Sunday, October 29, 2006

കേരളത്തിന്റെ വികസനത്തെ തുരങ്കം വച്ച കോണ്‍ഗ്രസ്സ്‌ ഐക്യ കേരള രൂപീകരണത്തേയും തുരങ്കം വെയ്ക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.


( ഇ എം എസ്‌:വാക്കും സമൂഹവും എന്ന ചരിത്ര ഗ്രന്ഥത്തില്‍ നിന്ന്. )

ഭാഷയുടെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തില്‍ സ്റ്റേറ്റുകള്‍ പുനര്‍വിഭജനം ചെയ്യപ്പെടണമെന്നുള്ള അഭിലാഷത്തിന്‌ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോളം തന്നെ പഴക്കമുണ്ട്‌.തങ്ങള്‍ അധികാരത്തില്‍ വരുന്നതായാല്‍ ഭാഷാസംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതാണെന്നു കോണ്‍ഗ്രസ്സ്‌ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച്‌ കോണ്‍ഗ്രസ്സ്‌ അധികാരത്തില്‍ വന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭാഷാ സംസ്ഥാന രൂപീകരണം കടലാസിലെഴുതിയ പ്രമേയം മാത്രമായി തന്നെ നിലനിന്നു.അധികാരത്തില്‍ കയറിപ്പറ്റിയപ്പോള്‍ 'ശിഥിലീകരണവാസന' എന്ന മുദ്രകുത്തി ഭാഷാസംസ്ഥാന വാദത്തെ നിഷേധിക്കാനുള്ള വാസനയാണ്‌ കോണ്‍ഗ്രസ്സ്‌ നേതാക്കന്മാര്‍ പ്രകടിപ്പിച്ചത്‌.സ്വാതന്ത്ര്യലബ്ധി ഇന്ത്യയിലങ്ങോളമിങ്ങോളം കലാ-സംസ്കാരിക രംഗത്ത്‌ ഒരു നവോത്ഥാനത്തിനു പ്രേരണ നല്‍കി.ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ അടിച്ചമര്‍ത്തപെട്ടോ അവഗണിക്കപ്പെട്ടോ കിടന്നിരുന്ന കലയും സാഹിത്യവും അതിവേഗത്തില്‍ പുരോഗമിച്ചു.എന്നാല്‍ സ്റ്റേറ്റുകളുടെ കൃത്രിമമായവിഭജനം ഈ മുന്നേറ്റത്തിനു ഒരു വിലങ്ങുതടിയായി കിടക്കുന്നുവെന്ന് രാജ്യസ്നേഹികള്‍ക്കും കലാപ്രണയിനികള്‍ക്കും അനുഭവപ്പെടാന്‍ തുടങ്ങി.കേരളത്തിലും അതിന്റെ അലയടിയുണ്ടായി.ആന്ധ്രയില്‍ പോറ്റി ശ്രീരാമലുവിന്റെ ആത്മാര്‍പ്പണം,മദിരാശി സംസ്ഥാനത്തിലെ തെലുങ്കുസംസാരിക്കുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ ആന്ധ്രസംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രഗവര്‍മ്മേണ്ട്‌ നിര്‍ബ്ബന്ധിതമായി.മലബാര്‍,കൊച്ചി,തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടു കിടന്നിരുന്ന കേരളത്തെ വീണ്ടും സംയോജിപ്പിക്കണമെന്ന ആവശ്യം മലയാളികള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ടു കാലങ്ങള്‍ കുറെ കഴിഞ്ഞിരുന്നു.1948-ല്‍ കൊച്ചിയും തിരുവിതാംകൂറും സംയോജിപ്പിച്ച്‌ ഒറ്റ സ്റ്റേറ്റാക്കിയപ്പോള്‍ ആ നടപടി ഒരു കേരള സംസ്ഥാനരൂപീകരണത്തിന്റെ മുന്നോടിയാണെന്നാണു പ്രസ്താവിക്കപ്പെട്ടിരുന്നത്‌. എന്നാല്‍ വര്‍ഷങ്ങള്‍ നാലഞ്ച്‌ കഴിഞ്ഞിട്ടും ഐക്യകേരളമെന്ന സ്വപ്നം വിദൂരത്തിലാണെന്ന് മനസിലാക്കിയ മലയാളി ജനത ഐക്യകേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ശക്തി പ്രാപിച്ചു വന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഈ പ്രക്ഷോഭത്തിന്റെ മുന്നണിയില്‍ നിന്നിരുന്നു.ഐക്യകേരളപ്രക്ഷോഭം ശക്തിപ്പെട്ടുവരാന്‍ തുടങ്ങിയതോടു കൂടി ചില സ്ഥാപിതതാല്‍പര്യക്കാര്‍ 'പശ്ചിമതീരസംസ്ഥാന'മെന്ന ഒരു പുതിയ മുദ്രാവാക്യവുമായി രംഗപ്രവേശം ചെയ്തു. മദ്രാസ്‌ സ്റ്റേറ്റിനെ ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനു പകരം തിരു-കൊച്ചിയെക്കൂടി മദ്രാസ്‌ സംസ്ഥാനത്തില്‍ ലയിപ്പിക്കുകയാണു വേണ്ടതെന്ന് അവര്‍ വാദിച്ചു.കേരളസ്റ്റേറ്റിനു 'സ്വയം സമ്പൂര്‍ണ്ണത'യുണ്ടാവില്ലെന്ന ഒരു ധൂമമറ അവര്‍ ഈ വാദത്തിന്‌ ഉപോല്‍ബലകമായി പൊക്കിപ്പിടിച്ചു.ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അതിന്റെ ഉദ്ഭവം മുതല്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുള്ള ഒരാവശ്യമാണ്‌ ഭാഷാസംസ്ഥാനരൂപീകരണം.ഐക്യ കേരളത്തിനെതിരായി സ്ഥാപിത താല്‍പര്യക്കാര്‍ ഉയര്‍ത്തിയിരുന്ന 'സാമ്പത്തികഭദ്രതാ' വാദത്തേയും 'സ്വയം സമ്പൂര്‍ണ്ണതാ' വാദത്തേയും,സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ചും അഭിവൃദ്ധിമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചും യുക്തിയുക്തം ഖണ്ഡിക്കുന്നതില്‍ ഇ എം എസും മട്ടു കമ്മ്യൂണിസ്റ്റ്‌ നേതാക്കളും പ്രകടിപ്പിച്ചിട്ടുള്ള കാര്യ വിവരവും പ്രതിഭാവിലാസവും ആര്‍ക്കും നിഷേധിക്കാവുന്നതല്ല. അവരെഴുതിയിട്ടുള്ള എണ്ണമറ്റ ലേഖനങ്ങളും ലഘുലേഖനങ്ങളും പുസ്തകങ്ങളും അതിനു സാക്ഷ്യംവഹിക്കുന്നുണ്ട്‌."ഒന്നരനൂറ്റാണ്ടുമുന്‍പ്‌ കേരളത്തിനു നേരെ വടക്കുനിന്ന് വലിയ ഒരാക്രമണമുണ്ടായി.അന്ന് ആ ആക്രമണത്തെ തടഞ്ഞു നിറുത്തിയത്‌ ഈ പെരിയാറിലെ ജലപ്രവാഹമാണ്‌.ടിപ്പു സുല്‍ത്താന്റെ തിരുവിതാംകൂര്‍ ആക്രമണമാണു ഞാന്‍ സൂചിപ്പിക്കുന്നത്‌.ഇന്ന് വടക്കു നിന്ന് മറ്റൊരാക്രമണം ആരംഭിച്ചിരിക്കുന്നു.'ദക്ഷിണ സംസ്ഥാന വാദം' എന്നാണു അതിന്റെ പേര്‍. ടിപ്പുവിന്റെ പടയോട്ടത്തെ തടഞ്ഞു നിറുത്തിയതീ പെരിയാറിലെ ജലപ്രവാഹമായിരുന്നെങ്കില്‍ 'ദക്ഷിണസംസ്ഥാനവാദം' എന്ന ആക്രമണത്തെ തടഞ്ഞു നിറുത്താന്‍ പോകുന്നത്‌ അതെ പെരിയാറിന്റെ വിരിമാറില്‍ തടിച്ചു കൂടിയിരിക്കുന്ന ഈ ജനപ്രവാഹമാണ്‌. 1956 ഫെബ്രുവരിമാസത്തില്‍ ആലുവാപുഴയുടെ മടിത്തട്ടില്‍ തിരു-കൊച്ചി സ്റ്റേറ്റു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ തടിച്ചുകൂടിയിരുന്ന വമ്പിച്ച ജനാവലിയെ അഭിസംബോധന ചെയ്തു കൊണ്ട്‌ ഇ എം എസ്‌ പ്രഖ്യാപിച്ചു.ഇന്ത്യാഗവര്‍മെണ്ട്‌ നിയോഗിച്ച സ്റ്റേയ്റ്റ്‌ പുനര്‍വിഭജനക്കമ്മീഷന്‍ 1955 സെപ്റ്റംബര്‍ 30൹ റിപോര്‍ട്ട്‌ സമര്‍പ്പിച്ചു.കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ചു കൊണ്ട്‌ ഗവേര്‍ണ്മെണ്ട്‌ സംസ്ഥാന പുനര്‍വിഭജനത്തിനുള്ള നടപടികളെടുത്തു.ഐക്യകേരളം ഒരു യാഥാര്‍ത്ഥ്യമാകുവാന്‍ പോകുന്നുവെന്നുകണ്ട സ്ഥാപിത താല്‍പര്യക്കാര്‍ കേരളത്തെ തമിഴ്‌നാടിനോടു മാത്രമല്ല മൈസൂരിനോടും കൂടി ചേര്‍ത്തുകെട്ടണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവന്നു. ഏകീക്രിദ കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വരാനിടയുണ്ടെന്ന ഭീതി അവരെ 'ഇല്ലം ചുട്ടെങ്കിലും എലിയെ കൊല്ലണ'മെന്ന ദേശദ്രോഹപരമായ നയത്തിലേക്ക്‌ ആനയിച്ചു.എന്തെന്തു ത്യാഗം സഹിച്ചും കേരളീയരുടെ ചിരകാലാഭിലാഷമായ ഐക്യ കേരളം നേടിയെടുത്തെ അട്ങ്ങുകയുള്ളുവെന്നു കമ്മ്യൂണിസ്റ്റ്‌കാര്‍ നിശ്ചയിച്ചു.ദക്ഷിണസംസ്ഥാനവാദത്തിനെതിരായി വന്‍പിച്ചൊരു കൊടുങ്കാറ്റുവീശി. 1956 നവമ്പര്‍ 1 ഒരു കോടി മുപ്പത്താറുലക്ഷം മലയാളികളുടെ ചിരപ്രതീക്ഷിതമായ ഐക്യകേരളം സമാഗതമായി. ആ സുദിനത്തില്‍ മലയാളികള്‍ ആബാലവൃദ്ധം ആനന്ദനൃത്തം ചെയ്തു.

1 comment:

Kiranz..!! said...

അടിസ്ഥാനമായോ,ദീര്‍ഘവീക്ഷണത്തോടെയോ ഉള്ള യാതൊരു ലക്ഷ്യവും ഇന്നത്തെ കോ‍ണ്‍ഗ്രസ് എന്നു പറയുന്ന രാക്ഷ്ട്രീയ പ്രസ്ഥാനത്തിനു അവകാശപ്പെടാന്‍ കഴിയില്ല..സ്വന്തം വികസനം മാത്രം ലക്ഷ്യം ഇടുന്ന ഇക്കൂട്ടരില്‍ നിന്ന് ഇങ്ങനെയുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതു അസാധാരണം അല്ല..!