Wednesday, March 26, 2008

അണഞ്ഞു; അരങ്ങിലെ ജ്വാല

അണഞ്ഞു; അരങ്ങിലെ ജ്വാല.


കലയെ സാമൂഹികപരിഷ്കരണത്തിനുള്ള ഉപാധിയാക്കി മാറ്റിയ പോരാളിയും ആറു പതിറ്റാണ്ടോളം മലയാളനാടകവേദിയുടെ നിറസാന്നിധ്യവുമായിരുന്ന നാടകാചാര്യന്‍ കെ.ടി. മുഹമ്മദ് (79) അന്തരിച്ചു ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പാവങ്ങാട്ടെ വീട്ടില്‍നിന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടിലേക്ക് മാറ്റിയ മൃതദേഹം ബുധനാഴ്ച രാവിലെ 11-ന് കോഴിക്കോട് ടൌഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഉച്ചക്ക് മൂന്നിന് പുതിയങ്ങാടി കോയാറോഡ് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കും. അരങ്ങില്‍ ആര്‍ജവത്തിന്റെ അഗ്നി പടര്‍ത്തിയ കെ ടി അര നൂറ്റാണ്ടിലേറെ നീണ്ട കലാസപര്യയിലൂടെ സാംസ്കാരിക കേരളത്തിന് അമൂല്യസംഭാവന നല്‍കിയാണ് വിടവാങ്ങിയത്. നിലനിന്ന സാമൂഹ്യവ്യവസ്ഥയെ എതിര്‍ത്ത് നാടകമെഴുതിയ കെ ടിക്കെതിരെ യാഥാസ്ഥിതികസമൂഹം വെല്ലുവിളികളുയര്‍ത്തി. കല്ലേറും മതമൌലികവാദികളുടെ ആക്രോശങ്ങളും വകവെക്കാതെ ഇത് ഭൂമിയാണെന്ന് വിളിച്ചു പറഞ്ഞ് അരങ്ങിന്റെ അനന്തസാധ്യതകള്‍ സാമൂഹ്യപരിഷ്കരണത്തിനായി പ്രയോജനപ്പെടുത്തുകയായിരുന്നു കെ ടി. സ്വന്തം സമുദായത്തിനകത്ത് നിന്നു പോലും കടുത്ത വെല്ലുവിളികള്‍ ഉണ്ടായിട്ടും നാടകപ്രവര്‍ത്തനത്തിലൂടെ സാമൂഹ്യപ്രവര്‍ത്തനമെന്ന തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്നും അദ്ദേഹം പിറകോട്ടുപോയില്ല. കുടുംബത്തിലെ കഷ്ടപ്പാടുകളും സാധാരണ മനുഷ്യരുടെ ദുരിതജീവിതവുമാണ് പച്ചയായ മനുഷ്യരുടെ കഥകള്‍ സൃഷ്ടിക്കാന്‍ കെ ടിയെ പ്രേരിപ്പിച്ചത്. കണ്ണീരുപ്പു കലര്‍ന്ന തങ്ങളുടെ ജീവിതകഥയുമായെത്തിയ നാടകകാരനെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനത കൈനീട്ടി വാങ്ങുകയായിരുന്നു. കോഴിക്കോട് ജില്ലയുടെ നാടകത്തോടുള്ള അഭിനിവേശം മലപ്പുറത്തുകാരനായ കെ ടിയെ വളരെ പെട്ടെന്നുതന്നെ കോഴിക്കോടിന്റെ ദത്തുപുത്രനാക്കി. 1953ല്‍ അരങ്ങിലെത്തിയ കെ ടിയുടെ 'ഇതു ഭൂമിയാണ്' എന്ന നാടകം കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ മുന്നേറ്റം തന്നെ സൃഷ്ടിച്ചു. മുസ്ളിം സമുദായത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായ ഈ നാടകം കേരളം ഏറ്റുവാങ്ങുകയായിരുന്നു. തുടര്‍ന്നിങ്ങോളം സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടമായിരുന്നു കെ ടിക്ക് നാടകപ്രവര്‍ത്തനം. 1929 നവംബറില്‍ മഞ്ചേരിയില്‍ ജനിച്ച കെ ടി തന്റെ നാടകങ്ങളിലൂടെയും പുരോഗമന കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെയും ജീവിതാന്ത്യം വരെയും കേരളമാകെയും നിറഞ്ഞുനിന്നു. ആരോഗ്യം അനുവദിക്കാതിരുന്നിട്ടും അവസാനകാലം വരെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. കുടുംബത്തിലെ സാമ്പത്തിക പ്രയാസം കാരണം എട്ടാം ക്ളാസ് വരെയേ പഠിക്കാനായുള്ളുവെങ്കിലും കേരളം നെഞ്ചേറ്റിയ 59-ഓളം നാടകങ്ങള്‍ ഇദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നു. നിരവധി ചെറുകഥകളും നോവലുകളും നാടകഗാനങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. ചലച്ചിത്രമാക്കപ്പെട്ട തന്റെ നാടകങ്ങള്‍ക്കും മറ്റ് ചലച്ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതി. 'സൃഷ്ടി' എന്ന സിനിമയുടെ സംവിധാനവും നിര്‍വഹിച്ചു. നാടകങ്ങള്‍ക്ക് പുറമെ ചില സിനിമകളിലും അഭിനേതാവായി. സൃഷ്ടി, സ്ഥിതി, സംഹാരം, സാക്ഷാത്കാരം, സമന്വയം, സനാതനം, സന്നാഹം, നാല്‍ക്കവല, കൈനാട്ടികള്‍, ദീപസ്തംഭം മഹാശ്ചര്യം, കുചേലവൃത്തം, അസ്തിവാരം, വേഷം പ്രഛന്നം, വെള്ളപ്പൊക്കം തുടങ്ങിയവയാണ് കെ ടിയുടെ പ്രശസ്ത നാടകങ്ങള്‍. കേരള സംഗീത നാടക അക്കാദമി, കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പുകള്‍ക്കും നിരവധി അവാര്‍ഡുകള്‍ക്കും കെ ടി അര്‍ഹനായിട്ടുണ്ട്. കെ ടിയുടെ അഛനും ബാപ്പയും, തുറക്കാത്ത വാതില്‍ എന്നീ സിനിമകള്‍ ദേശീയോദ്ഗ്രഥനത്തിനുള്ള കേന്ദ്ര ചലച്ചിത്ര അവാര്‍ഡും നേടി. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍, സംഗീത നാടക അക്കാദമി എന്നിവയുടെ ചെയര്‍മാനായും സാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, ചിത്രകാര്‍ത്തിക വാരിക പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പ്രശസ്ത നടി സീനത്തിനെ വിവാഹം കഴിച്ചുവെങ്കിലും പിന്നീട് വേര്‍പിരിഞ്ഞു. ജിതിന്‍ ഇവരുടെ മകനാണ്. കദീജ, രക്തസാക്ഷി കുഞ്ഞാലിയുടെ ഭാര്യ സൈനബ, നബീസു, കദീസു, നാടകപ്രവര്‍ത്തകനായ കെ ടി സെയ്ത്, പ്രശസ്ത നാടകകൃത്ത് പരേതനായ പി എം താജിന്റെ ഉമ്മ ആസിയ, സൈന എന്നിവരാണ് സഹോദരങ്ങള്‍.

No comments: