Thursday, November 20, 2008

2 വൈദികരും കന്യാസ്ത്രീയും അറസ്റ്റില്‍

2 വൈദികരും കന്യാസ്ത്രീയും അറസ്റ്റില്‍


കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസില്‍ രണ്ടു വൈദികരെയും കന്യാസ്ത്രീയെയും സിബിഐ അറസ്റ്റ്ചെയ്തു. കോട്ടയം കാത്തലിക് ബിഷപ്സ് ഹൌസ് അന്തേവാസി ഫാദര്‍ തോമസ് എം കോട്ടൂര്‍ (61), കോട്ടയം എസ്എച്ച് മൌണ്ട് സന്യാസി മഠത്തിലെ ഫാദര്‍ ജോസ് പൂതൃക്ക (56), കോട്ടയം എസ്എച്ച് മൌണ്ട് സെന്റ് ജോസഫ് ജനറലേറ്റിലെ സിസ്റ്റര്‍ സെഫി (45) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഡിസംബര്‍ രണ്ടുവതെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്ക എന്നിവരെ സിബിഐ അന്വേഷണസംഘം വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ ഗസ്റ്റ്ഹൌസില്‍ ചൊവ്വാഴ്ച വൈകിട്ട് വിളിച്ചുവരുത്തിയാണ് അറസ്റ്റ്ചെയ്തത്. മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫിയെ പത്തനംതിട്ട തുരുത്തിക്കര സെന്റ് ജോസഫ് കോവെന്റില്‍നിന്ന് ബുധനാഴ്ച പകല്‍ പന്ത്രണ്ടിനാണ് അറസ്റ്റ്ചെയ്തത്. കൊച്ചിയിലെ സിബിഐ ആസ്ഥാനത്തും മരടിലെ രഹസ്യകേന്ദ്രത്തിലും ചോദ്യംചെയ്തശേഷമാണ് മൂന്നുപേരെയും ബുധനാഴ്ച പകല്‍ 3.20ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. പതിനാറ് വര്‍ഷം നീണ്ട അഭയ കേസില്‍ അറസ്റ്റ് ആദ്യമായാണ്്. പ്രതികളെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് സിബിഐ ജോയിന്റ് ഡയറക്ടര്‍ അശോക്കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ തെളിവുകളെപ്പറ്റി വിശദീകരിക്കാന്‍ അവര്‍ തയ്യാറായില്ല. തെളിവുകളെപ്പറ്റി സൂചന നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതുകൊണ്ടാണിത്. ഇനിയും കൂടുതല്‍ പ്രതികള്‍ ഉണ്ടായിക്കൂടെന്നുമില്ല. എന്തായാലും ഒരു മാസത്തിനുള്ളില്‍ കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അശോക്കുമാര്‍ പറഞ്ഞു. കോടതിയുടെ നിര്‍ദേശപ്രകാരം നവംബര്‍ ഒന്നിനാണ് സിബിഐയുടെ കൊച്ചി ഘടകം കേസിന്റെ പുനരന്വേഷണം ഏറ്റെടുത്തത്. മലയാളം നന്നായി അറിയാവുന്നവരടക്കം മുപ്പതോളം പേരടങ്ങുന്നതാണ് പുതിയ അന്വേഷണസംഘം. പ്രതികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നു അശോക്കുമാര്‍ പറഞ്ഞു. മരുന്നു നിഷേധിച്ചുവെന്നതും അടിസ്ഥാനരഹിതമാണ്. ഡിഐജി പി കന്തസ്വാമി, അഡീഷണല്‍ എസ്പി രാജീവാക്ഷന്‍, ഡിവൈഎസ്പി നന്ദകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സിബിഐ വക്താവ് ഡല്‍ഹിയിലും വാര്‍ത്താസമ്മേളനത്തില്‍ അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ചു. കോട്ടയം പയസ് ടെന്‍ത് കോവെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയ കോവെന്റ് വളപ്പിലെ കിണറ്റിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത് 1992 മാര്‍ച്ച് 27നാണ്. നേരത്തെ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും തുടര്‍ന്ന് സിബിഐയുടെ വിവിധ ഘടകങ്ങളും കേസ് അന്വേഷിച്ചതാണ്. പെലീസും ക്രൈംബ്രാഞ്ചും ഇത് ആത്മഹത്യയാണെന്നാണ് കോടതിയില്‍ ബോധിപ്പിച്ചത്. തെളിവില്ലെന്നുപറഞ്ഞ് കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ മൂന്നുതവണ കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു. പിന്നീട,് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ അഭയയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയുടെ റിപ്പോര്‍ട്ടില്‍ തിരിമറി നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നാണ് കേസന്വേഷണത്തിനു വീണ്ടും ജീവന്‍വച്ചത്.

1 comment:

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

സഭയിലെ അര്‍ബുദങ്ങള്‍ അറുത്തു മാറ്റുവാന്‍ നമുക്കെല്ലാവര്‍ക്കും പരിശ്രമിക്കാം. ബിഷപ്പ് ജോണ്‍ തട്ടുന്കള്‍, ഫ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂത്രുക്ക. . . . കര്‍ത്താവേ ഈ ശിദ്ധീകരണത്തിന് അങ്ങേയ്ക്ക് നന്ദി,,,, ഇനി ആ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ കൊള്ളരുതായ്മകള്‍ കൂടി അങ്ങ് പുറത്തു കൊണ്ടുവരണമേ.