Tuesday, February 17, 2009

ബജറ്റ്‌:നിസ്സംഗം നിര്‍ഗുണം

ബജറ്റ്‌:നിസ്സംഗം നിര്‍ഗുണം

ഡോ. വി.കെ. വിജയകുമാര്‍

ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റ്‌ 'നനഞ്ഞ പടക്ക'മായി. വോട്ട്‌ ഓണ്‍ എക്കൗണ്ടിന്‌ പകരം ഇടക്കാല ബജറ്റാണ്‌ അവതരിപ്പിക്കുക എന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന്‌ പല പ്രതീക്ഷകളും ഉയര്‍ന്നു. മാന്ദ്യം ശരിക്കും ബാധിച്ച ടെക്‌സ്റ്റൈല്‍സ്‌, രത്‌നന-സ്വര്‍ണാഭരണം, വാണിജ്യ വാഹനങ്ങള്‍, റിയല്‍എസ്റ്റേറ്റ്‌ തുടങ്ങിയ മേഖലകള്‍ പരോക്ഷ നികുതിയിളവുകളും മറ്റ്‌ ആനുകൂല്യങ്ങളും പ്രതീക്ഷിച്ചു. തിരഞ്ഞെടുപ്പിനു മുമ്പ്‌ മധ്യവര്‍ഗത്തെ പ്രീതിപ്പെടുത്താന്‍ വരുമാനനികുതിയില്‍ ഇളവുകളുണ്ടാകാം എന്ന സൂചന വന്നു. ഓരോ മേഖലയും അവരുടെ പ്രത്യേക ആവശ്യങ്ങളുടെ പട്ടിക തന്നെ മാധ്യമങ്ങളിലൂടെ നിരത്തി. ഇത്തരത്തിലുള്ള പ്രതീക്ഷകളെ തൃപ്‌തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളൊന്നുംതന്നെ ബജറ്റിലുണ്ടാവാത്തതാണ്‌ ബജറ്റിനെ നനഞ്ഞ പടക്കമാക്കി മാറ്റിയത്‌. ഒരുകാര്യത്തില്‍ സര്‍ക്കാറിനെ അഭിനന്ദിക്കണം. രാഷ്ട്രീയമര്യാദകള്‍ക്ക്‌ കാര്യമായ പ്രാധാന്യം കല്‌പിക്കാത്ത ഈ കാലത്ത്‌ ഭരണഘടനാമര്യാദയും ആരോഗ്യകരമായ രാഷ്ട്രീയ കീഴ്‌വഴക്കങ്ങളും പാലിക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നു എന്നത്‌ ശ്ലാഘനീയമാണ്‌. വോട്ട്‌ ഓണ്‍ എക്കൗണ്ടിലും ഇടക്കാല ബജറ്റിലും കാലാവധി തീരുന്ന സര്‍ക്കാര്‍ വലിയ നയപ്രഖ്യാപനങ്ങള്‍ നടത്തുന്നത്‌ രാഷ്ട്രീയ അധാര്‍മികതയാണ്‌. ഇടക്കാല ബജറ്റിനെ യു.പി.എ. സര്‍ക്കാറിന്റെ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയാക്കി മാറ്റാനുള്ള പ്രലോഭനത്തിന്‌ സര്‍ക്കാര്‍ കീഴ്‌പ്പെട്ടില്ല എന്നത്‌ നല്ല കാര്യം തന്നെ. നേരത്തേ സൂചിപ്പിച്ച പോലെ ഈ ഇടക്കാലബജറ്റിനെ 'നിഷ്‌ക്രിയ' മാക്കിയത്‌ അതില്‍ പലരും വെച്ചുപുലര്‍ത്തിയ അയഥാര്‍ഥ പ്രതീക്ഷകളാണ്‌. വാസ്‌തവത്തില്‍ ഈ പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നു. മാന്ദ്യത്തെ നേരിടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറിലും ഈ ജനവരിയിലും ചില സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. സെന്‍വാറ്റ്‌ നാല്‌ ശതമാനം കുറച്ചതും കോട്ടണ്‍ ടെക്‌സ്റ്റൈല്‍സിനു മേലുള്ള നികുതി റദ്ദാക്കിയതും കയറ്റുമതി മേഖലയ്‌ക്ക്‌ രണ്ട്‌ ശതമാനം പലിശ സബ്‌സിഡി അനുവദിച്ചതും വലിയ വാണിജ്യവാഹനങ്ങള്‍ക്ക്‌ 50 ശതമാനം തേയ്‌മാനം അനുവദിച്ചതും പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ 20,000 കോടി രൂപയുടെ മൂലധനമനുവദിച്ചതും സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ 30,000 കോടി രൂപയുടെ അധിക കടമെടുപ്പിനുള്ള അനുമതി നല്‌കിയതുമൊക്കെ ഈ നയങ്ങളുടെ ഭാഗമായിട്ടായിരുന്നു. ഈ ധനപര നയങ്ങള്‍ക്ക്‌ പുറമെ റിസര്‍വ്‌ ബാങ്കിന്റെ പണനയത്തിലും ചില സുപ്രധാന പ്രഖ്യാപനങ്ങളുണ്ടായി. റിപ്പോ നിരക്ക്‌ 5.5 ശതമാനമായും റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ നാലു ശതമാനമായും കരുതല്‍ നിക്ഷേപ നിരക്ക്‌ (സി.ആര്‍.ആര്‍.) അഞ്ച്‌ ശതമാനമായും എസ്‌.എല്‍.ആര്‍. 24 ശതമാനമായും വെട്ടിക്കുറച്ചു. ഈ നടപടികളുടെ ഫലമായി മാത്രം 3,80,000 കോടി രൂപ സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ ഒഴുകിയിട്ടുണ്ട്‌. ഇതിന്റെ ഫലം സമ്പദ്‌വ്യവസ്ഥയിലുണ്ടാവാന്‍ രണ്ടോ മൂന്നോ മാസമെടുക്കും. അതിനുശേഷം മാത്രമേ തുടര്‍ നടപടികള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ. സര്‍ക്കാറും റിസര്‍വ്‌ബാങ്കും നേരത്തേ പ്രഖ്യാപിച്ച നടപടികള്‍ക്കുള്ള ഫലങ്ങള്‍ പല മേഖലകളിലും ചെറുതായി ദൃശ്യമായിട്ടുണ്ട്‌. ഉദാഹരണത്തിന്‌ കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, സിമന്റ്‌, ഉരുക്ക്‌ എന്നിവയുടെ ജനവരിയിലെ ഉത്‌പാദനം അതിന്‌ മുമ്പത്തെ രണ്ട്‌ മാസങ്ങളുടേതിനെക്കാള്‍ വര്‍ധിച്ചിട്ടുണ്ട്‌. അടുത്തമാസങ്ങളിലും ഈ ഉണര്‍വ്‌ തുടരുകയാണെങ്കില്‍ ഈ മേഖലകളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യമില്ല. അതേസമയം, ടെക്‌സ്റ്റൈല്‍സ്‌, രത്‌നനങ്ങള്‍, ആഭരണങ്ങള്‍, വലിയ വാണിജ്യവാഹനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്‌ തുടങ്ങിയ മേഖലകള്‍ കടുത്ത പ്രതിസന്ധിയിലാണ്‌. ഇതില്‍ ടെക്‌സ്റ്റൈല്‍സ്‌, രത്‌നനങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ കയറ്റുമതി മേഖലകള്‍ വളര്‍ച്ചയുടെ പാതയിലേക്ക്‌ വരണമെങ്കില്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഉണര്‍വുണ്ടാവുകതന്നെ വേണം. കഴിഞ്ഞ മൂന്നുവര്‍ഷമായി ഉണ്ടാക്കിയ ധനകാര്യ മാനേജുമെന്റിലെ അച്ചടക്കം പൊടുന്നനെ അപ്രത്യക്ഷമായിരിക്കുന്നു. 2008-09ലെ ബജറ്റില്‍ ധനകമ്മിയുടെ ലക്ഷ്യം 2.5 ശതമാനമായിരുന്നു. ഇപ്പോള്‍ അത്‌ ആറ്‌ ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ഇതിന്റെ കൂടെ സംസ്ഥാനങ്ങളുടെ ധനകമ്മിയും ബജറ്റിതര ചെലവുകളായ എണ്ണ ബോണ്ടുകള്‍, ഫെര്‍ട്ടിലൈസര്‍ ബോണ്ടുകള്‍ എന്നിവ കൂടി കൂട്ടുമ്പോള്‍ ധനകമ്മി 10.5 ശതമാനമായി വര്‍ധിക്കും. മാന്ദ്യകാലത്ത്‌ ധനകമ്മിക്ക്‌ വലിയ പ്രസക്തിയില്ല എന്ന വാദഗതിയുണ്ടെങ്കിലും ധനകമ്മി 10ശതമാനത്തിലും കൂടുതല്‍ വര്‍ധിക്കുന്നത്‌ ആശാസ്യമല്ല. ഉയര്‍ന്ന ധനകമ്മി സാമ്പത്തിക വളര്‍ച്ചയെ തീര്‍ച്ചയായും വിപരീതമായി ബാധിക്കും. കൂടാതെ സമ്പദ്‌ വ്യവസ്ഥയുടെ ബാഹ്യമേഖലയിലും ഇത്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. 1991ലെ പ്രതിസന്ധിക്കുള്ള മൂലകാരണം ഉയര്‍ന്ന ധനകമ്മിയായിരുന്നു എന്ന വസ്‌തുത ഓര്‍ക്കേണ്ടതുണ്ട്‌. വാസ്‌തവത്തില്‍ ഇപ്പോള്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടത്‌ പണനയത്തിലൂടെയുള്ള ഇടപെടലിനാണ്‌. പലിശനിരക്കുകള്‍ ഇനിയും കുറയ്‌ക്കാന്‍ സാഹചര്യം അനുകൂലമാണ്‌. 2008 ആഗസ്‌തില്‍ 12.91 ശതമാനമായിരുന്ന പണപ്പെരുപ്പം ഇപ്പോള്‍ അഞ്ചുശതമാനത്തില്‍ താഴെയാണ്‌. ഈ പ്രവണതയനുസരിച്ച്‌ മാര്‍ച്ച്‌ അവസാനമാകുമ്പോഴേക്കും മൂന്നുശതമാനമായി താഴാനാണിട. ഈ സാഹചര്യത്തില്‍ പലിശനിരക്ക്‌ കുറയ്‌ക്കാന്‍ ധാരാളം സാധ്യതകളുണ്ട്‌. വലിയ താമസമില്ലാതെ റിപ്പോനിരക്കിലും സി.ആര്‍.ആറിലും കുറവ്‌ വരുത്തിക്കൊണ്ടുള്ള റിസര്‍വ്‌ ബാങ്കിന്റെ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ബജറ്റ്‌ പ്രസംഗത്തില്‍ പ്രണബ്‌മുഖര്‍ജി കൂടുതല്‍ സമയവും ചെലവിട്ടത്‌ കഴിഞ്ഞ നാലുവര്‍ഷത്തെ നേട്ടങ്ങള്‍ നിരത്താനാണ്‌. സാമ്പത്തിക വളര്‍ച്ചയിലും പ്രതിശീര്‍ഷ വരുമാന വളര്‍ച്ചയിലും നികുതിപിരിവിലും ഭാരത്‌ നിര്‍മാണ്‍ തുടങ്ങിയ സാമൂഹിക മേഖലാ ചെലവുകളിലും ഉണ്ടായനേട്ടങ്ങള്‍ അഭിനന്ദനീയം തന്നെ. വികസിത രാജ്യങ്ങളില്‍ മിക്കതും നെഗറ്റീവ്‌ വളര്‍ച്ചനിരക്കോടെ മാന്ദ്യത്തിലേക്ക്‌ കൂപ്പുകുത്തുമ്പോള്‍ ഇന്ത്യ ഏഴുശതമാനം (2008-09ല്‍) വളര്‍ച്ച കൈവരിക്കുന്നു എന്നതും അഭിനന്ദനാര്‍ഹമാണ്‌. കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഉണ്ടായ ഉണര്‍വും വലിയ ആശ്വാസമായി. വാസ്‌തവത്തില്‍ കാര്‍ഷിക മേഖലയിലുണ്ടായ 3.7 ശതമാനം വളര്‍ച്ചയാണ്‌ വലിയ ആഘാതത്തില്‍ നിന്ന്‌ ഇന്ത്യയെ രക്ഷിച്ചത്‌. ആഭ്യന്തര ഉത്‌പാദനത്തിന്റെ 18 ശതമാനം മാത്രമേ കാര്‍ഷിക മേഖലയില്‍ നിന്ന്‌ ഉണ്ടാകുന്നുള്ളൂവെങ്കിലും ഇപ്പോഴും തൊഴില്‍ സേനയുടെ 56 ശതമാനവും കാര്‍ഷികമേഖലയെ ആശ്രയിക്കുന്നു. കാര്‍ഷികമേഖലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായുണ്ടായ ഉണര്‍വ്‌ ഈ 56 ശതമാനത്തിനും ഗുണം ചെയ്‌തു എന്നത്‌ വളരെ പ്രധാനപ്പെട്ട വസ്‌തുതയാണ്‌. കഴിഞ്ഞ വര്‍ഷത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായില്ല എന്നോര്‍ക്കുക. എന്നാല്‍ ഇതിന്‌ കാരണം സര്‍ക്കാറിന്റെ നയങ്ങളൊന്നുമല്ല. മറിച്ച്‌, അന്തര്‍ദേശീയ വിപണിയില്‍ കാര്‍ഷിക ഉത്‌പന്നങ്ങളുടെ വില കൂടിയതാണ്‌. സാധാരണ ബംബര്‍ വിളവുണ്ടാകുമ്പോള്‍ കാര്‍ഷിക ഉത്‌പന്നങ്ങളുടെ വില കുറയും; വിളവ്‌ മോശമാകുമ്പോഴാണ്‌ വിലകള്‍ വര്‍ധിക്കാറുള്ളത്‌. ബംബര്‍ വിളയും ഉയര്‍ന്ന വിലകളും ഒരുമിച്ചുണ്ടാകാറില്ല. എന്നാല്‍ 2008ല്‍ ഇത്‌ രണ്ടും ഒരുമിച്ച്‌ സംഭവിച്ചു. ക്രൂഡ്‌ ഓയില്‍ വില ഉയര്‍ന്നതിന്റെ ഫലമായി ഭക്ഷ്യധാന്യങ്ങള്‍ ജൈവ ഇന്ധനങ്ങളുടെ ഉത്‌പാദനത്തിനായി ഉപയോഗിച്ചപ്പോഴാണ്‌ അന്തര്‍ദേശീയമായി കാര്‍ഷിക ഉത്‌പന്നങ്ങളുടെ വില ഉയര്‍ന്നതും കൃഷിക്കാര്‍ക്ക്‌ അത്‌ ഗുണകരമായിത്തീര്‍ന്നതും. മാന്ദ്യം വഷളാവുകയാണെങ്കില്‍ കാര്‍ഷിക ഉത്‌പന്നങ്ങളുടെ വിലയിടിഞ്ഞ്‌ ഈ സ്ഥിതിയില്‍ മാറ്റം വരാം. ബജറ്റ്‌ പ്രസംഗത്തില്‍ പ്രണബ്‌ മുഖര്‍ജി, അമര്‍ത്യാസെന്നിനെ ഉദ്ധരിക്കുകയുണ്ടായി. സാമൂഹിക നീതിയോടുകൂടിയുള്ള വളര്‍ച്ചയെപ്പോലെത്തന്നെ പ്രസക്തമാണ്‌ സാമ്പത്തിക മാന്ദ്യത്തില്‍ സുരക്ഷിതത്വം എന്ന്‌ അമര്‍ത്യാസെന്‍ ഈയിടെ പറഞ്ഞതാണ്‌ മുഖര്‍ജി ഉദ്ധരിച്ചത്‌. എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാനായുള്ള പുതിയ പ്രഖ്യാപനങ്ങളൊന്നും അദ്ദേഹം നടത്തിയില്ല. പ്രതിസന്ധികാലത്ത്‌ നികുതിനിരക്കുകള്‍ കുറയണമെന്നൊരു പ്രഖ്യാപനം തെല്ലൊരു ഊന്നലോടെ മുഖര്‍ജി നടത്തി. എന്നാല്‍ തുടര്‍ന്ന്‌ അദ്ദേഹം നികുതി ഇളവുകളെക്കുറിച്ച്‌ ഒന്നും പറഞ്ഞില്ല. യു.പി.എ. സര്‍ക്കാറിനെ വീണ്ടും അധികാരത്തിലേറ്റിയാല്‍ കൂടുതല്‍ നികുതിയിളവുകള്‍ പ്രതീക്ഷിക്കാം എന്ന പ്രലോഭനമായിരുന്നോ അത്‌?

(ഗുരുവായൂര്‍ ശ്രീകൃഷ്‌ണകോളേജിലെ സാമ്പത്തികശാസ്‌ത്ര വിഭാഗം മേധാവിയാണ്‌ ലേഖകന്‍)

1 comment:

ജനശക്തി ന്യൂസ്‌ said...

ബജറ്റ്‌:നിസ്സംഗം നിര്‍ഗുണം

ഡോ. വി.കെ. വിജയകുമാര്‍

ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റ്‌ 'നനഞ്ഞ പടക്ക'മായി. വോട്ട്‌ ഓണ്‍ എക്കൗണ്ടിന്‌ പകരം ഇടക്കാല ബജറ്റാണ്‌ അവതരിപ്പിക്കുക എന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന്‌ പല പ്രതീക്ഷകളും ഉയര്‍ന്നു. മാന്ദ്യം ശരിക്കും ബാധിച്ച ടെക്‌സ്റ്റൈല്‍സ്‌, രത്‌നന-സ്വര്‍ണാഭരണം, വാണിജ്യ വാഹനങ്ങള്‍, റിയല്‍എസ്റ്റേറ്റ്‌ തുടങ്ങിയ മേഖലകള്‍ പരോക്ഷ നികുതിയിളവുകളും മറ്റ്‌ ആനുകൂല്യങ്ങളും പ്രതീക്ഷിച്ചു. തിരഞ്ഞെടുപ്പിനു മുമ്പ്‌ മധ്യവര്‍ഗത്തെ പ്രീതിപ്പെടുത്താന്‍ വരുമാനനികുതിയില്‍ ഇളവുകളുണ്ടാകാം എന്ന സൂചന വന്നു. ഓരോ മേഖലയും അവരുടെ പ്രത്യേക ആവശ്യങ്ങളുടെ പട്ടിക തന്നെ മാധ്യമങ്ങളിലൂടെ നിരത്തി. ഇത്തരത്തിലുള്ള പ്രതീക്ഷകളെ തൃപ്‌തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളൊന്നുംതന്നെ ബജറ്റിലുണ്ടാവാത്തതാണ്‌ ബജറ്റിനെ നനഞ്ഞ പടക്കമാക്കി മാറ്റിയത്‌.
ഒരുകാര്യത്തില്‍ സര്‍ക്കാറിനെ അഭിനന്ദിക്കണം. രാഷ്ട്രീയമര്യാദകള്‍ക്ക്‌ കാര്യമായ പ്രാധാന്യം കല്‌പിക്കാത്ത ഈ കാലത്ത്‌ ഭരണഘടനാമര്യാദയും ആരോഗ്യകരമായ രാഷ്ട്രീയ കീഴ്‌വഴക്കങ്ങളും പാലിക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നു എന്നത്‌ ശ്ലാഘനീയമാണ്‌. വോട്ട്‌ ഓണ്‍ എക്കൗണ്ടിലും ഇടക്കാല ബജറ്റിലും കാലാവധി തീരുന്ന സര്‍ക്കാര്‍ വലിയ നയപ്രഖ്യാപനങ്ങള്‍ നടത്തുന്നത്‌ രാഷ്ട്രീയ അധാര്‍മികതയാണ്‌. ഇടക്കാല ബജറ്റിനെ യു.പി.എ. സര്‍ക്കാറിന്റെ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയാക്കി മാറ്റാനുള്ള പ്രലോഭനത്തിന്‌ സര്‍ക്കാര്‍ കീഴ്‌പ്പെട്ടില്ല എന്നത്‌ നല്ല കാര്യം തന്നെ.
നേരത്തേ സൂചിപ്പിച്ച പോലെ ഈ ഇടക്കാലബജറ്റിനെ 'നിഷ്‌ക്രിയ' മാക്കിയത്‌ അതില്‍ പലരും വെച്ചുപുലര്‍ത്തിയ അയഥാര്‍ഥ പ്രതീക്ഷകളാണ്‌. വാസ്‌തവത്തില്‍ ഈ പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നു. മാന്ദ്യത്തെ നേരിടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറിലും ഈ ജനവരിയിലും ചില സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. സെന്‍വാറ്റ്‌ നാല്‌ ശതമാനം കുറച്ചതും കോട്ടണ്‍ ടെക്‌സ്റ്റൈല്‍സിനു മേലുള്ള നികുതി റദ്ദാക്കിയതും കയറ്റുമതി മേഖലയ്‌ക്ക്‌ രണ്ട്‌ ശതമാനം പലിശ സബ്‌സിഡി അനുവദിച്ചതും വലിയ വാണിജ്യവാഹനങ്ങള്‍ക്ക്‌ 50 ശതമാനം തേയ്‌മാനം അനുവദിച്ചതും പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ 20,000 കോടി രൂപയുടെ മൂലധനമനുവദിച്ചതും സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ 30,000 കോടി രൂപയുടെ അധിക കടമെടുപ്പിനുള്ള അനുമതി നല്‌കിയതുമൊക്കെ ഈ നയങ്ങളുടെ ഭാഗമായിട്ടായിരുന്നു.
ഈ ധനപര നയങ്ങള്‍ക്ക്‌ പുറമെ റിസര്‍വ്‌ ബാങ്കിന്റെ പണനയത്തിലും ചില സുപ്രധാന പ്രഖ്യാപനങ്ങളുണ്ടായി. റിപ്പോ നിരക്ക്‌ 5.5 ശതമാനമായും റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ നാലു ശതമാനമായും കരുതല്‍ നിക്ഷേപ നിരക്ക്‌ (സി.ആര്‍.ആര്‍.) അഞ്ച്‌ ശതമാനമായും എസ്‌.എല്‍.ആര്‍. 24 ശതമാനമായും വെട്ടിക്കുറച്ചു. ഈ നടപടികളുടെ ഫലമായി മാത്രം 3,80,000 കോടി രൂപ സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ ഒഴുകിയിട്ടുണ്ട്‌. ഇതിന്റെ ഫലം സമ്പദ്‌വ്യവസ്ഥയിലുണ്ടാവാന്‍ രണ്ടോ മൂന്നോ മാസമെടുക്കും. അതിനുശേഷം മാത്രമേ തുടര്‍ നടപടികള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ.
സര്‍ക്കാറും റിസര്‍വ്‌ബാങ്കും നേരത്തേ പ്രഖ്യാപിച്ച നടപടികള്‍ക്കുള്ള ഫലങ്ങള്‍ പല മേഖലകളിലും ചെറുതായി ദൃശ്യമായിട്ടുണ്ട്‌. ഉദാഹരണത്തിന്‌ കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, സിമന്റ്‌, ഉരുക്ക്‌ എന്നിവയുടെ ജനവരിയിലെ ഉത്‌പാദനം അതിന്‌ മുമ്പത്തെ രണ്ട്‌ മാസങ്ങളുടേതിനെക്കാള്‍ വര്‍ധിച്ചിട്ടുണ്ട്‌. അടുത്തമാസങ്ങളിലും ഈ ഉണര്‍വ്‌ തുടരുകയാണെങ്കില്‍ ഈ മേഖലകളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യമില്ല. അതേസമയം, ടെക്‌സ്റ്റൈല്‍സ്‌, രത്‌നനങ്ങള്‍, ആഭരണങ്ങള്‍, വലിയ വാണിജ്യവാഹനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്‌ തുടങ്ങിയ മേഖലകള്‍ കടുത്ത പ്രതിസന്ധിയിലാണ്‌. ഇതില്‍ ടെക്‌സ്റ്റൈല്‍സ്‌, രത്‌നനങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ കയറ്റുമതി മേഖലകള്‍ വളര്‍ച്ചയുടെ പാതയിലേക്ക്‌ വരണമെങ്കില്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഉണര്‍വുണ്ടാവുകതന്നെ വേണം.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഉണ്ടാക്കിയ ധനകാര്യ മാനേജുമെന്റിലെ അച്ചടക്കം പൊടുന്നനെ അപ്രത്യക്ഷമായിരിക്കുന്നു. 2008-09ലെ ബജറ്റില്‍ ധനകമ്മിയുടെ ലക്ഷ്യം 2.5 ശതമാനമായിരുന്നു. ഇപ്പോള്‍ അത്‌ ആറ്‌ ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ഇതിന്റെ കൂടെ സംസ്ഥാനങ്ങളുടെ ധനകമ്മിയും ബജറ്റിതര ചെലവുകളായ എണ്ണ ബോണ്ടുകള്‍, ഫെര്‍ട്ടിലൈസര്‍ ബോണ്ടുകള്‍ എന്നിവ കൂടി കൂട്ടുമ്പോള്‍ ധനകമ്മി 10.5 ശതമാനമായി വര്‍ധിക്കും. മാന്ദ്യകാലത്ത്‌ ധനകമ്മിക്ക്‌ വലിയ പ്രസക്തിയില്ല എന്ന വാദഗതിയുണ്ടെങ്കിലും ധനകമ്മി 10ശതമാനത്തിലും കൂടുതല്‍ വര്‍ധിക്കുന്നത്‌ ആശാസ്യമല്ല. ഉയര്‍ന്ന ധനകമ്മി സാമ്പത്തിക വളര്‍ച്ചയെ തീര്‍ച്ചയായും വിപരീതമായി ബാധിക്കും. കൂടാതെ സമ്പദ്‌ വ്യവസ്ഥയുടെ ബാഹ്യമേഖലയിലും ഇത്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. 1991ലെ പ്രതിസന്ധിക്കുള്ള മൂലകാരണം ഉയര്‍ന്ന ധനകമ്മിയായിരുന്നു എന്ന വസ്‌തുത ഓര്‍ക്കേണ്ടതുണ്ട്‌.
വാസ്‌തവത്തില്‍ ഇപ്പോള്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടത്‌ പണനയത്തിലൂടെയുള്ള ഇടപെടലിനാണ്‌. പലിശനിരക്കുകള്‍ ഇനിയും കുറയ്‌ക്കാന്‍ സാഹചര്യം അനുകൂലമാണ്‌. 2008 ആഗസ്‌തില്‍ 12.91 ശതമാനമായിരുന്ന പണപ്പെരുപ്പം ഇപ്പോള്‍ അഞ്ചുശതമാനത്തില്‍ താഴെയാണ്‌. ഈ പ്രവണതയനുസരിച്ച്‌ മാര്‍ച്ച്‌ അവസാനമാകുമ്പോഴേക്കും മൂന്നുശതമാനമായി താഴാനാണിട. ഈ സാഹചര്യത്തില്‍ പലിശനിരക്ക്‌ കുറയ്‌ക്കാന്‍ ധാരാളം സാധ്യതകളുണ്ട്‌. വലിയ താമസമില്ലാതെ റിപ്പോനിരക്കിലും സി.ആര്‍.ആറിലും കുറവ്‌ വരുത്തിക്കൊണ്ടുള്ള റിസര്‍വ്‌ ബാങ്കിന്റെ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.
ബജറ്റ്‌ പ്രസംഗത്തില്‍ പ്രണബ്‌മുഖര്‍ജി കൂടുതല്‍ സമയവും ചെലവിട്ടത്‌ കഴിഞ്ഞ നാലുവര്‍ഷത്തെ നേട്ടങ്ങള്‍ നിരത്താനാണ്‌. സാമ്പത്തിക വളര്‍ച്ചയിലും പ്രതിശീര്‍ഷ വരുമാന വളര്‍ച്ചയിലും നികുതിപിരിവിലും ഭാരത്‌ നിര്‍മാണ്‍ തുടങ്ങിയ സാമൂഹിക മേഖലാ ചെലവുകളിലും ഉണ്ടായനേട്ടങ്ങള്‍ അഭിനന്ദനീയം തന്നെ. വികസിത രാജ്യങ്ങളില്‍ മിക്കതും നെഗറ്റീവ്‌ വളര്‍ച്ചനിരക്കോടെ മാന്ദ്യത്തിലേക്ക്‌ കൂപ്പുകുത്തുമ്പോള്‍ ഇന്ത്യ ഏഴുശതമാനം (2008-09ല്‍) വളര്‍ച്ച കൈവരിക്കുന്നു എന്നതും അഭിനന്ദനാര്‍ഹമാണ്‌. കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഉണ്ടായ ഉണര്‍വും വലിയ ആശ്വാസമായി.
വാസ്‌തവത്തില്‍ കാര്‍ഷിക മേഖലയിലുണ്ടായ 3.7 ശതമാനം വളര്‍ച്ചയാണ്‌ വലിയ ആഘാതത്തില്‍ നിന്ന്‌ ഇന്ത്യയെ രക്ഷിച്ചത്‌. ആഭ്യന്തര ഉത്‌പാദനത്തിന്റെ 18 ശതമാനം മാത്രമേ കാര്‍ഷിക മേഖലയില്‍ നിന്ന്‌ ഉണ്ടാകുന്നുള്ളൂവെങ്കിലും ഇപ്പോഴും തൊഴില്‍ സേനയുടെ 56 ശതമാനവും കാര്‍ഷികമേഖലയെ ആശ്രയിക്കുന്നു. കാര്‍ഷികമേഖലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായുണ്ടായ ഉണര്‍വ്‌ ഈ 56 ശതമാനത്തിനും ഗുണം ചെയ്‌തു എന്നത്‌ വളരെ പ്രധാനപ്പെട്ട വസ്‌തുതയാണ്‌. കഴിഞ്ഞ വര്‍ഷത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായില്ല എന്നോര്‍ക്കുക. എന്നാല്‍ ഇതിന്‌ കാരണം സര്‍ക്കാറിന്റെ നയങ്ങളൊന്നുമല്ല. മറിച്ച്‌, അന്തര്‍ദേശീയ വിപണിയില്‍ കാര്‍ഷിക ഉത്‌പന്നങ്ങളുടെ വില കൂടിയതാണ്‌. സാധാരണ ബംബര്‍ വിളവുണ്ടാകുമ്പോള്‍ കാര്‍ഷിക ഉത്‌പന്നങ്ങളുടെ വില കുറയും; വിളവ്‌ മോശമാകുമ്പോഴാണ്‌ വിലകള്‍ വര്‍ധിക്കാറുള്ളത്‌. ബംബര്‍ വിളയും ഉയര്‍ന്ന വിലകളും ഒരുമിച്ചുണ്ടാകാറില്ല. എന്നാല്‍ 2008ല്‍ ഇത്‌ രണ്ടും ഒരുമിച്ച്‌ സംഭവിച്ചു. ക്രൂഡ്‌ ഓയില്‍ വില ഉയര്‍ന്നതിന്റെ ഫലമായി ഭക്ഷ്യധാന്യങ്ങള്‍ ജൈവ ഇന്ധനങ്ങളുടെ ഉത്‌പാദനത്തിനായി ഉപയോഗിച്ചപ്പോഴാണ്‌ അന്തര്‍ദേശീയമായി കാര്‍ഷിക ഉത്‌പന്നങ്ങളുടെ വില ഉയര്‍ന്നതും കൃഷിക്കാര്‍ക്ക്‌ അത്‌ ഗുണകരമായിത്തീര്‍ന്നതും. മാന്ദ്യം വഷളാവുകയാണെങ്കില്‍ കാര്‍ഷിക ഉത്‌പന്നങ്ങളുടെ വിലയിടിഞ്ഞ്‌ ഈ സ്ഥിതിയില്‍ മാറ്റം വരാം.
ബജറ്റ്‌ പ്രസംഗത്തില്‍ പ്രണബ്‌ മുഖര്‍ജി, അമര്‍ത്യാസെന്നിനെ ഉദ്ധരിക്കുകയുണ്ടായി. സാമൂഹിക നീതിയോടുകൂടിയുള്ള വളര്‍ച്ചയെപ്പോലെത്തന്നെ പ്രസക്തമാണ്‌ സാമ്പത്തിക മാന്ദ്യത്തില്‍ സുരക്ഷിതത്വം എന്ന്‌ അമര്‍ത്യാസെന്‍ ഈയിടെ പറഞ്ഞതാണ്‌ മുഖര്‍ജി ഉദ്ധരിച്ചത്‌. എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാനായുള്ള പുതിയ പ്രഖ്യാപനങ്ങളൊന്നും അദ്ദേഹം നടത്തിയില്ല.
പ്രതിസന്ധികാലത്ത്‌ നികുതിനിരക്കുകള്‍ കുറയണമെന്നൊരു പ്രഖ്യാപനം തെല്ലൊരു ഊന്നലോടെ മുഖര്‍ജി നടത്തി. എന്നാല്‍ തുടര്‍ന്ന്‌ അദ്ദേഹം നികുതി ഇളവുകളെക്കുറിച്ച്‌ ഒന്നും പറഞ്ഞില്ല. യു.പി.എ. സര്‍ക്കാറിനെ വീണ്ടും അധികാരത്തിലേറ്റിയാല്‍ കൂടുതല്‍ നികുതിയിളവുകള്‍ പ്രതീക്ഷിക്കാം എന്ന പ്രലോഭനമായിരുന്നോ അത്‌?

(ഗുരുവായൂര്‍ ശ്രീകൃഷ്‌ണകോളേജിലെ സാമ്പത്തികശാസ്‌ത്ര
വിഭാഗം മേധാവിയാണ്‌ ലേഖകന്‍)