Tuesday, October 30, 2007

കോടതിയില്‍ ജഡ്ജി നിശ്ശബ്ദനായിരിക്കണം. സെബാസ്റ്റ്യന്‍ പോള്‍

കോടതിയില്‍ ജഡ്ജി നിശ്ശബ്ദനായിരിക്കണം. വിധിയിലൂടെയാണ് കോടതിയുടെ മനസ്സ് സമൂഹമറിയുന്നത്. പക്ഷേ കളിക്കളത്തിലെ ശ്രീശാന്തിനെപ്പോലെ ചിലപ്പോള്‍ ജഡ്ജിമാര്‍ അശാന്തരാകുന്നു; അതുതാത്തത് പറയുന്നു. തുറന്ന കോടതിയില്‍ ന്യായാധിപന്റെ ആത്മഗതംപോലും മാധ്യമങ്ങള്‍ വെളിപ്പെടുത്തും. പലപ്പോഴും റിപ്പോര്‍ടിങ് അനുചിതമാകാറുണ്ടെങ്കിലും അത് നിയന്ത്രിക്കാനോ നിരോധിക്കാനോ കഴിയില്ല. നര്‍മബോധമുള്ള ജഡ്ജിമാരുടെ പരാമര്‍ശങ്ങള്‍ ചിലപ്പോള്‍ നിയമഫലിതങ്ങളില്‍ ഇടം കണ്ടെത്താറുണ്ട്. എന്നാല്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ സ്വീകരിക്കാവുന്ന ഭരണഘടനാപരവും രാഷ്ട്രീയവുമായ നടപടികളെക്കുറിച്ച് കേന്ദ്ര ഗവണ്‍മെന്റിന് നിയമോപദേശം നല്‍കിയ ജസ്റ്റിസ് അഗര്‍വാള്‍ സമാദരണീയമായ ജുഡീഷ്യല്‍ സമ്പ്രദായങ്ങള്‍ക്ക് നിരക്കാത്ത രീതിയിലാണ് സംസാരിച്ചത്. അന്തിമവിധിയിലെ ഒബിറ്റര്‍ ഡിക്റ്റ എന്നറിയപ്പെടുന്ന ആനുഷംഗിക പരാമര്‍ശങ്ങളുടെ വിലപോലുമില്ലാത്ത ആ ഉപദേശം സ്വീകരിക്കാന്‍ ആര്‍ക്കും ബാധ്യതയില്ലെങ്കിലും കാര്യമറിയാത്ത ജനങ്ങള്‍ അതിനെ കാര്യമായെടുക്കുമെന്നതിനാല്‍ ജഡ്ജിമാര്‍ അവധാനതയോടെ സംസാരിക്കണം. റോഡുകളുടെ തകര്‍ച്ചയെക്കുറിച്ചും പരിയാരം തെരഞ്ഞെടുപ്പിനെക്കുറിച്ചും കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളിലും തെളിഞ്ഞുകാണുന്നത് തികഞ്ഞ നിരുത്തരവാദിത്വമാണ്. റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് നിര്‍ദേശം നല്‍കാം . തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകളുണ്ടെങ്കില്‍ അസാധുവാക്കാം. പക്ഷേ അതിനുമുമ്പുള്ള വാചകമടി അനുചിതമാണ്; അസ്വീകാര്യമാണ്. സംയമനത്തിന്റെ അഭാവം കോടതിയുടെ നിഷ്പക്ഷതയില്‍ സംശയമുളവാക്കും.
ഞായറാഴ്ചക്കോടതി ഒരു ബോബനും മോളിയും ഫലിതമാണ്. എങ്കിലും അടിയന്തരഘട്ടങ്ങളില്‍ എപ്പോഴും എവിടെയും കോടതി കൂടാം. ഉത്തരവിടാം. തീവണ്ടിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനോട് കലഹിച്ച ജഡ്ജി പ്ളാറ്റ്ഫോമില്‍ ഇരുന്ന് ഉത്തരവിട്ട ചരിത്രമുണ്ട്. അതുകൊണ്ട് ഡി എം കെ ബന്ദിനെതിരെ ഞായറാഴ്ച സുപ്രീംകോടതി നല്‍കിയ ഉത്തരവിന്റെ സാധുതയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ബന്ദാഹ്വാനം പിന്‍വലിച്ചതിനുശേഷം കരുണാനിധി നടത്തിയ നിരാഹാരസത്യഗ്രഹം തമിഴ്നാട്ടില്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചുവെന്ന കോടതിയുടെ കണ്ടെത്തല്‍ തെളിവിന്റെയോ വിശ്വസനീയമായ വിവരത്തിന്റെയോ അടിസ്ഥാനത്തിലുള്ളതായിരുന്നില്ല. ജയലളിതയുടെ അഭിഭാഷകന്റെ സബ്മിഷന്‍ മാത്രം കേട്ടുകൊണ്ട് എതിര്‍ഭാഗം അഭിഭാഷകനെ കേള്‍ക്കാതെ, അഗര്‍വാള്‍ നടത്തിയ പരാമര്‍ശം ജുഡീഷ്യല്‍ പ്രോസസ്സിന്റ പ്രാഥമികതത്വങ്ങള്‍ക്ക് വിരുദ്ധമാണ്. തമിഴ്നാട്ടില്‍ ഭരണഘടനാസംവിധാനം പൂര്‍ണമായും തകര്‍ന്നുവെന്ന നിഗമനത്തില്‍ സംസ്ഥാന ഗവണ്‍മെന്ററിനെ പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് നിര്‍ദേശിക്കുമെന്ന് ഭീഷണി മുഴക്കിയ ഈ ജഡ്ജിയെ ഭരണഘടനാനിയമത്തിലുള്ള അജ്ഞതയുടെ പേരില്‍ പിരിച്ചുവിടേണ്ടതാണ്. നിയമമറിയാത്ത സെഷന്‍സ് ജഡ്ജിയെ ഡല്‍ഹി ഹൈക്കോടതി പാഠശാലയിലേക്കയച്ചതുപോലെ സുപ്രീം കോടതി ജഡ്ജിയെ റിഫ്രഷര്‍ കോഴ്സിനയക്കാനാവില്ലല്ലോ. ഘടകകക്ഷിയായ ഡി എം കെ യെ പിരിച്ചുവിടുന്ന കാര്യത്തില്‍ കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ മടി കാണിക്കരുതെന്ന് നിര്‍ദേശിച്ച അഗര്‍വാള്‍ ബി ജെ പി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങിന്റെ ഭാഷയിലാണ് സംസാരിച്ചത്. ഡല്‍ഹിയില്‍ സബര്‍വാളിന്റെ ഇടിച്ചുനിരത്തലിന് പിന്നില്‍ ചില കണക്കുകളുണ്ട്. എന്നാല്‍, അഗര്‍വാളിന്റെ ചെന്നൈ ഓപ്പറേഷന്‍ ആരുടെ അക്കൌണ്ടിലാണ്? ജനാധിപത്യഗാത്രത്തില്‍നിന്ന് ഒരു പൌണ്ട് മാംസമാണ് ഇരു വാളുകളും ആവശ്യപ്പെടുന്നത്. മാരകമായ ജുഡീഷ്യല്‍ ആക്രമണത്തില്‍നിന്ന് പാര്‍ലമെന്ററി ജനാധിപത്യത്തെയും നിയമവാഴ്ചയെയും രക്ഷിക്കുന്നതിന് ഒരു പോര്‍ഷ്യയുടെ വരവിനായി നമുക്ക് കാത്തിരിക്കാം.
ജുഡീഷ്യറിയില്‍ അഴിമതിക്കാരുടെ എണ്ണം ഇരുപത് ശതമാനമായി പരിമിതപ്പെടുത്തിയത് ഒരു മുന്‍ ചീഫ് ജസ്റ്റിസാണ്. എന്നാല്‍ സുപ്രീംകോടതി മാത്രമെടുത്താല്‍ തോത് ഗണ്യമായി വര്‍ധിക്കും. രാമസ്വാമിക്ക് പിന്നാലെ സബര്‍വാളിന്റെ കഥ മാത്രം പുറത്തുവന്നതുകൊണ്ട് ഇതരര്‍ വിശുദ്ധര്‍ എന്നര്‍ഥമില്ല. തല്‍ക്കാലം ജയിലില്‍ പോകാന്‍ അസൌകര്യമുള്ളതുകൊണ്ട് അറിയാവുന്ന കാര്യങ്ങള്‍ ഞാനും പറയുന്നില്ല. പറയാനുറച്ച മിഡ്-ഡേ പത്രാധിപന്മാരുടെ അവസ്ഥ നമുക്കറിയാം. ജുഡീഷ്യല്‍ ആക്ടിവിസം കെങ്കേമം എന്ന് പാടിപ്പുകഴ്ത്തിയവര്‍ ജുഡീഷ്യറിയുടെ ഭീകരവാഴ്ചക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്നു. ജുഡീഷ്യല്‍ ആക്ടിവിസമെന്നത്, പഴയ കാലത്തെ രാജാക്കന്മാരുടെ ദൈവദത്ത സിദ്ധാന്തംപോലെ, കല്പിതമായ അധികാരം മാത്രമാകുന്നു. കോടതിക്ക് ഭരണഘടന അനുവദിച്ചിട്ടുള്ളത് ജുഡീഷ്യല്‍ റിവ്യു എന്ന അധികാരം മാത്രമാണ്. എക്സിക്യൂട്ടീവിന്റെ നടപടികളുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കുന്നതിനുള്ള അധികാരമാണ് ജുഡീഷ്യല്‍ റിവ്യൂ.
ജനാധിപത്യത്തില്‍ പ്രതിഷേധത്തിന് ഇടമുണ്ട്. അപരന് അസൌകര്യമാകുന്നതെല്ലാം വര്‍ജിക്കണമെന്ന നിലപാട് സ്വതന്ത്രസമൂഹത്തിന് സ്വീകാര്യമല്ല. ജനാധിപത്യവും സ്വാതന്ത്യ്രവും നിലനില്‍ക്കുന്നത് കോടതിയെ ആശ്രയിച്ചല്ലെന്ന് അടിയന്തരാവസ്ഥയില്‍ തെളിഞ്ഞതാണ്. അന്ന് നഷ്ടമായതെല്ലാം പുനഃസ്ഥാപിതമായത് ജനങ്ങളുടെ ഇടപടല്‍ നിമിത്തമായിരുന്നു. ഏറെ അസൌകര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും സഹിച്ചുകൊണ്ടുമാണ് ആ പുനഃസ്ഥാപനപ്രക്രിയ പൂര്‍ണമായത്. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ ന്യായീകരിക്കുന്ന കോടതി ജനകീയപ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് പരിശ്രമിക്കുന്നത്. പ്രതിഷേധത്തിന് പല പേരുകളും പല രൂപങ്ങളുമുണ്ട്. പൌരാവകാശങ്ങളുടെ മഹാവിളംബരമായ 'മാഗ്നകാര്‍ട' ചരിത്രപ്രസിദ്ധമായ ഒരു ഘെരാവോയുടെ ഫലമായാണ് സാധ്യമായത്. ബന്ദ് എന്ന പേരിലറിയപ്പെടുന്ന പ്രതിഷേധം ഭരണഘടനാവിരുദ്ധമാണെന്ന് ആദ്യം കണ്ടെത്തിയത് കേരള ഹൈക്കോടിയാണ്. 1998-ല്‍ സുപ്രീംകോടതി അത് ശരിവെച്ചു.. പക്ഷേ അതിനുശേഷം ഇന്ത്യയുടെ തലങ്ങുംവിലങ്ങും എത്രയോ പണിമുടക്കുകളുണ്ടായി, ഹര്‍ത്താലുകളുണ്ടായി, ബന്ദുകളുണ്ടായി? ആ ഞായറാഴ്ചകളിലൊന്നും സുപ്രീം കോടതിയുടെ പ്രതിരോധകുത്തിവെപ്പുണ്ടായില്ല. അഗര്‍വാളിന്റെ ഇടപെടലിനെ ന്യായീകരിക്കുന്ന ബി ജെ പി ഹൈദരാബാദില്‍ കഴിഞ്ഞ ആഗസ്തില്‍ നടത്തിയ ബന്ദും സെപ്തംബറില്‍ നടത്തിയ 'റെയില്‍റോക്കോ'യും സുപ്രീം കോടതി നേരത്തെ അറിഞ്ഞില്ലെന്നുണ്ടോ ? ആദ്യത്തേത് സ്ഫോടനങ്ങള്‍ക്കെതിരെയും രണ്ടാമത്തേത് സേതുസമുദ്രം പദ്ധതിക്കെതിരെയും ആയിരുന്നു. സേതുസമുദ്രം പദ്ധതിക്ക് എതിരെയുള്ള പ്രക്ഷോഭം നിയമാനുസൃതവും അനുകൂലമായുള്ളത് നിയമവിരുദ്ധവും ആകുന്നതെങ്ങനെ? ബസ്സോടിയില്ലെങ്കില്‍ ഇടപെടും; തീവണ്ടി തടഞ്ഞാല്‍ കണ്ടില്ലെന്ന് വെയ്ക്കും എന്ന നിലപാട് കോടതിക്ക് അവശ്യം വേണ്ടതായ യുക്തിക്ക് നിരക്കുന്നതല്ല.
1998-ലെ സുപ്രീം കോടതി വിധിയനുസരിച്ച് ബന്ദ് മാത്രമാണ് നിയമവിരുദ്ധമാക്കപ്പെട്ടത്. പണിമുടക്കുന്നതിനും ഹര്‍ത്താല്‍ ആചരിക്കുന്നതിനുമുള്ള അവകാശം അവശേഷിച്ചു. നിരാഹാരസത്യഗ്രഹം അനുഷ്ഠിക്കുന്ന നേതാവിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് തമിഴ്നാട്ടിലെ ബസ് തൊഴിലാളികള്‍ പണിമുടക്കിയപ്പോള്‍ 1998-ലെ വിധി സുപ്രീം കോടതി വിസ്മരിച്ചു. ശൂന്യമായ നിരത്തുകള്‍ കോടതിയുടെ മനസ്സില്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു. ആ പ്രതീതിയില്‍നിന്നാണ് ഭരണഘടനാസംവിധാനമാകെ തകര്‍ന്നുവെന്ന കണ്ടെത്തലുണ്ടായത്. തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ അതിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന അരുളപ്പാട് 1994-ലെ സുപ്രീം കോടതിയുടെ ബൊമ്മെ കേസിലെ വിധിക്കെതിരാണെന്ന് അഗര്‍വാള്‍ അറിഞ്ഞില്ല. ഏറെ വിവാദം സൃഷ്ടിക്കുന്നതും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൂടെക്കൂടെ ശത്രുസംഹാരത്തിന് ഉപയോഗിക്കുന്നതുമായ അനുഛേദം 356 ന്റെ പ്രയോഗം സംബന്ധിച്ച് വിലപ്പെട്ട നിര്‍ദേശങ്ങള്‍ ബൊമ്മെ കേസില്‍ ഒമ്പതംഗ ബഞ്ച് നല്‍കിയിട്ടുണ്ട്. ബൊമ്മെ കേസിലെ വിധി രാഷ്ട്രീയതലത്തില്‍ പലപ്പോഴും വിസ്മരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ സുപ്രീം കോടതിയിലെ ജഡ്ജി അതേക്കുറിച്ച് അജ്ഞത നടിക്കുന്നത് ഭരണഘടനാപരമായി ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് കാരണമാകും.
അനുഛേദം 356 അനുസരിച്ചുള്ള നടപടി ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാണെന്നത് ബൊമ്മെ കേസിലെ സുപ്രധാനമായ തീരുമാനമാണ്. നടപടി ദുരുപദിഷ്ടമാണെങ്കില്‍ കോടതിയുടെ ഇടപെടലുണ്ടാവും. തീരുമാനം എക്സിക്യൂട്ടിവിന്റേതും പരിശോധന ജുഡീഷ്യറിയുടേതും ആണെന്നര്‍ഥം. തീരുമാനത്തിലെത്തുന്നതിന് എക്സിക്യൂട്ടീവിന് സ്വന്തമായ സംവിധാനമുണ്ട്. അതില്‍ ഇടപെടുന്നതിനോ നിര്‍ദേശം നല്‍കുന്നതിനോ കോടതിക്ക് അധികാരമില്ല. മൊണ്ടെസ്ക്യൂവിന്റെ പ്രസിദ്ധമായ അധികാരവേര്‍തിരിവനുസരിച്ചുള്ളതാണ് ഈ വ്യവസ്ഥകള്‍. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ ഡിഎംകെ ഗവണ്‍മെന്റിനെ പിരിച്ചുവിടുന്നതിന് അഗര്‍വാള്‍ നല്‍കിയ വാചാനിര്‍ദേശം ഭരണഘടനയ്ക്കും ബൊമ്മെ കേസില്‍ സുപ്രീം കോടതി നല്‍കിയ വിധിക്കും എതിരാണ്. ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാകുന്ന കാര്യങ്ങളില്‍ കോടതി ഉപദേശം നല്‍കാറില്ല. കോടതിയുടെ ഉപദേശമനുസരിച്ച് ചെയ്യുന്ന കാര്യത്തിന്റെ സാധുത പിന്നീട് കോടതിക്ക് പരിശോധിക്കാനാവില്ല. 356 ന്റെ സാധുതതന്നെ സംശയാസ്പദമായിരിക്കേ കോടതിയുടെ ഉപദേശം സംഗതമോ സാധുവോ അല്ല.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

"അപരന് അസൌകര്യമാകുന്നതെല്ലാം വര്‍ജിക്കണമെന്ന നിലപാട് സ്വതന്ത്രസമൂഹത്തിന് സ്വീകാര്യമല്ല."

അപ്പോള്‍ സ്വതന്ത്രസമൂഹത്തിന് മറ്റുള്ളവരുടെ സ്വാതന്ത്രത്തെ ഹനിക്കാമെന്നു?!! കൊള്ളാം
ഒരു ബന്ത് പൂര്‍ണ്ണവിജയമെന്നു അവകാശപ്പെടണമെങ്കില്‍ ജനങ്ങള്‍ സ്വമേധയാ പുറത്തിറങ്ങാതെ, കടകള്‍ അടച്ചിട്ട് സഹകരിക്കണം ...അങ്ങനെവരണമെങ്കില്‍ ജനദ്രോഹ നടപടികള്‍ക്കെതിരേ സമരം ചെയ്യണം.

ഇവിടെ അതാണോ സഖാവേ നടക്കുന്നതു?

ഭീഷിണിപ്പെടുത്തിയും നിരത്തിലിറങ്ങുന്ന കാറുകള്‍ കത്തിച്ചും തുറന്നു പ്രവര്‍ത്തിക്കുന്ന കടകളുടെ ചില്ലുകള്‍ തകര്‍ത്തും ജനങ്ങളെ പേടിപ്പിച്ചു നിര്‍ത്തിയിരിക്കുകയല്ലേ? ഇതിന്റെയൊക്കെ നഷ്ടപരിഹാരം ആരുത്തരും? അതുകൊണ്ടല്ലേ അവര്‍ പുറത്തിറങ്ങാത്തത്.

അപ്പോള്‍ ബന്തു ആഹ്വാനം ചെയ്തവര്‍ പറയും ബന്തു പൂര്‍ണ്ണ വിജയമായിരുന്നെന്നു?

പണ്ടു സഖാക്കള്‍ തുടങ്ങിവച്ച ഈ ഭീഷിണിപെടുത്തല്‍ കാരണം ബാക്കി ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്കു ഗുണമായി... ചുമ്മ സമരം ആഹ്വാനം ചെയ്താല്‍ പോരേ?... മടിപിടിച്ചുപോയ കേരള ജനത അനങ്ങുമോ?

തൊഴിലാളികളുടെ party യാണു പോലും. ഒരു ബന്തിനു ദിവസകൂലിക്കു പണിയെടുക്കുന്ന എത്ര തൊഴിലാളികളാണു പട്ടിണിയിലാവുന്നതു എന്ന് വല്ല നിശ്ചയം ഉണ്ടോ? എന്തിന് അല്ലേ ?അവര്‍ പട്ടിണി കിടക്കുകയോ മരിക്കുകയോ ചെയ്യട്ടേ, party ക്കെന്തു നഷ്ടം !!..പിന്നെ ഒരു സമാധാനം party പറയാന്നുള്ളതു വേണമെങ്കില്‍ ഇങ്ങനെയാവും..."ഓന്‍ മറ്റേ പാര്‍ട്ടിയുടെ ആളാ". അവരും തൊഴിലാളികളാണെന്ന സത്യം തൊഴിലാളി പാര്‍ട്ടിക്കുപോലും മനസ്സിലാകുന്നില്ല...കഷ്ടം തന്നെ കേരളത്തിന്റെ സ്ഥിതി.

ഇനിയെങ്കിലും തൊട്ടതിനും പിടിച്ചതിനും സമരവും ബന്തു നടത്തുന്നതിനു പകരം... തൊഴിലാളിയുടെ അവകാശങ്ങള്‍ മനസ്സിലാക്കി കൊടുക്കുന്നതിനൊപ്പം തൊഴിലിന്റെ കടമകള്‍ കൂടി പഠിപ്പിച്ചു കൊടുക്കാന്‍ എനിയെങ്കിലും നേതാക്കള്‍ക്കു നേരം ഉണ്ടോ..ആവോ? (തല്ലൊഴിഞ്ഞ നേരം ഉണ്ടായിട്ടു വേണ്ടേ അല്ലേ?!!)