Tuesday, September 04, 2007

ആണവകരാര്‍: തുടര്‍നടപടി

ആണവകരാര്‍: തുടര്‍നടപടി സ്വീകരിച്ചാല്‍ തടയും- കാരാട്ട്.





അമേരിക്കയുമായുള്ള ആണവ സഹകരണ കരാറുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവര്‍ത്തിച്ചുപറഞ്ഞു. തുടര്‍നടപടി സ്വീകരിച്ചാല്‍ അത് തടയാനാവശ്യമായ എല്ലാ നടപടിയും സിപിഐ എം കൈക്കൊള്ളും. അമേരിക്കയുള്‍പ്പെടെ നാല് രാഷ്ട്രങ്ങളുമായി ചേര്‍ന്ന് ഇന്ത്യ നടത്തുന്ന നാവികാഭ്യാസത്തിനെതിരെ ഇടതുപക്ഷപാര്‍ടികള്‍ ചൊവ്വാഴ്ചയാരംഭിക്കുന്ന ജാഥയ്ക്ക് നേതൃത്വം നല്‍കാന്‍ ചെന്നൈയിലേക്കു പോകുംമുമ്പ് 'ദേശാഭിമാനി'യോട് സംസാരിക്കുകയായിരുന്നു കാരാട്ട്. ഹൈഡ് ആക്ടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാന്‍ രൂപീകരിക്കുന്ന രാഷ്ട്രീയസമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷമേ കരാറുമായി മുന്നോട്ടുപോകൂ എന്നാണ് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. സെപ്തംബറില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ സമീപിക്കാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ഏജന്‍സിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സെപ്തംബറിലാണ്. സമിതിറിപ്പോര്‍ട്ട് പുറത്തുവരുംവരെ ഐഎഇഎയെ സമീപിക്കരുതെന്നാണ് സിപിഐ എം നിലപാട്- കാരാട്ട് പറഞ്ഞു. കരാറിനെക്കുറിച്ചു പഠിക്കാന്‍ ഇടതുപക്ഷ-യുപിഎ നേതാക്കളെ ഉള്‍പ്പെടുത്തി പ്രത്യേകസമിതി രൂപീകരിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്.
അമേരിക്കയുമായുള്ള സഖ്യം ദേശീയ പരമാധികാരത്തെയും സ്വതന്ത്ര വിദേശനയത്തെയും തകര്‍ക്കുന്നതാണ്. സാമ്പത്തികനയവും അമേരിക്ക നിയന്ത്രിക്കുന്ന അവസ്ഥവരും. കരാര്‍വഴി അമേരിക്കന്‍ റിയാക്ടറുകള്‍ മാത്രമല്ല ഇന്ത്യയിലേക്കുവരിക. വാള്‍മാര്‍ട്ടും കടന്നുവരും. ലക്ഷക്കണക്കിനു വരുന്ന ചെറുകിട കച്ചവടക്കാരും വ്യാപാരികളും ഇതോടെ വഴിയാധാരമാകും.
ചൊവ്വാഴ്ചമുതല്‍ ഇടതുപക്ഷ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഒമ്പതിന് സമാപിക്കുമെങ്കിലും തുടര്‍ന്നും സിപിഐ എം ഈ പ്രചാരണങ്ങളുമായി മുന്നോട്ടുപോകും. സെപ്തംബര്‍ 10ന് ഡല്‍ഹിയില്‍ ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ആണവ ശാസ്ത്രജ്ഞര്‍, അഭിഭാഷകര്‍, നയതന്ത്രജ്ഞര്‍, ബുദ്ധിജീവികള്‍ തുടങ്ങി ജീവിതത്തിലെ എല്ലാ തുറകളിലും പെട്ടവര്‍ ഇതില്‍ പങ്കെടുക്കും. ആണവകരാറിനെ എന്തിന് എതിര്‍ക്കുന്നെന്ന് വ്യക്തമാക്കുന്ന തുറന്ന കത്ത് എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നല്‍കാനും പാര്‍ടി തീരുമാനിച്ചിട്ടുണ്ട്. ഏതാനും ദിവസത്തിനകം ഈ കത്ത് നല്‍കും.
അമേരിക്കയുമായി ചേര്‍ന്നുള്ള സൈനികാഭ്യാസങ്ങള്‍ക്ക് സിപിഐ എം എന്നും എതിരാണ്. നരസിംഹറാവുവിന്റെ കാലത്താണ് ഇതാരംഭിച്ചത്. ഇപ്പോഴത് സമ്പൂര്‍ണ സൈനിക കൂട്ടുകെട്ടായി. അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളായ ജപ്പാനും ഓസ്ട്രേലിയയുമായി ചേര്‍ന്നാണ് ഇക്കുറി ഇന്ത്യ നാവികാഭ്യാസം നടത്തുന്നത്. ഈ സഖ്യത്തിലെ നാലാം കക്ഷിയായി ഇന്ത്യയെ മാറ്റാനാണ് അമേരിക്കയുടെ ആഗ്രഹം. ത്രികക്ഷി സുരക്ഷാസഖ്യം ചതുര്‍കക്ഷിയായി മാറി. ചേരിചേരാ നയവും സ്വതന്ത്ര വിദേശനയവും ഉപേക്ഷിച്ച് ഇന്ത്യ അമേരിക്കയുടെ അനുയായിയാകുന്ന നയത്തെ ഗൌരവത്തോടെയാണ് സിപിഐ എം കാണുന്നത്. ഇതിനെതിരെയാണ് ഇടതുപക്ഷം കൊല്‍ക്കത്തയില്‍നിന്നും ചെന്നൈയില്‍നിന്നും വിശാഖപട്ടണത്തേക്ക് ജാഥകള്‍ നടത്തുന്നത്- കാരാട്ട് പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

അമേരിക്കയുമായുള്ള ആണവ സഹകരണ കരാറുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവര്‍ത്തിച്ചുപറഞ്ഞു. തുടര്‍നടപടി സ്വീകരിച്ചാല്‍ അത് തടയാനാവശ്യമായ എല്ലാ നടപടിയും സിപിഐ എം കൈക്കൊള്ളും.