Friday, December 14, 2007

സംഘടിത വിലപേശലില്‍നിന്ന് ക്രിസ്തീയസഭ മോചിതമാകണം

സഭകളുടെ ഉടമാവകാശത്തിലുള്ള എയ്ഡഡ് സ്കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും ജോലിക്കാരും സര്‍ക്കാര്‍ ഖജനാവില്‍നിന്നാണ് ശമ്പളം വാങ്ങുന്നത്. അതേസമയം അടുത്തകാലത്തായി അധ്യാപക നിയമനത്തിനും വിദ്യാര്‍ഥികളുടെ പ്രവേശനത്തിനും സംഭാവന എന്ന ഓമനപ്പേരില്‍ ഭീമമായ സംഖ്യ കൈപ്പറ്റുന്ന പല സഭാ മാനേജ്മെന്റുകളുമുണ്ട്. ഇതു വാങ്ങിക്കുന്നതില്‍ അവര്‍ക്കുള്ള ന്യായീകരണം സ്കൂള്‍ കെട്ടിടം തുടങ്ങി അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും നിലനിര്‍ത്തുന്നതിനും അവര്‍ക്ക് വലിയൊരു സംഖ്യ എല്ലാ വര്‍ഷവും ചെലവാകുന്നു, അതിന് സര്‍ക്കാര്‍ സഹായം കിട്ടുന്നില്ല എന്നുള്ളതാണ്. ഇക്കാര്യത്തില്‍ ചില നിഷ്പക്ഷമതികളെങ്കിലും ചൂണ്ടിക്കാണിക്കുന്നത് സഭകള്‍ നടത്തിയ ആദ്യകാല വിദ്യാലയങ്ങളിലും ഈ ആവശ്യങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും തലവരിപ്പണം അന്നു വാങ്ങുന്നില്ലായിരുന്നു എന്നതാണ്. അതിന്റെ അര്‍ഥം വിദ്യാഭ്യാസത്തെ ഒരു ക്രിസ്തീയ സേവന സരണിയായി സഭകള്‍ കാണുന്നെങ്കില്‍ അവര്‍ക്ക് അല്‍പ്പം ത്യാഗം സഹിച്ചാണെങ്കിലും ആ പഴയ നല്ല പാരമ്പര്യമനുസരിച്ച് സ്കൂളുകളും കോളേജുകളും നടത്താനാവും എന്നതാണ്. അങ്ങനെ അല്‍പ്പമെങ്കിലും ത്യാഗപൂര്‍ണമായ ലാഭമോഹമില്ലാത്ത ഒരു വിദ്യാഭ്യാസദൌത്യം സഭകള്‍ നടത്തിയെങ്കിലേ അത് ക്രിസ്തീയ സുവിശേഷത്തിന് അനുസരണമാവൂ. അല്ലെങ്കില്‍ അത് കച്ചവട മനഃസ്ഥിതിയോടെ നടത്തുന്ന ബ്ളേഡ് കമ്പനിയുടെ നിലവാരത്തില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല.
ന്യൂനപക്ഷപദവിയും സാമൂഹ്യ രാഷ്ട്രീയശേഷിയും
ക്രിസ്തീയ സഭകളുടെ ഒരു വാദം അവരുടെ സമുദായാംഗങ്ങള്‍ക്ക് അവരുടെ മതവിശ്വാസം പഠിപ്പിക്കുന്നതിനും സമുദായാംഗങ്ങള്‍ക്ക് ഉല്‍ക്കര്‍ഷം ഉണ്ടാകുന്ന ഒരു ഉപാധിയായിത്തീരുന്നതിനുമാണ് വിദ്യാലയങ്ങള്‍ നടത്തുന്നത് എന്നതാണ്. വാസ്തവത്തില്‍ ഇന്നു സഭകള്‍ നടത്തുന്ന ഒരു വിദ്യാലയത്തിലും മതധാര്‍മിക പ്രബോധനത്തിന് സഭകള്‍ താല്‍പ്പര്യം കാണിക്കുന്നില്ല. മാത്രവുമല്ല കേരളത്തില്‍ ക്രൈസ്തവര്‍ ജനസംഖ്യാപരമായി മൂന്നിലൊന്നില്‍ താഴെയേ ഉള്ളുവെങ്കിലും അവരുടെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയശേഷി ഒരു ന്യൂനപക്ഷത്തിന്റേതല്ല. അതുകൊണ്ട് വിദ്യാഭ്യാസ സേവനത്തെ ഇടുങ്ങിയ ന്യൂനപക്ഷവാദത്തില്‍ ഒതുക്കാനാവില്ല.
ഒരു തലമുറയ്ക്കുമുമ്പ് ക്രിസ്ത്യാനികള്‍ നടത്തുന്ന കോളേജുകളിലും സ്കൂളുകളിലും സമുദായമോ മതമോ നോക്കാതെ കഴിവും അര്‍ഹതയുംമാത്രം നോക്കി അധ്യാപകരെ നിയമിക്കുന്ന രീതിയുണ്ടായിരുന്നു. ഇന്ന് ക്രൈസ്തവര്‍ ന്യൂനപക്ഷസമുദായ വാദത്തിലൂടെ സ്വന്തം കൊച്ചുകൊച്ചു തുരുത്തുകളിലേക്ക് ഒതുങ്ങുകയാണ്. നമ്മുടെ രാഷ്ട്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇതു വളരെ ശോചനീയമായ ഒരു അവസ്ഥയാണ്.
പുതിയ സരണികള്‍
ഇത് ക്രൈസ്തവര്‍ അവരുടെ വിദ്യാഭ്യാസ സേവനത്തെക്കുറിച്ച് ഗൌരവമായ ഒരു ആത്മപരിശോധന നടത്തേണ്ട സന്ദര്‍ഭമാണ്. കേരളജനത ലോകത്തിലെ ഏറ്റവും സാക്ഷരത പ്രാപിച്ച ഒരു ജനതയാണ്. ഇതിന്മേല്‍ ഇവിടത്തെ വിദ്യാഭ്യാസത്തില്‍ സഭകള്‍ക്ക് അനുപമമായ ഒരു സരണി വെട്ടിത്തുറക്കാന്‍ കഴിയുമോ എന്ന് സംശയിക്കുന്നവരുമുണ്ട്. സര്‍ക്കാരുകളോ സാമൂഹ്യ സംഘടനകളോ, പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളോ വിചാരിച്ചാല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസം നന്നായി മുമ്പോട്ടുകൊണ്ടുപോകാന്‍ സാധിക്കും അല്ലെങ്കില്‍ സാധിക്കണം.
"നിരീശ്വരവിശ്വാസം വിദ്യാര്‍ഥികളില്‍ കുത്തിവയ്ക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിക്കുന്നു, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം വിട്ടുകൊടുക്കുന്നു, അങ്ങനെ കുറേശ്ശെ വിദ്യാലയങ്ങളുടെ ഉടമസ്ഥാവകാശം ക്രൈസ്തവരില്‍നിന്ന് അടിച്ചുമാറ്റാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നു''- ഇങ്ങനെയുള്ള ആരോപണങ്ങള്‍ക്ക് വലിയ വിലകൊടുക്കാം എന്നു തോന്നുന്നില്ല. കാരണം ക്രിസ്തീയസഭകള്‍ അവരുടെ അംഗങ്ങളെ യഥാര്‍ഥ സുവിശേഷവും അതിനനുസൃതമായ ജീവിതശൈലിയും പഠിപ്പിക്കാന്‍ തയ്യാറാകുന്നെങ്കില്‍ ഒരു സര്‍ക്കാരിനും അവരെ നിരീശ്വരവാദത്തിലേക്ക് തള്ളിവിടാന്‍ സാധിക്കുകയില്ല.
സഭകള്‍ ശ്രദ്ധിക്കേണ്ടത് സര്‍ക്കാരോ മറ്റ് മതേതര സംഘടനകളോ ശ്രദ്ധിക്കാത്ത പാവങ്ങളുടെയും തള്ളപ്പെട്ടവരുടെയും വൈകല്യമുള്ളവരുടെയും ഒക്കെ കാര്യത്തിലാണ്. സാമാന്യബുദ്ധിയും സാധാരണ സാഹചര്യങ്ങളുമുള്ള വിദ്യാര്‍ഥികള്‍ക്കൊക്കെ സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ തങ്ങള്‍ക്ക്വേണ്ടത് നേടാന്‍ കഴിഞ്ഞേക്കും. എന്നാല്‍, അവശരും ആലംബഹീനരുമായ ഒരു വലിയ വിഭാഗം മോചനത്തിനുവേണ്ടി ആഗ്രഹിക്കുന്നുണ്ട്. ഇനിമേല്‍ അവിടെയാണ് സഭകളുടെ ശ്രദ്ധ പതിയേണ്ടത്. നഷ്ടപ്പെട്ട ആടിനെ തേടിപ്പോയ ഇടയന്റെ കഥ ഇവിടെ പ്രസക്തമാണ്. തൊണ്ണൂറ്റൊമ്പത് ആടുകളെയും മറന്നിട്ട് നഷ്ടപ്പെട്ടുപോയ നൂറാമത്തെ ആടിനെ തേടിപ്പുറപ്പെടുകയും കുഴികളില്‍നിന്നും ചെന്നായ്ക്കളുടെ വായില്‍നിന്നും അതിനെ വീണ്ടെടുക്കുകയുംചെയ്യുന്ന ഇടയന്റെ ദൌത്യമാണ് സഭകള്‍ വിദ്യാഭ്യാസരംഗത്ത് ഇന്ന് അനുഷ്ഠിക്കേണ്ടത്. രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം എന്നു ക്രിസ്തു പറഞ്ഞ വാക്യവും ഇവിടെ ചിന്തനീയമാണ്. ആരോഗ്യമുള്ളവര്‍ക്ക് കൂടുതല്‍ മരുന്നും വൈദ്യന്മാരെയും നല്‍കാന്‍ ശ്രമിക്കുന്നതില്‍ അര്‍ഥമില്ല.
സഭകളുടെ ആത്മവഞ്ചന
ചില സഭകളുടെയെങ്കിലും കാര്യത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ കടുത്ത ആത്മവഞ്ചനയുണ്ട്. ഉദാഹരണമായി കേരളത്തിലെ സ്വാശ്രയവിവാദത്തില്‍പ്പെട്ട ഒരു പുതിയ മെഡിക്കല്‍ കോളേജ് എങ്ങനെയാണ് അതിന്റെ വിപുലമായ കെട്ടിടങ്ങള്‍ക്കും മറ്റും ആവശ്യമായ ഫണ്ട് ഉണ്ടാക്കിയത് എന്ന് അന്വേഷിക്കേണ്ടത് ആവശ്യമാണ്. മെഡിക്കല്‍ വിദ്യാര്‍ഥികളോട് 40-45 ലക്ഷം രൂപവരെ തലവരിപ്പണം വാങ്ങുന്നുവെന്ന് ആരോപിക്കപ്പെട്ടിരിക്കുന്നു. ആ സ്വാശ്രയമെഡിക്കല്‍ കോളേജ് പണിയുന്നതിനുവേണ്ടി കേരളത്തിലെ ക്രൈസ്തവരില്‍നിന്ന് കാര്യമായി ഒന്നുംതന്നെ പിരിച്ചിട്ടില്ല. മറിച്ച് ജര്‍മനിയിലും ഇറ്റലിയിലും മറ്റുമുള്ള പാശ്ചാത്യരോട് ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് ആതുരസേവനം നല്‍കാനാണ് എന്നുപറഞ്ഞ് കോടികള്‍ പിരിച്ചെടുത്തതായി അറിയാം. ഇത് വലിയ കാപട്യമാണ്. പാവങ്ങളെ ഉയര്‍ത്താനാണെന്ന് പറഞ്ഞ് വിദേശത്തുനിന്ന് പണം വാങ്ങിക്കുകയും ഇവിടെ ഭീമമായ സംഖ്യ തലവരിപ്പണം ഈടാക്കുകയും ന്യൂനപക്ഷാവകാശം തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് പരസ്യമായി വാദിക്കുകയുംചെയ്യുന്ന ഒരു സഭയ്ക്ക് ഇവിടെ സുവിശേഷസാക്ഷ്യം നല്‍കാന്‍ സാധിക്കുകയില്ല. പൊതുജനങ്ങള്‍ക്ക് പകല്‍പോലെ തെളിഞ്ഞു കാണാവുന്ന ഇത്തരം കാപട്യങ്ങള്‍ ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ ക്രിസ്തീയ സഭകള്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചുകൂടാ.
സ്ഥാപനങ്ങളുടെ ശക്തിയില്‍ ഊറ്റംകൊണ്ട് സംഘടിതമായി വിലപേശുന്നതിനും തങ്ങളുടെ ലാഭത്തിന്റെ കണക്കുകളില്‍ അഹന്തമുറ്റി ക്രിസ്തുവിന്റെ സുവിശേഷത്തെ അപമാനിക്കുകയുംചെയ്യുന്ന ഒരവസ്ഥയില്‍നിന്ന് ക്രിസ്തീയസഭ മോചനം പ്രാപിക്കണം. സ്ഥാപനവല്‍ക്കരണത്തിനുവേണ്ടി കഠിനമായ മത്സരങ്ങളില്‍ ഏര്‍പ്പെടുന്ന ക്രിസ്തീയ സഭകള്‍ അവരുടെ നേതാക്കള്‍ക്ക് പുതിയ മാനുഷികമായ അവബോധവും ദര്‍ശനവും ലഭിക്കുന്നതിനുള്ള വിനയവും ക്രിസ്തീയതയും പ്രകടിപ്പിക്കും എന്നു നമുക്ക് പ്രത്യാശിക്കാം.

(ഫാ. ഡോ. കെ എം ജോര്‍ജ് (പ്രിന്‍സിപ്പല്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി, കോട്ടയം.)
കടപ്പാട്: വിശ്വസ്നേഹദര്‍ശനം ത്രൈമാസിക, 2007 ഒക്ടോബര്‍-ഡിസംബര്‍ ലക്കം

1 comment:

ജനശക്തി ന്യൂസ്‌ said...

സംഘടിത വിലപേശലില്‍നിന്ന്
ക്രിസ്തീയസഭ മോചിതമാകണം

ഫാ. ഡോ. കെ എം ജോര്‍ജ് (പ്രിന്‍സിപ്പല്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി, കോട്ടയം)
(കടപ്പാട്: വിശ്വസ്നേഹദര്‍ശനം ത്രൈമാസിക, 2007 ഒക്ടോബര്‍-ഡിസംബര്‍ ലക്കം)