Wednesday, September 24, 2008

വൈദ്യുതിബോര്‍ഡിന്റെ പുനഃസംഘാടനം

വൈദ്യുതിബോര്‍ഡിന്റെ പുനഃസംഘാടനം
‍പൊ തുമേഖലയെ എങ്ങനെയും സ്വകാര്യവ ല്‍ക്കരിക്കുക, അതിനെ കുറഞ്ഞപക്ഷം ശിഥിലീകരിക്കുകയെങ്കിലുംചെയ്യുക എന്നത് മുഖ്യ അജന്‍ഡയായി എടുത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പരിമിതമായ അധികാരമുപയോഗിച്ച്, ശിഥിലീകരണ-സ്വകാര്യവല്‍ക്കരണ അജന്‍ഡക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ ഉയര്‍ത്തുന്ന പ്രതിരോധത്തെയും കേന്ദ്രാധികാരത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അമര്‍ച്ചചെയ്യാനാണ് നോക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ കേരളാ സ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനെ വിഭജിക്കണമെന്നും കമ്പനിയാക്കണമെന്നും തുടര്‍ന്ന് അതിനെ സ്വകാര്യവല്‍ക്കരിക്കണമെന്നും ആവശ്യപ്പെടുന്ന ആരും കേരളത്തിലില്ല. അങ്ങനെ ചെയ്യുന്നത് ദോഷകരമാണെന്നും സംസ്ഥാന താല്‍പ്പര്യത്തിന് എതിരാണെന്നുമാണ് എല്ലാവരും കരുതുന്നത്. ബോര്‍ഡിനെ വിഭജിച്ച് വ്യത്യസ്ത കമ്പനിയാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീട്ടൂരത്തോട് കേരളത്തിലെ പ്രതിപക്ഷത്തിനും അവരുമായി ബന്ധപ്പെട്ട ട്രേഡ് യൂണിയനുകള്‍ക്കുംകൂടി എതിര്‍പ്പുള്ളതായാണ് മനസ്സിലാക്കുന്നത്. എന്നാല്‍, ആരുടെ എതിര്‍പ്പും പ്രശ്നമല്ല, കമ്പനികള്‍ രൂപീകരിച്ചേതീരൂ എന്നു മാത്രമല്ല, അതിനിനി രണ്ടുമാസത്തെ സാവകാശംപോലും നല്‍കില്ലെന്ന നിലപാടിലുമാണ് കേന്ദ്രം. അതായത് 24നു ശേഷം കെഎസ്ഇബി നിലവിലുള്ള ഘടനയില്‍ ഉണ്ടാവാന്‍ പാടില്ലെന്ന്. അതീവ ഗുരുതരമായ ഈ പ്രശ്നം ചര്‍ച്ചചെയ്യുന്നതിനാണ് ഈ മാസം 25ന് സര്‍വകക്ഷി യോഗവും കെഎസ്ഇബിയിലെ ട്രേഡ്യൂണിയനുകളുടെ യോഗവും വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ ഇലക്ട്രിസിറ്റി നിയമം 1910, ഇലക്ട്രിസിറ്റി (സപ്ളൈ) ആക്ട് 1948 എന്നിവയ്ക്ക് 1991 ല്‍ ഭേദഗതിനിയമം കൊണ്ടുവന്നുകൊണ്ടാണ് വൈദ്യുതിമേഖലയില്‍ നവലിബറല്‍ പരിഷ്കാരത്തിന് തുടക്കമിട്ടത്. ഇതോടൊപ്പം വൈദ്യുതിബോര്‍ഡ് വിഭജിച്ച് പുനഃസംഘാടനവും ആരംഭിച്ചു. പുനഃസംഘാടനത്തില്‍ ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നിവയുടെ സ്വകാര്യവല്‍്ക്കരണവും ലക്ഷ്യമാക്കുന്നുണ്ട്. 2001 ല്‍ ഇലക്ട്രിസിറ്റി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 2003 ല്‍ ഈ ബില്‍ പാസാക്കി നിയമമായി. 2003 ജൂ പത്തുമുതല്‍ ഈ നിയമം പ്രാബല്യത്തിലായി. ഇലക്ട്രിസിറ്റി ബോര്‍ഡ് രൂപീകരണത്തിനും പ്രവര്‍ത്തനത്തിനും നിലനില്‍പ്പിനും ആധാരമായിരുന്ന ഇലക്ട്രിസിറ്റി (സപ്ളൈ) ആക്ട് 1948 ന് അന്നേതീയതി മുതല്‍തന്നെ പ്രാബല്യം ഇല്ലാതായി. അതിനാല്‍ 2003 ജൂ പത്തുമുതല്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ഇല്ലാതായിക്കഴിഞ്ഞു. പുതിയ നിയമം അനുസരിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡിന് പകരമായി ഒന്നോ ഒന്നിലധികമോ കമ്പനിയാകാം. പ്രസരണം നടത്തുന്ന കമ്പനി പൊതുമേഖലയിലായിരിക്കണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്. മറ്റുള്ളവ പൊതുമേഖലയിലോ, സ്വകാര്യമേഖലയിലോ ആകാവുന്നതാണ്. പ്രസരണകമ്പനി വിപണനം നടത്തിക്കൂടെന്നും നിയമം അനുശാസിക്കുന്നുണ്ട്. ബോര്‍ഡിനു പകരം വയ്ക്കാനുള്ള സംവിധാനം രൂപപ്പെട്ടുവരുന്നതുവരെ, ഒരു ഇടക്കാല ഏര്‍പ്പാട് നിയമം അനുവദിക്കുന്നുണ്ട്. നിലനിന്നിരുന്ന ഇലക്ട്രിസിറ്റി ബോര്‍ഡ് 'സംസ്ഥാന ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റിയായും’’ പ്രസരണവും വിതരണവും നടത്താനുള്ള ലൈസന്‍സിയായും പ്രവര്‍ത്തിക്കുന്നതിനുള്ള സൌകര്യമാണ് നിയമം നല്‍കിയിട്ടുള്ളത്. എന്നാല്‍ മേല്‍പ്പറഞ്ഞ ഇടക്കാല ഏര്‍പ്പാടിന് സമയപരിധി നിയമം കല്‍പ്പിക്കുന്നുണ്ട്. അത് 2004 ജൂ ഒമ്പതു വരെ ആയിരുന്നു. പക്ഷേ, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരസ്പരം ധാരണയിലെത്തി ഈ സമയപരിധി നീട്ടാവുന്നതാണ്. കേരളം 2008 സെപ്തംബര്‍ ഒമ്പതു വരെയാണ് സമയപരിധി നീട്ടി വാങ്ങിയിരുന്നത്. കടുത്ത സമ്മര്‍ദത്തെതുടര്‍ന്ന് 15 ദിവസംകൂടി നീട്ടിക്കിട്ടി. ഇന്ത്യയില്‍ 21 ഇലക്ട്രിസിറ്റി ബോര്‍ഡും പോണ്ടിച്ചേരിയിലേതടക്കം ഒമ്പത് ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്മെന്റുമാണ് ഉണ്ടായിരുന്നത്. ഇതുവരെയായി ഇതില്‍ 13 ബോര്‍ഡും ഒരു സംസ്ഥാനവൈദ്യുതി ഡിപ്പാര്‍ട്മെന്റും പുനഃസംഘടിപ്പിച്ചു. ത്രിപുരയിലാണ് വൈദ്യുതി ഡിപ്പാര്‍ട്മെന്റിനെ പുനഃസംഘടിപ്പിച്ച് ഉല്‍പ്പാദനവും പ്രസരണവും വിതരണവും നടത്തുന്ന ഒറ്റക്കമ്പനി ഉണ്ടാക്കിയത്. ഒറീസയിലും ഡല്‍ഹിയിലും വൈദ്യുതിവിതരണം റിലയന്‍സ്, ടാറ്റ, എഇഎസ് എന്നീ സ്വകാര്യകമ്പനികളെ ഏല്‍പ്പിച്ചു. ഉത്തര്‍രപ്രദേശിലെ വ്യവസായകേന്ദ്രമായ നോയിഡയിലെ വൈദ്യുതിവിതരണം ആര്‍ പി ഗോയങ്ക ഗ്രൂപ്പിന്റെ സ്വകാര്യകമ്പനിക്കു നല്‍കി. വൈദ്യുതിമേഖലയുടെ സ്വകാര്യവല്‍ക്കരണമടക്കമുള്ള ഈ ലോകബാങ്ക് മോഡല്‍ പരിഷ്കാരത്തിനെതിരെ രാജ്യവ്യാപകമായി പൊതുവിലും മഹാരാഷ്ട്ര, ഉത്തര്‍രപ്രദേശ്, ആന്ധ്രപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും ഉയര്‍ന്നുവന്ന പ്രതിഷേധവും സമരവുമാണ് പുനഃസംഘാടനത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും ഗതിവേഗം കുറച്ചത്. ഇടതുപക്ഷപാര്‍ടികളും വൈദ്യുതിവ്യവസായത്തിലെ തൊഴിലാളികളും എന്‍ജിനിയര്‍മാരുമാണ് ഈ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത്. തുടര്‍ന്ന് പ്രശസ്തരായ സാങ്കേതിക-സാമ്പത്തിക വിദഗ്ധരും, സന്നദ്ധ സംഘടനകളും ഈ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. യുപിയില്‍ 2000 ല്‍ 11 ദിവസം നീണ്ട പണിമുടക്ക് നടന്നു. ദേശീയപണിമുടക്കുമുണ്ടായി. 2000 ല്‍ ആന്ധ്രയില്‍ നടന്ന പ്രതിഷേധറാലിക്കുനേരെ പൊലീസ് ലാത്തിചാര്‍ജും വെടിവയ്പും നടത്തി. മൂന്നുപേര്‍ കൊല്ലപ്പെട്ടു. കേന്ദ്രസര്‍ക്കാരും സംഘടനകളും വിദഗ്ധരെ പങ്കെടുപ്പിച്ച് വൈദ്യുതിബോര്‍ഡ് പുനഃസംഘാടനം സംബന്ധിച്ച് സമഗ്രപഠനവും നടത്തുകയുണ്ടായി. ബോര്‍ഡ് വിഭജിച്ച്് ഒന്നിലേറെ കമ്പനിയെ ഏല്‍പ്പിച്ചിട്ടുള്ള സംസ്ഥാനങ്ങളേക്കാള്‍ പ്രവര്‍ത്തനക്ഷമതയും കാര്യക്ഷമതയും, ഈ പ്രവര്‍ത്തനമെല്ലാം ഒറ്റസ്ഥാപനത്തിന്‍ കീഴില്‍ നടക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഹരിയാന, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വൈദ്യുതിമേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ബോര്‍ഡു വിഭജനത്തിനുശേഷം വന്‍തോതില്‍ വര്‍ധിക്കുകയാണ് ചെയ്തത്. ആന്ധ്രയില്‍ വന്‍ സബ്സിഡി ഇപ്പോഴും നല്‍കിവരുന്നു. ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് പുനഃസംഘാടനത്തിനു വേണ്ടിവന്ന ചെലവ് അതിഭീമമാണ്. പശ്ചിമബംഗാളില്‍ വൈദ്യുതിബോര്‍ഡ് സംസ്ഥാനസര്‍ക്കാരിന് റവന്യൂവായ്പയിനത്തിലും ഇന്ധനവിലയിനത്തിലും നല്‍കാനുണ്ടായിരുന്ന 9806 കോടി രൂപ എഴുതിത്തള്ളേണ്ടിവന്നു. വൈദ്യുതികമ്പനികള്‍ക്കുള്ള സഹായമായി 2012 നകം 8400 കോടി രൂപകൂടി നല്‍കുന്നതാണെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറീസയില്‍ പുനഃസംഘാടനത്തിന് കസള്‍ട്ടന്‍സിക്കായി വന്ന വിദേശസ്ഥാപനങ്ങള്‍മാത്രം ഫീസായി 300 കോടി രൂപ തട്ടിയെടുത്തു. ആന്ധ്രയില്‍ കസള്‍ട്ടന്‍സിക്കായി വകകൊള്ളിച്ചിരുന്നത് 32 ദശലക്ഷം ഡോളറും, ഉത്തര്‍പ്രദേശില്‍ എട്ട് ദശലക്ഷം ഡോളറുമാണ്. ഒറീസയിലെ പുനഃസംഘാടനത്തെപ്പറ്റി അവലോകനംചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒറീസ സര്‍ക്കാര്‍ നിയോഗിച്ച സോവന്‍ കനുഗോ (മുന്‍ ചീഫ്സെക്രട്ടറി) യുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി വിഭജിക്കലിന്റെയും പുനഃസംഘാടനത്തിന്റെയും ഫലത്തെപ്പറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ എല്ലാ സംസ്ഥാനത്തിനും പാഠമാകേണ്ടതാണ്. കനുഗോ കമ്മിറ്റി പറഞ്ഞു: (1) പ്രസരണവിതരണനഷ്ടം 45 ശതമാനം എന്ന ഉയര്‍ന്ന വിതാനത്തില്‍തന്നെ നില്‍ക്കുന്നു. കുറയ്ക്കാന്‍ കഴിഞ്ഞില്ല. (2) കറണ്ടു ചാര്‍ജ് വാങ്ങിയെടുക്കുന്നതിലുള്ള കാര്യക്ഷമത 84 ശതമാനത്തില്‍നിന്ന് 77 ശതമാനമായി കുറഞ്ഞു. (3) പ്രസരണകമ്പനിയായ ഗ്രിഡ്കോയുടെ കടഭാരം 820 കോടി രൂപയില്‍നിന്ന് 3300 കോടിരൂപയായി വര്‍ധിച്ചു. (4) ജലവൈദ്യുതോല്‍പ്പാദന ചെലവ് യൂണിറ്റിന് 20 പൈസയില്‍നിന്ന് 50 പൈസയായി വര്‍ധിച്ചു. (5) തൊട്ടുമുന്‍പുള്ള ഒമ്പത് വര്‍ഷത്തിനിടയ്ക്ക് പ്രതിവര്‍ഷം ശരാശരി 15 ശതമാനംവച്ച് വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചു. എന്നിട്ടും പ്രതിവര്‍ഷം 400 കോടി രൂപയോളം വൈദ്യുതിമേഖല റവന്യൂ നഷ്ടം ഉണ്ടാക്കുന്നു. (6) വിതരണപ്രവര്‍ത്തനം നടത്തുന്ന നാടനും വിദേശിയുമായ സ്വകാര്യകമ്പനി വികസനപ്രവര്‍ത്തനത്തിന് മൂലധനനിക്ഷേപം നടത്തുകയോ മെച്ചപ്പെട്ട മാനേജ്മെന്റ് വൈദഗ്ധ്യം പ്രകടമാക്കുകയോ ചെയ്തില്ല. കേരളം, തമിഴ്നാട്, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഒറീസ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് ഇനിയും പുനഃസംഘാടനം നടക്കാത്തത്. വൈദ്യുതിബോര്‍ഡ് വിഭജിച്ച്് പുതിയ കമ്പനി/കമ്പനികള്‍ രൂപീകരിക്കുമ്പോള്‍ നിലവിലുള്ള സാമ്പത്തികബാധ്യത തീര്‍ക്കുക, ജീവനക്കാര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന പെന്‍ഷന്‍ ആനുകൂല്യത്തില്‍ ചോര്‍ച്ചവരാതെ നിലനിര്‍ത്തുക എന്നിവയ്ക്കായി ആയിരക്കണക്കിന് കോടി രൂപ വേണ്ടിവരും. വായ്പയും വ്യവസ്ഥയുമായി അന്താരാഷ്ട്ര ധനസ്ഥാപനം രംഗപ്രവേശം ചെയ്തിട്ടുള്ളതും ചെയ്യുന്നതും ഈ സന്ദര്‍ഭത്തിലാണ്. സ്വകാര്യമൂലധനത്തിന്റെ കുത്തകാധിപത്യം കൂടുതല്‍ ലാഭത്തിനുവേണ്ടി ഉപയോക്താക്കളെ നാനാപ്രകാരേണ പിഴിഞ്ഞുകൊണ്ടേയിരിക്കുന്നതിന് ഇടയാക്കും. വികസനത്തിനുവേണ്ട പരമപ്രധാനമായ പശ്ചാത്തലസൌകര്യം എന്ന നിലയില്‍നിന്ന് വൈദ്യുതിയെ കേവലം ഒരു ചരക്കാക്കിമാറ്റുകയാണ് സ്വകാര്യ കുത്തക ചെയ്യുക. അതിനാല്‍ കുറഞ്ഞ നിരക്കിന് വൈദ്യുതി ലഭ്യമാക്കുന്നതിനും വികസനത്തിനുവേണ്ട പശ്ചാത്തലസൌകര്യം എന്ന നിലയില്‍ വൈദ്യുതി ഉപയോഗപ്പെടുത്തുന്നതിനും വൈദ്യുതി വ്യവസായത്തെ പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടതുണ്ട്. മറ്റ് ചരക്കുപോലെ ഉല്‍പ്പാദിപ്പിച്ച് സൂക്ഷിച്ചുവച്ച് പിന്നീട് വില്‍ക്കാന്‍ കഴിയുന്ന ഒന്നല്ല വൈദ്യുതി. ഉല്‍പ്പാദനവും പ്രസരണവും വിതരണവും ഉപഭോഗവും ഒരേസമയം നടക്കുന്നതിനാല്‍ ഈ പ്രക്രിയയുടെ തികഞ്ഞ ഏകോപനം വൈദ്യുതിവ്യവസായത്തില്‍ അനിവാര്യമാണ്. ഇവയെ പ്രത്യേക അറകളായി വിഭജിച്ചുള്ള മാനേജ്മെന്റ,് ചെലവ് വര്‍ധിപ്പിക്കുകയും കാര്യക്ഷമതയില്‍ ചോര്‍ച്ച വരുത്തുകയുംചെയ്യും. അതിനാല്‍ വൈദ്യുതിബോര്‍ഡിനെ വിഭജിച്ച് വിവിധ കമ്പനിയാക്കുന്നത് ഒരു കാരണവശാലും അഭികാമ്യമല്ല. എന്നാല്‍, അതൊന്നും കേന്ദ്രസര്‍ക്കാരിന് കാര്യമല്ല. ആത്യന്തികമായി പൊതുമേഖലയെ തകര്‍ക്കുക എന്നതാണല്ലോ അവരുടെ ലക്ഷ്യം. വിപണിയുടെ ചാഞ്ചാട്ടങ്ങളില്‍ അടിപറിഞ്ഞുപോകാതെയും സ്വാശ്രയത്വത്തിലൂന്നിയ വികസനം നേടിയെടുത്തുകൊണ്ടും നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കു നട്ടെല്ലായി നിന്ന പൊതുമേഖലയെ ഒന്നൊന്നായി തീറെഴുതി സ്വകാര്യമേഖലയ്ക്കു നല്‍കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്. നവരത്ന കമ്പനികളുടെപോലും ഓഹരി വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഒടുവിലായി ഉത്തര്‍പ്രദേശിലെ അന്‍പാറയിലുള്ള നാഷണല്‍ അലുമിനിയം കമ്പനിയും, നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനും സ്വകാര്യമേഖലയ്ക്ക് വില്‍ക്കാന്‍ നീക്കമുണ്ടായി. യുപിഎ സര്‍ക്കാരിനെ പിന്‍തുണച്ചിരുന്നപ്പോള്‍ത്തന്നെ ഈ നീക്കത്തിനെതിരെ ഇടതുപക്ഷം ശക്തമായ പ്രതിരോധമുയര്‍ത്തുകയും പോരാട്ടം നടത്തുകയുംചെയ്തു. യുപിഎ-ഇടത് ഏകോപന സമിതിയിലൂടെയും, തൊഴിലാളി-ബഹുജന പ്രക്ഷോഭത്തിലൂടെയും ഈ സമ്മര്‍ദം ശക്തമായതിനാല്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന് തങ്ങളുടെ നടപടിയുമായി വേഗത്തില്‍ മുന്നോട്ടു പോകാന്‍ കഴിഞ്ഞിരുന്നില്ല. ആണവകരാര്‍ പ്രശ്നത്തില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ കുതിരക്കച്ചവടത്തിലൂടെ ഭരണം നിലനിര്‍ത്തിയ യുപിഎ 'ശല്യ'മെല്ലാം തീര്‍ന്നുവെന്ന ഉത്സാഹത്തില്‍ നവ ലിബറല്‍ നയത്തിന് വേഗംകൂട്ടുകയാണ്. ഇന്‍ഷുറന്‍സ് സ്വകാര്യവല്‍ക്കരണമുള്‍പ്പെടെയുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍. വൈദ്യുതിബോര്‍ഡ് കമ്പനിവല്‍ക്കരണം നിശ്ചിത തീയതിക്കകം നടത്തണമെന്നും വ്യത്യസ്ത കമ്പനി വേണമെന്നുമുള്ള ആജ്ഞയും ഇതിന്റെ ഭാഗംതന്നെ. ഒറീസയിലും, ഡല്‍ഹിയിലും ചെയ്തതുപോലെ, എല്ലാ സംസ്ഥാനത്തെയും വൈദ്യുതിമേഖല വിഭജിച്ച് ചെറിയ കമ്പനിയാക്കി അമേരിക്കന്‍ ഇലക്ട്രിക് കോര്‍പറേഷനും അംബാനിക്കും, ടാറ്റായ്ക്കുമൊക്കെ നല്‍കാന്‍ അവര്‍ ധൃതിപ്പെടുകയാണ്, ഗൂഢാലോചന നടത്തുകയാണ്. ഇപ്പോഴത്തെ അമേരിക്കന്‍ -- ആഗോള സാമ്പത്തികത്തകര്‍ച്ചയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത് ഇവിടെ ഇപ്പോഴും പൊതുമേഖല ശക്തമായി നില്‍ക്കുന്നതുകൊണ്ടാണെന്ന സത്യം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. ശനിയാഴ്ച ചേര്‍ന്ന ആസൂത്രണ കമീഷന്‍ യോഗത്തില്‍ സ്വകാര്യവല്‍ക്കരണ--വിദേശ ഓഹരി നിക്ഷേപ യത്നങ്ങള്‍ ത്വരിതപ്പെടുത്താനാണ് തീരുമാനിച്ചത്. ഊര്‍ജമേഖലയില്‍ സ്വകാര്യവല്‍ക്കരണം വേണമെന്നും വൈദ്യുതിചാര്‍ജ് നിശ്ചയിക്കുന്നത് വിപണിയിലെ നിലവാരമനുസരിച്ച് ആകണമെന്നുമാണ് ആസൂത്രണ കമീഷന്‍ ഊന്നിപ്പറഞ്ഞിരിക്കുന്നത്. അനതിവിദൂരഭാവിയില്‍ സാധാരണക്കാരുടെ വീട്ടിലെ ഫ്യൂസുകള്‍ ഊരുമെന്നുതന്നെയാണ് അതിനര്‍ഥം. ഊര്‍ജമേഖലയെ പൂര്‍ണമായും അമേരിക്കന്‍ കുത്തകയ്ക്ക് അടിയറ വയ്ക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. 2.8 ലക്ഷം കോടി രൂപ കൊടുത്ത് പത്ത് റിയാക്ടര്‍ വാങ്ങാമെന്ന് ആണവ കരാര്‍ ഒപ്പിടുംമുമ്പുതന്നെ ഉറപ്പ് നല്‍കിക്കഴിഞ്ഞത് അതിനു തെളിവാണ്.

ശ്രമം അഭിപ്രായ സമന്വയമുണ്ടാകാന്‍

‍ശീഘ്ര-വൈദ്യുതിവികസന-പരിഷ്കരണ പദ്ധതിയില്‍ ഒരു ലക്ഷം കോടി രൂപയാണ് വിവരസാങ്കേതികവിദ്യക്കായി നീക്കിവച്ചിട്ടുള്ളത്. തുടക്കത്തില്‍ വായ്പയായും പിന്നീട് ഗ്രാന്റായും നല്‍കുന്ന ഈ തുക, ഐടിമേഖലയിലെ കുത്തകയ്ക്ക് വീതംവച്ചു ലഭിക്കത്തക്കവിധമാണ് ഈ പദ്ധതി ആവിഷ്കരിച്ചുവരുന്നത്. വൈദ്യുതിബോര്‍ഡിലും നമ്മുടെ രാജ്യത്തും ലഭ്യമായ, ഐടിവിദഗ്ധരെ ഉപയോഗപ്പെടുത്തി, ഓപ്പ സോഴ്സ് സോഫ്റ്റ്വെയറിനെ പ്രോത്സാഹിപ്പിച്ച് ചെലവു കുറച്ച് കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കാമെന്ന് കേരള വൈദ്യുതിബോര്‍ഡില്‍ തെളിയിച്ചതാണ്. ഇലക്ട്രിസിറ്റി നിയമത്തിലെ സെക്ഷന്‍ 172 നമ്മുടെ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് അനുകൂലമായി കാണുന്നതിനുപകരം കേന്ദ്രഹിതം നടപ്പാക്കുന്നതിനുവേണ്ടി ദുരുപയോഗപ്പെടുത്തുന്നതിന്റെ തെളിവാണ് കേരളത്തിന് ഇനി കാലാവധി നീട്ടിത്തരില്ലെന്നു പറയുന്നത്. കുത്തക പ്രീണനനയം അടിച്ചേല്‍പ്പിക്കുന്നതിന്റെ തെളിവാണ്, നിയമത്തില്‍ അനുവദിച്ചിട്ടുള്ള വിധം ഒറ്റക്കമ്പനിയായി നിര്‍ത്തുന്ന നടപടിക്കെതിരെപോലും സമ്മര്‍ദവും ഭീഷണിയുമായി കേന്ദ്രസര്‍ക്കാര്‍ വരുന്നത്. കെഎസ്ഇബി ശിഥിലീകരിക്കപ്പെടുന്നത് കേരളജനതയ്ക്ക് ആലോചിക്കാനേ കഴിയുന്ന കാര്യമല്ല; സഹിക്കാനാകുന്നതല്ല. ശിഥിലീകരിക്കപ്പെടുകയും വ്യത്യസ്ത കമ്പനിയായി ഭാവിയില്‍ പൂര്‍ണമോ ഭാഗികമോ ആയി സ്വകാര്യവല്‍ക്കരിക്കപ്പെടുകയുംചെയ്യുന്നത് ആത്യന്തികമായി കേരളത്തില്‍ ഇരുട്ടാണുണ്ടാക്കുക. വൈദ്യുതിചാര്‍ജ് വന്‍തോതില്‍ വര്‍ധിക്കും. സര്‍വ മേഖലയിലെയും പുരോഗതിക്ക് അത് തടസ്സവുമാകും. എന്നാല്‍, കേന്ദ്രനിയമത്തിനകത്തുനിന്ന് പ്രവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനത്തിന് കഴിയുകയുമില്ല. ഈ സാഹചര്യത്തിലാണ് വൈദ്യുതിബോര്‍ഡ് പുനഃസംഘടന സംബന്ധിച്ച് വിദഗ്ധസമിതിയെവച്ച് പഠനം നടത്തിയതും സമിതിയുടെ ശുപാര്‍ശപ്രകാരം സംസ്ഥാനമന്ത്രിസഭ തീരുമാനം കൈക്കൊണ്ടതും. ഭരണഘടനയുടെയും കേന്ദ്രവൈദ്യുതി നിയമത്തിന്റെയും ചട്ടക്കൂടിനകത്തുനിന്നുകൊണ്ടുള്ള ഏറ്റവും മെച്ചപ്പെട്ട നിര്‍ദേശമാണ് അത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ത്തന്നെ പൂര്‍ണമായും നിലനില്‍ക്കുന്നതും നിലവിലുള്ള എല്ലാ ആസ്തി--ബാധ്യതയും ഏറ്റെടുക്കുന്നതുമായ ഒറ്റക്കമ്പനിയായി വൈദ്യുതിബോര്‍ഡിനെ മാറ്റുക എന്നതാണ് ആ തീരുമാനം. അത് നടപ്പാക്കുന്നതിന് ഒരു വര്‍ഷത്തെ സമയം ചോദിച്ചു; നല്‍കിയില്ല. ഒടുവില്‍ 15 ദിവസം നല്‍കിയിരിക്കുന്നു. ഒരു കമ്പനി പോരാ, രണ്ടു കമ്പനിയെങ്കിലും വേണമെന്ന നിര്‍ബന്ധത്തിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകേണ്ടതുണ്ട്. സര്‍വകക്ഷി നേതൃയോഗവും വൈദ്യുതിമേഖലയിലെ ട്രേഡ്യൂണിയന്‍ നേതാക്കളുടെ യോഗവും ചേര്‍ന്ന് ഈ വിഷയത്തില്‍ ആശയവിനിമയം നടത്താനും അഭിപ്രായസമന്വയമുണ്ടാക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വി എസ് അച്യുതാനന്ദന്

4 comments:

ജനശക്തി ന്യൂസ്‌ said...

വൈദ്യുതിബോര്‍ഡിന്റെ പുനഃസംഘാടനം.

‍പൊ തുമേഖലയെ എങ്ങനെയും സ്വകാര്യവ ല്‍ക്കരിക്കുക, അതിനെ കുറഞ്ഞപക്ഷം ശിഥിലീകരിക്കുകയെങ്കിലുംചെയ്യുക എന്നത് മുഖ്യ അജന്‍ഡയായി എടുത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പരിമിതമായ അധികാരമുപയോഗിച്ച്, ശിഥിലീകരണ-സ്വകാര്യവല്‍ക്കരണ അജന്‍ഡക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ ഉയര്‍ത്തുന്ന പ്രതിരോധത്തെയും കേന്ദ്രാധികാരത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അമര്‍ച്ചചെയ്യാനാണ് നോക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ കേരളാ സ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനെ വിഭജിക്കണമെന്നും കമ്പനിയാക്കണമെന്നും തുടര്‍ന്ന് അതിനെ സ്വകാര്യവല്‍ക്കരിക്കണമെന്നും ആവശ്യപ്പെടുന്ന ആരും കേരളത്തിലില്ല. അങ്ങനെ ചെയ്യുന്നത് ദോഷകരമാണെന്നും സംസ്ഥാന താല്‍പ്പര്യത്തിന് എതിരാണെന്നുമാണ് എല്ലാവരും കരുതുന്നത്.

അങ്കിള്‍ said...

“1991 ല്‍ ഭേദഗതിനിയമം കൊണ്ടുവന്നുകൊണ്ടാണ് വൈദ്യുതിമേഖലയില്‍ നവലിബറല്‍ പരിഷ്കാരത്തിന് തുടക്കമിട്ടത്.“

“2001 ല്‍ ഇലക്ട്രിസിറ്റി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 2003 ല്‍ ഈ ബില്‍ പാസാക്കി നിയമമായി. 2003 ജൂ പത്തുമുതല്‍ ഈ നിയമം പ്രാബല്യത്തിലായി.“

1991 ലും 2001 ലും നിയമം കൊണ്ടുവന്നു പാസ്സാക്കിയത് കേന്ദ്രത്തിലെ ഉദ്ദ്യോഗസ്ഥരോ, ഇന്‍ഡ്യയിലെ വ്യവസായ പ്രമുഖരോ ആണോ?. ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികളില്‍ ഭൂരിഭാഗം പേര്‍ ചേര്‍ന്നല്ലേ ഇതു ചെയ്തത്. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ അങ്ങനെ പാസ്സാക്കിയത് നടപ്പാക്കണ്ടേ. കേരളം വേറൊരു രാജ്യമാണോ, അതോ ഇന്‍ഡ്യയുടെ ഭാഗമാണോ?

കേരളനിയമസഭയില്‍ പാസ്സാക്കിയെടുക്കുന്ന നിയമങ്ങളെയും ഈ വിധത്തില്‍ കണ്ടാല്‍ മതിയോ?

Anonymous said...

വൈദ്യുതി നിയമതിന്റെ ലക്ഷ്യങല്‍ വയിക്കുക , കാട് അടച്ചു വെടി വെയ്ക്കും മുന്‍പു.ഇലക്ട്രിസിറ്റി ബോര്‍ഡ് ഉണ്ടെങില്‍ മാത്രമെ പുരൊഗതി ഉണ്ടാവു എന്ന് പരയുന്നതു വര്‍കെര്‍സ് അസ്സൊസിയെറ്റശന്‍ മാത്രമാണു. അതിന്റെ കാരണങല്‍ ഊഹിക്കാം. കമ്പനി ആയാല ഉതതരവദിതം കൂടും. ഏപ്പൊഴും ട്രെയ്ഡ് യുനയ്നുകല്‍ക്കു കീഴില്‍ ഒളികാന്‍ പറ്റില്ല

Anonymous said...

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ കേരളാ സ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനെ വിഭജിക്കണമെന്നും കമ്പനിയാക്കണമെന്നും തുടര്‍ന്ന് അതിനെ സ്വകാര്യവല്‍ക്കരിക്കണമെന്നും ആവശ്യപ്പെടുന്ന ആരും കേരളത്തിലില്ല.
HaHaHaHaHa

കണ്ണടച്ചു ഇരുട്ടാക്കാതെ മാഷെ???. ഇലക്ട്രിസിറ്റി ബോര്‍ഡു കാരണമാണു ഇന്നും കേരളത്തില്‍ വവ്യസായം വരാത്ത തു. ഇലക്ട്രിസിറ്റി ബോര്‍ഡു എത്രയും പെട്ടന്നു സ്വകാര്‍യ്‌വരിക്കുന്നതു കേരളത്തിനു അത്രയും നന്നു.
പ്പണിയെടുക്കാതെ കേരളത്തെ മുടിപ്പിക്കുന്ന ഇലക്ട്രിസിറ്റി ബോര്‍ഡു ജീവനെക്കാരെ പിരിച്ചു വിടണം

365greetings.com