Thursday, January 03, 2008

പുതുവത്സരം

പുതുവത്സരം
വി എസ് അച്യുതാനന്ദന്‍ .

തിന്മകള്‍ പോയി, നന്മകള്‍ വരട്ടെ എന്ന ആ ശംസയാണ് പുതുവത്സരപ്പിറവിയില്‍ പരക്കെ മുഴങ്ങുക. കര്‍ക്കടകം പോയി ചിങ്ങം പിറക്കുമ്പോള്‍ 'പൊട്ടി പുറത്ത്, ചീവോതി അകത്ത്' എന്ന് പഴമക്കാര്‍ പറയാറുണ്ട്. ചിങ്ങം ഒന്ന് മലയാളത്തില്‍ പുതുവത്സരപ്പിറവി ഔദ്യോഗികമായി കുറിക്കുന്നു. പുതിയ കായ്കനികളും ധാന്യങ്ങളും കണികണ്ടുണരുകയും അങ്ങനെ സമൃദ്ധി പ്രതീക്ഷിക്കുകയുംചെയ്യുന്ന വിഷു, മേടപ്പിറവിയും പണ്ട് പുതുവത്സരാഗമന ദിനമായി കണക്കാക്കിപ്പോന്നു. ജ്യോതിശാസ്ത്രപരമായി മേടവിഷുവിന് പുതുവത്സരദിനമെന്ന അംഗീകാരമുണ്ട്. എന്നാല്‍, സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ട പുതുവത്സരദിനം ജനുവരി ഒന്നാണ്. അതുകൊണ്ട് നമ്മളും പുതുവത്സരദിനമായി ജനുവരി ഒന്ന് ആഘോഷിക്കുന്നു. ആശംസാക്കാര്‍ഡുകളയച്ചും ഇപ്പോഴാണെങ്കില്‍ എസ്എംഎസ് സന്ദേശങ്ങള്‍ വഴിയും പരസ്പരം പുതുവത്സരാശംസകള്‍ കൈമാറുന്നു. വറുതിയും വിഷമങ്ങളും ദൂഷ്യങ്ങളുമെല്ലാം പോയി നന്മ വരും പുതിയ വര്‍ഷത്തില്‍ എന്ന പ്രതീക്ഷയാണ് ഇതിലെല്ലാം അന്തര്‍ലീനമായിട്ടുള്ളത്.
കേരളത്തെ സംബന്ധിച്ച് ആചാരമായ ആഘോഷങ്ങള്‍പോലും മദ്യത്തില്‍ മുങ്ങുകയാണ് എന്ന ചര്‍ച്ച വ്യാപകമാണ്. ക്രിസ്മസ് മുതല്‍ പുതുവത്സരദിനംവരെയുള്ള ഒരാഴ്ചക്കാലത്ത് കേരളത്തില്‍ ഉപഭോഗം ചെയ്യപ്പെട്ട മദ്യത്തിന്റെ കണക്ക് നടുക്കമുണ്ടാക്കുന്നതാണ്. ഓണമായാലും വിഷുവായാലും ക്രിസ്മസായാലും പുതുവത്സരദിനമായാലും സാധാരണയില്‍ കവിഞ്ഞതോതില്‍ മദ്യം കഴിക്കുന്നതിനുള്ള അവസരമായി കൊണ്ടാടപ്പെടുന്നു എന്ന ദുരവസ്ഥയുണ്ട്. മദ്യപിച്ച് മത്താടാനുള്ള സന്ദര്‍ഭമായി നല്ലൊരുവിഭാഗമാളുകള്‍ പുതുവത്സരത്തലേന്നിനെ ഉപയോഗിക്കുന്നുവെന്നത് ആശങ്കാജനകമാണ്. പുതുവത്സരം ആഘോഷിക്കാന്‍ വിദേശത്തുനിന്നെത്തിയ ഒരു കുടുംബത്തിലെ പെണ്‍കുട്ടി പൊതുജനമധ്യത്തില്‍ കൈയേറ്റംചെയ്യപ്പെട്ടതും മേല്‍പ്പറഞ്ഞ മത്താടലുമായി ബന്ധപ്പെടുത്തിവേണം കാണാന്‍. പുതുവത്സരദിനാഘോഷം അതുകൊണ്ട് എന്താണോ പ്രതീക്ഷിക്കപ്പെടുന്നത് അതില്‍നിന്ന് മാറിപ്പോവുകയാണ് അതിവേഗം എന്നാണിത് സൂചിപ്പിക്കുന്നത്. അതിരുകവിഞ്ഞ പാശ്ചാത്യാനുകരണവും ഇപ്പോള്‍ സാര്‍വത്രികമായ പുതുവത്സരാഘോഷത്തില്‍ പ്രകടമാണ്. സാമൂഹ്യ-സാംസ്കാരിക സംഘടനകള്‍ ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.
സാര്‍വദേശീയമായി മതമൌലികവാദവും തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളും വര്‍ധിച്ചു വരുന്നതിന്റെ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് പുതിയ വര്‍ഷം പിറന്നത്. പാകിസ്ഥാനില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ട് കൂട്ടക്കൊലരാഷ്ട്രീയത്തിന് ശമനം വരുമെന്നുള്ള പ്രത്യാശ നഷ്ടമാകുന്നതാണ് നാം കണ്ടത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ പ്രവാസജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ദിവസംതന്നെ ഭീകരവാദികള്‍ സ്ഫോടനവും കൂട്ടക്കൊലയും നടത്തുകയുണ്ടായി. അന്ന് രക്ഷപ്പെട്ടെങ്കിലും ബേനസീറിന്റെ ജീവന് ഭീഷണി തുടരുകയായിരുന്നു. പാകിസ്ഥാനില്‍ ജനാധിപത്യം തിരിച്ചുവരുന്നതിന് ആഗ്രഹിക്കാത്ത തീവ്രവാദശക്തികള്‍ നിര്‍ണായക സന്ദര്‍ഭത്തില്‍ അവരെ പൈശാചികമായി കൊലചെയ്തു. ലോകത്തെങ്ങും ജനാധിപത്യത്തിനും സമാധാനത്തിനുംവേണ്ടി നിലകൊള്ളുന്ന ശക്തികള്‍ക്ക് കടുത്ത ആഘാതമേല്‍പ്പിച്ച സംഭവമാണിത്.
ഇന്ത്യയിലാണെങ്കില്‍ ഗുജറാത്ത് സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ ഒറീസയില്‍ മതതീവ്രവാദികള്‍-ഹിന്ദുവര്‍ഗീയശക്തികള്‍ ന്യൂനപക്ഷ വിഭാഗത്തിനെതിരെ കൊടിയ അതിക്രമം അഴിച്ചുവിടുന്നതു കണ്ടുകൊണ്ടാണ് പുതുവത്സരമെത്തിയത്. ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിച്ചും ക്രൈസ്തവരെ ആക്രമിച്ച് കൊലചെയ്തും പരിക്കേല്‍പ്പിച്ചുംകൊണ്ട് പരക്കെ വര്‍ഗീയ ലഹള സൃഷ്ടിക്കുകയായിരുന്നു സംഘപരിവാര്‍ശക്തികള്‍. മതസൌഹാര്‍ദം തകര്‍ക്കുന്നതിനും ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനും ഹിന്ദു വര്‍ഗീയശക്തികള്‍ ആസൂത്രിതമായി നടത്തിയ ക്രൂരതാണ്ഡവമാണ് ഒറീസയില്‍ സംഭവിച്ചത്. മുസ്ളിങ്ങളെ കൂട്ടക്കൊലചെയ്തും അവരുടെ സ്വത്തുവകകള്‍ തകര്‍ത്തും കൊള്ളയടിച്ചും ഭീകരവാഴ്ച നടമാടിയ ഗുജറാത്തില്‍ അതിന് നേതൃത്വം നല്‍കിയ നരേന്ദ്രമോഡി വീണ്ടും വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. ഹിമാചല്‍പ്രദേശിലാകട്ടെ കോണ്‍ഗ്രസിനെ ഭരണത്തില്‍നിന്ന് തൂത്തെറിഞ്ഞ് ബിജെപി അധികാരം തിരിച്ചുപിടിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ അധികാരത്തില്‍ വന്നതോടെ ഹിന്ദുവര്‍ഗീയ ശക്തികളുടെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി എന്ന തോന്നല്‍ ഉത്തരേന്ത്യയുടെ കാര്യത്തില്‍ ശരിയല്ല എന്നാണ് തെളിയുന്നത്.
അതോടൊപ്പം ഇസ്ളാമിക മതമൌലികവാദികളുടെ ഭീകരസംഘങ്ങള്‍ നടത്തുന്ന മിന്നലാക്രമണങ്ങളും കൂട്ടക്കൊലകളും കൂടിവരികയാണ്. പുതുവത്സരദിനത്തില്‍ ലഖ്നൌവില്‍നിന്നുള്ള വാര്‍ത്ത നടുക്കമുളവാക്കുന്നതാണ്. ജയ്ഷെ മുഹമ്മദ്, ലഷ്കറെ തോയ്ബ എന്നിവയിലേതോ സംഘടന നടത്തിയതാണെന്ന് കരുതപ്പെടുന്ന ആക്രമണത്തില്‍ ഏഴ് സിആര്‍പിഎഫ് ഭടന്മാരാണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫ് കേന്ദ്രത്തില്‍ ഇരച്ചുകയറി ഗ്രനേഡ് ആക്രമണവും വെടിവയ്പും നടത്തിയാണ് കൂട്ടക്കൊല ചെയ്തത്. ഒരു മാസംമുമ്പ് ലഖ്നൌവിലും ഫൈസാബാദിലും വാരണാസിയിലും കോടതി പരിസരത്ത് സ്ഫോടനം നടത്തി 13 പേരെ ഭീകരര്‍ കൊലചെയ്തതാണ്. ബിഹാറിലും ഛത്തിസ്ഗഢിലുമെല്ലാം നക്സല്‍സംഘങ്ങള്‍ ഭീകരാക്രമണത്തിലൂടെ കൂട്ടക്കൊല നടത്തുന്നു. ചൈനീസ് വിപ്ളവനായകനായ മൌ സെ ദൊങ്ങിന്റെ പേര് ദുരുപയോഗിച്ച്, മാവോചിന്തകളുമായി ഒരു ബന്ധവുമില്ലാത്ത തീവ്രവാദികള്‍ കൂട്ടക്കൊല നടത്തി മുന്നോട്ടുപോകുന്നു.
സാര്‍വദേശീയതലത്തില്‍ അശാന്തി വിതച്ചുകൊണ്ട്, ചോരപ്പുഴകളൊഴുക്കിക്കൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വം മേധാവിത്വശ്രമവുമായി മുന്നോട്ടുപോവുക തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ പുതുവത്സരവേള സദ്ദാംഹുസൈനെ വധിച്ചുകൊണ്ട് ആഘോഷിച്ച അമേരിക്കന്‍ സാമ്രാജ്യത്വം ഇറാഖില്‍ കൂട്ടക്കൊല തുടരുകയാണ്. ഒരു ജനതയെയും സംസ്കാരത്തെയും അപ്പാടെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാഖില്‍ അമേരിക്ക പ്രവര്‍ത്തിക്കുന്നത്. ഇറാനടക്കം മറ്റ് സ്വതന്ത്രപരമാധികാര രാഷ്ട്രങ്ങള്‍ക്കുനേരെയും അമേരിക്കന്‍ ഭീഷണി തുടരുകയാണ്. സാര്‍വദേശീയമായി ഭീകരപ്രവര്‍ത്തനത്തിന് വളംവച്ചുകൊടുക്കുന്നത് അമേരിക്കയുടെ ഇത്തരം നടപടികളാണ്.
ഇങ്ങനെ സാര്‍വദേശീയമായും ദേശീയമായും ശാന്തിയും സമാധാനവും തകര്‍ക്കപ്പെടുകയും ആയിരക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെടുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നതാണ് കഴിഞ്ഞ വര്‍ഷത്തെ ഒരനുഭവം. എന്നാല്‍, ഇതിനെല്ലാം വഴങ്ങി മനുഷ്യര്‍ നിസ്സഹായരായി കഴിയുകയല്ല, സംഘടിതശക്തി സമാര്‍ജിച്ച് സാമ്രാജ്യത്വത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദത്തിനും മതമൌലികവാദത്തിനുമെല്ലാമെതിരെ പൊരുതുന്നുണ്ട്. ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ പാകിസ്ഥാനുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടക്കുന്ന പോരാട്ടങ്ങള്‍ ആവേശകരമാണ്. അമേരിക്കയുടെ അയലത്ത് ലാറ്റിനമേരിക്കയില്‍ മിക്കരാജ്യങ്ങളും തെരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷത്തേക്ക് നീങ്ങിയെന്ന ആവേശകരമായ അനുഭവവുമുണ്ട്.
ഇന്ത്യയിലാകട്ടെ, ആഗോളവല്‍ക്കരണത്തിനും അമേരിക്കന്‍ ആശ്രിതത്വത്തിനുമെതിരെ എണ്ണമറ്റ പോരാട്ടങ്ങള്‍കൊണ്ടാണ് കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായത്. അമേരിക്കയുമായി ആണവകരാര്‍ ഒപ്പിടുന്നതിനെതിരെ സിപിഐ എം നേതൃത്വത്തില്‍ ഇടതുപക്ഷം നടത്തിയ ഐതിഹാസിക സമരം ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി. ആണവകരാറുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബദ്ധമായി. അമേരിക്കയുമായി ചേര്‍ന്നുള്ള സൈനികാഭ്യാസത്തിനെതിരെ ബഹുജനസമരം അലയടിച്ചു. ഇങ്ങനെ സാമ്രാജ്യത്വത്തിനും അമേരിക്കന്‍ ആശ്രിതത്വത്തിനും ആഗോളവല്‍ക്കരണത്തിനും വര്‍ഗീയത്ക്കുമെതിരെ ഇടതുപക്ഷപ്രസ്ഥാനം നടത്തിയ വിജയകരമായ സമരങ്ങളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 2007 ന്റെ നീക്കിബാക്കി. അതിന്റെ തുടര്‍ച്ച ശക്തമായും ഫലപ്രദമായും ഉണ്ടാവും എന്നത് പുതിയ വര്‍ഷത്തിന്റെ പ്രതീക്ഷ.
കേരളത്തെ സംബന്ധിച്ചാണെങ്കില്‍, നന്മയുടെ കാലമായിരുന്നു 2007. സാര്‍വദേശീയമായും ദേശീയമായും ഉള്ള ചിത്രമല്ല കേരളത്തില്‍. ശാന്തിയും സമാധാനവും മതസൌഹാര്‍ദവും കാത്തുസൂക്ഷിച്ചുകൊണ്ട് വ്യത്യസ്തമായ ചിത്രമാണ് കേരളം കാഴ്ചവച്ചത്. വിലത്തകര്‍ച്ചയും കടക്കെണിയും കാരണം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരുന്ന തിക്താനുഭവമാണ് 2001 മുതല്‍ 2006 വരെയെങ്കില്‍ അത് ഏറെക്കുറെ പൂര്‍ണമായി അവസാനിച്ചുവെന്നതാണ്, കാര്‍ഷികമേഖലയില്‍ നൈരാശ്യമകന്ന് പുത്തനുണര്‍വുണ്ടായി എന്നതാണ് 2007 ന്റെ നന്മ. കേരളത്തിന്റെ സമഗ്രവികസനത്തിന് അടിത്തറയിടാന്‍ കഴിഞ്ഞുവെന്നത് മറ്റൊരു നന്മ. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ കരാറിലെത്താനും പദ്ധതിയുടെ നിര്‍മാണപ്രവൃത്തിക്ക് തുടക്കം കുറിക്കാനും കഴിഞ്ഞു. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയോ, അടച്ചുപൂട്ടുകയോ ചെയ്യുക എന്ന മുന്‍ സര്‍ക്കാര്‍നയത്തില്‍നിന്ന് മാറി അവയെ ലാഭത്തിലെത്തിക്കുകയും പൊതുമേഖലയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നതിന്റെ നന്മ. മൂന്നാറിലെ പന്ത്രണ്ടായിരത്തില്‍പ്പരം ഏക്കര്‍ ഉള്‍പ്പെടെ സംസ്ഥാനത്താകെ അന്യാധീനപ്പെട്ട പതിനയ്യായിരത്തോളം ഏക്കര്‍ ഭൂമി വീണ്ടെടുക്കാനും ടാറ്റ ഉള്‍പ്പെടെയുള്ള കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങിയതിന്റെയും നന്മ, ദേശീയ ജലപാതയുടെ ഭാഗമായി കൊല്ലം-കോട്ടപ്പുറം ജലപാത പൂര്‍ണമായി ഗതാഗതയോഗ്യമാക്കി കമീഷന്‍ചെയ്യാന്‍ കഴിഞ്ഞത്, പൂട്ടിയതിനൊക്കുമോ തുറന്നിരിക്കിലും എന്ന അവസ്ഥയില്‍നിന്ന് സര്‍ക്കാരാശുപത്രികളെ മോചിപ്പിച്ചത്, ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രമായ ശബരിമല സന്നിധാനത്ത് ഓപ്പറേഷന്‍ തിയറ്ററോടുകൂടിയ ആശുപത്രി തുടങ്ങാന്‍ കഴിഞ്ഞത് - അങ്ങനെ, അങ്ങനെ നേട്ടങ്ങളുടെ പരമ്പരതന്നെ സൃഷ്ടിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് 2007.
ജനക്ഷേമപ്രവര്‍ത്തനങ്ങളിലും വികസനരംഗത്തും വലിയ കുതിച്ചുചാട്ടമുണ്ടാക്കാന്‍ പുതിയ വര്‍ഷത്തില്‍ സാധ്യമാകും എന്ന കാര്യം നിസ്സംശയമാണ്. കാരണം കാര്‍ഷിക-വ്യവസായ-ഐടി മേഖലയില്‍ അഭൂതപൂര്‍വമായ മുന്നേറ്റത്തിന് പശ്ചാത്തലമൊരുക്കിക്കൊണ്ടാണ് നാം പുതിയ വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത്. സമാധാനവും സാഹോദര്യവും സ്നേഹവും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകും 2008 എന്ന് പ്രതീക്ഷിക്കാം.

1 comment:

ജനശക്തി ന്യൂസ്‌ said...

പുതുവത്സരം
വി എസ് അച്യുതാനന്ദന്‍