Sunday, September 09, 2007

അധിനിവേശത്തിന് താക്കീത്

അധിനിവേശത്തിന് താക്കീത്










സംയുക്ത നാവികാഭ്യാസത്തിനെതിരെ ഇടതുപക്ഷ പാര്‍ടികള്‍ സംഘടിപ്പിച്ച പ്രചാരണ ജാഥകളുടെ സംഗമത്തോടനുബന്ധിച്ച് വിശാഖപട്ടണത്തു നടന്ന വന്‍ ബഹുജന റാലിയെ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, ആര്‍എസ്പി നേതാവ് അബനി റോയ്, സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി എ ബി ബര്‍ദന്‍ എന്നിവര്‍ അഭിവാദ്യം ചെയ്യുന്നു.










ഇന്ത്യയുടെ സ്വാതന്ത്യ്രവും അഭിമാനവും സംരക്ഷിക്കാന്‍ ചോരയും ജീവനും നല്‍കുമെന്ന് പ്രഖ്യാപിച്ചെത്തിയ ജനസമൂഹം ബംഗാള്‍ഉള്‍ക്കടലിന്റെ തീരത്ത് മറ്റൊരു മഹാസാഗരം തീര്‍ത്തു. അമേരിക്കന്‍ സാമ്രാജ്യത്വവുമായി കൂട്ടുചേര്‍ന്ന് നാവികാഭ്യാസം നടത്തുന്ന സമുദ്രതീരങ്ങളെ ഇളക്കിമറിച്ചെത്തിയ രണ്ട് പ്രചാരണജാഥകള്‍ തുറമുഖനഗരമായ വിശാഖപട്ടണത്ത് സംഗമിച്ചു. സമരധീരരായ തെലുങ്കാനയുടെ മക്കള്‍ സാമ്രാജ്യത്വത്തിനെതിരായ മഹത്തായ പോരാട്ടത്തിന്റെ പാരമ്പര്യവുമായി ജാഥകളെ നെഞ്ചേറ്റി.
പകല്‍ 12.30ന് വിശാഖപട്ടണം നഗരത്തില്‍ പ്രവേശിച്ച ഇരുജാഥകളും വൈകിട്ട് സിരിപുരം നഗരത്തില്‍ ഒത്തുചേര്‍ന്ന് ബംഗാള്‍ സമുദ്രതീരത്തേക്കു നീങ്ങി. ജാഥയുടെ പിന്നില്‍ അണപൊട്ടിയൊഴുകിയ ജനവികാരംപോലെ തെലുങ്കുമക്കളുടെ ശക്തിപ്രവാഹവും. ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം, കിഴക്കന്‍ ഗോദാവരി ജില്ലകള്‍ മാത്രം കേന്ദ്രീകരിച്ചാണ് പ്രകടനം നിശ്ചയിച്ചതെങ്കിലും ദൂരെ തെലുങ്കാന മേഖലയില്‍നിന്നും ആയിരക്കണക്കിന് ജനങ്ങള്‍ റാലിക്കെത്തി.
ഉച്ചമുതല്‍ വിശാഖപട്ടണം നഗരം സമരവളണ്ടിയര്‍മാരെക്കൊണ്ട് നിറഞ്ഞിരുന്നു. സാമ്രാജ്യത്വം തുലയട്ടെ, അമേരിക്കയുമായുള്ള കൂട്ടുകെട്ട് ഇന്ത്യക്ക് ആപത്ത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ആലേഖനംചെയ്ത പ്ളക്കാര്‍ഡുകളും ചെങ്കൊടികളുമായി നൂറുകണക്കിനാളുകള്‍ പ്രകടനമായി തെരുവുകളിലൂടെ നീങ്ങി.

സിരിപുരം ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം ആന്ധ്ര യൂണിവേഴ്സിറ്റിവഴി ബീച്ച്റോഡിലെ പൊതുസമ്മേളനനഗരിയിലെത്തിയപ്പോള്‍ അവിടം ജനസമുദ്രമായി മാറിയിരുന്നു. 1971ല്‍ അമേരിക്കയുടെ ഏഴാം കപ്പല്‍പ്പട ഇന്ത്യക്കെതിരെ കണ്ണുരുട്ടി ബംഗാള്‍ ഉള്‍ക്കടലില്‍ നിലകൊണ്ടിട്ടും ഇന്ത്യന്‍സൈന്യം നേടിയ നാവികയുദ്ധവിജയത്തിന്റെ സ്മാരകസ്തൂപത്തിനടുത്താണ് പ്രതിഷേധറാലി സംഘടിപ്പിച്ചത്.
തലയോട്ടികളും എല്ലും കോര്‍ത്ത മാലയണിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കൂറ്റന്‍കോലം പ്രകടനത്തിനൊപ്പം വലിച്ചുനീക്കി. 'സംയുക്ത നാവികാഭ്യാസം നാടിനുവേണ്ട, അമേരിക്കയുമായി തന്ത്രപരമായ സഖ്യം അരുത്, ആണവകരാറുമായി മുന്നോട്ടുപോകരുത്, അമേരിക്കയുമായി പ്രതിരോധരംഗത്തെ സഹകരണം വേണ്ട, സ്വതന്ത്രവിദേശനയം കാത്തുസൂക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി ജനസഹസ്രങ്ങള്‍ റാലിയില്‍ അണിചേര്‍ന്നു. നാവികാഭ്യാസം, ആണവകരാര്‍ എന്നിവയെക്കുറിച്ചുള്ള ഫ്ളോട്ടുകള്‍, നാടോടിനൃത്തങ്ങള്‍, ആന്ധ്രയുടെ തനത് വാദ്യവിശേഷങ്ങള്‍, പാടെരു മേഖലയിലെ ആദിവാസി കലാസംഘം ഒരുക്കിയ കലാപരിപാടികള്‍ എന്നിവയും പ്രകടനത്തെ ആകര്‍ഷകമാക്കി.

പ്രകടനത്തിനുമുന്നില്‍ പ്രത്യേക വാഹനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി ബി വി രാഘവലു, സിപിഐ സംസ്ഥാന സെക്രട്ടറി കെ നാരായണ എന്നിവര്‍ സഞ്ചരിച്ചു. ചെന്നൈ, കൊല്‍ക്കത്ത ജാഥാംഗങ്ങള്‍ അതിനുപിന്നിലായി നീങ്ങി. ഇവര്‍ക്കുപിന്നില്‍ ഇടതുപക്ഷ പാര്‍ടികളുടെ പതിനായിരക്കണക്കിന് പ്രവര്‍ത്തകരും.
മഹാനായ തെലുങ്കുകവി അരുദ്രയുടെയും ഹാസ്യസാഹിത്യകാരന്‍ ചെകൊണ്ട വിശ്വനാഥശാസ്ത്രിയുടെയും പ്രതിമകള്‍ക്കടുത്തായിരുന്നു സമ്മേളനവേദി. പൊതുസമ്മേളനം ചെന്നൈ ജാഥാക്യാപ്റ്റനും സിപിഐ എം ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. ബി വി രാഘവലു അധ്യക്ഷനായിരുന്നു. കൊല്‍ക്കത്ത ജാഥാ ക്യാപ്റ്റനും സിപിഐ ജനറല്‍ സെക്രട്ടറിയുമായ എ ബി ബര്‍ദന്‍, ഇടതുപക്ഷ നേതാക്കളായ അബനിറോയ്, ജി ദേവരാജന്‍, സുകുമാര്‍ ഘോഷ്, സീതാറാം യെച്ചൂരി, നീലോത്പല്‍ബസു, തപന്‍ഗാംഗുലി, ബീഷിന്‍ മഹതോ, മദന്‍ഘോഷ്, മൃദുല്‍ദേ തുടങ്ങിയവര്‍ സംസാരിച്ചു. കെ നാരായണ സ്വാഗതം പറഞ്ഞു. ചെന്നൈയില്‍നിന്നും കൊല്‍ക്കത്തയില്‍നിന്നും സെപ്തംബര്‍ നാലിന് ഉദ്ഘാടനം ചെയ്ത ജാഥകളാണ് വിശാഖപട്ടണത്ത് സമാപിച്ചത്.

2 comments:

ജനശക്തി ന്യൂസ്‌ said...

ഇന്ത്യയുടെ സ്വാതന്ത്യ്രവും അഭിമാനവും സംരക്ഷിക്കാന്‍ ചോരയും ജീവനും നല്‍കുമെന്ന് പ്രഖ്യാപിച്ചെത്തിയ ജനസമൂഹം ബംഗാള്‍ഉള്‍ക്കടലിന്റെ തീരത്ത് മറ്റൊരു മഹാസാഗരം തീര്‍ത്തു. അമേരിക്കന്‍ സാമ്രാജ്യത്വവുമായി കൂട്ടുചേര്‍ന്ന് നാവികാഭ്യാസം നടത്തുന്ന സമുദ്രതീരങ്ങളെ ഇളക്കിമറിച്ചെത്തിയ രണ്ട് പ്രചാരണജാഥകള്‍ തുറമുഖനഗരമായ വിശാഖപട്ടണത്ത് സംഗമിച്ചു. സമരധീരരായ തെലുങ്കാനയുടെ മക്കള്‍ സാമ്രാജ്യത്വത്തിനെതിരായ മഹത്തായ പോരാട്ടത്തിന്റെ പാരമ്പര്യവുമായി ജാഥകളെ നെഞ്ചേറ്റി.

ബയാന്‍ said...

പ്രകടനം തെരുവില്‍ :)
പ്രകടനം അധികാരത്തില്‍ (: