Monday, March 31, 2008

അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദം: പിണറായി

അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദം: പിണറായി


തിരു: അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദത്തിന് കവിതയില്‍ മുഴക്കം നല്‍കിയ കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കടമ്മനിട്ട എന്നും ഇടതുപക്ഷത്തോടൊപ്പംനിന്നു. രാഷ്ട്രീയരംഗത്ത് സജീവമായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒരുപോലെ അദ്ദേഹം വിപ്ളവാദര്‍ശങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചു. അതൊക്കെ അദ്ദേഹത്തിന്റെ കവിതകളില്‍ പ്രതിഫലിക്കുകയുംചെയ്തു. കുറത്തി, കാട്ടാളന്‍, കിരാതവൃത്തം തുടങ്ങിയ കവിതയിലൂടെ രാഷ്ട്രീയവും സാമൂഹ്യവുമായ ജീര്‍ണതയ്ക്കും സ്വാതന്ത്യ്രനിഷേധത്തിനുമെതിരെ കടമ്മനിട്ട വിപ്ളവകാരിയായി ആഞ്ഞടിച്ചു. ആ കവിതാരീതി മലയാളിയുടെ മനസ്സിനെ പൊള്ളിക്കുന്ന രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. സമൂഹത്തിന്റെ അഭിപ്രായഗതി മാറ്റിമറിക്കുന്നതില്‍ കവിതയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് സ്വന്തം കാവ്യജീവിതംകൊണ്ട് തെളിയിച്ച കവിയാണ് കടമ്മനിട്ട. അദ്ദേഹത്തിന്റെ നിര്യാണം പുരോഗമന രാഷ്ട്രീയപ്രസ്ഥാനത്തിനു പൊതുവിലും പുരോഗമന സാഹിത്യപ്രസ്ഥാനത്തിനു വിശേഷിച്ചും അപരിഹാര്യമായ നഷ്ടമാണ്. നിയമസഭാംഗമെന്ന നിലയിലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നായകനെന്ന നിലയിലും കടമ്മനിട്ട രാമകൃഷ്ണന്‍ നല്‍കിയ സംഭാവന വളരെ ശ്രദ്ധേയമാണ്. പുരോഗമന കല-സാഹിത്യപ്രസ്ഥാനത്തിന്റെ പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം പ്രസ്ഥാനത്തെ കൂടുതല്‍ ഉയര്‍ന്ന തലത്തില്‍ എത്തിച്ചെന്നും പിണറായി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പിണറായി അനുശോചനം അറിയിച്ചു. മലയാള കാവ്യഭാവനയില്‍ അടിയാളന്റെ ഹൃദയവികാരങ്ങളുടെ ശക്തിയും സൌന്ദര്യവും സന്നിവേശിപ്പിച്ച കരുത്തിന്റെ കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണനെന്ന് എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കവിയും മുന്‍ എംഎല്‍എയുമായ കടമ്മനിട്ട രാമകൃഷ്ണന്റെ നിര്യാണത്തില്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി. ആധുനിക മലയാള കവിതയെ ജനകീയ വല്‍ക്കരിച്ച കവിയായിരുന്നു കടമ്മനിട്ടയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. മലയാളകവിതയില്‍ ആധുനികതയെ ശക്തമായി മുന്നോട്ടുകൊണ്ടുപോയ കവി കടമ്മനിട്ട രാമകൃഷ്ണന്റെ നിര്യാണത്തില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി അനുശോചിച്ചു. കവി കടമ്മനിട്ട രാമകൃഷ്ണന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കടമ്മനിട്ട രാമകൃഷ്ണന്റെ നിര്യാണത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ ചന്ദ്രന്‍ അനുശോചിച്ചു. നിസ്വവര്‍ഗത്തിന്റെ വേദനകളെ സ്വന്തം വേദനകളായി നെഞ്ചേറ്റുവാങ്ങിയ അപൂര്‍വം കവികളിലൊരാളായിരുന്നു കടമ്മനിട്ടയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ഫിഷറീസ് മന്ത്രി എസ് ശര്‍മ, സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം ഇ ബാലാനന്ദന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കോഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള, ബിജെപി സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസ് എന്നിവരും അനുശോചിച്ചു.

No comments: