Thursday, August 28, 2008

ജനകീയ ബദലിനായി പോരാടുക

സര്‍ക്കാരും പാര്‍ടിയും
പിണറായി വിജയന്‍

‍ലോ കത്തിലെ ഒരു കമ്യൂണിസ്റ് പാര്‍ടിയും അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്ത സവിശേഷ സാഹചര്യങ്ങള്‍ കേരളത്തിലെ പാര്‍ടിക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. അതില്‍ സുപ്രധാനമായ ഒന്നാണ് 1957ല്‍ നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം. ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ് പാര്‍ടി അധികാരത്തില്‍ വന്നു എന്നതു മാത്രമല്ല, ഒരു സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന പുതിയ പരിതഃസ്ഥിതിയും ഇതിനോടൊപ്പം സംജാതമായി. ഇത്തരത്തില്‍ അധികാരം ലഭിച്ചാല്‍ ഏതു തരത്തിലുള്ള പരിപാടിയാണ് മുന്നോട്ടുവയ്ക്കേണ്ടത് എന്നതിന് മുന്‍കാല മാതൃക ഇല്ലായിരുന്നു. ഈ ഘട്ടത്തില്‍ പാര്‍ടി എടുത്ത സമീപനമെന്തെന്ന് ഇ എം എസ് മുഖ്യമന്ത്രിയായശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ത്തന്നെ ഇങ്ങനെ വ്യക്തമാക്കപ്പെട്ടു: "ഞാന്‍ രൂപീകരിക്കാന്‍ പോകുന്ന സര്‍ക്കാര്‍ കമ്യൂണിസ്റ് പാര്‍ടിയുടെ തെരഞ്ഞെടുപ്പു വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള അടിയന്തര പരിപാടി നടപ്പില്‍ വരുത്തുന്ന ഒരു ഗവമെന്റായിരിക്കും. അല്ലാതെ, ഒരു കമ്യൂണിസ്റ് സമുദായം കെട്ടിപ്പടുക്കുന്ന ഗവമെന്റായിരിക്കുകയില്ല. ഞാന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസം സ്ഥാപിക്കുന്നതിനാണ്. എന്നാല്‍, ഈ ഗവമെന്റ് അത്തരത്തിലുള്ള ഒരു സമുദായം സ്ഥാപിക്കാന്‍ ശ്രമിക്കുകയില്ല.'' ഇത് കാണിക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ ലഭിക്കുന്ന അധികാരം ഏതു തരത്തിലാണ് ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ച ആശയ വ്യക്തതയാണ്. പാര്‍ലമെന്റിലൂടെ എല്ലാം സ്ഥാപിച്ചുകളയാമെന്ന വലതുപക്ഷ വ്യാമോഹത്തില്‍നിന്ന് ഒന്നുംചെയ്യാന്‍ കഴിയുകയില്ലെന്ന ഇടതു തീവ്രവാദപരമായ നയസമീപനങ്ങളില്‍നിന്നു വ്യത്യസ്തമായി, അന്നത്തെ സാഹചര്യത്തില്‍ ചെയ്യാന്‍ കഴിയുന്നതിനെ സംബന്ധിച്ച ശരിയായ ധാരണയാണ് ഇതിലൂടെ അവതരിപ്പിക്കപ്പെട്ടത്. ആശയപരമായി ആ മന്ത്രിസഭയ്ക്കുണ്ടായിരുന്ന വ്യക്തത പില്‍ക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി. ആ സര്‍ക്കാര്‍ കേരളത്തിലെ വികസനത്തിനുവേണ്ടി നടത്തിയ കുതിപ്പുകള്‍ ഇന്ന് ഏവരും അംഗീകരിക്കപ്പെടുന്ന സ്ഥിതി സംജാതമായിട്ടുണ്ട്. അന്നത്തെ ബജറ്റിലും ഇത്തരമൊരു കാഴ്ചപ്പാടിന്റെ പ്രതിഫലനം തെളിഞ്ഞുകാണാവുന്നതാണ്: "സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കാന്‍ പോകുന്ന വ്യവസായനയം തൊഴിലാളികള്‍ക്ക് ന്യായമായ കൂലിയും നിയമപരമായ അവകാശങ്ങളും ഉറപ്പുവരുത്തുന്ന സ്വകാര്യവ്യവസായികള്‍ക്ക് ന്യായമായ ലാഭത്തോടെ വ്യവസായം ആരംഭിക്കുന്നതിനുള്ള സൌകര്യങ്ങള്‍ ഉറപ്പുനല്‍കുന്നതായിരിക്കും. എന്നു മാത്രമല്ല, ആവശ്യമാണെങ്കില്‍ സ്വകാര്യ വ്യവസായ സംരംഭകരെ സഹായിക്കാന്‍ അവര്‍ ആരംഭിക്കുന്ന വ്യവസായങ്ങളില്‍ സര്‍ക്കാര്‍ ഓഹരി എടുക്കാനും തയ്യാറാണ്. ഇതിനാവശ്യമായ വകയിരുത്തല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.'' (ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം, 1957-58, പേജ് 10) ഇതെല്ലാം കാണിക്കുന്നത്, സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍, കമ്യൂണിസ്റ് പാര്‍ടി വിഭാവനംചെയ്യുന്ന ഒരു സമൂഹം സൃഷ്ടിക്കാന്‍ സാധ്യമല്ലെന്നും മറിച്ച് ആ വ്യവസ്ഥയുടെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ജനങ്ങള്‍ക്കുവേണ്ടിയുള്ള ഇടപെടല്‍ നടത്താനാണ് സാധിക്കുക എന്നുമാണ്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ 1964ല്‍ തയ്യാറാക്കപ്പെട്ട പാര്‍ടി പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാട് വിശദീകരിച്ചു. അതില്‍ സംസ്ഥാനസര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്ന കാര്യത്തെ സംബന്ധിച്ച് ഇങ്ങനെ പ്രസ്താവിച്ചു: "അത്തരം ഗവമെന്റുകളുടെ രൂപീകരണം അധ്വാനിക്കുന്ന ജനങ്ങളുടെ വിപ്ളവപ്രസ്ഥാനത്തിന് ഉത്തേജനം നല്‍കുകയും അതുവഴി ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുക എന്ന പ്രക്രിയയെ സഹായിക്കുകയുംചെയ്യും. പക്ഷേ, അത് രാജ്യത്തെ അഭിമുഖീകരിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ മൌലികമായ വിധത്തില്‍ പരിഹരിക്കുകയില്ല. അതുകൊണ്ട്, ജനങ്ങള്‍ക്ക് അടിയന്തരമായ ആശ്വാസങ്ങള്‍ നല്‍കുകയും അങ്ങനെ ബഹുജനപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന, അന്തരാളസ്വഭാവത്തോടുകൂടിയ അത്തരം ഗവമെന്റുകള്‍ രൂപീകരിക്കുന്നതിനുള്ള എല്ലാ അവസരത്തെയും ഉപയോഗപ്പെടുത്തുന്ന അവസരത്തില്‍ത്തന്നെ, വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ഇന്നത്തെ ബൂര്‍ഷ്വ-ഭൂപ്രഭു ഭരണകൂടത്തെയും ഗവമെന്റിനെയും മാറ്റേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നത്, പാര്‍ടി തുടരുകയും ചെയ്യും'' 1967ല്‍ "പുതിയ പരിതഃസ്ഥിതികളും കടമകളും'' എന്ന കേന്ദ്ര കമ്മിറ്റി പ്രമേയം ഈ രംഗത്ത് അന്നത്തെ സാഹചര്യത്തില്‍ പാര്‍ടി സ്വീകരിക്കേണ്ട നയസമീപനങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തി. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ജനങ്ങള്‍ക്ക് അടിയന്തരാശ്വാസം നല്‍കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്ന കാര്യം ഈ പ്രമേയം ഓര്‍മിപ്പിച്ചു. അടിസ്ഥാനപരമായി ജനങ്ങളുടെ സമരായുധമാക്കി സര്‍ക്കാരിനെ ഉപയോഗിക്കുക എന്നതാണ് ഈ നയത്തിന്റെ അന്തഃസത്ത. 1964ല്‍ അംഗീകരിച്ച പാര്‍ടി പരിപാടിയില്‍ സര്‍ക്കാരിനെ സംബന്ധിച്ച് മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ക്ക് അനുയോജ്യമായ നയസമീപനംതന്നെയായിരുന്നു ഇതിലും മുന്നോട്ടുവച്ചത്. 1964ല്‍ പാര്‍ടി പരിപാടി ഉണ്ടാകുന്ന ഘട്ടത്തിലുണ്ടായ അന്തര്‍ദേശീയ-ദേശീയ സ്ഥിതിഗതികളില്‍ അടിസ്ഥാനപരമായ മാറ്റം ഉണ്ടായി. ആ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ടി പരിപാടിതന്നെ കാലോചിതമാക്കുന്നതിന് പ്ളീനം വിളിച്ചുചേര്‍ത്തത്. വിപ്ളവതന്ത്രത്തിലും അടിസ്ഥാനസമീപനങ്ങളിലും ഒരു മാറ്റവും പരിപാടിയില്‍ ഉണ്ടായില്ല. എന്നാല്‍, സംസ്ഥാനസര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചില മാറ്റം പുതിയ സാഹചര്യത്തിനനുസരിച്ച് രൂപപ്പെടുത്തേണ്ടതുണ്ടെന്നു കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടി പരിപാടിയില്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഇങ്ങനെ രേഖപ്പെടുത്തി: "ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയസ്ഥിതിയുടെ ആവശ്യങ്ങളെ നേരിടാന്‍ പാര്‍ടിക്ക് വിവിധ ഇടക്കാല മുദ്രാവാക്യങ്ങള്‍ ആവിഷ്കരിക്കേണ്ടിവരുമെന്നുള്ളത് വ്യക്തമാണ്. ഇന്നത്തെ ഭരണാധികാരിവര്‍ഗങ്ങളെ മാറ്റി തല്‍സ്ഥാനത്ത് തൊഴിലാളി-കര്‍ഷകസഖ്യത്തിന്മേല്‍ പടുത്തുയര്‍ത്തിയ ഒരു പുതിയ ജനാധിപത്യ ഭരണകൂടവും ഗവമെന്റും സ്ഥാപിക്കുകയെന്ന കടമ ജനങ്ങളുടെ മുമ്പാകെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും നിലവിലുള്ള പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ബദല്‍നയങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന പരിപാടി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ ഗവമെന്റുകള്‍ നിലവില്‍ വരുത്താന്‍ കിട്ടുന്ന എല്ലാ സന്ദര്‍ഭങ്ങളും പാര്‍ടി ഉപയോഗപ്പെടുത്തും. അത്തരം ഗവമെന്റുകളുടെ രൂപീകരണം അധ്വാനിക്കുന്ന ജനങ്ങളുടെ വിപ്ളവപ്രസ്ഥാനത്തിന് ഉത്തേജനം നല്‍കുകയും ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുകയെന്ന പ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. പക്ഷേ, അടിസ്ഥാനപരമായി ഒരു രീതിയിലും അത് രാഷ്ട്രത്തിന്റെ സാമ്പത്തിക-രാഷ്ട്രീയപ്രശ്നങ്ങള്‍ പരിഹരിക്കുകയില്ല. അതുകൊണ്ട് മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാനങ്ങളിലോ കേന്ദ്രത്തിലോ ഇത്തരം ഗവമെന്റുകള്‍ രൂപീകരിക്കാനുള്ള അവസരങ്ങള്‍ ഉപയോഗിക്കവെതന്നെ വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വ-ഭൂപ്രഭു ഭരണകൂടത്തെയും ഗവമെന്റിനെയും മാറ്റേണ്ടതിന്റെ ആവശ്യം പാര്‍ടി തുടര്‍ന്നു പഠിപ്പിച്ചുകൊണ്ടിരിക്കുകയും അങ്ങനെ ബഹുജനപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.'' (ഊന്നല്‍ ചേര്‍ത്തത്) 1964ലെ പാര്‍ടി പരിപാടിയില്‍ ജനങ്ങള്‍ക്ക് അടിയന്തര ആശ്വാസം നല്‍കുകയും ബഹുജനപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള സമരായുധമായി സര്‍ക്കാരിനെ ഉപയോഗിക്കുക എന്ന കടമയാണ് മുന്നോട്ട് വച്ചതെങ്കില്‍ കാലോചിതമായി പുതുക്കിയ പാര്‍ടി പരിപാടിയില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനോടൊപ്പം ബദല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനും കഴിയണമെന്നും നിര്‍ദേശിച്ചു. പാര്‍ടി പരിപാടി മുന്നോട്ടുവച്ച ഈ ധാരണകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനസര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മൂര്‍ത്തമായ രേഖ 19-ാം പാര്‍ടി കോഗ്രസ് അംഗീകരിക്കുകയുണ്ടായി. 'ഇടതു നേതൃത്വത്തിലുള്ള ഗവമെന്റുകള്‍: അവയുടെ അനുഭവങ്ങളും ഇന്നത്തെ പരിതഃസ്ഥിതിയില്‍ അവയുടെ പങ്കും' എന്ന പേരില്‍ രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗമായി അത് ഉള്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ച്ചയായി സംസ്ഥാനങ്ങളില്‍ പാര്‍ടി അധികാരത്തില്‍ എത്തുന്ന സാഹചര്യം രൂപപ്പെട്ടത് കണക്കിലെടുത്തുകൊണ്ട് നമ്മുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണങ്ങളെ കേവലം അടിയന്തരാശ്വാസം നല്‍കുന്നതിനുള്ള സംവിധാനംമാത്രമായി കണ്ടാല്‍ പോരെന്ന് അതില്‍ വ്യക്തമാക്കി. കോഗ്രസ്-ബിജെപി നയങ്ങളില്‍നിന്ന് വ്യത്യസ്തമായി ബദല്‍സമീപനം ഉയര്‍ത്താനും നടപ്പാക്കാനും കഴിയണമെന്ന് പാര്‍ടി കോഗ്രസ് വിലയിരുത്തി. അതോടൊപ്പംതന്നെ, ജനകീയ ജനാധിപത്യ വിപ്ളവ പരിപാടിയോ പാര്‍ടി കോഗ്രസ് വിഭാവനംചെയ്തിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ പരിപാടിയോ നടപ്പാക്കുന്നതിന് ഇതിന് കഴിയില്ലെന്ന കാര്യവും വ്യക്തമാക്കപ്പെടുകയുണ്ടായി. സംസ്ഥാനസര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും അത് സ്വീകരിക്കേണ്ട നിലപാടുകളില്‍ പുലര്‍ത്തേണ്ട കാഴ്ചപ്പാടിനെ സംബന്ധിച്ചും 19-ാം പാര്‍ടി കോഗ്രസില്‍ അവതരിപ്പിച്ച രേഖ ഇങ്ങനെ പറയുന്നു: "പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും പാര്‍ടിയുടെ അടിത്തറയും സ്വാധീനവും വിപുലപ്പെടുത്തുന്ന കാര്യത്തില്‍ ഇടതുപക്ഷമുന്നണി ഗവമെന്റുകള്‍ സുപ്രധാനമായ ഒരു പങ്കാണ് വഹിച്ചിട്ടുള്ളത്. പാര്‍ടിയുടെ നയങ്ങളും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും അഖിലേന്ത്യാതലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വലിയ സംഭാവന നല്‍കിയത് ഈ അടിത്തറയാണ്. ഈ മൂന്നു സംസ്ഥാനത്തെയും പ്രസ്ഥാനങ്ങള്‍, അഖിലേന്ത്യാപ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഉദാരവല്‍ക്കരണഘട്ടം ആരംഭിച്ചതിനുശേഷം ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവമെന്റുകള്‍ കടുത്ത ഞെരുക്കത്തോടുകൂടിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് അനുകൂലമായ നയങ്ങള്‍ പിന്തുടരാനും ജനങ്ങളുടെ മിനിമം ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന നടപടികള്‍ കൈക്കൊള്ളാനും ഗവമെന്റിനെ സഹായിക്കുന്ന വിധത്തിലും അതേ അവസരത്തില്‍ത്തന്നെ ദേശീയതലത്തില്‍ ബദല്‍നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പാര്‍ടിയെ സഹായിക്കുന്ന വിധത്തിലുമുള്ള മാര്‍ഗങ്ങള്‍ പാര്‍ടി നിരന്തരം ആവിഷ്കരിച്ചുകൊണ്ടിരിക്കണം. ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവമെന്റുകളെ സംരക്ഷിക്കുക എന്നത്, പാര്‍ടിയുടെയും ഇടതുപക്ഷ-ജനാധിപത്യശക്തികളുടെയും ദേശീയ അജന്‍ഡയുടെ അവിഭാജ്യ ഭാഗമാണ്.'' (ഊന്നല്‍ ചേര്‍ത്തത്) ഇത്തരത്തില്‍ പാര്‍ടി കോഗ്രസ് വിഭാവനംചെയ്യുന്ന തരത്തില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ നയിക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തുക എന്നത് സംസ്ഥാന കമ്മിറ്റിയുടെ ചുമതലയാണ്. ഈ ചുമതല നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് മേല്‍ വിവരിച്ച ആശയങ്ങളുടെ പ്രായോഗികതയ്ക്ക് ഉതകുന്ന ഒരു രേഖ തയ്യാറാക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. അതുകൊണ്ടാണ് 2008 ആഗസ്ത് ഏഴുമുതല്‍ ഒമ്പതുവരെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി, ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍: ഒരു ഇടക്കാല വിലയിരുത്തലും മാര്‍ഗനിര്‍ദേശങ്ങളും എന്ന രേഖ അംഗീകരിച്ചത്. ഇത്തരത്തില്‍ പാര്‍ടി കോഗ്രസ് ചര്‍ച്ചചെയ്ത് തീരുമാനിച്ച നിലപാടുകള്‍ പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുമ്പോഴാണ് ഈ രേഖതന്നെ പാര്‍ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന വാദവുമായി ചില മാധ്യമങ്ങള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. പാര്‍ടി നയങ്ങളെ സംബന്ധിച്ച് തെറ്റിദ്ധാരണ സൃഷ്ടിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കാനാണ് ഇവരുടെ ശ്രമം. ഇത് തിരിച്ചറിയപ്പെടേണ്ടതുണ്ട്.
2
കേരളവികസനവും രണ്ടാം ഭൂപരിഷ്കരണ വിവാദവും

പത്തൊമ്പതാം പാര്‍ടി കോഗ്രസ് അംഗീകരിച്ച 'ഇടതു നേതൃത്വത്തിലുള്ള ഗവമെന്റുകള്‍: അവയുടെ അനുഭവങ്ങളും ഇന്നത്തെ പരിതഃസ്ഥിതിയില്‍ അവയുടെ പങ്കും' എന്ന രേഖ സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വ്യക്തമായ ദിശാബോധം നല്‍കുകയുണ്ടായി. അതില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കേണ്ട നയസമീപനം എന്തായിരിക്കണമെന്ന് ഇങ്ങനെ വ്യക്തമാക്കി: "രണ്ടു പതിറ്റാണ്ടിലേറെ കാലത്തെ പശ്ചിമബംഗാളിലെ ഇടതുപക്ഷമുന്നണി ഗവമെന്റിന്റെ അനുഭവത്തിനുശേഷം, ത്രിപുരയിലെയും കേരളത്തിലെയും കാലാവധി മുഴുവനും അധികാരത്തിലിരുന്ന ഗവമെന്റുകളുടെ അനുഭവത്തിനുശേഷം, "ജനങ്ങള്‍ക്ക് അടിയന്തരാശ്വാസം നല്‍കുക എന്ന മിതമായ പരിപാടി'' നടപ്പാക്കുന്നതിനെപ്പറ്റി മാത്രം സംസാരിക്കുന്നത് പര്യാപ്തമല്ല. ഇടതുപക്ഷജനാധിപത്യശക്തികളുടെ പരിപാടിക്കു ചുറ്റും കൂടുതല്‍ കൂടുതല്‍ ആളുകളെ അണിനിരത്തുന്നതില്‍ ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവമെന്റുകള്‍ വിജയിച്ചിരിക്കുന്നു. അതേ അവസരത്തില്‍, ഈ ഗവമെന്റുകള്‍ തങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്നും വികസനം കൈവരുത്തുമെന്നുംകൂടി ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ്, തൊഴില്‍ ഉണ്ടാക്കുക, പൊതുവിദ്യാഭ്യാസസൌകര്യവും ആരോഗ്യസേവനസൌകര്യവും വര്‍ധിപ്പിക്കുക, അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംസ്ഥാന ഗവമെന്റുകളുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തേണ്ടിവന്നത്.'' പാര്‍ടി കോഗ്രസ് വിഭാവനംചെയ്തതുപോലെ സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിന് ഉതകുന്ന സമീപനം അതുകൊണ്ടുതന്നെ മുന്നോട്ടുവയ്ക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന് നേതൃത്വംനല്‍കുന്ന പാര്‍ടി എന്ന നിലയില്‍ സിപിഐ എമ്മിന്റെ ഉത്തരവാദിത്തമായിത്തീരുകയാണ്. മാത്രമല്ല, കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ കരുത്ത് പകരുന്ന രീതിയില്‍ ഒരു രേഖ തയ്യാറാക്കണമെന്നും പ്രമേയത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് 2008 ആഗസ്ത് ഏഴു മുതല്‍ ഒമ്പതുവരെ ചേര്‍ന്ന പാര്‍ടി സംസ്ഥാനകമ്മിറ്റി ഇതു സംബന്ധിച്ച് രേഖ തയ്യാറാക്കി അംഗീകരിച്ചത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍: ഒരു ഇടക്കാല വിലയിരുത്തലും മാര്‍ഗ നിര്‍ദേശങ്ങളും എന്ന പേരില്‍ തയ്യാറാക്കിയ ഈ രേഖ മേല്‍പ്പറഞ്ഞ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയത്. ഈ പ്രമേയത്തെ സംബന്ധിച്ചാണ് വിവിധ തരത്തിലുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ സൂചിപ്പിക്കുന്നതുപോലെ കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം പൂര്‍ത്തീകരിച്ചുവെന്ന പരിശോധന ഇതില്‍ നടത്തിയിട്ടുണ്ട്. വാഗ്ദാനങ്ങളില്‍ 85 ശതമാനവും ഈ കാലയളവിനുള്ളില്‍ത്തന്നെ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയ കാര്യം എടുത്തുപറയുന്നു. കാര്‍ഷിക-വ്യവസായ-സേവനമേഖലകളുടെ വികസനത്തിന് ഇടപെടണമെന്ന പ്രകടനപത്രികയിലെ കാഴ്ചപ്പാട് ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് കഴിഞ്ഞ കാര്യവും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുര്‍ബലജനവിഭാഗങ്ങള്‍ക്ക് ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച നിര്‍ദേശങ്ങളാണ് ഇപ്പോള്‍ ചിലര്‍ വിവാദത്തിനായി ഉപയോഗിക്കുന്നത്. കേരളത്തിലെ ഭൂപ്രശ്നം അടിസ്ഥാനപരമായി വീണ്ടും പരിഹരിക്കണം എന്നുള്ള ചില ഇടത് തീവ്രവാദ സംഘടനകളുടെയും ചില ദളിത് സംഘടനകളുടെയും നിലപാടില്‍ നിന്നുകൊണ്ടാണ് ഈ വിമര്‍ശനങ്ങള്‍ പൊതുവില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. യഥാര്‍ഥത്തില്‍ കേരളത്തിന്റെ ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് പാര്‍ടിക്കകത്ത് ഒരു അഭിപ്രായഭിന്നതയും ഇല്ലെന്നതാണ് വസ്തുത. 1957 ലെ സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷികനിയമത്തെ പിന്നീട് അധികാരത്തില്‍ വന്ന വലതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കുന്ന നില ഉണ്ടായിട്ടുണ്ട്. മൂന്നുതരത്തിലുള്ള ഇടപെടലാണ് ഇക്കാര്യത്തില്‍ സംഭവിച്ചത്. ഒന്നാമതായി, നിയമസഭ പാസാക്കിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം നല്‍കാതെ വച്ചുതാമസിപ്പിച്ചു. രണ്ടാമതായി, കോടതികളിലൂടെ നിയമവ്യവസ്ഥകളെ ചോദ്യംചെയ്തു. മൂന്നാമതായി, ഭരണാധികാരം ഉപയോഗിച്ച് നിയമത്തില്‍ പഴുതുകള്‍ ഉണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്ന മിച്ചഭൂമി കുറഞ്ഞു. മാത്രമല്ല, ഇഷ്ടദാനത്തിനുള്ള വകുപ്പ് ഇതില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. വ്യക്തിക്ക് ഏഴര ഏക്കറെന്നും കുടുംബത്തിന് പതിനഞ്ച് ഏക്കറെന്നും പരിധി നിശ്ചയിച്ചിരുന്നുവെങ്കിലും ഈ വകുപ്പ് ഉപയോഗിച്ച് മിച്ചഭൂമി ഇല്ലാതാക്കുന്ന നടപടികളും സ്വീകരിച്ചു. ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാക്കിയത് വലതുപക്ഷ ശക്തികളുടെ ഇടപെടലും നിലനില്‍ക്കുന്ന വ്യവസ്ഥയുടെ പരിമിതിയുമാണെന്നും കാണാനാവണം. വലതുപക്ഷ ശക്തികള്‍ ഉണ്ടാക്കിയെടുത്ത ഈ പരിമിതികളെ മറികടക്കാന്‍ ഉതകുന്നവിധമുള്ള ഇടപെടല്‍ 1967-69 കാലത്ത് കേരളത്തിലെ ഐക്യമുന്നണി ഗവമെന്റ് നടത്തി. 1957-59 കാലത്തെ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിയമനിര്‍മാണ പ്രക്രിയ ഈ സര്‍ക്കാര്‍ തുടര്‍ന്നു. ഭൂമിയുടെ പരിധി, കുടികിടപ്പ്, മിച്ചഭൂമിവിതരണം എന്നീ കാര്യങ്ങളിലെല്ലാം വ്യക്തമായ നിര്‍വചനവും വ്യവസ്ഥകളും നിയമത്തില്‍ ഉള്‍പ്പെടുത്തി. മിച്ചഭൂമി കണക്ക് നല്‍കാതിരിക്കുന്നവര്‍ക്കുള്ള ശിക്ഷ, പരിധിക്കപ്പുറമുള്ള ഭൂമി പിടിച്ചെടുക്കല്‍, കുടികിടപ്പുകാരന് സ്ഥിരാവകാശം എന്നിവയൊക്കെ ഇതിന്റെ സവിശേഷതയായിരുന്നു. പുതിയ നിയമത്തില്‍ കുടികിടപ്പുകാരനും അവന്റെ പുരയ്ക്കും അതിനോടനുബന്ധിച്ച പത്ത് സെന്റ് സ്ഥലത്തിനും അവകാശം നല്‍കപ്പെട്ടു. ഇത്തരമൊരു അവസ്ഥ കമ്യൂണിസ്റിതര രാജ്യങ്ങളില്‍ ആദ്യമായിട്ടായിരുന്നു ഏര്‍പ്പെടുത്തിയത്. അങ്ങനെ 1957-59 ല്‍ ആരംഭിച്ച ഭൂപരിഷ്കരണപ്രക്രിയയുടെ നിയമവശം 1969 ല്‍ അവസാനിച്ചു. എന്നാല്‍, ആ ഗവമെന്റ് അട്ടിമറിക്കപ്പെട്ടു. നിയമം നടപ്പാക്കുന്നതിനുവേണ്ടി 1969 ഡിസംബര്‍ 14 ന് ചേര്‍ന്ന ആലപ്പുഴ കവെന്‍ഷന്‍ കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടേയും പ്രക്ഷോഭസമരത്തിന് ആഹ്വാനം നല്‍കി. കര്‍ഷക-കര്‍ഷകത്തൊഴിലാളി ഐക്യത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള പ്രക്ഷോഭം പാര്‍ടി സംഘടിപ്പിച്ചു. ഈ പ്രക്രിയയെ 2000 മെയ് 3, 4, 5 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗീകരിച്ച 'കര്‍ഷകമുന്നണിയിലെ കടമകളി'ല്‍ ഇങ്ങനെ വിശദീകരിച്ചു: "നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഭൂപരിഷ്കാരത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കുന്നതിലും പാര്‍ടി വിജയിച്ചു. ഇന്ത്യയില്‍ ആദ്യമായി കര്‍ഷകത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അനുവദിച്ച സംസ്ഥാനമായി കേരളം മാറി.'' പാര്‍ടി പരിപാടിയില്‍ ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സര്‍ക്കാരുകള്‍ ചെയ്ത കാര്യത്തെ സംബന്ധിച്ച് ഇങ്ങനെ പറയുന്നുണ്ട്. "സിപിഐ (എം) നേതൃത്വത്തിലുള്ള ഇടതുമുന്നണി ഗവമെന്റുകള്‍ ഭരിക്കുന്ന പശ്ചിമബംഗാള്‍, കേരളം, ത്രിപുര എന്നിവിടങ്ങളില്‍മാത്രമാണ് നിലവിലുള്ള നിയമങ്ങള്‍പ്രകാരം ഭൂപരിഷ്കരണം നടപ്പാക്കിയത്.'' നിലവിലുള്ള വ്യവസ്ഥയുടെ പരിമിതിക്കകത്ത് നിന്നുകൊണ്ട് ഭൂപരിഷ്കരണം കേരളത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം പാര്‍ടി പരിപാടിപോലും അംഗീകരിക്കുന്നുണ്ട് എന്നര്‍ഥം. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ തരത്തില്‍ കേരളത്തില്‍ നടപ്പാക്കപ്പെട്ട ഒന്നാണ് ഭൂപരിഷ്കരണമെന്ന് ഏവരും അംഗീകരിക്കുന്നതാണ്. ലോകം മുഴുവന്‍ ചര്‍ച്ചചെയ്യപ്പെട്ട കേരള മോഡലിന്റെ അടിത്തറയായിനിന്ന പരിഷ്കാരത്തെപ്പോലും വെല്ലുവിളിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് ഇപ്പോള്‍ ചിലര്‍ പരിശ്രമിക്കുന്നത്. ഇതിനര്‍ഥം ഭൂമിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു പ്രശ്നവുമില്ല എന്നല്ല. ഈ പ്രക്രിയക്കിടയിലും പരിഹരിക്കപ്പെടേണ്ട ചില ദൌര്‍ബല്യങ്ങള്‍ പാര്‍ടി അംഗീകരിച്ചിട്ടുണ്ട്. അത് മിച്ചഭൂമിയുമായി ബന്ധപ്പെട്ടാണ്. അതിന് ഉത്തരവാദി വലതുപക്ഷമാണുതാനും. 1959 ലെ കണക്കുപ്രകാരം 7,20,000 ഏക്കര്‍ മിച്ചഭൂമി ഉണ്ടായിരുന്നു. എന്നാല്‍, നിയമങ്ങളില്‍ വെള്ളം ചേര്‍ത്തതിന്റെ ഭാഗമായി വിതരണംചെയ്യാന്‍ കഴിഞ്ഞതിന്റെ സംഖ്യ 93,178 ഏക്കര്‍ ഭൂമിയാണെന്ന് 'കര്‍ഷകമുന്നണിയിലെ കടമകള്‍' എന്ന രേഖയില്‍ത്തന്നെ സൂചിപ്പിക്കുന്നുമുണ്ട്. മിച്ചഭൂമി ചോര്‍ത്തിക്കളയുന്ന വലതുപക്ഷ ശക്തികളുടെ നടപടി പരിഹരിക്കുന്നതിനുള്ള കാര്യങ്ങളെക്കുറിച്ച് സംസ്ഥാനകമ്മിറ്റി ഇപ്പോള്‍ അംഗീകരിച്ച പ്രമേയത്തില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്: "ഇനിയും അവശേഷിക്കുന്ന മിച്ചഭൂമി പൂര്‍ണമായും ഏറ്റെടുക്കും. അന്യാധീനപ്പെട്ട സര്‍ക്കാര്‍ഭൂമി ഏറ്റെടുക്കുന്നതിനുള്ള പരിപാടി സമയബന്ധിതമായി നടപ്പാക്കും. പുതിയ വനനിയമത്തെക്കൂടി ഉപയോഗപ്പെടുത്തി മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും കൃഷിഭൂമി ലഭ്യമാക്കണം. മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും കൃഷിഭൂമി ലഭ്യമാക്കാന്‍ പരിശ്രമിക്കും. എല്ലാ ഭൂരഹിതര്‍ക്കും കിടപ്പാടമെങ്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഭൂമിയുടെ ഊഹക്കച്ചവടത്തിന് അറുതി വരുത്തും. എന്നാല്‍, വ്യവസായ ആവശ്യത്തിന് ആവശ്യമായ ഭൂമി ലഭ്യമാക്കും.'' നേരത്തെ പാര്‍ടിരേഖകളില്‍ ചൂണ്ടിക്കാണിച്ചതുപോലെ മിച്ചഭൂമി പിടിച്ചെടുത്ത് വിതരണംചെയ്യുന്നതിലുള്ള ദൌര്‍ബല്യം പരിഹരിക്കുക എന്നതാണ് ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ ചെയ്യാന്‍ പറ്റുന്ന പ്രായോഗികമായ സമീപനം. പാര്‍ടിരേഖകളും ഈ കാര്യംതന്നെയാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ആ രേഖയിലെ കാര്യങ്ങള്‍ ചെയ്യുമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. അല്ലാതെ പാര്‍ടിനയങ്ങളില്‍നിന്ന് വിരുദ്ധമായ ഒന്നല്ല പ്രമേയത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ജനകീയ ജനാധിപത്യമുന്നണി എന്നത് ഉറച്ച തൊഴിലാളി-കര്‍ഷക സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ എല്ലാ അസ്സല്‍ ഫ്യൂഡല്‍ വിരുദ്ധ-കുത്തകവിരുദ്ധ-സാമ്രാജ്യത്വവിരുദ്ധ ശക്തികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ളതാണ്. അതുകൊണ്ട് തൊഴിലാളികളുടെയും കര്‍ഷകരുടെയും ഐക്യം എന്നത് മര്‍മപ്രധാനമായാണ് പാര്‍ടി കാണുന്നത്. രണ്ടാം ഭൂപരിഷ്കരണം എന്ന പേരില്‍ ഇപ്പോള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ആളുകള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഫലത്തില്‍ തൊഴിലാളികളെയും കര്‍ഷക-കര്‍ഷകത്തൊഴിലാളികളെയും ഭിന്നിപ്പിക്കുന്നതിലേക്കായിരിക്കും നയിക്കുക. ഭൂമിയില്‍ നേരിട്ട് കൃഷിചെയ്യാതെ മറ്റ് തൊഴിലുകള്‍ചെയ്യുന്ന ഘട്ടത്തില്‍ അവരുടെ കൈവശമുള്ള ഭൂമി പിടിച്ചെടുത്ത് വിതരണംചെയ്യുക എന്നത് കേരളത്തില്‍ വമ്പിച്ച സാമൂഹ്യ സംഘര്‍ഷത്തിലേക്കായിരിക്കും നയിക്കുക. ഇത് തൊഴിലാളി-കര്‍ഷക ഐക്യമെന്ന പാര്‍ടി കാഴ്ചപ്പാടിനെ തുരങ്കം വയ്ക്കുന്ന നടപടിയായിത്തീരും. മാത്രമല്ല, അത് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ഇടയാക്കുകയുംചെയ്യും. ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ആകെ ജീവിതത്തെ ദുസ്സഹമാക്കുകയാണ്. ഈ നയത്തിനെതിരായി ശക്തമായ പ്രക്ഷോഭമാണ് തൊഴിലാളികളും കര്‍ഷകരും നടത്തുന്നത്. ഈ ഐക്യനിരയെ ശിഥിലീകരിക്കാനും സാമ്രാജ്യത്വ വിരുദ്ധ സമരത്തെ ദുര്‍ബലപ്പെടുത്താനുംമാത്രമേ രണ്ടാം ഭൂപരിഷ്കരണമെന്ന ഇടതു തീവ്രവാദ സംഘടനകളുടെ നിലപാട് സഹായിക്കുകയുള്ളൂ. അതുകൊണ്ട് ഈ സമീപനത്തെ ഒരു കാരണവശാലും പാര്‍ടിക്ക് അംഗീകരിക്കാനാവില്ല.
3
ജനകീയ ബദലിനായി പോരാടുക
സര്‍ക്കാരും പാര്‍ടിയും
പിണറായി വിജയന്‍
പാര്‍ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ ആഗോളവല്‍ക്കരണകാലത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഏതു തരത്തില്‍ ഇടപെടണം എന്നതു സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ പാര്‍ടിക്കകത്ത് നടന്നിട്ടുണ്ട്. 18-ാം പാര്‍ടി കോഗ്രസിന്റെ രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടിന്റെ ഭാഗമെന്ന നിലയില്‍ 'ചില നയപ്രശ്നങ്ങള്‍' എന്ന രേഖ ഇതിന്റെ ഭാഗമായി അംഗീകരിച്ചു. മൂന്ന് പ്രധാന മേഖലയിലെ പാര്‍ടിനയം ഇതില്‍ വ്യക്തമാക്കുന്നു. വിദേശ ഏജന്‍സികളില്‍നിന്നും ബഹുരാഷ്ട്ര ഏജന്‍സികളില്‍നിന്നും വായ്പകളും ഗ്രാന്റുകളുമെടുക്കല്‍, പൊതുമേഖലയോടുള്ള സമീപനം, ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളിലെ വിദേശ പ്രത്യക്ഷ നിക്ഷേപം തുടങ്ങിയ കാര്യങ്ങളില്‍ ഈ രേഖ വ്യക്തത വരുത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ഇടപെട്ട കാര്യം 19-ാം പാര്‍ടി കോഗ്രസ് അംഗീകരിച്ച രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 'ഇടതു നേതൃത്വത്തിലുള്ള ഗവമെന്റുകള്‍ അവയുടെ അനുഭവങ്ങളും ഇന്നത്തെ പരിതഃസ്ഥിതിയില്‍ അവയുടെ പങ്കും' എന്ന രേഖയില്‍ കേരളത്തില്‍ ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് ഇടപെട്ടതിന്റെ അനുഭവം ഇങ്ങനെ വ്യക്തമാക്കുന്നു: "വിദേശ പ്രത്യക്ഷ നിക്ഷേപം ഉള്‍പ്പെട്ട "സ്മാര്‍ട്ട് സിറ്റി'' പദ്ധതിയുടെ കാര്യത്തിലാണെങ്കില്‍, മുമ്പത്തെ യുഡിഎഫ് ഗവമെന്റ് ഒപ്പുവച്ച കരാറിലെ വ്യവസ്ഥകളേക്കാള്‍ കൂടുതല്‍ അനുകൂലമായ കരാര്‍ വ്യവസ്ഥകള്‍ ആവിഷ്കരിക്കാന്‍ എല്‍ഡിഎഫ് ഗവമെന്റിന് കഴിഞ്ഞിരിക്കുന്നു. സംസ്ഥാന സെക്രട്ടറിയറ്റില്‍ വ്യവസ്ഥകളെപ്പറ്റി നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണിത്. ചില കാര്യങ്ങളില്‍ പിബിയും തങ്ങളുടെ അഭിപ്രായം പറയുകയുണ്ടായി. ലോകബാങ്കിന്റെ ഒരു വായ്പ എടുക്കുന്ന കാര്യത്തെ സംബന്ധിച്ചാണെങ്കില്‍ സെക്രട്ടറിയറ്റ്, ആ വിഷയം പിബിക്ക് വിട്ടു. നയരേഖയില്‍ പ്രസ്താവിച്ചിട്ടുള്ള വിധത്തില്‍ ആക്ഷേപകരമായ വ്യവസ്ഥകളൊന്നുമില്ലെങ്കില്‍, വായ്പ എടുക്കാവുന്നതാണ് എന്ന അഭിപ്രായം പിബി പ്രകടിപ്പിച്ചു.'' സംസ്ഥാനസര്‍ക്കാര്‍ ഒരു വിദേശനിക്ഷേപവും സ്വീകരിക്കാന്‍ പാടില്ല എന്ന ഇടതു തീവ്രവാദനിലപാട് പാര്‍ടി സ്വീകരിച്ചില്ല. വര്‍ത്തമാനകാല സാഹചര്യത്തില്‍ വിദേശനിക്ഷേപം സ്വീകരിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമായ കാര്യങ്ങളില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ് പ്രധാനമെന്ന് പാര്‍ടി കണ്ടു. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കാര്യത്തില്‍ വലതുപക്ഷ നിലപാടുകളില്‍ നിന്നുകൊണ്ട് യുഡിഎഫ് മുന്നോട്ടുവച്ച വ്യവസ്ഥകളോട് പാര്‍ടി യോജിച്ചില്ല. എന്നാല്‍, ഇത്തരം പദ്ധതികള്‍തന്നെ ആവശ്യമില്ലെന്ന ഇടതു തീവ്രവാദപരമായ സമീപനം തള്ളിക്കളയുകയുംചെയ്തു. ഈ ആശയവ്യക്തതയുടെ അടിസ്ഥാനത്തില്‍ പാര്‍ടി ഇടപെട്ടതിന്റെ ഭാഗമായി രണ്ട് നേട്ടങ്ങള്‍ സംസ്ഥാനത്തുണ്ടായി. ഒന്നാമതായി, സ്മാര്‍ട്ട്സിറ്റി നമുക്ക് നഷ്ടപ്പെടാതെ നിന്നു. രണ്ടാമതായി, സംസ്ഥാനത്തിന് ദോഷകരമായി നില്‍ക്കുന്ന വ്യവസ്ഥകള്‍ പരിഹരിക്കാനും കഴിഞ്ഞു. ഇന്‍ഫോ പാര്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതാവുകയും തൊഴിലവസരം വര്‍ധിപ്പിക്കാനും സര്‍ക്കാരിന്റെ ഓഹരിപങ്കാളിത്തവും ഭരണത്തിലുള്ള സ്വാധീനവും ഇതുമൂലം വര്‍ധിപ്പിക്കാനും കഴിഞ്ഞു. പാര്‍ടി മുന്നോട്ടുവച്ച ഇത്തരം നയസമീപനങ്ങളെ പലപ്പോഴും കേരളത്തിലെ ഇടതു തീവ്രവാദ നിലപാട് സ്വീകരിക്കുന്ന പലരും എതിര്‍ക്കുന്ന നിലയുമുണ്ടായി. ഇത്തരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുന്നത് തടയേണ്ടതിന്റെ ആവശ്യകത പാര്‍ടി കോഗ്രസ് അംഗീകരിച്ച ഈ രേഖയില്‍ത്തന്നെ പറയുന്നുണ്ട്: "സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഗവമെന്റുകള്‍ വഹിക്കുന്ന പങ്കും അവയ്ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രയാസങ്ങളും പാര്‍ടി മുഴുവനും അറിഞ്ഞിരിക്കണം. അക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ ഊതിപ്പെരുപ്പിച്ച പ്രതീക്ഷകളിലേക്കായിരിക്കും അത് നയിക്കുക. മൂന്ന് സംസ്ഥാനങ്ങള്‍ മുന്‍പന്തിയിലുള്ള കാവല്‍മാടങ്ങളാണ്. മറ്റ് സ്ഥലങ്ങളില്‍ പാര്‍ടിക്കും ഇടതുപക്ഷത്തിനും മുന്നേറാനോ, ഇടതുപക്ഷ-ജനാധിപത്യമുന്നണി കെട്ടിപ്പടുക്കാനോ കഴിഞ്ഞിട്ടില്ല. ഇത്തരമൊരു പരിതഃസ്ഥിതിയില്‍ ഇടതുപക്ഷനേതൃത്വത്തിലുള്ള ഗവമെന്റുകള്‍ക്ക് ഏതെങ്കിലും മൌലികമായ മാറ്റങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നത് അയഥാര്‍ഥമാണ്.'' ഇത്തരത്തില്‍ സര്‍ക്കാരിന് ചെയ്യാന്‍പറ്റുന്നതും ചെയ്യാന്‍പറ്റാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച് വ്യക്തത ഉണ്ടാവുക എന്നത് ഏറെ പ്രധാനമാണെന്ന് കാണണം. പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗീകരിച്ച രേഖയുടെ പ്രാധാന്യം ഈ പശ്ചാത്തലത്തില്‍ക്കൂടി കാണേണ്ടതുണ്ട്. നമുക്ക് ചെയ്യാന്‍ കഴിയാവുന്ന കാര്യങ്ങളേക്കാള്‍ ഉപരിയായ പ്രതീക്ഷകള്‍ രൂപീകരിച്ചെടുക്കുന്നത് പിന്നീടുള്ള മുന്നോട്ടുപോക്കിന് തടസ്സമായിത്തീരുമെന്ന് നാം അറിയേണ്ടതുണ്ട്. അഖിലേന്ത്യാതലത്തില്‍ നാം ഉയര്‍ത്തിക്കൊണ്ടുവരുന്ന നയസമീപനങ്ങള്‍പോലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടപ്പാക്കാന്‍ കഴിയില്ലെന്ന കാര്യം കൂടി ഈ രേഖ വ്യക്തമാക്കുന്നുണ്ട്. രേഖയില്‍ ഇങ്ങനെ പറയുന്നു: "അഖിലേന്ത്യാതലത്തില്‍ നമ്മുടെ പാര്‍ടി ബദല്‍നയങ്ങള്‍ മുന്നോട്ടുവയ്ക്കുകയും അവയുടെ മേഖലയില്‍ ജനങ്ങളെ അണിനിരത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍തന്നെ, നമ്മുടെ ഗവമെന്റുകള്‍ ഉള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഈ ബദല്‍നയങ്ങളെല്ലാം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് അതില്‍നിന്ന് സിദ്ധിക്കുന്നില്ല.'' ഇത്തരത്തില്‍ ബദല്‍ ഉയര്‍ത്തുന്നതിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പരിമിതി ഊന്നിപ്പറഞ്ഞുകൊണ്ടുതന്നെയാണ് ഇത്തരം ഒരു ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതിന് പാര്‍ടി പ്രയത്നിക്കുന്നത് എന്നര്‍ഥം. പ്രത്യേക സാമ്പത്തികമേഖലയെ സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളെ സമീപിക്കുമ്പോള്‍ നേരത്തെ സൂചിപ്പിച്ച ധാരണകള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. സെസിനെ സംബന്ധിച്ചുള്ള പാര്‍ടിധാരണ ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് രൂപപ്പെടുന്നത്. ആ വിഷയം ദീര്‍ഘമായിത്തന്നെ രേഖയില്‍ പ്രതിപാദിക്കുന്നുണ്ട്: "ഈ അടുത്തകാലത്ത് പ്രത്യേക സാമ്പത്തികമേഖലകള്‍ ആരംഭിക്കാന്‍ യുപിഎ ഗവമെന്റ് കാണിച്ച ധൃതി, വിവാദത്തിനിടയാക്കി; വ്യാപകമായ എതിര്‍പ്പ് വിളിച്ചുവരുത്തി. ഇക്കാര്യത്തില്‍ നമ്മുടെ പാര്‍ടിക്കുള്ള നിലപാട്, യുപിഎ-ഇടത് സംയോജന സമിതിക്കു സമര്‍പ്പിച്ച കുറിപ്പിലും പത്തൊമ്പതാം പാര്‍ടി കോഗ്രസിന്റെ രാഷ്ട്രീയപ്രമേയത്തിലും വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. പ്രത്യേക സാമ്പത്തികമേഖലകളെ (സെസ്) സംബന്ധിച്ച സങ്കല്‍പ്പനവും ചട്ടങ്ങളും മാറ്റിക്കുന്നതിനുവേണ്ടിയുള്ള സമരത്തിലാണ് നാം. ഇതുവരെ ചില നിസ്സാര മാറ്റങ്ങള്‍ അംഗീകരിക്കാന്‍മാത്രമേ യുപിഎ ഗവമെന്റ് സന്നദ്ധമായിട്ടുള്ളൂ. ഇതിനകം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു നയമാണിത്; ഇതിനകം അനുവദിക്കപ്പെട്ട പ്രത്യേക സാമ്പത്തികമേഖലകളില്‍ ബഹുഭൂരിഭാഗവും അഞ്ച് സംസ്ഥാനങ്ങളിലാണ് ഉള്ളത്. എന്നാല്‍, പ്രത്യേക സാമ്പത്തിക മേഖലാനിയമത്തെയും ചട്ടങ്ങളെയും എതിര്‍ക്കുന്ന അവസരത്തില്‍ത്തന്നെ, ഇടതുപക്ഷനേതൃത്വത്തിലുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേക സാമ്പത്തികമേഖലകള്‍ വേണ്ട എന്ന നിലപാടെടുക്കാനും കഴിയില്ല. പശ്ചിമബംഗാളില്‍ ഇത്തരം ചില മേഖലകള്‍ ഇതിനകംതന്നെ അനുവദിച്ചുകഴിഞ്ഞിട്ടുണ്ട്. സ്മാര്‍ട്ട്സിറ്റി പദ്ധതിക്കും പ്രത്യേക സാമ്പത്തികമേഖലയുടെ പദവി ഉണ്ടായിരിക്കും. ഇത്തരം മേഖലകള്‍ക്കു നല്‍കുന്ന ഭൂമിയുടെ വിസ്തൃതിക്ക് പരിധി നിശ്ചയിക്കാനും റിയല്‍ എസ്റേറ്റ് ആവശ്യങ്ങള്‍ക്കും ഊഹക്കച്ചവടത്തിനും ഭൂമി ഉപയോഗിക്കാന്‍ കഴിയാത്തവിധം ഭൂമി ഉപയോഗത്തിന്റെ കാര്യത്തില്‍ വ്യവസ്ഥയുണ്ടാക്കാനും നമുക്ക് കഴിയും. എന്നാല്‍, നികുതിസൌജന്യങ്ങളും മറ്റും കേന്ദ്രത്തിന്റെ അധികാര പരിധിയില്‍പെട്ടതാണ്. ഇത്തരം നികുതിസൌജന്യങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയാണ് ഐടി കമ്പനികളും മറ്റും പ്രത്യേക സാമ്പത്തികമേഖലകള്‍ സ്ഥാപിക്കുന്നത്. അഖിലേന്ത്യാതലത്തില്‍ മൌലികമായ മാറ്റങ്ങള്‍ വരുത്തുന്നതുവരെ, ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തികമേഖലകളെ നിരോധിക്കാന്‍ കഴിയില്ല.'' വര്‍ത്തമാനകാലത്ത് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നയത്തിനകത്ത് നിന്നുകൊണ്ട് സെസ് സംസ്ഥാനത്തിന് ഉപേക്ഷിക്കാന്‍ പറ്റില്ലെന്നാണ് ഇതിനര്‍ഥം. നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന, പാര്‍ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉള്ള ഈ പരിമിതിയെ ഉള്‍ക്കൊണ്ടുകൊണ്ടുവേണം ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നാം കാണേണ്ടത്. പാര്‍ടി മുന്നോട്ടുവയ്ക്കുന്ന എല്ലാ നയവും ഈ വ്യവസ്ഥയ്ക്കകത്തുനിന്നുകൊണ്ട് പരിഹരിക്കാന്‍ പറ്റുമെങ്കില്‍ വിപ്ളവത്തിന്റെ ആവശ്യകത തന്നെ ഇല്ലെന്നുള്ള തരത്തിലായിരിക്കും നാം എത്തിച്ചേരുക. പാര്‍ലമെന്ററി സംവിധാനത്തിലൂടെ സംസ്ഥാനത്ത് അധികാരത്തില്‍ വരുമ്പോള്‍, വരുന്ന ഈ പരിമിതി ഉള്‍ക്കൊള്ളുക എന്നത് മര്‍മപ്രധാനമായ കാര്യമാണ്. ഇതു മനസിലാക്കിയില്ലെങ്കില്‍ ഇടതുപക്ഷ തീവ്രവാദ നിലപാട് സ്വീകരിക്കുന്ന സംഘങ്ങളുടെ മുദ്രാവാക്യങ്ങളില്‍ കുടുങ്ങിപ്പോകാനുള്ള സാധ്യതയുണ്ടാകും. നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്കകത്തുനിന്നുകൊണ്ട് പാര്‍ടിയുടെ ആശയങ്ങളെല്ലാം നടപ്പാക്കിക്കളയാം എന്നു കരുതുന്നത് വലതുപക്ഷ വ്യതിയാനമാണ്. ഇത്തരം മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സംഘടനകള്‍ ഫലത്തില്‍ ഈ കാഴ്ചപ്പാടുമായി സൈദ്ധാന്തികമായി സന്ധിചെയ്യപ്പെടുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ക്കൂടി വേണം പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗീകരിച്ച നയരേഖയെ സമീപിക്കാന്‍. പാര്‍ടിയിലെ ഐക്യത്തിന്റെ കാഹളം വിളിച്ചോതിയ കോട്ടയം സമ്മേളനത്തില്‍ അംഗീകരിച്ച "ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരും ഐശ്യര്വ സമ്പൂര്‍ണമായ കേരളവും: സംസ്ഥാന സമ്മേളനം കേരള ജനതയ്ക്ക് നല്‍കുന്ന ഉറപ്പ്'' എന്ന പ്രമേയം ഈ കാഴ്ചപ്പാടോടുകൂടിയായിരുന്നു അവതരിപ്പിച്ചത്. അമ്പതുവര്‍ഷം മുമ്പ് പ്രഥമ കമ്യൂണിസ്റ് സര്‍ക്കാര്‍ എങ്ങനെ ഈ സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഒരു പുതിയ ദിശാബോധം നല്‍കിയോ അതുപോലൊരു നാഴികക്കല്ലാവണം ഈ സര്‍ക്കാരുമെന്നാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ അന്തര്‍ദേശീയ പശ്ചാത്തലത്തില്‍ ഇത് അതീവസങ്കീര്‍ണമായ കടമയാണ്. ഈ ഭാരിച്ച രാഷ്ട്രീയ ഉത്തരവാദിത്തമാണ് സംസ്ഥാനകമ്മിറ്റി അംഗീകരിച്ച രേഖയിലൂടെ നിര്‍വഹിച്ചിട്ടുള്ളത് എന്നും കാണാനാവണം. ഈ ബദല്‍ പ്രായോഗികമാക്കാനുള്ള രാഷ്ട്രീയമായ നേതൃത്വമായി പാര്‍ടി പ്രവര്‍ത്തിക്കേണ്ടതുണ്ട്. കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ്. അതുകൊണ്ട് ഈ കാഴ്ചപ്പാടുകള്‍ മുന്നണിസംവിധാനത്തില്‍ ചര്‍ച്ചചെയ്ത് ഏകീകൃതധാരണയുണ്ടാക്കി മുന്നോട്ടുപോകേണ്ടതുമുണ്ട്. നമ്മുടെ സര്‍ക്കാരിന്റെ സാധ്യതയും പരിമിതിയും ജനങ്ങളെ ബോധ്യപ്പെടുത്തി ഇടക്കാല മുദ്രാവാക്യങ്ങള്‍ ശാസ്ത്രീയമായി രൂപപ്പെടുത്തുക എന്നത് ഏറെ പ്രധാനമാണ്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പോരാടുന്ന ഘട്ടത്തില്‍ത്തന്നെ, കേരള വികസനത്തിനായി ജനകീയ ബദല്‍ ഉയര്‍ത്താനുമുള്ള പാര്‍ടിയുടെ പരിശ്രമങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.
(അവസാനിച്ചു)

2 comments:

ജനശക്തി ന്യൂസ്‌ said...

സര്‍ക്കാരും പാര്‍ടിയും
പിണറായി വിജയന്‍

‍ലോ കത്തിലെ ഒരു കമ്യൂണിസ്റ് പാര്‍ടിയും അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്ത സവിശേഷ സാഹചര്യങ്ങള്‍ കേരളത്തിലെ പാര്‍ടിക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. അതില്‍ സുപ്രധാനമായ ഒന്നാണ് 1957ല്‍ നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം. ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ് പാര്‍ടി അധികാരത്തില്‍ വന്നു എന്നതു മാത്രമല്ല, ഒരു സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന പുതിയ പരിതഃസ്ഥിതിയും ഇതിനോടൊപ്പം സംജാതമായി. ഇത്തരത്തില്‍ അധികാരം ലഭിച്ചാല്‍ ഏതു തരത്തിലുള്ള പരിപാടിയാണ് മുന്നോട്ടുവയ്ക്കേണ്ടത് എന്നതിന് മുന്‍കാല മാതൃക ഇല്ലായിരുന്നു. ഈ ഘട്ടത്തില്‍ പാര്‍ടി എടുത്ത സമീപനമെന്തെന്ന് ഇ എം എസ് മുഖ്യമന്ത്രിയായശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ത്തന്നെ ഇങ്ങനെ വ്യക്തമാക്കപ്പെട്ടു: "ഞാന്‍ രൂപീകരിക്കാന്‍ പോകുന്ന സര്‍ക്കാര്‍ കമ്യൂണിസ്റ് പാര്‍ടിയുടെ തെരഞ്ഞെടുപ്പു വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള അടിയന്തര പരിപാടി നടപ്പില്‍ വരുത്തുന്ന ഒരു ഗവമെന്റായിരിക്കും. അല്ലാതെ, ഒരു കമ്യൂണിസ്റ് സമുദായം കെട്ടിപ്പടുക്കുന്ന ഗവമെന്റായിരിക്കുകയില്ല. ഞാന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസം സ്ഥാപിക്കുന്നതിനാണ്. എന്നാല്‍, ഈ ഗവമെന്റ് അത്തരത്തിലുള്ള ഒരു സമുദായം സ്ഥാപിക്കാന്‍ ശ്രമിക്കുകയില്ല.'' ഇത് കാണിക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ ലഭിക്കുന്ന അധികാരം ഏതു തരത്തിലാണ് ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ച ആശയ വ്യക്തതയാണ്. പാര്‍ലമെന്റിലൂടെ എല്ലാം സ്ഥാപിച്ചുകളയാമെന്ന വലതുപക്ഷ വ്യാമോഹത്തില്‍നിന്ന് ഒന്നുംചെയ്യാന്‍ കഴിയുകയില്ലെന്ന ഇടതു തീവ്രവാദപരമായ നയസമീപനങ്ങളില്‍നിന്നു വ്യത്യസ്തമായി, അന്നത്തെ സാഹചര്യത്തില്‍ ചെയ്യാന്‍ കഴിയുന്നതിനെ സംബന്ധിച്ച ശരിയായ ധാരണയാണ് ഇതിലൂടെ അവതരിപ്പിക്കപ്പെട്ടത്. ആശയപരമായി ആ മന്ത്രിസഭയ്ക്കുണ്ടായിരുന്ന വ്യക്തത പില്‍ക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി. ആ സര്‍ക്കാര്‍ കേരളത്തിലെ വികസനത്തിനുവേണ്ടി നടത്തിയ കുതിപ്പുകള്‍ ഇന്ന് ഏവരും അംഗീകരിക്കപ്പെടുന്ന സ്ഥിതി സംജാതമായിട്ടുണ്ട്. അന്നത്തെ ബജറ്റിലും ഇത്തരമൊരു കാഴ്ചപ്പാടിന്റെ പ്രതിഫലനം തെളിഞ്ഞുകാണാവുന്നതാണ്: "സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കാന്‍ പോകുന്ന വ്യവസായനയം തൊഴിലാളികള്‍ക്ക് ന്യായമായ കൂലിയും നിയമപരമായ അവകാശങ്ങളും ഉറപ്പുവരുത്തുന്ന സ്വകാര്യവ്യവസായികള്‍ക്ക് ന്യായമായ ലാഭത്തോടെ വ്യവസായം ആരംഭിക്കുന്നതിനുള്ള സൌകര്യങ്ങള്‍ ഉറപ്പുനല്‍കുന്നതായിരിക്കും. എന്നു മാത്രമല്ല, ആവശ്യമാണെങ്കില്‍ സ്വകാര്യ വ്യവസായ സംരംഭകരെ സഹായിക്കാന്‍ അവര്‍ ആരംഭിക്കുന്ന വ്യവസായങ്ങളില്‍ സര്‍ക്കാര്‍ ഓഹരി എടുക്കാനും തയ്യാറാണ്. ഇതിനാവശ്യമായ വകയിരുത്തല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.'' (ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം, 1957-58, പേജ് 10) ഇതെല്ലാം കാണിക്കുന്നത്, സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍, കമ്യൂണിസ്റ് പാര്‍ടി വിഭാവനംചെയ്യുന്ന ഒരു സമൂഹം സൃഷ്ടിക്കാന്‍ സാധ്യമല്ലെന്നും മറിച്ച് ആ വ്യവസ്ഥയുടെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ജനങ്ങള്‍ക്കുവേണ്ടിയുള്ള ഇടപെടല്‍ നടത്താനാണ് സാധിക്കുക എന്നുമാണ്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ 1964ല്‍ തയ്യാറാക്കപ്പെട്ട പാര്‍ടി പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാട് വിശദീകരിച്ചു. അതില്‍ സംസ്ഥാനസര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്ന കാര്യത്തെ സംബന്ധിച്ച് ഇങ്ങനെ പ്രസ്താവിച്ചു: "അത്തരം ഗവമെന്റുകളുടെ രൂപീകരണം അധ്വാനിക്കുന്ന ജനങ്ങളുടെ വിപ്ളവപ്രസ്ഥാനത്തിന് ഉത്തേജനം നല്‍കുകയും അതുവഴി ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുക എന്ന പ്രക്രിയയെ സഹായിക്കുകയുംചെയ്യും

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You