Sunday, June 14, 2009

സര്‍ഗധനന്‍

സര്‍ഗധനന്‍
By prakash karat

*ഇ.എം.എസ്സിന്റെ ഒസ്യത്ത് എന്താണെന്നാണ് താങ്കള്‍ കരുതുന്നത് ?ചരിത്രപരമായി നോക്കിയാല്‍, ഇന്ത്യയില്‍ ഒരു സര്‍ഗധനനായ മാര്‍ക്‌സിസ്റ്റ് എന്ന നിലയില്‍ ഇ.എം.എസ്. വ്യതിരിക്തമായ സംഭാവനയാണ് നല്‍കിയത്. അതാണ് ഇന്ന് നമുക്ക് ആവശ്യം. മാര്‍ക്‌സിസം ഒരു വരട്ടുതത്ത്വമല്ലെന്ന ഇ.എം.എസ്സിന്റെ തുറന്ന മനസ്സാണ് നാം പിന്തുടരേണ്ടത്. അദ്ദേഹം മാര്‍ക്‌സിസത്തെ സൃഷ്ടിപരമായി പ്രയോഗിക്കാനാണ് ശ്രമിച്ചിരുന്നത്. ചില തെറ്റുകള്‍ അദ്ദേഹം വരുത്തിക്കാണും. പക്ഷേ, സൃഷ്ടിപരമായി മാര്‍ക്‌സിസം പ്രയോഗത്തില്‍ വരുത്താന്‍ നാം ശ്രമിച്ചില്ലെങ്കില്‍, ഒരു സിദ്ധാന്തമെന്ന നിലയില്‍ അതിന് അതിജീവിക്കാന്‍ ഒരിക്കലും കഴിയുകയില്ല. അത് നിരന്തരം പുതുക്കപ്പെടണം, ചൈതന്യവത്കരിക്കപ്പെടണം. അതാണ് ഇ.എം.എസ്സിന്റെ ഒസ്യത്ത് എന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ സൃഷ്ടിപരമായി പ്രയോഗിക്കപ്പെടാവുന്ന ഒന്നാണ് മാര്‍ക്‌സിസം എന്ന് കാണിച്ചുതന്നു എന്നതാണ് ഇ.എം.എസ്സിന്റെ ഒസ്യത്ത്. ഇതിന്റെയടിസ്ഥാനത്തില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ വിജയിക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. യുവാവായി സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലേയ്ക്ക് എടുത്തുചാടിയപ്പോള്‍ മുതല്‍ അന്ത്യംവരെ, ഇതുസാധ്യമാണെന്നാണ് അദ്ദേഹം കാണിച്ചുതന്നത്. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒസ്യത്ത്.* ഇ.എം.എസ്സിനെ ഗുരുവായിട്ടാണ് കണക്കാക്കിയിട്ടുള്ളതെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ടല്ലോ...ഗുരുവായിട്ട് പറഞ്ഞിട്ടില്ല. ഇ.എം.എസ്. എന്നില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മദ്രാസില്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഇ.എം.എസ്സിന്റെ പുസ്തകങ്ങള്‍ വായിച്ചിരുന്നു. 'കേരളം ഇന്നലെ ഇന്ന് നാളെ' ആണ് ഞാന്‍ വായിച്ച ആദ്യ പുസ്തകം. ഗവേഷണവേളയില്‍ ആ സമയത്ത് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ മിക്കവാറും പുസ്തകങ്ങള്‍ വായിക്കാന്‍ എനിക്കു കഴിഞ്ഞു. 1968-69 കാലത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അതെന്റെ രാഷ്ട്രീയ ധാരണ വ്യക്തമാക്കി. മൊത്തത്തില്‍ ഇടതുപക്ഷ ചിന്താഗതി വെച്ചുപുലര്‍ത്തിയിരുന്ന ആളാണ് ഞാന്‍. സി.പി.എമ്മില്‍ ചേരാനുള്ള തീരുമാനം സുവ്യക്തമായി കൈക്കൊള്ളാന്‍ എന്നെ സഹായിച്ചത് ഇ.എം.എസ്സിന്റെ പുസ്തകങ്ങളാണ്. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം വലുതാണ്.* ഒരു ബൗദ്ധിക സ്വാധീനം?അതെ. മാര്‍ക്‌സിസത്തോട് എനിക്ക് താത്പര്യമായിരുന്നു. പക്ഷേ, ഇന്ത്യയില്‍ ഞാന്‍ എന്തു ചെയ്യണം, ഏതു പാര്‍ട്ടിയില്‍ ചേരണം, ഏത് രാഷ്ട്രീയം ഞാന്‍ സ്വീകരിക്കണം. ഈ തീരുമാനങ്ങളൊക്കെ എടുത്തതില്‍ ഇ.എം.എസ്സിന്റെ പുസ്തകങ്ങളുടെ സ്വാധീനമാണുള്ളത്.* ഇ.എം.എസ്സുമായി പങ്കുവെച്ച എന്തെങ്കിലും സംഭാഷണങ്ങളോ, രസകരമായ അനുഭവങ്ങളോ പറയാമോ?ഞാന്‍ ആദ്യം ഇ.എം.എസ്സിനെ കണ്ടത് 1970 ലാണ്, അദ്ദേഹം ഒരു നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍. പട്ടാമ്പിയാണെന്നു തോന്നുന്നു. ഞാന്‍ മദ്രാസില്‍ നിന്ന് പട്ടാമ്പിയിലേക്ക് പോയി. പാര്‍ട്ടിയില്‍ ഞാന്‍ ചേര്‍ന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഞാന്‍ ഡല്‍ഹിയില്‍ വന്നു. ഡല്‍ഹിയില്‍ വെച്ച് ഞാന്‍ അദ്ദേഹത്തെ പതിവായി കാണുമായിരുന്നു. കാരണം ഞാന്‍ പാര്‍ലമെന്റ് ഓഫീസില്‍ എ.കെ.ജി.യോടൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. ഇ.എം.എസ്. ഡല്‍ഹിയിലെത്തുമ്പോഴൊക്കെ അദ്ദേഹത്തെ കാണാന്‍ അവസരമുണ്ടായി. ചിലപ്പോള്‍ കേരളത്തില്‍ വെച്ചും കണ്ടു.അക്കാലത്ത് എ.കെ.ജി.യോടൊപ്പം ഞാന്‍ ഏറെ യാത്രകള്‍ നടത്തിയിരുന്നു. ഞാന്‍ എ.കെ.ജി.യെ സഹായിക്കുന്ന കാലമായിരുന്നു. അങ്ങനെയൊരിക്കല്‍ കര്‍ണാടകത്തില്‍ വെച്ചു കണ്ടു. 1971 ലോ, 72 ലോ ഒരു തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അവിടെ ഒരു ഗസ്റ്റ്ഹൗസില്‍ ഞങ്ങള്‍ക്ക് ഒരു മുറിപങ്കിടേണ്ടിവന്നു. ഇ.എം.എസ്സും, എ.കെ.ജി.യും ഞാനും ഒരു മുറിയില്‍. ഇ.എം.എസ്. പതിവുപോലെ രാവിലെ അഞ്ചുമണിക്കുണര്‍ന്നു. എന്നെ ഉണര്‍ത്താതിരിക്കാന്‍ അദ്ദേഹം ലൈറ്റിടാതെ ഇരുട്ടത്തു തന്നെ ഏറെ നേരം ഇരുന്നു! സാധാരണ അഞ്ചുമണിക്കുണര്‍ന്ന് വായനയില്‍ വ്യാപൃതനാകുന്ന ആളാണ്. എന്നെ ഉണര്‍ത്താതിരിക്കാന്‍ വേണ്ടി..... മറ്റുള്ളവരെപ്പറ്റി വലിയ പരിഗണനയായിരുന്നു അദ്ദേഹത്തിന്.1985 ല്‍ ഡല്‍ഹിയില്‍ പാര്‍ട്ടി കേന്ദ്രത്തില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം പതിവായിത്തന്നെ പണിയെടുക്കാന്‍ തുടങ്ങി. കേന്ദ്രക്കമ്മിറ്റി ഓഫീസില്‍ ഇ.എം.എസ്. അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ്. ഞാന്‍ കേന്ദ്രക്കമ്മിറ്റി അംഗവും. അപ്പോള്‍ മുതല്‍ എന്റെ ദൈനംദിന പ്രവര്‍ത്തനവും ബന്ധവും അദ്ദേഹവുമായിട്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെക്കുറിച്ചു ഞാന്‍ ഏറെ മനസ്സിലാക്കിയത്. പാര്‍ട്ടിയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന്, ചര്‍ച്ചകള്‍ എങ്ങനെ നടത്തണമെന്ന്, വ്യത്യസ്ത അഭിപ്രായക്കാരായ ആളുകളുമായി എങ്ങനെ ആശയവിനിമയം നടത്തണമെന്ന്, അവരുമായി എന്തെങ്കിലും പൊതുധാരണയിലെത്താന്‍ ശ്രമിക്കണമെന്ന്. തന്റെ സമീപനങ്ങളില്‍ ഇ.എം.എസ്. തികഞ്ഞ ജനനാധിപത്യവാദിയായിരുന്നു. ഞങ്ങളെ പരിചയക്കുറവുള്ള ജൂനിയര്‍ സഖാക്കളായല്ല അദ്ദേഹം കണ്ടത്. ഞങ്ങളുടെ വീക്ഷണങ്ങളും വിമര്‍ശനങ്ങളും അദ്ദേഹം വളരെ ഗൗരവമായി പരിഗണിച്ചു.*താങ്കളുടെ നോട്ടത്തില്‍, ഇ.എം.എസ്സിന്റെ ഏറ്റവും വലിയ സംഭാവന എന്താണ്?ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം നോക്കിയാല്‍, ഒരുപാട് സമുന്നതരായ നേതാക്കളെ അത് സൃഷ്ടിച്ചിട്ടുണ്ട്. അവരില്‍ നിരവധിപേര്‍ സ്വാതന്ത്ര്യ സമരത്തിലും സജീവമായി പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍നിന്നും അവര്‍ കമ്യൂണിസത്തിന്റെ പ്രത്യയശാസ്ത്രത്തിലേക്ക് ആകൃഷ്ടരായി വരികയായിരുന്നു. അവരില്‍ നിരവധിപേര്‍ 30 കളിലും 40 കളിലും പാര്‍ട്ടിയില്‍ ചേര്‍ന്നു. പക്ഷേ, ഇവരില്‍ നിന്നൊക്കെ ഇ.എം.എസ്. വ്യത്യസ്തനാണ്. അദ്ദേഹം മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം സ്വീകരിച്ചത് യാന്ത്രികമായ രീതിയിലായിരുന്നില്ല. തുടക്കം മുതലേ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാര്‍ക്‌സിസം പ്രയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം സൃഷ്ടിപരത കാണിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സംഭാവന ചെയ്തിട്ടുള്ളവരില്‍ ഏറ്റവും 'ഒറിജിന'ലും സര്‍ഗധനനുമായ മാര്‍ക്‌സിസ്റ്റ് ആയാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഉദാഹരണത്തിന് മലബാറിലെ കാര്‍ഷിക ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനത്തിന്റെ കാര്യമെടുക്കാം. മലബാര്‍ കുടിയായ്മ കമ്മിറ്റിയില്‍ അംഗമായിരിക്കുമ്പോഴാണ് അദ്ദേഹം മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മലബാറിലെ കാര്‍ഷിക ബന്ധങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം ഒരു സൈദ്ധാന്തിക പഠനമല്ല. ജന്മിവ്യവസ്ഥയുടെ സമൂര്‍ത്ത സാഹചര്യങ്ങള്‍ അദ്ദേഹം പഠിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അവിടെ കര്‍ഷക പ്രസ്ഥാനത്തിനുവേണ്ട തന്ത്രം അദ്ദേഹം രൂപപ്പെടുത്തി. ഫ്യൂഡലിസത്തോട്, സാമ്രാജ്യത്വത്തോട്, എങ്ങനെ പൊരുതണമെന്നും ദേശീയ പ്രസ്ഥാനവുമായി അതിനെ എങ്ങനെ ബന്ധപ്പെടുത്തണമെന്നും. സമൂര്‍ത്ത സാഹചര്യങ്ങളെ പഠിച്ച്, അതില്‍ മാര്‍ക്‌സിസ്റ്റ് സമീപനം പ്രയോഗിച്ചാണ് അദ്ദേഹം മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ തന്ത്രം ആവിഷ്‌കരിച്ചത്. ഇത് അദ്ദേഹം എല്ലാറ്റിലും പുലര്‍ത്തി. കേരള സമൂഹത്തിന്റെ ചരിത്രം പഠിച്ചപ്പോള്‍ 'ഒന്നരക്കോടി മലയാളികള്‍' എന്ന പത്രിക അദ്ദേഹം എഴുതി. പിന്നീട് അത് ഇംഗ്ലീഷില്‍ 'നാഷണല്‍ ക്വസ്റ്റ്യന്‍ ഇന്‍ കേരള'യായി പ്രസിദ്ധപ്പെടുത്തി. ഇതിലാണ് ആധുനിക, മതേതര കേരളത്തെ സംബന്ധിച്ച തന്റെ കാഴ്ചപ്പാട് അദ്ദേഹം ആവിഷ്‌കരിക്കുന്നത്. ഐക്യകേരളത്തിന്റെ, തിരുവിതാംകൂറും കൊച്ചിയും മലബാറും ചേര്‍ന്ന് കേരളത്തിന്റെ കാഴ്ചപ്പാട്. വാസ്തവത്തില്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യമെമ്പാടും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭം നടത്തിയത്. അങ്ങനെ ഏതുരംഗത്തും അദ്ദേഹം പഠനം നടത്തുമ്പോള്‍, മാര്‍ക്‌സിസം പ്രയോഗിച്ചു. അദ്ദേഹത്തിന്റെ മാര്‍ക്‌സിസ്റ്റ് രീതികള്‍പ്രയോഗിച്ചു, സ്വീകരിക്കേണ്ട പ്രായോഗിക രാഷ്ട്രീയ ലൈനുമായി മുന്നോട്ടുവന്നു. ഇത് മറ്റാര്‍ക്കുമില്ലാതിരുന്ന, തികച്ചും തന്‍േറതായ സൃഷ്ട്യുന്മുഖമായ സമീപനമായിരുന്നു. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും അദ്ദേഹം ഇത് കാണിച്ചുതന്നു.*അദ്ദേഹത്തിന്റെ സംഭാവന പ്രധാനമായും സൈദ്ധാന്തികമാണോ പ്രായോഗികതാവാദപരമാണോ?ഞാന്‍ വിചാരിക്കുന്നത് രണ്ടുമായിരുന്നു എന്നാണ്. പ്രയോഗമില്ലാതെ ഇ.എം.എസ്സില്ല. സൈദ്ധാന്തവത്കരണത്തിനൊപ്പം തന്നെ പ്രാക്ടിക്കലായ രാഷ്ട്രീയ പ്രവര്‍ത്തന പദ്ധതിയും അദ്ദേഹം തയ്യാറാക്കി. അദ്ദേഹത്തിന് പ്രത്യേകമായുണ്ടായിരുന്ന മറ്റൊരു ഗുണം ഈ സിദ്ധാന്തവും പ്രയോഗവും ജനങ്ങളുമായി സംവദിക്കാന്‍ കഴിഞ്ഞു എന്നതാണ്. ജനങ്ങള്‍ക്കു മനസ്സിലാവുന്ന ലളിതമായ രീതിയില്‍ അദ്ദേഹത്തിന് അത് ജനങ്ങളോടു പറയാന്‍ കഴിഞ്ഞു. സൈദ്ധാന്തികവിശകലനത്തിലൂടെയെത്തിയ നിഗമനവും, ഏതാണ് ദിശ, ഏതാണ് വഴി എന്നതും അദ്ദേഹത്തിന് ജനങ്ങളോട് പറയാന്‍ കഴിഞ്ഞു. അത് അദ്ദേഹം തന്റെ ലേഖനങ്ങളിലൂടെ, പംക്തികളിലൂടെ പത്രത്തിലെ മുഖപ്രസംഗങ്ങളിലൂടെ വ്യക്തമാക്കി. കേരളത്തില്‍ മറ്റാരും ചെയ്യാതിരുന്ന ഒരു കാര്യമാണ് ജനതയുമായുള്ള ഇത്തരം സംഭാഷണങ്ങള്‍.* മൊത്തത്തില്‍ നോക്കുമ്പോള്‍, ഇ.എം.എസ്സിന് മുമ്പ്, ഇ.എം.എസ്സിന് ശേഷം എന്ന് നമുക്ക് കാലഘട്ടത്തെ വിഭജിക്കാന്‍ കഴിയുമോ?ഞാനത് മറ്റൊരു തരത്തില്‍ പറയാം. ഇ.എം.എസ്. അദ്ദേഹത്തിന്റെ അവസാന വര്‍ഷങ്ങളില്‍ മുഴുകിയിരുന്ന നിരവധികാര്യങ്ങള്‍ ഇന്നും പ്രസക്തമാണ്. അതുകൊണ്ട് ഇ.എം.എസ്സിന് ശേഷം എന്ന ഒരു കാലഘട്ടമുണ്ടെന്ന് ഞാന്‍ പറയുകയില്ല. ഉദാഹരണത്തിന് ഇന്ത്യയില്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ വിപത്ത് മുന്‍കൂട്ടിക്കണ്ട ആദ്യത്തെ ദേശീയതല നേതാവായിരുന്നു അദ്ദേഹം. അദ്ദേഹം ആര്‍.എസ്.എസ്. -ബി.ജെ.പി. സംയുക്തം എന്ന വാക്കാണ് ഉപയോഗിച്ചത്. ആരും അത് മുന്‍പ് പറഞ്ഞിരുന്നില്ല. എണ്‍പതുകളുടെ തുടക്കത്തിലെ കാര്യമാണ്. ഈ സംയുക്തം രാജ്യത്തിന് അപകടകരമാകാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയത ഇന്നും നമ്മുടെ രാജ്യത്ത് പ്രസക്തമായ പ്രശ്‌നമാണ്. പക്ഷേ, ഇത്തരമൊരു സ്ഥിതി ഉണ്ടാവുമെന്നും വര്‍ഗീയത ഭീഷണിയാകുമെന്നും ഭിന്നിപ്പിക്കുന്ന ഒരു ശക്തിയാവുമെന്നും അദ്ദേഹം മുന്‍കൂട്ടി കണ്ടു. 80 കളില്‍ത്തന്നെ അദ്ദേഹം വര്‍ഗീയതാ പ്രശ്‌നത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. കേരളത്തില്‍ വര്‍ഗീയ സംഘടനകളോ പാര്‍ട്ടികളോ ആയി ഒരു തരത്തിലുള്ള ബന്ധവും സി.പി.എം. ഉണ്ടാക്കരുതെന്ന് അദ്ദേഹം നിര്‍ബന്ധം പ്രകടിപ്പിച്ചു. കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ ഇതിനുവേണ്ടി ഞങ്ങള്‍ക്ക് പോരടിക്കേണ്ടിവന്നിട്ടുണ്ട്, വര്‍ഗീയമെന്നു കരുതപ്പെടുന്ന പാര്‍ട്ടികളുമായി ബന്ധം വിച്ഛേദിക്കാന്‍. അദ്ദേഹമിത് വളരെ മുന്നേ കണ്ടു എന്നാണ് പറഞ്ഞുവരുന്നത്. ഇതിന് ഇന്നും പ്രസക്തിയുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, കേരളത്തിലും വര്‍ഗീയത ഒരു പ്രസക്തഘടകമാണ്. ഇത്തരത്തില്‍ ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ചു മാത്രമല്ല, സോഷ്യലിസത്തിന്റെ ഭാവിയെക്കുറിച്ചും അദ്ദേഹം ചിന്തിച്ചിരുന്നു. അവസാനകാലങ്ങളില്‍ സോവിയറ്റ്‌യൂണിയനിലെ സോഷ്യലിസ്റ്റ് മോഡല്‍ പരീക്ഷണം പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്നും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം കൂടുതല്‍ കൂടുതല്‍ നിര്‍ബന്ധിച്ചിരുന്നു. 21-ാം നൂറ്റാണ്ടില്‍ ഞങ്ങളിപ്പോഴും മനസ്സിലാക്കാന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം അന്നുതന്നെ ആലോചിച്ചിരുന്നു എന്നര്‍ഥം. ഉത്തരം കണ്ടെത്താന്‍ വേണ്ടി അദ്ദേഹം ജീവിച്ചിരുന്നില്ല. പക്ഷേ, സോവിയറ്റ് യൂണിയനിലെന്താണ് സംഭവിച്ചത്, ചൈനയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നിവയെക്കുറിച്ച് പാര്‍ട്ടിയില്‍ ഗൗരവപൂര്‍ണവും പ്രത്യയശാസ്ത്രപരവുമായ ചര്‍ച്ചകളുണ്ടാവേണ്ടതിന്റെ ആവശ്യത്തെപ്പറ്റി അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ഒരു മാതൃകാ സോഷ്യലിസം, നവീനവും പ്രസക്തവുമായ ഒരു മോഡല്‍, കാലത്തിന് യോജിച്ചത് ആവിഷ്‌കരിക്കാന്‍ വേണ്ടിയായിരുന്നു അത്. അദ്ദേഹം എപ്പോഴും കാലത്തിനു മുന്നേ ആയിരുന്നു. സിദ്ധാന്തത്തിന്റെ തലത്തില്‍ മാത്രമല്ല, തന്ത്രങ്ങളുടെ തലത്തിലും. അദ്ദേഹം തുടക്കമിടും. പാര്‍ട്ടിയില്‍ ആര്‍ക്കും അദ്ദേഹമെന്താണ് പറയുന്നതെന്ന് പോലും പിടികിട്ടാന്‍ സമയമെടുക്കും. മുന്‍പേ നടക്കുന്നയാള്‍, മാര്‍ഗദര്‍ശി, അദ്ദേഹമായിരുന്നു. അതെ, ആ അര്‍ഥത്തില്‍ ഇ.എം.എസ്സിന് ശേഷമുള്ള കാലഘട്ടത്തില്‍, അദ്ദേഹത്തെപ്പോലെ ദീര്‍ഘവീക്ഷണമുള്ള, വഴികാട്ടാന്‍ കഴിവുള്ള ഒരാള്‍ ഞങ്ങള്‍ക്കില്ല. അദ്ദേഹത്തിന്റെ മരണശേഷം ഞാനെഴുതിയ ഒരു ലേഖനത്തില്‍ ഞാനദ്ദേഹത്തെ 'മാര്‍ക്‌സിസ്റ്റ് വഴികാട്ടി' എന്നാണ് വിളിച്ചത്. ഇന്ന് ഇങ്ങനെയൊരാള്‍ നിശ്ചയമായും ഞങ്ങള്‍ക്കില്ല.*ഇ.എം.എസ്സിന് ശേഷമുള്ള കാലത്ത് പാര്‍ട്ടി നയങ്ങളില്‍ മാറ്റം വന്നുവോ?രാഷ്ട്രീയം സ്വാഭാവികമായും മാറും, കാലം മാറുമ്പോള്‍ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാകും. ഇ.എം.എസ്സില്‍ നിന്ന് പഠിക്കാനുള്ള പാഠം എന്താണെന്നുവെച്ചാല്‍ നമുക്ക് നിശ്ചലമായിരിക്കാന്‍ കഴിയില്ല എന്നതാണ്. നമ്മുടെ ധാരണകള്‍ നിരന്തരം കാലത്തിനൊപ്പം പുതുക്കേണ്ടിയിരിക്കുന്നുവെന്നതാണ്, തന്ത്രങ്ങളിലും നയങ്ങളിലും ഉചിതമായ മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നുവെന്നതാണ്. അതിലൊരു 'മാസ്റ്റര്‍' ആയിരുന്നു അദ്ദേഹം.*വര്‍ഗീയതയെക്കുറിച്ച് പറയുമ്പോള്‍, കേരളത്തില്‍ തിരഞ്ഞെടുപ്പുവേളയില്‍ പി.ഡി.പി.യുമായി ഉണ്ടാക്കിയ ബന്ധം തെറ്റായിരുന്നുവെന്ന് തോന്നുന്നുണ്ടോ?ഞാന്‍ പറയുന്നത്, അദ്ദേഹം ഉയര്‍ത്തിയ ചോദ്യങ്ങള്‍, അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍-ഇവയ്‌ക്കൊക്കെ ഇന്നും പ്രസക്തിയുണ്ടെന്നാണ്. ഉവ്വ്, അത് പരിശോധിക്കേണ്ടിവരും.*ഇ.എം.എസ്സിന്റെ അഭാവം പാര്‍ട്ടിനേതൃത്വത്തില്‍ ഒരു ശൂന്യത സൃഷ്ടിച്ചുവെന്നു പറയാമോ?ഇല്ല, ഇ.എം.എസ്. തന്നെ അത് അങ്ങനെ കാണുമായിരുന്നില്ല. കൂട്ടായ നേതൃത്വത്തിലും കൂട്ടായ തീരുമാനമെടുക്കലിലും ഉറച്ചവിശ്വാസമുള്ളയാളായിരുന്നു അദ്ദേഹം. കൂട്ടായ ചില തീരുമാനമുണ്ടാകുമ്പോള്‍ ഇ.എം.എസ്. അതിനോട് യോജിക്കുമായിരുന്നു, അത് സ്വീകരിക്കുമായിരുന്നു. അതുകൊണ്ട് 'ശൂന്യ'തയുണ്ട് എന്ന് പറയാനാവില്ല. ഇ.എം.എസ്സിന്റെ ശൈലിയും സമീപനവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മൊത്തത്തിലും പാര്‍ട്ടിക്കും നേതൃത്വത്തിനും സ്വീകരിക്കാന്‍ കഴിയണം എന്നതാണ് വെല്ലുവിളി. അതെങ്ങനെ ചെയ്യണം. തീര്‍ച്ചയായും അത് വൈഷമ്യമുള്ള കാര്യമാണ്. ഞാന്‍ പറഞ്ഞതുപോലെ അദ്ദേഹമാണ് എപ്പോഴും കാര്യങ്ങളുടെ വേഗത നിര്‍ണയിച്ചിരുന്നത്. എപ്പോഴും ഞങ്ങള്‍ ഓടിയെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ശൈലിയും സമീപനവും ഞങ്ങള്‍ ഇനിയും സ്വീകരിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു.*1967-ലെ ഇ.എം.എസ്. മന്ത്രിസഭ കൂട്ടുകക്ഷി ഗവണ്മെന്റായിരുന്നല്ലോ. സഖ്യകക്ഷികളുമായുള്ള ബന്ധത്തെക്കുറിച്ച് ഇ.എം.എസ്സിന്റെ കാഴ്ചപ്പാട്?ഒരു ഗവെണ്മന്റില്‍ നമ്മള്‍ എങ്ങനെ പങ്കുവഹിക്കണമെന്നതു സംബന്ധിച്ചതാണ് ഇ.എം.എസ്സിന്റെ, പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും ഉള്ള മറ്റൊരു സംഭാവന. ആദ്യത്തെ മുഖ്യമന്ത്രി കൂടി ആയിരുന്നതുകൊണ്ട് അദ്ദേഹം ഒരു വഴി കാട്ടിയിരുന്നു. ഗവണ്മെന്റില്‍ ഭാഗഭാക്കാകുമ്പോള്‍ കമ്യൂണിസ്റ്റുകളുടെ സമീപനം എന്തായിരിക്കണമെന്ന് അദ്ദേഹം കാട്ടിത്തന്നു. പാര്‍ലമെന്ററി പ്രവര്‍ത്തനവും പാര്‍ലമെന്റിനു പുറത്തുള്ള പ്രവര്‍ത്തനവും എങ്ങനെ യോജിപ്പിക്കണമെന്നും ഗവണ്മെന്റിലുള്ള നമ്മുടെ നിലപാട് വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും, മൊത്തം പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നു. അവ വ്യത്യസ്തമല്ല. രണ്ടാമത്, സഖ്യകക്ഷികളെ, മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുമായി മുന്നണിയുണ്ടാക്കുന്നതിനെ സംബന്ധിച്ചും അദ്ദേഹം മാര്‍ഗം കാണിച്ചു. 1967-ല്‍ കേരളത്തിലും ബംഗാളിലും ഞങ്ങള്‍ സഖ്യകക്ഷിഗവണ്മെന്റുകള്‍ രൂപവല്‍ക്കരിച്ചപ്പോള്‍ ഇ.എം.എസ്സിന്റെ പരിചയം അവ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു.*1964-ല്‍ പാര്‍ട്ടി പിളര്‍ന്നതില്‍ ഇ.എം.എസ്. ഖേദിച്ചിരുന്നുവോ?പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹത്തിന് സ്വന്തം വീക്ഷണങ്ങളുണ്ടായിരുന്നു. അന്നത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചില നയങ്ങളോടും നിലപാടുകളോടും അദ്ദേഹം യോജിച്ചില്ല. സി.പി.എം. നേതൃത്വത്തില്‍ പ്രധാനികളോടും ആദ്യ ഘട്ടങ്ങളില്‍ അദ്ദേഹം പൂര്‍ണമായി യോജിച്ചില്ല. പാര്‍ട്ടിപരിപാടി, തന്ത്രം തുടങ്ങിയവയെപ്പറ്റി പക്ഷേ, ചര്‍ച്ചകള്‍ക്കു ശേഷം ഒരു പൊതുസമീപനമുണ്ടായി. 1964-ലെ ഞങ്ങളുടെ പാര്‍ട്ടികോണ്‍ഗ്രസ്സിനു മുമ്പത്തെ കാര്യമാണ്. പക്ഷേ, പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏകീകരണം രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഐക്യത്തിലൂടെ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാണ് അദ്ദേഹം ഊന്നിപറഞ്ഞത്. സംഘടനാപരമായ നടപടികളിലൂടെയല്ല അത് ഉണ്ടാവുക. പ്രത്യയ ശാസ്ത്രപരമായും ഒട്ടേറെ അഭിപ്രായവ്യത്യാസം സി.പി.ഐ.യുമായി അന്നുണ്ടായിരുന്നു. പിന്നീട് ചര്‍ച്ചകളിലൂടെ അദ്ദേഹം ഒരു പൊതുവായസമീപനം രൂപവത്ക്കരിച്ചു. ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. '60 കളിലെ പ്രശ്‌നങ്ങളല്ല, ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍. എന്നാലും അന്നത്തെ പലപ്രശ്‌നങ്ങളും അപ്രസക്തമായി, പുതിയവ വന്നു. പക്ഷേ, ഏകീകരണത്തിന് അദ്ദേഹം എപ്പോഴും ഊന്നല്‍ നല്കിയിരുന്നു. അതേ, പാര്‍ട്ടി ഒന്നാവണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഐക്യത്തിന്റെ അടിസ്ഥാനത്തിലാവണമെന്നുമാത്രം.*ഇ.എം.എസ്. ഒരു ഗാന്ധിയനുമായിരുന്നല്ലോ. ലളിതജീവിതം, ധാര്‍ഷ്ട്യമില്ലായ്മ, ഇന്നത്തെ നേതാക്കള്‍ ഇതില്‍ നിന്നു വിഭിന്നരാണല്ലോ?സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ഉത്പന്നമായിരുന്നു ഇ.എം.എസ്. തുടക്കത്തില്‍ അദ്ദേഹം ഗാന്ധിയനായിരുന്നു. അതുകൊണ്ട് ഗാന്ധിയന്‍ മൂല്യങ്ങള്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു. ഈ മൂല്യങ്ങള്‍ പലതും ഇന്ന് പൊതുവെ രാഷ്ട്രീയരംഗത്തുനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. പക്ഷേ, ഇടതുപ്രസ്ഥാനത്തില്‍ ഇപ്പോഴും ഇവ കാത്തുസൂക്ഷിക്കുന്ന നിരവധിപേരുണ്ടെന്ന് ഞാന്‍ പറയും. ലളിതജീവിതം നയിക്കുന്നവര്‍. പക്ഷേ, ഏറെക്കാലം ഗവണ്മെന്റിലുണ്ടായിക്കഴിയുമ്പോള്‍ കാഴ്ചകള്‍ക്ക് ഒരുതരം മങ്ങലുണ്ടാവും. രണ്ടുതവണ മുഖ്യമന്ത്രിയായിരുന്നിട്ടും ഉന്നതസ്ഥാനങ്ങളിലായിരുന്നിട്ടും ഇത്തരത്തില്‍ മാറ്റം വരാതിരുന്ന ഇ.എം.എസ്സില്‍ നിന്ന് പാഠം പഠിക്കണം. ഇപ്പോഴും പ്രസക്തമായ പാഠമാണിത്.*കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു സംഭവിച്ച തകര്‍ച്ചയെക്കുറിച്ച് എന്തെങ്കിലും പറയുമോ?അതേക്കുറിച്ചു ഞാന്‍ ഒന്നും പറയില്ല. ജൂണ്‍ മൂന്നാം വാരത്തില്‍ കേന്ദ്രകമ്മിറ്റി ചേരുന്നുണ്ട്. ഗൗരവപൂര്‍വം, ആത്മവിമര്‍ശനപരമായി, ഈ കാര്യം ഞങ്ങള്‍ ചര്‍ച്ചചെയ്യും.

സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി പ്രത്യേക ലേഖിക പി.എസ്. നിര്‍മല നടത്തിയ അഭിമുഖം(mathrubhumhi)

No comments: