തെ നിലയ്ക്ക് കേരളത്തിന്റെ നഷ്ടം നികത്താതെ, ഇന്ത്യ-ആസിയന്‍ കരാറുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുപോകാന്‍ അനുവദിക്കുന്നത് ആത്മഹത്യാപരമായിരിക്കും. കരാറിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ഇരയാവാനിടയുള്ള കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മത്സ്യമേഖലയുടെയും മറ്റും ആശങ്കകള്‍ അകറ്റുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിനും നേടിയെടുക്കുന്നതിനും നമുക്കു കഴിയണം. അതിനായി ഐക്യകേരളം ഉണരണം.

1 comment:

ജനശക്തി ന്യൂസ്‌ said...

ഐക്യകേരളം ഉണരണം
വി എസ് അച്യുതാനന്ദന്‍.
കഴിഞ്ഞ ആഗസ്ത് ആദ്യമാണ് ഞാന്‍ ഇന്ത്യ-ആസിയന്‍ കരാറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്കകള്‍ അറിയിക്കാന്‍ പ്രധാനമന്ത്രിയെ കണ്ടത്. ഏതാണ്ട് അതിനോടടുപ്പിച്ച് നമ്മുടെ പ്രതിപക്ഷനേതാവും സംഘവും ഇതേ കാര്യത്തിനായി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഞങ്ങള്‍ ഇരുവരും പ്രധാനമന്ത്രിയെ കാണാന്‍ പോയത് ഇന്ത്യ-ആസിയന്‍ കരാര്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും ഔദ്യോഗിക അറിയിപ്പോ ക്ഷണമോ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ഇങ്ങനെ ഒരു കരാറില്‍ ഇന്ത്യ ഒപ്പിടാന്‍പോകുന്നു എന്ന് ഊഹാപോഹങ്ങള്‍ പടര്‍ന്നതിനെത്തുടര്‍ന്നാണ് കേരളത്തില്‍നിന്നുള്ള പ്രതിനിധിസംഘങ്ങള്‍ പ്രധാനമന്ത്രിയെയും സഹപ്രവര്‍ത്തകരെയും കണ്ടത്. കേരളത്തിന്റെ എല്ലാ താല്‍പ്പര്യങ്ങളും സംരക്ഷിക്കുമെന്നും കരാറിന്റെ എല്ലാ വിശദാംശവും ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്നും അന്നു പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, അന്നത്തെ സന്ദര്‍ശനവേളയില്‍ ഈ കരാര്‍ പതിമൂന്നാം തീയതി ഒപ്പുവയ്ക്കും എന്ന ഒരു സൂചനയും ഞങ്ങള്‍ക്കു നല്‍കിയിരുന്നില്ല. പക്ഷേ, പത്താം തീയതി ആയപ്പോഴേക്കും ഇന്ത്യ-ആസിയന്‍ കരാര്‍ പതിമൂന്നിനു ഒപ്പിട്ടേക്കും എന്ന സ്ഥിരീകരണമില്ലാത്ത വാര്‍ത്ത പ്രചരിച്ചുതുടങ്ങി. അപ്പോള്‍ത്തന്നെ, അങ്ങാടിയില്‍ പരക്കുന്ന ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിയിക്കണമെന്നും കരാറിന്റെ വിശദാംശം എത്രയും പെട്ടെന്നു ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഞാന്‍ പ്രധാനമന്ത്രിക്ക് അടിയന്തര സന്ദേശം അയക്കുകയും ചെയ്തിരുന്നു. അങ്ങാടിയിലെ പാട്ട് പതിമൂന്നിന് യാഥാര്‍ഥ്യമായി. ഇന്ത്യയും, ദക്ഷിണേഷ്യയിലെ പത്തു രാജ്യങ്ങളുമായി ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നതിനുള്ള കരാറില്‍ കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ്ശര്‍മ ഒപ്പിട്ടു. ഈ കരാറിലൂടെ സ്ഥാപിക്കപ്പെടാന്‍ പോകുന്നത് ഇന്ത്യ അംഗമായിട്ടുള്ള ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണ്. സ്വാതന്ത്യ്രാനന്തര കാലത്ത് ഇന്ത്യ അതിന്റെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് എടുത്ത ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളില്‍ ഒന്നാണ് ഈ കരാര്‍. ചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഇത്തരമൊരു കരാര്‍ ഒപ്പിടുന്നതിനെ ലാഘവബുദ്ധിയോടെയാണ് കേന്ദ്രസര്‍ക്കാര്‍ സമീപിച്ചത്. സംഭവം ലോക്സഭയെ അറിയിച്ചിരുന്നില്ല; സംസ്ഥാന സര്‍ക്കാരുകളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് കേന്ദ്രം കരാറുമായി മുന്നോട്ടു പോയത്. കൃഷി അനുബന്ധ മേഖലകളില്‍ ഇന്ത്യന്‍ ‘ഭരണഘടന സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന അധികാരത്തിന്റെ നഗ്നമായ ലംഘനമാണിത്. എന്തിനേറെ പറയുന്നു, ഇന്ത്യയിലെ മാധ്യമങ്ങളെപ്പോലും വേണ്ടവിധം അറിയിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ നമുക്ക് ഓരോരുത്തര്‍ക്കുംവേണ്ടി ഈ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒട്ടും അനുകരണീയമല്ലാത്ത ഒരു മാതൃകയാണ് ഈ കരാറിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നു സൂചിപ്പിക്കാനാണ് ഞാന്‍ ഇത്രയും കാര്യങ്ങള്‍ ആമുഖമായി പറഞ്ഞത്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നത് എന്തിനുവേണ്ടി എന്നു ചോദിച്ചാല്‍, ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി എന്നാവും ജ്ഞാനികളുടെ മറുപടി.