Tuesday, February 24, 2009

സഃ സി പി ഏനുദ്ദീകുട്ടിക്ക് ആദരാജ്ഞലികള്‍

സഃ സി പി ഏനുദ്ദീകുട്ടിക്ക് ആദരാജ്ഞലികള്‍

പൊന്നാനി: മലപ്പുറം ജില്ലയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരില്‍ പ്രധാനിയായ ഈഴുവത്തിരുത്തി പുഴമ്പ്രം ചെറുപറമ്പില്‍ ഏനുദ്ദീന്‍കുട്ടി എന്ന കുഞ്ഞന്‍ സഖാവ് (84) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നിന് എടപ്പാളിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സിപിഐഎം പുഴമ്പ്രം ബ്രാഞ്ച് അംഗമാണ്. തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പഴയ പൊന്നാനി താലൂക്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും കര്‍ഷക സംഘടനയും സഹകരണ പ്രസ്ഥാനവും കെട്ടിപ്പടു ക്കുന്നതില്‍ നേതൃത്വപരമായ പങ്ക്വഹിച്ചു. 1948 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. കുടികിടപ്പ് സമരം, മിച്ചഭൂമി സമരം, ഭക്ഷ്യ സമരം, വിവിധ കര്‍ഷക പ്രക്ഷോഭങ്ങള്‍ തുടങ്ങിയ എല്ലാ സമരങ്ങളിലും പങ്കെടുത്ത സി പി നിരവധി തവണ ഒളിവില്‍ കഴിഞ്ഞു. പലതവണ ജയില്‍വാസവും അനുഭവിച്ചു. കയര്‍തൊഴിലാളികളെ സംടിപ്പിച്ച കുഞ്ഞന്‍ സഖാവ് കയര്‍സഹകരണസംഘങ്ങള്‍ക്കും രൂപം നല്‍കി. ഇ കെ ഇമ്പിച്ചിബാവ, ഇ യു ജി മേനോന്‍, ഇ കേശവന്‍, ബാലകൃഷ്ണമേനോന്‍, എ പി എം തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച സി പി ദീര്‍ഘകാലം കമ്യൂണിസ്റ്റ് പാര്‍ടിയുടെ താലൂക്ക് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു. പാര്‍ടിയുടെ പിളര്‍പ്പിനുശേഷം സിപിഐ എമ്മില്‍ ഉറച്ചുനിന്നു. ദീര്‍ഘകാലം കര്‍ഷകസംഘം പാലക്കാട്, മലപ്പുറം ജില്ലാ കമ്മിറ്റി അംഗം, പൊന്നാനി താലൂക്ക് സെക്രട്ടറി, സിപിഐ എം പൊന്നാനി ഏരിയാ കമ്മിറ്റി അംഗം, ഈഴുവത്തിരുത്തി ലോക്കല്‍ സെക്രട്ടറി, ഈഴുവത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പൊന്നാനി സര്‍വീസ് സഹകരണ ബാങ്ക്, സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നിവയുടെ ഡയറക്ടര്‍, ഈശ്വരമംഗലം കയര്‍ സഹകരണ സംഘം പ്രസിഡന്റ് തുടങ്ങിയ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: മഠത്തില്‍ മറിയക്കുട്ടി. മക്കള്‍: മുഹമ്മദ്കുട്ടി (കച്ചവടം, പുഴമ്പ്രം), മുഹമ്മദ് അഷ്റഫ്, സക്കീര്‍ (ഇരുവരും ദുബായ്), സുഹറ (മറവഞ്ചേരി), ഷരീഫ (തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍), സൈനബ. മരുമക്കള്‍: കദീജ, ഫാത്തിമ, ഷാഹിന, ബാവ (ഷാര്‍ജ), ശരീഫ് (പുതിയങ്ങാടി), അബ്ദുല്‍കരീം (റാസല്‍ ഖൈമ). സഹോദരങ്ങള്‍: പാത്തുമ്മ, പരേതരായ വലിയ മൊയ്തീന്‍, അബ്ദുല്ല, ആമിന.

No comments: